അനിശ്ചിതത്വം ആശങ്കയിലേക്കു നീങ്ങുന്നു; വിദേശ വിപണികൾ ചുവപ്പിൽ; ക്രൂഡ് ഓയിൽ 90 ഡോളറിനു മുകളിൽ

ചൈനീസ് തളർച്ചയും യുഎസ് ഫെഡ് പലിശ കൂട്ടുന്നതിലുള്ള ഭയവും വിപണികളെ അനിശ്ചിതത്വത്തിൽ നിർത്തുന്നു. ഇന്നലെ ഏഷ്യക്കു പിന്നാലെ യൂറോപ്പിലും യുഎസിലും ഓഹരികൾ ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ വീണ്ടും താഴ്ചയിലാണ്. ക്രൂഡ് ഓയിൽ വില 90 ഡോളറിനു മുകളിലായി. മൂന്നു ദിവസത്തെ കയറ്റങ്ങൾക്കു ശേഷം ഇന്ത്യൻ വിപണി ഇന്ന് അൽപം പിൻവാങ്ങുമാേ എന്നു നിക്ഷേപകർ ആശങ്കപ്പെടുന്നു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 19,670 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,679 ലേക്കു കയറിയിട്ട് 19,656 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ചയും നഷ്ടത്തിൽ അവസാനിച്ചു. ഓഗസ്റ്റിലെ യൂറോപ്യൻ സംയുക്ത പിഎംഐ താഴ്ന്നു. ഫാക്ടറി ഉൽപാദനവും സേവന മേഖലയും താഴ്ചയിലാണെന്ന് സൂചിക കാണിച്ചു. അതേ സമയം വിലക്കയറ്റ പ്രതീക്ഷ മേലോട്ടാണെന് യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) നടത്തിയ സർവേ കാണിച്ചു. മൊത്തത്തിൽ സാമ്പത്തിക വളർച്ചയ്ക്ക് പ്രതികൂലമാണ് കാര്യങ്ങൾ. 14 നു ചേരുന്ന ഇസിബി കമ്മിറ്റി പലിശ നിരക്ക് 3.75 ൽ നിന്നു നാലു ശതമാനം ആക്കുമെന്നു വിപണി കരുതുന്നു.

യുഎസ് വിപണികൾ ഉയർന്നു തുടങ്ങി താഴ്ചയിൽ അവസാനിച്ചു. നാസ്ഡാക് താഴ്ചയിൽ നിന്നു കുറേ കയറിയാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയിൽ വിലക്കയറ്റവും കടപ്പത്രങ്ങളുടെ വില താണ് അവയില

നിക്ഷേപനേട്ടം വർധിക്കുന്നതും വിപണിയെ താഴോട്ടു നയിച്ചു. ഡോളർ നിരക്ക് കൂടുന്നതും വിപണിക്കു സഹായകമല്ല. ഇന്ധനവില കൂടുന്നതു വിലക്കയറ്റം കൂട്ടുമെന്ന ആശങ്കയും പ്രബലമായി. സാമ്പത്തിക വളർച്ച നിരക്കിൽ മാന്ദ്യം വന്നിട്ടില്ലെന്നും വിലകൾ നിയന്ത്രിക്കാൻ പലിശ ഇനിയും കൂട്ടും എന്നുമാണ് വിപണി ഇപ്പോൾ കരുതുന്നത്.

ഡൗ ജോൺസ് 195.74 പോയിന്റ് (0.56%) താഴ്ന്ന് 34,641.97ലും എസ് ആൻഡ് പി 18.94 പോയിന്റ് (0.42%) ഇടിഞ്ഞ് 4496.83ലും അവസാനിച്ചു. നാസ്ഡാക് 10.86 പോയിന്റ് (0.08%) കുറഞ്ഞ് 14,020.95 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്. ഓസ്ട്രേലിയൻ, കാെറിയൻ വിപണികൾ താഴ്ന്നു.

എന്നാൽ ജപ്പാനിലെ നിക്കെെ ഉയർന്നു. ഓസ്ട്രേലിയൻ കേന്ദ്രബാങ്ക് പലിശനിരക്ക് മാറ്റിയില്ലെങ്കിലും വിപണി ആവേശം കാണിച്ചില്ല. ചൈനീസ് സൂചികകളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ക്രൂഡ് വിലക്കയറ്റം എങ്ങും വിപണികൾക്കു ക്ഷീണമായി. ചൈനയിൽ സേവന മേഖല തീരെ കുറഞ്ഞ വളർച്ച കാണിച്ചതും വിപണികളെ ദുർബലമാക്കി.


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ചൊവ്വാഴ്ച ചെറിയ ഉയർച്ചയോടെ തുടങ്ങി. കൂടുതൽ ഉയർന്ന് ക്ലോസ് ചെയ്തു. സെൻസെക്സ് 152.12 പോയിന്റ് (0.23%) കുതിച്ച് 65,780.26 ലും നിഫ്റ്റി 46.10 പോയിന്റ് (0.24%) ഉയർന്ന് 19,574.90 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 46.15 പോയിന്റ് (0.10%) താഴ്ന്ന് 44,532.15 ൽ അവസാനിച്ചു.

വിശാലവിപണി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് 100 സൂചിക ആദ്യമായി 40,000 കടന്നു. സൂചിക 1.06 ശതമാനം കയറി 40,253.60-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.84 ശതമാനം ഉയർന്ന് 12,656.25ൽ ക്ലോസ് ചെയ്തു.

വിദേശ ഫണ്ടുകൾ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 1725.11 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1077.86 കോടിയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിക്ക് ഇന്നു 19,540 ലും 19,495 ലും പിന്തുണ ഉണ്ട്. 19,600 ഉം 19,690 ഉം തടസങ്ങളാകാം.

ജിയോ ഫൈനാൻഷ്യൽ സർവീസസിനെ നാളെ നിഫ്റ്റി സൂചികകളിൽ നിന്നു നീക്കും. ഇന്നലെ 255.30 രൂപയിലാണു ജിയോ ഫിൻ എൻഎസ്ഇയിൽ ക്ലോസ് ചെയ്തത്.

സേവന മേഖലയിലെ പിഎംഐ ഉയർന്നു നിന്നെങ്കിലും ജൂലൈയിലെ നിരക്കിലും താഴെയായി. വളർച്ചയിലെ കുറവിനെ സൂചിപ്പിക്കുന്നതാണിത്.

അലൂമിനിയം ഒഴികെയുള്ള ലോഹങ്ങൾ ഇന്നലെ കയറ്റത്തിലായിരുന്നു. അലൂമിനിയം 0.84 ശതമാനം താഴ്ന്ന് ടണ്ണിന് 2194.15 ഡോളറിലായി. ചെമ്പ് 0.11 ശതമാനം കയറി ടണ്ണിന് 8427.5 ഡോളറിൽ എത്തി. ലെഡ് 1.55 ശതമാനം, ടിൻ 3.22 ശതമാനം, സിങ്ക് 0.02 ശതമാനം, നിക്കൽ 1.28 ശതമാനം എന്ന തോതിൽ കയറി.

ക്രൂഡ് ഓയിൽ, സ്വർണം

ക്രൂഡ് ഓയിൽ ഇന്നലെ കുതിച്ചു കയറി. ബ്രെന്റ് ഇനം ക്രൂഡ് 90 ഡോളറിനു മുകളിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 87 ഡോളറിനടുത്തായി. 2023 ലെ ഏറ്റവും ഉയർന്ന വിലകളാണിവ. റഷ്യയും സൗദി അറേബ്യയും ഉൽപാദനം കുറച്ചത് ഡിസംബർ അവസാനം വരെ തുടരും എന്നറിയിച്ചതാണു വില വീണ്ടും കൂടാൻ വഴിതെളിച്ചത്.

ഇന്നലെ 90.04 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ഇന്ന് 90.25 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 86.9 ഡോളറിലേക്ക് ഉയർന്നു. യുഎഇയുടെ മർബൻ ക്രൂഡ് 92.14 ഡോളർ വരെ എത്തി.

സ്വർണ്ണം വീണ്ടും താഴ്ന്ന് 1926.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1924.70 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ ഇന്നലെ പവൻവില 120 രൂപ കുറഞ്ഞ് 44,120 രൂപയിൽ എത്തി. ഇന്നു വീണ്ടും വില കുറയാം.

രൂപ ഇന്നലെ ഗണ്യമായ നഷ്ടത്തിൽ അവസാനിച്ചു. ഡോളർ 29 പൈസ കയറി 83.04 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഇന്നലെ 104.81 ൽ എത്തി. ഇന്നു രാവിലെ 104.87 ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 25,800 ഡോളറിനടുത്താണ്.

സിപ്ല പിടിക്കാൻ മത്സരം

സ്വദേശി ഔഷധ നിർമാണ കമ്പനിയായ സിപ്ലയെ ഏറ്റെടുക്കാൻ മത്സരം ഉറപ്പായി. ടൊറന്റ് ഫാർമസ്യൂട്ടിക്കൽസിനും ബ്ലാക്ക് സ്റ്റോൺ പ്രൈവറ്റ് ഇക്വിറ്റിക്കും പുറമേ ബെയിൻ കാപ്പിറ്റൽ-ഡോ. റെഡ്ഡീസ് ലാബ്സ് കൂട്ടുകെട്ടും രംഗത്തു വന്നു. യുഎസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി ആണു ബെയിൻ കാപ്പിറ്റൽ. ഡോ. റെഡ്ഡീസ് പരസ്യമായി താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.

സിപ്ല സ്ഥാപകൻ ഡോ. വൈ.കെ. ഹമീദും കുടുംബവും തങ്ങളുടെ പക്കലുള്ള 33.47 ശതമാനം ഓഹരി കൈമാറാൻ ഉദ്ദേശിക്കുന്നു. സിപ്ലയുടെ വിപണിമൂല്യം 94,000 കോടി രൂപ വരും. ഹമീദ് കുടുംബത്തിന്റെ പക്കലുള്ള ഓഹരികൾക്ക് 31,500 കോടി രൂപയോളം നൽകേണ്ടി വരും. വരുമാന കണക്കിൽ രാജ്യത്തെ മൂന്നാമത്തെ വലിയ ഔഷധ കമ്പനിയാണു സിപ്ല. ഒരു ദശകത്തിലേറെയായി പ്രഫഷണൽ മാനേജ്മെന്റാണു കമ്പനിയെ നയിക്കുന്നത്. ഹമീദ് കുടുംബം ദൈനംദിന ഭരണത്തിൽ ഇടപെടുന്നില്ല. ഈയിടെ ദക്ഷിണാഫ്രിക്കയിലെ ഒടിസി കമ്പനിയായ ആക്ടർ ഫാർമയെ സിപ്ല ഏറ്റെടുത്തിരുന്നു.

വിപണി സൂചനകൾ

(2023 സെപ്റ്റംബർ 5, ചൊവ്വ)

സെൻസെക്സ് 30 65,780.26 +0.23%

നിഫ്റ്റി 50 19,574.90 +0.24%

ബാങ്ക് നിഫ്റ്റി 44,532.15 -0.10%

മിഡ് ക്യാപ് 100 40,253.60 +1.06%

സ്മോൾ ക്യാപ് 100 12,656.25 +0.84%

ഡൗ ജോൺസ് 30 34,641.97 -0.56%

എസ് ആൻഡ് പി 500 4496.83 -0.42%

നാസ്ഡാക് 14,020.95 -0.08

ഡോളർ ($) ₹83.04 +0.29

ഡോളർ സൂചിക 104.81 00.57

സ്വർണം(ഔൺസ്) $1926.60 -$11.40

സ്വർണം(പവൻ) ₹44,120 -₹120.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $90.04 +$1.04

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it