ഏഷ്യൻ വിപണികൾ ഇടിവിൽ; യാഥാർഥ്യത്തിലേക്കു തിരിച്ചു വരാൻ ഇന്ത്യൻ വിപണി ശ്രമിക്കും; ലാഭമെടുക്കാൻ വിൽപനസമ്മർദം ഉണ്ടാകും
അമിതാവേശത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കു തിരിച്ചു വരാൻ വിപണി ഇന്ന് ശ്രമിക്കും. ഏഷ്യൻ വിപണികളെല്ലാം ഇന്നു കുത്തനെ താഴ്ന്നു നീങ്ങുന്നതും ഇന്നലെ യു.എസ്, യൂറോപ്യൻ വിപണികൾ താഴ്ന്നതും ഇതിനു നിമിത്തമാകും. നീണ്ട ബുൾ തരംഗത്തിനു തുടക്കം എന്നു പലരും വിശേഷിപ്പിച്ച തിങ്കളാഴ്ചത്തെ കുതിപ്പിനു ശേഷം ഇന്നു വിപണി ചെറിയ നേട്ടത്തിലേക്കു മാറാനാകും ശ്രമിക്കുക. ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാൻ ഫണ്ടുകളും വ്യക്തികളും ശ്രമിക്കും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ തിങ്കൾ രാത്രി ഗിഫ്റ്റ് നിഫ്റ്റി 20,870-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,815 വരെ താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ ഉയർച്ചയോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. പലിശ താമസിയാതെ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ സ്വർണവും ക്രിപ്റ്റോ കറൻസികളും കുതിച്ചു കയറുകയാണ്. ഓഹരികൾക്കും ഇത് അനുകൂലമാണെങ്കിലും മറ്റു വിപണികൾ മന്ദഗതിയിലായതു യൂറോ വിപണികളെ താഴ്ത്തി.
യു.എസ് വിപണി
യു.എസ് വിപണി 2023ലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഇന്നലെ അൽപം താഴ്ന്നു. ഡൗ ജോൺസ് 41.06 പോയിന്റ് (0.11%) താഴ്ന്ന് 36,204.44 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 24.85 പോയിന്റ് (0.54%) കുറഞ്ഞ് 4569.78 ലും നാസ്ഡാക് 119.54 പോയിന്റ് (0.84%) ഇടിഞ്ഞ് 14,185.49 ലും അവസാനിച്ചു. ടെക് ഓഹരികൾ തിങ്കളാഴ്ച താഴ്ചയിലായിരുന്നു. എൻവിഡിയ യും ഇന്റലും ആൽഫബെറ്റും മെറ്റയും ഒന്നു മുതൽ 3.2 വരെ ശതമാനം ഇടിഞ്ഞു. ഓപ്പൺ സോഴ്സ് സോഫ്റ്റ് വേർ ഡവലപ്മെന്റ് സ്ഥാപനമായ ഗിറ്റ് ലാബ് പ്രതീക്ഷയേക്കാൾ മികച്ച മൂന്നാം പാദ റിസൽട്ട് പുറത്തിറക്കിയതിനെ തുടർന്ന് വിപണി അടച്ച ശേഷമുള്ള വ്യാപാരത്തിൽ 16 ശതമാനം കുതിച്ചു കയറി.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.253 ശതമാനമായി ഉയർന്നു. ഇന്നു രാവിലെ 4.261ലേക്ക് കയറി.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.18 ഉം എസ് ആൻഡ് പി 0.21 ഉം നാസ്ഡാക് 0.22 ഉം ശതമാനം താഴ്ന്നു..
ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലാണ്. ഓസ്ട്രേലിയൻ, ജാപ്പനീസ്, കൊറിയൻ, ചൈനീസ് വിപണികൾ എല്ലാം അര ശതമാനത്തിലധികം താഴ്ന്നു നീങ്ങുന്നു. ജപ്പാനിൽ സ്വകാര്യ മേഖല നവംബറിൽ ചുരുങ്ങിയതായി സർവേ കാണിക്കുന്നു.
ഇന്ത്യൻ വിപണി
നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി തരംഗം ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയിലേക്കു പടർന്നു. തിങ്കളാഴ്ച തുടക്കത്തിലേ കുതിച്ചുയർന്ന മുഖ്യസൂചികകൾ അവസാനം വരെ ആ മുന്നേറ്റം തുടർന്നു. 14 മാസത്തിനിടയിലെ ഏറ്റവും വലിയ ഉയർച്ചയായിരുന്നു ഇന്നലത്തേത്. തുടക്കത്തിൽ തന്നെ നിഫ്റ്റിയും സെൻസെക്സും റെക്കാേഡുകൾ മറികടന്നു. ക്ലോസിംഗിനു മുമ്പ് ബാങ്ക് നിഫ്റ്റിയും റെക്കോർഡ് തകർത്തു.
രാജ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ഇന്നലെ 5.81 ലക്ഷം കോടി രൂപ വർധിച്ച് 343.48 ലക്ഷം കോടി (ട്രില്യൺ) രൂപയായി. കഴിഞ്ഞ അഞ്ചു വ്യാപാരദിനം കൊണ്ട് വിപണിമൂല്യത്തിൽ 14.76 ലക്ഷം കോടിയുടെ വർധന ഉണ്ടായി.
വിപണിയുടെ ആവേശം ഏറ്റവുമധികം പ്രകടമായത് അദാനി ഗ്രൂപ്പ് ഓഹരികളിലായിരുന്നു. ഗ്രൂപ്പ് കമ്പനികൾ മൂന്നു മുതൽ 10 വരെ ശതമാനം കുതിച്ചു. ഗ്രൂപ്പിന്റെ വിപണിമൂല്യം 12 ലക്ഷം കോടി രൂപ കടന്നിട്ട് 11.94 ലക്ഷം കോടിയിൽ ക്ലോസ് ചെയ്തു. ഇന്നലെ മാത്രം 73,000 കോടിയുടെ വർധന. ഹിൻഡൻബർഗ് റിപ്പോർട്ടിനു മുൻപ് 19.2 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം ഉണ്ടായിരുന്നതാണ്. പിന്നീട് ഒൻപതു ലക്ഷം കോടിക്കു താഴെ എത്തി.
ബജാജ് ഗ്രൂപ്പ് ഇന്നലെ 10 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ നിലവാരം കടക്കുന്ന അഞ്ചാമത്തെ ബിസിനസ് ഗ്രൂപ്പാണു ബജാജ്.
2007ൽ റിലയൻസ് പെട്രോളിയം ഓഹരികൾ കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ റിലയൻസ് ഇൻഡസ്ട്രീസിനും മുകേഷ് അംബാനിക്കും മറ്റുമെതിരേ ഉണ്ടായ സെബിയുടെ വിധി സെബി അപ്പലേറ്റ് ട്രൈബ്യൂണൽ ഇന്നലെ റദ്ദാക്കി. 2003-ലെ ഷെയർ തിരിച്ചു വാങ്ങലിൽ ചട്ടലംഘനം ആരോപിച്ച് 2018-ൽ സെബി അപ്പോളോ ടയേഴ്സിനു ചുമത്തിയ ശിക്ഷ അപ്പലേറ്റ് ട്രൈബ്യൂണൽ ഇന്നലെ റദ്ദാക്കി.
ഫെഡറൽ ബാങ്ക് ഇന്നലെ 155.20 രൂപ വരെ കയറി 52 ആഴ്ചയിലെ ഉയർന്ന നില കുറിച്ചു. ഓഹരി 3.6 ശതമാനം നേട്ടത്തിൽ 154.10 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 405 രൂപയിൽ 52 ആഴ്ചയിലെ ഉയർന്ന നില കുറിച്ചിട്ട് 4.4 ശതമാനം നേട്ടത്തിൽ 401 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി 4.55 ശതമാനം കയറി 29.90 രൂപയിലും സൗത്ത് ഇന്ത്യൻ ബാങ്ക് 1.8 ശതമാനം ഉയർന്ന് 25.40 രൂപയിലും ക്ലോസ് ചെയ്തു.
സെൻസെക്സ് 1383.93 പോയിന്റ് (2.05%) ഉയർന്ന് 68,865.12 ലും നിഫ്റ്റി 418.90 പോയിന്റ് (2.07%) കയറി 20,686.80 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1617.20 പോയിന്റ് (3.61%) ഉയർന്ന് 46,431.40 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.24 ശതമാനം ഉയർന്ന് 43,918.6 ലും സ്മോൾ ക്യാപ് സൂചിക 1.39 ശതമാനം കയറി 14,437.70 ലും അവസാനിച്ചു.
മെറ്റലും ഫാർമസ്യൂട്ടിക്കൽസും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിലായി. ബാങ്ക്, റിയൽറ്റി, ഓയിൽ - ഗ്യാസ് എന്നിവ രണ്ടു മുതൽ 3.6 വരെ ശതമാനം നേട്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 2073.21 കാേടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4797.15 കോടിയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.
നിഫ്റ്റിക്ക് ഇന്ന് 20,555ലും 20,440 ലും പിന്തുണ ഉണ്ട്. 20,710 ഉം 20,825 ഉം തടസങ്ങളാകാം.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഭിന്നദിശകളിലായിരുന്നു. അലൂമിനിയം 0.79 ശതമാനം താണ് ടണ്ണിന് 2184.23 ഡോളറിലായി. ചെമ്പ് 0.47 ശതമാനം താഴ്ന്നു ടണ്ണിന് 8416.15 ഡോളറിലെത്തി. ലെഡ് 0.50ഉം നിക്കൽ 1.89ഉം ശതമാനം താഴ്ന്നു. സിങ്ക് 0.21ഉം ടിൻ 1.72ഉം ശതമാനം ഉയർന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. തിങ്കളാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ ഒരു ശതമാനം താണ് 78.03 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 73.23 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 78.20 ഡോളർ ആയി കയറി. യുഎഇയുടെ മർബൻ ക്രൂഡ് 77.68 ഡോളറിൽ വ്യാപാരം നടക്കുന്നു.
സ്വർണവില ഉയർന്ന നിലവാരത്തിൽ ചാഞ്ചാടുകയാണ്. തിങ്കളാഴ്ച ഔൺസിന് 2091ഡോളർ വരെ കയറിയിട്ടു താണ് 2030.10 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 2036.30 ഡോളർ ആയി.
കേരളത്തിൽ പവൻവില തിങ്കളാഴ്ച 47,000 രൂപയ്ക്കു മുകളിലായി. 320 രൂപ ഉയർന്ന് 47,080 രൂപയായി പവന്. ഇന്നു വില കുറയാം. ഡോളർ ഇന്നലെ ലോകവിപണിയിൽ കയറി. ഡോളർ സൂചിക 103.71 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.56 ലേക്കു താഴ്ന്നു.
തിങ്കളാഴ്ച ഡോളർ താഴ്ന്നു തുടങ്ങിയെങ്കിലും ഒടുവിൽ എട്ടു പൈസ കയറി 83.37 രൂപയിൽ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറൻസികൾ കയറ്റം തുടർന്നു. ബിറ്റ്കോയിൻ തിങ്കളാഴ്ച 42,000 ഡോളറിനു മുകളിലായി. ഇന്നു രാവിലെ 41,900 നു താഴെയാണ്.
വിപണിസൂചനകൾ
(2023 ഡിസംബർ 01, വെള്ളി.)
സെൻസെക്സ്30 68,865.12 +2.05%
നിഫ്റ്റി50 20,686.80 +2.07%
ബാങ്ക് നിഫ്റ്റി 46,431.40 +3.61%
മിഡ് ക്യാപ് 100 43,918.60 +1.24%
സ്മോൾ ക്യാപ് 100 14,437.70 +1.39%
ഡൗ ജോൺസ് 30 36,204.40 -0.11%
എസ് ആൻഡ് പി 500 4569.78 -0.54%
നാസ്ഡാക് 14,185.50 -0.84%
ഡോളർ ($) ₹83.37 +₹0.08
ഡോളർ സൂചിക 103.27 -0.20
സ്വർണം (ഔൺസ്) $2030.10 -$41.90
സ്വർണം (പവൻ) ₹47,080 +₹ 320.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $78.03 -$0.85