ബുള്ളുകൾക്ക് കരുത്ത് ചോരുന്നോ? വിപണിയുടെ ഒന്നാം പാദ റിസൽട്ടുകളിലേക്കു ശ്രദ്ധ തിരിയുന്നു; ഏഷ്യൻ വിപണികൾ താഴ്ചയിൽ; ബിഎസ്ഇ വിപണിമൂല്യം മുന്നൂറു ലക്ഷം കോടിയിലേക്ക്

ഏഷ്യൻ വിപണികൾ വീണ്ടും താഴുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണി ഇന്നു തുടങ്ങുന്നത് അനിശ്ചിതത്വത്തോടെയാണ്. എങ്കിലും വിദേശ നിക്ഷേപകർ ആവേശത്തോടെ രംഗത്തുള്ളതു ബുള്ളുകൾക്കു പ്രതീക്ഷ പകരുന്നു. അവധിയായിരുന്നതിനാൽ യുഎസ് വിപണിയിൽ നിന്ന് സൂചനകളൊന്നും ലഭ്യമല്ല.

അടുത്ത യുഎസ് ഫെഡ് യോഗം പലിശ കൂട്ടുമോ എന്നറിയാൻ കഴിഞ്ഞ യോഗത്തിന്റെ ഇന്നു പുറത്തു വരുന്ന മിനിറ്റ്സ് എല്ലാവരും പരിശോധിക്കും. അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം പാദ റിസൽട്ടുകൾ പുറത്തുവിടുന്നതാകും ഇന്ത്യയിലെ നിക്ഷേപ വിശകലനക്കാരുടെ ശ്രദ്ധാ വിഷയം. ഇതെല്ലാം ഒരുക്കുന്ന ആശങ്ക വിപണിയിൽ കാണാൻ തുടങ്ങി.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,508.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,520 ലേക്ക് ഉയർന്നിട്ട് അൽപം താണു. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ചയും ചെറിയ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ക്രൂഡ് വിലവർധനയും പലിശ കൂടുമെന്ന നിഗമനവും വിപണിയെ താഴ്ത്തുകയാണ്.

യുഎസ് വിപണി ചൊവ്വാഴ്ച അവധിയായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ ജോൺസ് 0.12 ശതമാനം താണു. എസ് ആൻഡ് പി 0.10 ശതമാനവും നാസ്ഡാക് 0.15 ശതമാനവും താഴ്ന്നു.

ഏഷ്യൻ ഓഹരികൾ ഇന്നും താഴ്ചയിലാണ്. ഓസ്ട്രേലിയൻ കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. എങ്കിലും ഓസ്ട്രേലിയൻ വിപണി ഇന്ന് ഇടിവിലായി. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ കാൽ ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലും ഇടിവാണ്. ചെെനീസ് വിപണി തുടക്കത്തിൽ താഴ്ന്നു. .


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ചൊവ്വാഴ്ചയും ഉയർന്നു. തുടർച്ചയായ ആറു ദിവസത്തെ കുതിപ്പ് നിക്ഷേപകരുടെ സമ്പാദ്യം എട്ടു ലക്ഷം കോടി രൂപ കണ്ടു വർധിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 298.57 ലക്ഷം കോടി രൂപ (3.65 ലക്ഷം കോടി ഡോളർ) ആയി. ചെറിയൊരു കയറ്റം കൊണ്ട് ബിഎസ്ഇ വിപണിമൂല്യം മുന്നൂറു ലക്ഷം കോടി (300 ട്രില്യൺ) രൂപയിലെത്തും.

സെൻസെക്സ് ഈ ദിവസങ്ങളിൽ 2509 പോയിന്റ് (4%) കയറി. നിഫ്റ്റി ഇതിനിടെ 788 പോയിന്റ് ഉയർന്നു. 2023 ലെ സെൻസെക്സ് മുന്നേറ്റം പത്തും നിഫ്റ്റിയിലെ കയറ്റം 12 ഉം ശതമാനമായി.

സെൻസെക്സ് ഇന്നലെ 65,672.87 വരെയും നിഫ്റ്റി 19,434 വരെയും ഉയർന്നു. ഇന്നലെ സെൻസെക്സ് 274 പോയിന്റ് (0.42%) ഉയർന്ന് 65,479.05 ലും നിഫ്റ്റി 66.50 പോയിന്റ് (0.34%) കയറി 19,389 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.20 ശതമാനം താഴ്ന്ന് 35,771.8 ലും സ്മോൾ ക്യാപ് സൂചിക 0.25% കയറി 10,997.20 ലും ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 2134 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 785 കോടിയുടെ ഓഹരികൾ വിറ്റു.

വിപണി ബുള്ളിഷ് കുതിപ്പിലാണെന്ന വിലയിരുത്തൽ തുടരുന്നു. എന്നാൽ കുതിപ്പിൽ ക്ഷീണം ദൃശ്യമാണ്. ഹ്രസ്വമായ തിരുത്തലോ പാർശ്വ നീക്കങ്ങളാേ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഇന്നു നിഫ്റ്റിക്ക് 19,325-ലും 19,245 ലും പിന്തുണ ഉണ്ട്. 19,430 ലും 19,510 ലും തടസം ഉണ്ടാകാം.

ചെമ്പും ലെഡും ഒഴികെയുള്ള പ്രധാന വ്യാവസായിക ലോഹങ്ങൾ ഇന്നലെ കയറ്റത്തിലായി. അലൂമിനിയം 0.54 ശതമാനം കയറി ടണ്ണിന് 2166.87 ഡോളറിലായി. ചെമ്പ് 0.08 ശതമാനം താണു ടണ്ണിന് 8348.35 ഡോളറിൽ എത്തി. നിക്കലും സിങ്കും ടിനും ഒന്നര ശതമാനം വരെ ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. സൗദി അറേബ്യ ഉൽപാദനം 10 ലക്ഷം വീപ്പ കുറയ്ക്കുന്നത് ഒരു മാസം കൂടി തുടരുമെന്നു പ്രഖ്യാപിച്ചു. ബ്രെന്റ് ഇനം 76.25 ഡോളറിലും ഡബ്ള്യുടിഐ ഇനം 71.12 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 76.08 ഡോളറിലേക്കു കുറഞ്ഞു.

സ്വർണം അൽപം കയറി. ഔൺസിന് 1931.90 ഡോളർ വരെ കയറിയിട്ട് താണ് 1926.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1927.10 ഡോളർ ആയി. കേരളത്തിൽ പവൻവില 80 രൂപ കൂടി 43,320 രൂപ ആയി.

ഡോളർ ചൊവ്വാഴ്ച 82.04 രൂപയിൽ ക്ലോസ് ചെയ്തു. രാവിലെ 81.96 രൂപയിലായിരുന്നു ഡോളർ. ലോക വിപണിയിൽ ഡോളർ സൂചിക ഉയർന്ന് 103.04 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 103.08 ആയി.

ക്രിപ്റ്റോ കറൻസികൾ കയറ്റിറക്കം തുടരുന്നു. ബിറ്റ് കോയിൻ 30,800 ഡോളറിലേക്ക് താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

എച്ച്ഡിഎഫ്സി ബാങ്കുമായുള്ള ലയനത്തെ തുടർന്ന് നിഫ്റ്റി 50 യിൽ നിന്ന് എച്ച്ഡിഎഫ്സി ഒഴിവാകും. പകരം എൽടിഐ മൈൻഡ് ട്രീ നിഫ്റ്റി 50 യിൽ സ്ഥാനം നേടും. ഈ ഓഹരിയിലേക്കു കൂടുതൽ നിക്ഷേപകർ എത്തും.

പൊതുമേഖലാ ബാങ്കുകൾ ഇന്നലെയും നല്ല കുതിപ്പിലായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് 6.5 ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. ഐടി, ഫാർമ കമ്പനികളും ബജാജ് ഫിനാൻസ് അടക്കം ധനകാര്യ കമ്പനികളും നല്ല തോതിൽ ഉയർന്നു. ബജാജ് ഫിനാൻസിന്റെ ഒന്നാം പാദ വളർച്ച പ്രതീക്ഷയിലും മെച്ചമായി.

49 ശതമാനം വളർച്ചയാണു കമ്പനിയുടെ ആസ്തികളിൽ ഉണ്ടായത്. ബജാജ് ഫിനാൻസ് 7.5 ഉം ബജാജ് ഫിൻസെർവ് ആറും ശതമാനം ഉയർന്നു. ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ തുടങ്ങിയവയും നേട്ടത്തിലായി.

ആഗാേള വിപണിയിൽ ക്രൂഡ് ഓയിൽ വില തലേ രാത്രി താണത് ഓയിൽ കമ്പനികൾക്കും റിലയൻസിനും നഷ്ടമായി. സ്വകാര്യ ബാങ്കുകളും വാഹന, റിയൽറ്റി കമ്പനികളും ഇടിഞ്ഞു.

ഹീറോ മോട്ടോകോർപ്പിനു നല്ലകാലം

ഹാർലി ഡേവിഡ്സൺ ബൈക്കുകൾ പുറത്തിറക്കാനുള്ള നീക്കം ഹീറാേ മോട്ടോ കോർപിനു വലിയ നേട്ടമായി. 440 സിസിയുടെ ബൈക്കിനു ബുക്കിംഗ് തുടങ്ങി. 2.29 ലക്ഷം രൂപയാണു കുറഞ്ഞ വില. മറ്റു മോഡലുകളും ക്രമേണ ഇറക്കും. നേരത്തേ 20 ലക്ഷം രൂപ മുതലായിരുന്നു ഹാർലി ഡേവിഡ്സൺ ബെെക്കുകൾക്ക് വില. യുഎസ് ടൂവീലർ ഭീമന്റെ ഉൽപന്നങ്ങൾ വരുന്നത് റോയൽ എൻഫീൽഡ് ൈ

ബെെക്കുകൾ നിർമിക്കുന്ന ഐഷർ മോട്ടോഴ്സിനു ക്ഷീണമാകാം. ഹീറോ ഓഹരി അഞ്ചു ശതമാനം ഉയർന്നപ്പോൾ ഐഷർ ഏഴു ശതമാനം താണു.

റിലയൻസിന്റെ ജിയോ ഭാരത് ഓഫർ എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും ആഘാതമാകും. 25 കോടി 2ജി ഉപയോക്താക്കളിൽ 40 ശതമാനത്തെ പിടിക്കാനാണു റിലയൻസ് ലക്ഷ്യം വയ്ക്കുന്നത്.

2023-24 ധനകാര്യ വർഷം ഒന്നാം പാദത്തിലെ ഐടി കമ്പനികളുടെ റിസൽട്ടുകൾ അടുത്തയാഴ്ച മുതൽ പുറത്തുവരും. 12 - നു ടിസിഎസ് റിസൽട്ട് പ്രസിദ്ധീകരിക്കും. ചില കമ്പനികൾക്കു വരുമാനം കുറയുന്നതിനു സാധ്യതയുണ്ട്. വിപ്രോയും ടെക് മഹീന്ദ്രയും ഈയിനത്തിൽ പെടുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വിലയിരുത്തി. ഇൻഫിയും എച്ച്സിഎലും നാമമാത്ര വർധനയേ കാണിക്കൂ. കമ്പനികളുടെ ലാഭമാർജിനുകൾ കുറയും.

വിപണി സൂചനകൾ

(2023 ജൂലൈ 04, ചൊവ്വ)

സെൻസെക്സ് 30 65,479.05 +0.42%

നിഫ്റ്റി 50 19,389.00 +0.34%

ബാങ്ക് നിഫ്റ്റി 45,301.45 +0.32%

മിഡ് ക്യാപ് 100 35,771.80 -0.20%

സ്മോൾക്യാപ് 100 10,997.20 0.25%

ഡൗ ജോൺസ് 30 34,418.47 0.00

എസ് ആൻഡ് പി 500 4455.59 0.00

നാസ്ഡാക് 13,816.77 0.00

ഡോളർ ($) ₹82.04 +08 പൈസ

ഡോളർ സൂചിക 103.04 +0.05

സ്വർണം(ഔൺസ്) $1926.70 +$04.00

സ്വർണം(പവൻ ) ₹43,320 +₹ 80.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.25 +$1.24

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it