പണനയത്തിൽ കണ്ണുനട്ട് വിപണി; യു.എസ് തകർച്ച ഏഷ്യയിലും പ്രതിഫലിക്കുന്നു; ക്രൂഡ് ഓയിൽ കുതിപ്പ് തുടരുന്നു; വിദേശനാണ്യ വ്യാപാര നിയന്ത്രണം നീട്ടിവച്ചു

രാവിലെ 10നു വരുന്ന റിസർവ് ബാങ്കിൻ്റെ പണനയ പ്രഖ്യാപനവും ഇന്നലെ യു.എസ് വിപണിയിലുണ്ടായ തകർച്ചയും ക്രൂഡ് ഓയിൽ വില 91 ഡോളറിനു മുകളിലായതും ഇന്ന് ഇന്ത്യൻ വിപണിയെ സ്വാധീനിക്കും. പലിശ കുറയ്ക്കൽ വെെകും എന്ന വിലയിരുത്തലിലാണു യു.എസ് വിപണി ഇന്നലെ തകർച്ചയിലായത്. ഇന്ന് ഏഷ്യൻ വിപണികളും ഇടിവിലാണ്. ഇന്നലെ റെക്കാേർഡ് തുടക്കവും ക്ലോസിംഗും നടത്തിയ ഇന്ത്യൻ വിപണി ഇന്ന് അതു നിലനിർത്താൻ സാധ്യത കുറവാണ്. റിസർവ് ബാങ്ക് എന്തെങ്കിലും നാടകീയ നടപടികൾ പ്രഖ്യാപിച്ചാലേ വിപണിക്കു കുതിപ്പു തുടരാനാകൂ.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 22,570ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,556ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. മാർച്ചിലെ വിൽപന റെക്കോർഡ് ആയത് വോൾവോ കാർ കമ്പനിയുടെ ഓഹരിയെ ഏഴു ശതമാനം ഉയർത്തി.

യു.എസ് വിപണി ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു വലിയ താഴ്ചയിൽ അവസാനിച്ചു. ഡൗ സൂചിക തുടർച്ചയായ നാലാം ദിവസം ഇടിഞ്ഞു. പലിശ കുറയ്ക്കൽ വെെകും എന്ന പുതിയ ധാരണയും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ഇന്നു പുറത്തുവരുന്ന മാർച്ചിലെ തൊഴിൽ കണക്ക് എങ്ങനെയാകുമെന്ന ആശങ്കയും വിപണിയുടെ തകർച്ചയ്ക്കു കാരണമായി. ഉച്ചവരെ ഉയർന്നു നീങ്ങിയ സൂചികകൾ പിന്നീടു രണ്ടു ശതമാനം ഇടിയുകയായിരുന്നു. തൊഴിൽ കൂടുകയും തൊഴിലില്ലായ്മ കുറയുകയും ക്രൂഡ് ഉയരുകയും ചെയ്താൽ വിലക്കയറ്റം വർധിക്കുകയും പലിശ കുറയ്ക്കൽ നീണ്ടു പോകുകയും ചെയ്യും എന്നാണു വിപണിയുടെ ഭീതി. ഈ ഭീതിയിൽ യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഒരവസരത്തിൽ 4.429 ശതമാനം വരെ ഉയരുകയും ചെയ്തു.

ഡൗ ജോൺസ് സൂചിക 530.16 പോയിൻ്റ് (1.35%) ഇടിഞ്ഞ് 38,596.98ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 64.28 പോയിൻ്റ് (1.23%) താഴ്ന്ന് 5147.21ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 228.38 പോയിൻ്റ് (1.40%) തകർന്ന് 16,049.08ൽ എത്തി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.04 ശതമാനവും എസ് ആൻഡ് പി 0.09 ശതമാനവും നാസ്ഡാക് 0.11 ശതമാനവും കയറി നിൽക്കുന്നു.

ക്രൂഡിൻ്റെ കയറ്റവും പലിശ കുറയ്ക്കൽ വൈകും എന്ന ആശങ്കയും ഇന്നു രാവിലെ ഏഷ്യൻ വിപണികളെ ഇടിച്ചു. ജപ്പാനിൽ നിക്കൈ സൂചിക രണ്ടു ശതമാനം താണ് 39,000നു താഴെയായി.

ഇന്ത്യൻ വിപണി

വ്യാഴാഴ്ച ഇന്ത്യൻ വിപണി റെക്കോർഡുകൾ കുറിച്ചു കൊണ്ടു വ്യാപാരം തുടങ്ങി. പിന്നീടു വലിയ തകർച്ചയിലായി. ഒടുവിൽ തിരികെ കയറി റെക്കോർഡ് ഉയരത്തിൽ സൂചികകൾ അവസാനിച്ചു. ഉയരത്തിൽ വിൽക്കാനും താഴ്ചയിൽ വാങ്ങിക്കൂട്ടാനും നിക്ഷേപകരും ഫണ്ടുകളും ഉത്സാഹിക്കുന്നതാണു കണ്ടത്. മുഖ്യ സൂചികകൾക്കൊപ്പം ബാങ്ക്, മിഡ്ക്യാപ് സൂചികകളും ഇന്നലെ റെക്കാേർഡ് കുറിച്ചു.

ഇന്നലെ രാവിലെ സെൻസെക്സ് 74,501.73 വരെയും നിഫ്റ്റി 22,619 വരെയും ഉയർന്നു. പിന്നീട് യഥാക്രമം 73,485ഉം 22,303ഉം വരെ ഇടിഞ്ഞു. സെൻസെക്സ് 350.81 പോയിന്റ് (0.47%) ഉയർന്ന് 74,227.63ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 80 പോയിന്റ് (0.36%) കയറി 22,514.65ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 436.55 പോയിന്റ് (0.17%) കയറി 47,624.25ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 0.01 ശതമാനം ഉയർന്ന് 49,743.80 എന്ന റെക്കോഡിൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.43 ശതമാനം കയറി 16,219.35 ൽ വ്യാപാരം അവസാനിപ്പിച്ചു.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1136.47 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 893.11 കോടി രൂപയുടെ ഓഹരികളും വിറ്റു.

നിഫ്റ്റി കഴിഞ്ഞ ദിവസങ്ങളിലെ വ്യാപാര മേഖലയായ 22,300 - 22,500ൽ നിന്നു മുകളിലേക്കു കടന്നു. 22,500 കടന്നു ക്ലോസ് ചെയ്തെങ്കിലും ആ കുതിപ്പ് തുടരാൻ തക്ക ആക്കം വിപണിയിൽ കാണുന്നില്ല. നിഫ്റ്റിക്ക് ഇന്ന് 22,360ലും 22,165ലും പിന്തുണ ഉണ്ട്. 22,600ലും 22,675ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

ബാങ്ക്, ധനകാര്യസേവന, ഐ.ടി, കൺസ്യൂമർ ഡ്യുറബിൾ എന്നിവ ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. നാലാം പാദത്തിൽ മികച്ച ബിസിനസ് വളർച്ച കാണിച്ച എച്ച്.ഡി.എഫ്.സി ബാങ്ക് ഇന്നലെ 3.2 ശതമാനം ഉയർന്നു. നാലാംപാദ വളർച്ച സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്കിനെ 12ഉം ഉജ്ജീവൻ സ്മോൾ ഫിനാൻസിനെ ഏഴും ബന്ധൻ ബാങ്കിനെ 4.6ഉം ശതമാനം ഉയർത്തി. സ്പെഷാലിറ്റി കെമിക്കലുകൾ നിർമിക്കുന്ന ആൽക്കൈൽ അമീൻസ് പത്തും ബാലാജി അമീൻസ് ഏഴും ശതമാനം ഉയർന്നു.

സ്വർണം താഴ്ന്നു, കയറി, വീണ്ടും താഴ്ന്നു

സ്വർണവില ഇന്നലെ 2306 ഡോളർ വരെ കയറിയിട്ട് 2280 ഡോളറിലേക്കു താഴ്ന്നു. പലിശ കുറയ്ക്കൽ വൈകും എന്ന സൂചനയിലായിരുന്നു ഇടിവ്. പിന്നീട് പശ്ചിമേഷ്യൻ സംഘർഷഭീതി വളർന്നപ്പോൾ വില വീണ്ടും കയറി 2291.70 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 2273ലേക്കു കുത്തനെ താഴ്ന്നു. കേരളത്തിൽ വ്യാഴാഴ്ച സ്വർണം പവന് 400 രൂപ വർധിച്ച് 51,680 രൂപയായി. ഇന്നു വില ഗണ്യമായി കുറയാം.

ഡോളർ സൂചിക ഇന്നലെ 104.12 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.25ലാണ്. വ്യാഴാഴ്ച രൂപ കയറാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഡോളർ 83.40 രൂപവരെ താണിട്ട് 83.44 രൂപയിലേക്കു കയറി മാറ്റമില്ലാതെ ക്ലോസ് ചെയ്തു.

വിദേശനാണ്യ വ്യാപാരനിയന്ത്രണം ഒരു മാസം കഴിഞ്ഞ്

വിദേശനാണ്യ ഡെറിവേറ്റീവ് വ്യാപാരത്തിനു റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുതിയ നിയന്ത്രണം നടപ്പാക്കൽ മേയ് മൂന്നു വരെ നീട്ടി. നിയന്ത്രണ അറിയിപ്പ് കിട്ടിയതു വൈകിയതിനാൽ നഷ്ടം വരുന്നു എന്ന ഇടപാടുകാരുടെ പരാതിയെ തുടർന്നാണിത്. പക്ഷേ നീട്ടിവയ്ക്കൽ അറിയിപ്പ് എത്തിയത് ഇന്നലെ വൈകുന്നേരം മാത്രമായതിനാൽ ഇടപാടുകൾ സ്ക്വയർ ചെയ്തു നഷ്ടം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന പുതിയ പരാതി ഉണ്ടായി.

വിദേശനാണ്യ ബാധ്യത ഉള്ളവർ മാത്രമേ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഏർപ്പെടാവൂ എന്നാണു പുതിയ വ്യവസ്ഥ. നഷ്ടസാധ്യത കുറയ്ക്കാനായി മാത്രം ഹെഡ്ജിംഗ് നടത്തിയാൽ മതി. വിപണിയിൽ ഊഹക്കച്ചവടം പാടില്ല എന്നതാണ് റിസർവ് ബാങ്ക് ഉത്തരവിൻ്റെ സാരം.

ഊഹക്കച്ചവടക്കാരെ അനുവദിച്ചില്ലെങ്കിൽ വിപണിക്ക് ആഴവും പരപ്പും ഉണ്ടാകില്ലെന്നും യഥാർഥ വില കണ്ടെത്തൽ നടക്കില്ലെന്നും ബ്രോക്കറേജുകൾ പറയുന്നു.

91 കടന്നു ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത വർധിച്ചതാണ് കാരണം. ഇന്നലെ രണ്ടു ശതമാനത്താേളം ഉയർന്ന് ബ്രെൻ്റ് ഇനം 91.09 ഡോളറിൽ എത്തി ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 91.16ലും ഡബ്ള്യു.ടി.ഐ ഇനം 86.97ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 90.86 ഡോളറിലും ആണ്.

ക്രിപ്റ്റോ കറൻസികൾ ഇന്നലെ മൂന്നു മുതൽ നാലുവരെ ശതമാനം ഉയർന്നു. ബിറ്റ്കോയിൻ വീണ്ടും 68,000 ഡോളറിനു മുകളിലായി.

വിപണിസൂചനകൾ(2024 ഏപ്രിൽ 04, വ്യാഴം)

സെൻസെക്സ്30 74,227. 63 +0.47%

നിഫ്റ്റി50 22,514.65 +0.36%

ബാങ്ക് നിഫ്റ്റി 48,060.80 +0.92%

മിഡ്ക്യാപ് 100 49,743.80 +0.01%

സ്മോൾക്യാപ് 100 16,219.35 +0.43%

ഡൗ ജോൺസ് 30 38,596.98 -1.35%

എസ് ആൻഡ് പി 500 5147.2 -1.23%

നാസ്ഡാക് 16,049.08 -1.40%

ഡോളർ ($) ₹83.44 ₹0.00

ഡോളർ സൂചിക 104.12 -0.13

സ്വർണം (ഔൺസ്) $2291.70 -$09.00

സ്വർണം (പവൻ) ₹51,680 +₹400.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $91.09 +$01.74

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it