വിപണിയിൽ അനിശ്ചിതത്വം; പലിശ കുറയ്ക്കൽ വൈകും; യു.എസ് വിപണി ഇടിഞ്ഞു; ഏഷ്യയിലും തകർച്ച; സ്വർണവില വീണ്ടും കുതിച്ചു കയറി

ഇന്നലെ അനിശ്ചിതത്വനില കാണിച്ച ഇന്ത്യൻ വിപണിക്ക് ഇന്ന് ആഗോള പ്രവണതകൾ തിരിച്ചടിയാകാം. യു.എസ് ഫെഡ് ജൂണിൽ പലിശ കുറച്ചു തുടങ്ങും എന്ന പ്രതീക്ഷ കെടുത്തുന്ന കണക്കുകളും പ്രസ്താവനകളും യു.എസ് വിപണിയെ ഇടിച്ചു. ഇന്ന് ഏഷ്യൻ വിപണികളും താഴ്ചയിലാണ്. സംഘർഷഭീതിയിൽ ക്രൂഡ് ഓയിൽ 89 ഡോളറിനു മുകളിലായി. സ്വർണവും റെക്കോർഡ് തകർത്ത് മുന്നേറ്റം തുടരുന്നു.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,499 ൽ ക്ലോസ് ചെയ്തു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച. വലിയ നഷ്ടത്തിൽ അവസാനിച്ചു. യു.എസ് സൂചനകളാണു വിപണിയെ താഴ്ത്തിയത്. യു.എസ് വിപണി ഇന്നലെ ഇടിഞ്ഞു. പുതിയ കണക്കുകളുടെ വിലയിരുത്തൽ, പലിശ കുറയ്ക്കൽ വൈകും എന്ന നിഗമനത്തിലേക്കു നയിച്ചതാണു കാരണം.

ഫെഡറൽ റിസർവിൻ്റെ കമ്മിറ്റിയിലെ സ്വാധീനമുളള മൂന്ന് അംഗങ്ങൾ ഇന്നലെ വെവ്വേറെ നടത്തിയ പ്രസ്താവനകളിൽ പലിശ കുറയ്ക്കൽ സാവധാനമേ ഉണ്ടാകൂ എന്നു സൂചിപ്പിക്കുകയും ചെയ്തു. ജൂണിലെ പലിശകുറയ്ക്കൽ കണക്കാക്കി നടത്തിയിരുന്ന വിപണി ഇടപാടുകൾ തിരുത്തേണ്ടി വന്നു. യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ വില ഇടിയുകയും അവയിലെ നിക്ഷേപനേട്ടം 4.353 ശതമാനം വരെ കയറുകയും ചെയ്തു.

ഡൗ ജോൺസ് സൂചിക 396.61 പോയിൻ്റ് (1.00%) ഇടിഞ്ഞ് 39,170.24ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 37.96 പോയിൻ്റ് (0.72%) താഴ്ന്ന് 5205.81ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 156.38 പോയിൻ്റ് (0.95%) ഇടിഞ്ഞ് 16,240.45ൽ എത്തി.

ഫൗണ്ടറി ബിസിനസിൽ 700 കോടി ഡോളർ നഷ്ടം ഉണ്ടെന്നു കമ്പനി അറിയിച്ചതിനെ തുടർന്ന് ഇൻ്റൽ ഓഹരികൾ നാലു ശതമാനം ഇടിഞ്ഞു. ഒന്നാം പാദത്തിലെ വാഹനവിൽപന 8.5 ശതമാനം കുറഞ്ഞതിനെ തുടർന്നു ടെസ്ല ഓഹരികൾ താഴ്ന്നു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.04 ശതമാനവും എസ് ആൻഡ് പി 0.02 ശതമാനവും താഴ്ന്നു നിൽക്കുന്നു. നാസ്ഡാക് 0.03 ശതമാനം കയറി.

ഇന്ത്യൻ വിപണി

ചൊവ്വാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങിയിട്ട് ചാഞ്ചാട്ടത്തിനു ശേഷം നാമമാത്ര നഷ്ടത്തിൽ അവസാനിച്ചു.രാവിലെ സെൻസെക്സ് 74,099 വരെ ഉയർന്നിട്ടു താണു. സെൻസെക്സ് 110.64 പോയിന്റ് (0.15%) താഴ്ന്ന് 73,903.91ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 8.70 പോയിന്റ് (0.04%) കുറഞ്ഞ് 22,453.30ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 32.8 പോയിന്റ് (0.07%) താഴ്ന്ന് 47,545.45ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.16 ശതമാനം ഉയർന്ന് 49,479.30ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 1.22 ശതമാനം കുതിച്ച് 15,960.95ൽ വ്യാപാരം അവസാനിപ്പിച്ചു.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1622.69 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1952.72 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിപണി അനിശ്ചിതത്വമാണു കാണിക്കുന്നത്. നിഫ്റ്റിക്ക് 22,400ലും 22,335ലും പിന്തുണ ഉണ്ട്. 22,490ലും 22,560ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

പൊതുമേഖലാ എണ്ണ കമ്പനികൾ ഇന്നലെ കുതിപ്പ് തുടർന്നു. രണ്ടര മുതൽ മൂന്നു വരെ ശതമാനം ഉയർന്നു. പ്രതിരോധ മേഖലയിലെ കമ്പനികൾ ഇന്നലെയും കയറി. ഭാരത് ഇലക്ട്രോണിക്സ് അഞ്ചും എച്ച്.എ.എൽ നാലും ശതമാനം കയറി.

മെറ്റൽ കമ്പനികൾ നേട്ടം തുടർന്നു. സെയിൽ അഞ്ചും നാൽകോ 3.2 ശതമാനവും വേദാന്ത അഞ്ചും ശതമാനം ഉയർന്നു. വേദാന്ത ഓഹരി ആറ് ആയി വിഭജിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വോൾട്ടാസ്, ബ്ലൂസ്റ്റാർ, ഹാവൽസ്, വേൾപൂൾ തുടങ്ങിയ കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികൾക്ക് ഇന്നലെ നല്ല കയറ്റമായിരുന്നു.

നാലാം പാദ ബിസിനസ് റിസൽട്ട് വിപണി പ്രതീക്ഷിച്ചതുപോലെ വരാത്തതിനാൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി 3.6 ശതമാനം താണു. സി.എസ്.ബി ബാങ്കും ധനലക്ഷ്മി ബാങ്കും അഞ്ചു ശതമാനം വരെ കയറി. ഫെഡറൽ ബാങ്ക് രണ്ടു ശതമാനം വരെ ഉയർന്നു.

സ്വർണം കുതിച്ചു

സ്വർണവില വീണ്ടും കുതിച്ചു കയറി. ഇന്നലെ 2288.60 ഡോളർ വരെ എത്തിയിട്ട് അൽപം താഴ്ന്നു. അവധിവില ഔൺസിന് 2300 ഡോളറിനു മുകളിലാണ്. പശ്ചിമേഷ്യയിലെ പുതിയ സംഘർഷങ്ങളാണ് വില കയറ്റുന്ന ഘടകം. ചൈനയിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതോടെ സമ്പന്ന നിക്ഷേപകർ സ്വർണത്തിലേക്കു മാറി. ചൈനയിലാണ് ഇപ്പോൾ ഏറ്റവുമധികം സ്വർണം വിൽക്കുന്നത്. ചൈനയുടെ അടക്കം ബാങ്കുകളും ടൺ കണക്കിനു സ്വർണം വാങ്ങുന്നുണ്ട്.

ഇന്നലെ സ്വർണം 2280.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2282 നു മുകളിലെത്തി.കേരളത്തിൽ ചാെവ്വാഴ്ച സ്വർണം പവന് 200 രൂപ കുറഞ്ഞ് 50,680 രൂപയായി. ഇന്നു വില ഗണ്യമായി ഉയരും.

ഡോളർ സൂചിക അൽപം താഴ്ന്നു 104.75 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.72ലേക്കു താഴ്ന്നു. ചാെവ്വാഴ്ച റിസർവ് ബാങ്ക് കാര്യമായി ഇടപെട്ടതുമൂലം രൂപ നില മെച്ചപ്പെടുത്തി. രാവിലെ ഡോളർ 83.35 രൂപവരെ താണിട്ട് 83.39 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ കയറി

ക്രൂഡ് ഓയിൽ വില ഉയർന്നു. ഒരവസരത്തിൽ 89 ഡോളർ കടന്ന ബ്രെൻ്റ് ഇനം ക്രൂഡ് 89.21 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യു.ടി.ഐ ഇനം 85.49ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 89.53 ഡോളറിലും ആണ്. ഇറാൻ - ഇസ്രയേൽ സംഘർഷസാധ്യതയാണ് എണ്ണവില കൂട്ടിയത്.

ക്രിപ്റ്റോകൾ താഴ്ന്നു

ക്രിപ്റ്റോകറൻസികൾ ചൊവ്വാഴ്ച ഏഴു ശതമാനം വരെ ഇടിഞ്ഞു. ബിറ്റ്കോയിൻ വീണ്ടും 65,000 ഡോളറിനു താഴെ വന്നു. ഈഥർ അടക്കം മറ്റു ക്രിപ്റ്റോകളും ഇടിഞ്ഞു.

എ.ബി ഫാഷനിൽ അഴിച്ചു പണി

ആദിത്യബിർല ഫാഷൻ റീട്ടെയിൽ തങ്ങളുടെ ഉപവിഭാഗമായ മധുര ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ വിഭാഗത്തെ വേർപെടുത്തി ലിസ്റ്റ് ചെയ്യാൻ ആലോചിക്കുന്നു. ഇതേ തുടർന്ന് എ.ബി ഫാഷൻ ഓഹരി 15 ശതമാനം വർധിച്ചു.

ലൂയി ഫിലിപ്പ്, വാൻ ഹ്യൂസൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, അമേരിക്കൻ ഈഗിൾ, ഫൊറെവർ 21 തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ മധുര ഫാഷൻ്റെ കീഴിലാണ്. എബി ഫാഷൻ്റെ 1.4 ശതമാനം ഓഹരി ഇന്നലെ ബൾക്ക് ആയി കൈമാറി. ആദിത്യ ബിർല കാപ്പിറ്റൽ 10.5 ശതമാനവും ആദിത്യ ബിർല മണി അഞ്ചു ശതമാനവും ഉയർന്നു.

വിപണിസൂചനകൾ (2024 ഏപ്രിൽ 02, ചാെവ്വ)

സെൻസെക്സ്30 73,903.91 -0.15%

നിഫ്റ്റി50 22,453.30 -0.04%

ബാങ്ക് നിഫ്റ്റി 47,545.45 -0.07%

മിഡ്ക്യാപ് 100 49,479.30 +1.16%

സ്മോൾക്യാപ് 100 15,960.95 +1.22%

ഡൗ ജോൺസ് 30 39,170.24 -1.00%

എസ് ആൻഡ് പി 500 5205.81 -0.72%

നാസ്ഡാക് 16,240.45 -0.95%

ഡോളർ ($) ₹83.39 -₹0.01

ഡോളർ സൂചിക 104.75 -0.27

സ്വർണം (ഔൺസ്) $2280.20 -$28.00

സ്വർണം (പവൻ) ₹50,680 -₹200.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $89.21 +$1.46

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it