നെഗറ്റീവ് ആഗോള സൂചനകൾക്കിടയിലും നിക്ഷേപകർ പ്രതീക്ഷയിൽ; ₹5.25 ലക്ഷം കോടിയുടെ കരാര്‍ പ്രതീക്ഷയില്‍ നേട്ടമുണ്ടാക്കി റെയില്‍വേ ഓഹരികള്‍
വിദേശ സൂചനകൾ അനുകൂലമല്ലെങ്കിലും ഇന്ത്യൻ വിപണി രണ്ടു ദിവസത്തെ നേട്ടം തുടരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും ബ്രാേക്കറേജുകളും. സാങ്കേതിക സൂചകങ്ങളും കയറ്റത്തിന് അനുകൂലമാണ്. യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം അൽപം കൂടിയെങ്കിലും പലിശ കാര്യത്തിൽ വിപണി വലിയ ആശങ്ക കാണിച്ചില്ല.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,600 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,610 ലേക്കു കയറി. പിന്നീട് 19,590 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ജർമനിയുടെ ജൂലൈയിലെ റീട്ടെയിൽ വ്യാപാരവും കുറഞ്ഞതാണ് പ്രധാന കാരണം. ജർമൻ ജിഡിപി ഒന്നാം പാദത്തിൽ ചുരുങ്ങുകയും രണ്ടാം പാദത്തിൽ നാമമാത്ര വളർച്ച കാണിക്കുകയും ചെയ്തതാണ്. മൂന്നാം പാദത്തിന്റെ തുടക്കം നിരാശാജനകമായി എന്നാണു വിലയിരുത്തൽ.
ലേബർ ദിനം പ്രമാണിച്ച് യുഎസ് വിപണികൾക്ക് ഇന്നലെ അവധിയായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.18 ഉം എസ് ആൻഡ് പി 0.17 ഉം നാസ്ഡാക് 0.12 ഉം ശതമാനം ഉയർന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്. ഓസ്ട്രേലിയൻ വിപണി 0.65 ശതമാനം താഴ്ന്നു. ജപ്പാനിൽ നിക്കെെ 0.30 ശതമാനം താണു. കാെറിയൻ സൂചികയും താഴ്ന്നു തുടങ്ങി. ഓസ്ട്രേലിയൻ കേന്ദ്ര ബാങ്ക് പലിശ തീരുമാനം പ്രഖ്യാപിക്കുന്നതു കാത്തിരിക്കുകയാണു വിപണികൾ. ചൈനീസ് സൂചികകളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ച ആവേശത്തോടെ തുടങ്ങി, അവസാനം വരെ ആവേശം നിലനിർത്തി. തിങ്കളാഴ്ച സെൻസെക്സ് 240.98 പോയിന്റ് (0.37%) കുതിച്ച് 65,628.14 ലും നിഫ്റ്റി 93.5 പോയിന്റ് (0.48%) ഉയർന്ന് 19,528.80 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 142.20 പോയിന്റ് (0.32%) കയറി 44,578.30 ൽ അവസാനിച്ചു.
വിശാലവിപണി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.98 ശതമാനം കയറി 39,830.35-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.33 ശതമാനം ഉയർന്ന് 12,550.75ൽ ക്ലോസ് ചെയ്തു.
മെറ്റൽ, ഐടി ഓഹരികൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. ടാറ്റാസ്റ്റീലും നാൽകോയും വേദാന്തയും ഹിൻഡാൽകോയും മൂന്നു മുതൽ അഞ്ചു വരെ ശതമാനം കയറി. വിപ്രോയും എച്ച്സിഎൽ ടെക്കും നാലു ശതമാനത്തില ഉയർന്നു.
വിദേശ ഫണ്ടുകൾ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 3367.67 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2563.48 കോടിയുടെ ഓഹരികൾ വാങ്ങി.
19,500 ന്റെ തടസം മറികടന്ന നിഫ്റ്റിക്ക് ഇന്നു 19,460 ലും 19,390 ലും പിന്തുണ ഉണ്ട്. 19,545 ഉം 19,615 ഉം തടസങ്ങളാകാം.
വെള്ളിയാഴ്ച വലിയ കുതിപ്പ് നടത്തിയ വ്യാവസായിക ലോഹങ്ങൾ ഇന്നലെ കുത്തനേ താണു. അലൂമിനിയം 1.16 ശതമാനം താഴ്ന്ന് ടണ്ണിന് 2212.65 ഡോളറിലായി. ചെമ്പ് 1.12 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8418 ഡോളറിൽ എത്തി. ലെഡ് 2.87 ശതമാനം നഷ്ടത്തിലായി. ടിന്നും സിങ്കും 0.09 ശതമാനം വീതം താണു. നിക്കൽ 0.37 ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ ഇന്നലെ അൽപം കയറി. ബ്രെന്റ് ഇനം ക്രൂഡ് 89 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം മാറ്റമില്ലാതെ 85.55 ഡോളറിൽ അവസാനിച്ചു. 2023 ലെ ഏറ്റവും ഉയർന്ന വിലകളാണിവ. ഇന്നു രാവിലെ ബ്രെന്റ് ഇനം 88.97 ഡോളറിലേക്കു താണു. ഡബ്ള്യുടിഐ ഇനം 85.97 ഡോളറിലേക്ക് ഉയർന്നു. യുഎഇയുടെ മർബൻ ക്രൂഡ് 91.12 ഡോളർ വരെ എത്തി.
സ്വർണ്ണം അൽപം താഴ്ന്ന് 1938 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1936.40 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ ഇന്നലെ പവൻവില 80 രൂപ വർധിച്ച് 44,240 രൂപയിൽ എത്തി.
രൂപ ഇന്നലെ ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ട് നഷ്ടത്തിൽ അവസാനിച്ചു. ഡോളർ മൂന്നു പൈസ കയറി 82.75 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നു രാവിലെ 104.15 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ ഇടിവ് തുടർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 25,700 ഡോളറിനടുത്താണ്.
റെയിൽവേയുടെ ഗതിശക്തി
അടുത്ത ഏഴു വർഷം കൊണ്ട് 5.25 ലക്ഷം കോടി രൂപയുടെ വികസന പദ്ധതി റെയിൽവേ ആവിഷ്കരിച്ച് കാബിനറ്റിനു സമർപ്പിച്ചു. ഇത് അംഗീകരിക്കുന്നതോടെ റെയിൽവേയുമായി ബന്ധപെട്ട കമ്പനികൾക്കു കൂടുതൽ കരാറുകളും വരുമാനവും ലഭിക്കും. പ്രധാനമന്ത്രി ഗതിശക്തി സ്കീമിൽ പെടുത്തിയാണ് ഇതു നടപ്പാക്കുക.
ഈ റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (ഐആർഎഫ്സി) ഓഹരി 20 ശതമാനം കുതിച്ചു. ആർവിഎൻഎൽ 13 ശതമാനവും ഇർകോൺ 10 ശതമാനവും ഉയർന്നു.
നസാറയിൽ നിക്ഷേപിച്ച് സീറോധയുടെ കാമത്തുമാർ
ഓൺലൈൻ ബ്രാേക്കറേജ് സീറോധയുടെ സ്ഥാപകരായ കാമത്ത് സഹോദരന്മാർ (നിതിൻ, നിഖിൽ) ഓൺലൈൻ ഗെയിമിംഗ് കമ്പനിയായ നസാറ ടെക്നോളജീസിൽ 100 കോടി രൂപ നിക്ഷേപിച്ചു. ഇതാടെ നസാറയിൽ അവരുടെ ഓഹരി 3.5 ശതമാനമായി. ഇതൊരു ദീർഘകാല നിക്ഷേപമാണെന്നും കമ്പനിയിൽ ഇനിയും നിക്ഷേപം നടത്തുമെന്നും അവർ പറഞ്ഞു. ഓഹരി ഒന്നിന് 714 രൂപ വച്ചാണ് കാമത്തുമാർ ഓഹരി വാങ്ങിയത്. ഇന്നലെ ഈ വിവരം അറിഞ്ഞ ശേഷം ഓഹരി 12 ശതമാനം കയറി 854 രൂപവരെ എത്തി. 10.2 ശതമാനം നേട്ടത്തിൽ 837 രൂപയിൽ ക്ലോസ് ചെയ്തു. പരേതനായ രാകേഷ് ജുൻജുൻ വാല വലിയ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനിയാണു നസാറ ടെക്നോളജീസ്.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 4, തിങ്കൾ)
സെൻസെക്സ് 30 65,628.14 +0.37%
നിഫ്റ്റി 50 19,528.80 +0.48%
ബാങ്ക് നിഫ്റ്റി 44,578.30 +0.32%
മിഡ് ക്യാപ് 100 39,830.35 +0.98%
സ്മോൾ ക്യാപ് 100 12,550.75 +1.33%
ഡൗ ജോൺസ് 30 34,837.71 0.00
എസ് ആൻഡ് പി 500 4515.77 0.00
നാസ്ഡാക് 14,031.81 0.00
ഡോളർ ($) ₹82.75 +0.03
ഡോളർ സൂചിക 104.24 00.00
സ്വർണം(ഔൺസ്) $1938.00 -$02.60
സ്വർണം(പവൻ) ₹44,240 +₹ 80.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $89.00 +$0.45