ബുള്ളുകള്‍ ആവേശത്തില്‍, കുതിപ്പ് തുടരുമെന്നു പ്രതീക്ഷ; ഉയര്‍ന്ന വിലയില്‍ വില്‍പന സമ്മര്‍ദം കൂടും, വിദേശ സൂചനകള്‍ പോസിറ്റീവ്

ഇന്ത്യന്‍ വിപണി വീണ്ടും ആവേശകരമായി കുതിക്കും എന്ന പ്രതീക്ഷയിലാണ് ബുള്ളുകള്‍. ഉയര്‍ന്ന നിലവാരത്തിലെ വില്‍പന സമ്മര്‍ദം എത്ര മാത്രമാകും എന്ന ആശങ്കയും വിപണിയിലുണ്ട്. യു.എസ് വിപണി ഉയര്‍ന്നതും ആപ്പിള്‍ ഓഹരിയുടെ ബലത്തില്‍ യു.എസ് ഫ്യൂച്ചേഴ്‌സ് കയറുന്നതും വിപണിക്ക് ആവേശം പകരുന്നു. ക്രൂഡ് ഓയില്‍ വില താഴ്ന്നു നില്‍ക്കുന്നതും അനുകൂല ഘടകമാണ്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 22,895ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,900ലാണ്. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച താഴ്ന്നു. പ്രതീക്ഷയിലും മികച്ച റിസല്‍ട്ടുമായി നോവോ നോര്‍ഡിസ്‌കും എണ്ണ ഭീമന്‍ ഷെല്ലും നല്ല നേട്ടം ഉണ്ടാക്കി. ശരീരഭാരം കുറയ്ക്കുന്ന ഔഷധമാണു നോവോയെ ഇപ്പോള്‍ വലിയ ലാഭത്തിലാക്കുന്നത്.
വ്യാഴാഴ്ച യു.എസ് വിപണി മികച്ച കുതിപ്പ് നടത്തി.
ഡൗ ജോണ്‍സ് 322.37 പോയിന്റ് (0.8s%) ഉയര്‍ന്ന് 38,225.66ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 45.81 പോയിന്റ് (0.91%) കുതിപ്പ് 5064.20ല്‍ അവസാനിച്ചു. നാസ്ഡാക് 235. 48 പോയിന്റ് (1.51%) ഉയര്‍ന്ന് 15,840.96ല്‍ ക്ലോസ് ചെയ്തു.
വിപണി അടച്ച ശേഷം വന്ന ആപ്പിള്‍ റിസല്‍ട്ട് അനലിസ്റ്റുകളുടെ നിഗമനത്തേക്കാള്‍ മികച്ചതായി. ഐഫോണ്‍ വില്‍പന 10 ശതമാനം കുറഞ്ഞു. വരുമാനവും അറ്റാദായവും നിഗമനങ്ങളെ മറികടന്നു. 11,000 കോടി ഡോളറിന്റെ ഓഹരി തിരിച്ചു വാങ്ങലും പ്രഖ്യാപിച്ചു. ആപ്പിള്‍ ഓഹരി ഫ്യൂച്ചേഴ്‌സില്‍ ഏഴു ശതമാനം കയറി.
വരുമാന പ്രതീക്ഷ കുറച്ച ഓണ്‍ലൈന്‍ യാത്രാ കമ്പനി എക്‌സ്പീഡിയയുടെ ഓഹരി എട്ടു ശതമാനം താണു. പ്രതീക്ഷയിലധികം ലാഭമുണ്ടാക്കിയ ബയോടെക് കമ്പനി ആംജെന്‍ 11 ശതമാനം കുതിച്ചു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നല്ല കയറ്റത്തിലാണ്. ഡൗ 0.60 ശതമാനവും എസ് ആന്‍ഡ് പി 0.27 ശതമാനവും നാസ്ഡാക് 0.52 ശതമാനവും ഉയര്‍ന്നാണു നില്‍ക്കുന്നത്.
പത്തു വര്‍ഷ യു.എസ് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.589 ശതമാനം ആയി താഴ്ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു ചെറിയ നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ അല്‍പം താണു. ദക്ഷിണ കൊറിയയില്‍ കോസ്പി 0.40 ശതമാനം ഉയര്‍ന്നാണു വ്യാപാരം തുടങ്ങിയത്. ചൈനീസ് വിപണിയും കയറ്റത്തിലായി.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി വ്യാഴാഴ്ച ഉയര്‍ന്നു വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 74,812 വരെയും നിഫ്റ്റി 22,710 വരെയും കയറിയിട്ടു വില്‍പന സമ്മര്‍ദത്തെ തുടര്‍ന്നു ഗണ്യമായി താഴ്ന്നാണു ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റിയുടെ താഴ്ചയാണു മുഖ്യസൂചികകളുടെ ക്ഷീണത്തിനു കാരണം. വാഹനങ്ങളും മെറ്റലും ഫാര്‍മയും ഓയില്‍ ആന്‍ഡ് ഗ്യാസും നല്ല നേട്ടം ഉണ്ടാക്കി.
വ്യാഴാഴ്ച സെന്‍സെക്‌സ് 128.33 പോയിന്റ് (0.17%) കയറി 74,611.11ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 43.35 പോയിന്റ് (0.19%) ഉയര്‍ന്ന് 22,648.20ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 165.70 പോയിന്റ് (0.34%) താഴ്ന്ന് 49,231.05ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.49 ശതമാനം കയറി 51,115.10ലും സ്‌മോള്‍ ക്യാപ് സൂചിക 0.04 ശതമാനം ഉയര്‍ന്ന് 17,019.40 ലും അവസാനിച്ചു.
വിദേശ നിക്ഷേപകര്‍ ഇന്നലെ ക്യാഷ് വിപണിയില്‍ 964.47 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1352.44 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണി ബുള്ളിഷ് കുതിപ്പ് തുടരും എന്നാണു നിഗമനം. നിഫ്റ്റിക്ക് 22,590ലും 22,500ലും പിന്തുണ ഉണ്ട്. 22,700ലും 22,785ലും തടസങ്ങളാകാം.
കമ്പനികള്‍, ഓഹരികള്‍
ഗോദ്‌റെജ് ഗ്രൂപ്പ് വിഭജിക്കുന്നതിനു ധാരണയായ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് ഓഹരികളില്‍ ഇന്നലെ വലിയ വ്യാപാരം നടന്നു. ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് 7.14 ശതമാനവും ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് 4.2 ശതമാനവും താണു. വിക്രോളിയിലെ 3,400 ഏക്കര്‍ ഭൂമി കിട്ടുന്നില്ല എന്നതാണു ഗോദ്റെജ് പ്രോപ്പര്‍ട്ടീസിനു വിലയിടിയാന്‍ കാരണം.
ജോയിന്റ് എം.ഡി കെ.വി.എസ് മണിയന്‍ രാജിവച്ചത് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി മൂന്നു ശതമാനത്തോളം ഇടിയാന്‍ കാരണമായി. ബാങ്കില്‍ നിന്ന് കുറച്ച് മാസങ്ങള്‍ക്കുളളില്‍ അനവധി ഉന്നത മാനേജര്‍മാര്‍ വിട്ടുപോയിട്ടുണ്ട്.
മണിയന്‍ എം.ഡിയും സി.ഇ.ഒയും ആകുമെന്ന ധാരണയില്‍ ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നലെ നാലുശതമാനത്തിലധികം ഉയര്‍ന്ന് 170.30 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു.
ഇന്നലെ ചേര്‍ന്ന ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് എം.ഡി -സി.ഇ.ഒ സ്ഥാനത്തേക്കു തയാറാക്കിയ ചുരുക്കപ്പട്ടിക റിസര്‍വ് ബാങ്കിന് അയച്ചു. നിലവിലെ എം.ഡി ആന്‍ഡ് സി.ഇ.ഒ ആയ ശ്യാം ശ്രീനിവാസന്റെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കും.
ഫെഡറല്‍ ബാങ്ക് നാലാം പാദ ഫലങ്ങള്‍ ഇന്നലെ പുറത്തുവിട്ടു. അറ്റ പലിശ വരുമാനം 14.97 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായ വര്‍ധന 0.4 ശതമാനം മാത്രമാണ്. ബാങ്ക് രണ്ടു രൂപ മുഖവിലയുളള ഓഹരിക്ക് 1.2 രൂപ ലാഭവീതം പ്രഖ്യാപിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് കഴിഞ്ഞ ധനകാര്യ വര്‍ഷം അറ്റാദായം 38 ശതമാനം വര്‍ധിപ്പിച്ച് 1070.08 കോടി രൂപയാക്കി. നാലാം പാദത്തില്‍ അറ്റാദായം 13.85 ശതമാനം കുറഞ്ഞ് 287.33 കോടി രൂപയില്‍ ഒതുങ്ങി. ബാങ്കിന്റെ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞ് 29.20 രൂപയായി.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിസല്‍ട്ട് മോശമായതിനെ തുടര്‍ന്നു തലേ ദിവസം ഇടിഞ്ഞ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി ഓഹരികള്‍ ഇന്നലെ ശക്തമായി തിരിച്ചുകയറി. എച്ച്.പി.സി.എല്‍ 8.09 ശതമാനവും ബി.പി.സി.എല്‍ 4.61 ശതമാനവും ഐ.ഒ.സി 2.52 ശതമാനവും ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില താഴ്ന്നതാണു കാരണം.
പ്രതിരോധ, റെയില്‍വേ മേഖലകള്‍ക്കു വേണ്ട ഇലക്ട്രോണിക്‌സ് ഉത്പാദനത്തിലേക്കു കടക്കാന്‍ തീരുമാനിച്ച ടി.വി.എസ് ഇലക്ട്രോണിക്‌സ് ഓഹരി ഇന്നലെ 20 ശതമാനം കുതിച്ചു.
പ്രതീക്ഷയിലും മികച്ച ലാഭവും വരുമാനവും ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ഓഹരിയെ ഒന്‍പതു ശതമാനം ഉയര്‍ത്തി.
ബജാജ് ഫിനാന്‍സിന്റെ ഡിജിറ്റല്‍ വായ്പാ വിതരണത്തിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് ഇന്നലെ നീക്കി.
സ്വര്‍ണം ചാഞ്ചാടി, താഴ്ന്നു
സ്വര്‍ണം ഇന്നലെയും വലിയ ചാഞ്ചാട്ടത്തിലായി. 2,324 ഡോളറില്‍ നിന്ന് 2,288 ഡോളറിലേക്കു വീണ സ്വര്‍ണം പിന്നീട് ഔണ്‍സിന് 2304.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2303 ഡോളറിലാണ്.
ഇനി നിരക്ക് വര്‍ധിപ്പിക്കാനിടയില്ല എന്ന ഫെഡ് ചെയര്‍മാന്റെ പ്രസ്താവനയാണ് 2,300 ഡോളറിനു മുകളില്‍ സ്വര്‍ണത്തെ നിലനിര്‍ത്തിയത്. യു.എസിലെ തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ തലേ ആഴ്ചയിലെ നിലയില്‍ തുടരുന്നതും ജോലി ഒഴിവുകള്‍ കുറഞ്ഞു വരുന്നതും സ്വര്‍ണത്തിനു കരുത്തായി.
കേരളത്തില്‍ സ്വര്‍ണം പവന് ഇന്നലെ 560 രൂപ വര്‍ധിച്ച് 53,000 രൂപയായി. ഇന്നു വില കുറഞ്ഞേക്കും.
രൂപ ഇന്നലെ ദുര്‍ബലമായി. ഡോളര്‍ നാലു പൈസ നേട്ടത്തില്‍ 83.47 രൂപയില്‍ ക്ലോസ് ചെയ്തു.
ഡോളര്‍ സൂചിക ഇന്നലെ താഴ്ന്നു. 105.34ലാണു ക്ലോസിംഗ്.
ക്രിപ്‌റ്റോ കറന്‍സികള്‍ തിരിച്ചുകയറുകയാണ്. ബിറ്റ്‌കോയിന്‍ മൂന്നു ശതമാനം ഉയര്‍ന്ന് 59,200 ഡോളറില്‍ എത്തി. ഈഥര്‍ രണ്ടു ശതമാനം ഉയര്‍ന്ന് 3000 ഡോളറിനു തൊട്ടു താഴെ ആയി.
ക്രൂഡും ലോഹങ്ങളും താഴ്ന്നു
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടു താഴ്ന്നു. ഇന്നലെ 84.15 ഡോളര്‍ വരെ ചെന്ന ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 83.48ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 83.67 ഡോളറിലാണ്. ഡബ്‌ള്യു.ടി.ഐ ഇനം 79.19ലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 83.97ലുമാണ്.
വ്യാവസായിക ലോഹങ്ങള്‍ താഴ്ച തുടരുകയാണ്. ചെമ്പ് 1.51 ശതമാനം താഴ്ന്ന് ടണ്ണിന് 9642.29 ഡോളര്‍ ആയി. അലൂമിനിയം 1.46 ശതമാനം കുറഞ്ഞ് 2537.35 ഡോളറില്‍ എത്തി. നിക്കല്‍, ടിന്‍, ലെഡ് എന്നിവയും താണു. സിങ്ക് ഉയര്‍ന്നു. ഇരുമ്പയിരു വില ഇന്നലെ 5.37 ശതമാനം കുതിച്ചു.

വിപണിസൂചനകള്‍
(2024 മേയ് 02 വ്യാഴം)
സെന്‍സെക്‌സ്30 74,611.11 +0.17%
നിഫ്റ്റി50 22,648.20 +0.19%
ബാങ്ക് നിഫ്റ്റി 49,231.05 -0.34%
മിഡ് ക്യാപ് 100 51,115.10 +0.49%
സ്‌മോള്‍ ക്യാപ് 100 17,019.40 +0.04%
ഡൗ ജോണ്‍സ് 30 38,225.70 +0.85%
എസ് ആന്‍ഡ് പി 500 5064.20 +0.91%
നാസ്ഡാക് 15,841.00 +1.51%
ഡോളര്‍($)₹83.47 + ₹0.04
ഡോളര്‍ സൂചിക 105.30 -0.46
സ്വര്‍ണം (ഔണ്‍സ്) $2304.30 -$15.70
സ്വര്‍ണം (പവന്‍)₹53,000 +₹ 560
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $83.48 +$0.04


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it