പടിഞ്ഞാറൻ ആവേശം കിഴക്കും ചലനം ഉണ്ടാക്കും; ഏഷ്യൻ വിപണികൾ ഉയരുന്നു; പലിശയെപ്പറ്റി പുതിയ പ്രതീക്ഷകൾ

യു.എസ് തൊഴിൽ വിപണി ദുർബലമായെന്ന കണക്ക് വെള്ളിയാഴ്ച യു.എസ് സൂചികകളെ ഉയർത്തി. അതിൻ്റെ തുടർച്ചയായി ഏഷ്യൻ വിപണികളും ഇന്നു കയറ്റത്തിലാണ്. വെള്ളിയാഴ്ച വലിയ താഴ്ച നേരിട്ട ഇന്ത്യൻ വിപണി ഇന്നു തിരിച്ചു കയറാൻ ശ്രമിക്കും എന്നാണു പ്രതീക്ഷ.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,693ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,680ലാണ്. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്ന് അവസാനിച്ചു. ഭാരം കുറയ്ക്കൽ ഔഷധ വിപണിയിൽ മത്സരം കൂടുന്നതിൻ്റെ പേരിൽ നോവോ നോർഡിസ്ക് ഓഹരി ഇടിഞ്ഞു.

വെള്ളിയാഴ്ച യു.എസ് വിപണി വലിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി, മിതമായ നേട്ടത്തിൽ അവസാനിപ്പിച്ചു. ഏപ്രിലിലെ യു.എസ് തൊഴിൽ വർധന കുറവാകുകയും തൊഴിലില്ലായ്മ നിരക്ക് കൂടുകയും ചെയ്തതു വിപണിയിൽ ബുള്ളുകളെ ഉത്സാഹിപ്പിച്ചു. 2.4 ലക്ഷം കാർഷികേതര തൊഴിലുകൾ പ്രതീക്ഷിച്ച സ്ഥാനത്ത് 1.75 ലക്ഷം മാത്രം. തൊഴിലില്ലായ്മ 3.8 ശതമാനത്തിൽ നിന്നു 3.9 ശതമാനമായി.

സാമ്പത്തിക വളർച്ച ഒന്നാം പാദത്തിൽ കുറഞ്ഞതിനു പിന്നാലെ ഈ കണക്ക് വന്നത് യു.എസ് ഫെഡിനെ നയം മാറ്റത്തിനു പ്രേരിപ്പിക്കും എന്നാണു പ്രതീക്ഷ. വളർച്ചയും തൊഴിലും കുറയുകയും തൊഴിലില്ലായ്മ കൂടുകയും ചെയ്യുമ്പോൾ പലിശനിരക്ക് കുറച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കണം. 2024ൽ പലിശ കുറയ്ക്കില്ല എന്ന സമീപനം മാറ്റാൻ ഫെഡ് നിർബന്ധിതം ആകും എന്ന് വിപണി വ്യാഖ്യാനിച്ചു. ഇതോടെ ഓഹരികൾ കയറി. ഇന്നു രാവിലെ യു.എസ് ഫ്യൂച്ചേഴ്സും ഉയർന്നു.

ഡൗ ജോൺസ് 450.02 പോയിൻ്റ് (1.18%) കുതിച്ച് 38,675.70ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 63.59 പോയിൻ്റ് (1.26%) ഉയർന്ന് 5127.79ൽ അവസാനിച്ചു. നാസ്ഡാക് 315. 37 പോയിൻ്റ് (1.99%) കുതിച്ച് 16,156.30ൽ ക്ലോസ് ചെയ്തു. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.05 ഉം ശതമാനം ഉയർന്നാണു നിൽക്കുന്നത്.

പത്തു വർഷ യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.498 ശതമാനം ആയി താഴ്ന്നു. പലിശ ഈ വർഷാവസാനം കുറയ്ക്കും എന്ന ധാരണ പരന്നതാണു കാരണം.

ഏഷ്യൻ വിപണികൾ ഇന്നു ചെറിയ നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ അൽപം താഴ്ന്നു. ദക്ഷിണ കൊറിയയിൽ കോസ്‌പി 0.40 ശതമാനം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. ചൈനീസ് വിപണിയും കയറ്റത്തിലായി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച ഉയർന്നു വ്യാപാരം തുടങ്ങി. നിഫ്റ്റി ഉയർന്ന റെക്കോർഡ് തിരുത്തുകയും ചെയ്തു. പിന്നീടു വിൽപന സമ്മർദത്തിൽ വിപണി കുത്തനേ ഇടിഞ്ഞ് ഒരു ശതമാനത്തോളം താഴ്ചയിൽ അവസാനിച്ചു. നിഫ്റ്റി ഇൻട്രാ ഡേയിൽ 22,794.70 എന്ന പുതിയ ഉയരം കുറിച്ചു. ഉയർന്ന വിലയിൽ ലാഭമെടുക്കുന്നതാണു വിപണിയിലെ ചാഞ്ചാട്ടത്തിനു കാരണം. റിയൽറ്റി, ബാങ്ക്, ഐ.ടി, ഓയിൽ ആൻഡ് ഗ്യാസ് മേഖലകളാണു കൂടുതൽ ഇടിഞ്ഞത്.

വെള്ളിയാഴ്ച സെൻസെക്സ് 732.96 പോയിൻ്റ് (0.98%) തകർന്ന് 73,878.15ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 172.35 പോയിൻ്റ് (0.76%) താഴ്ന്ന് 22,475.85ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 307.50 പോയിൻ്റ് (0.62%) നഷ്ടത്തിൽ 48,923.55ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 0.35 ശതമാനം താഴ്ന്ന് 50,935.15ലും സ്മോൾ ക്യാപ് സൂചിക 0.49 ശതമാനം കുറഞ്ഞ് 16,936.50ലും അവസാനിച്ചു. വിദേശ നിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 2391.98 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 690.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിപണി വീണ്ടും ബുള്ളിഷ് മനോഭാവത്തിലേക്കു വരും എന്നു ബുള്ളുകൾ കരുതുന്നു. യു.എസ് തൊഴിൽ കണക്ക് പലിശ കുറയ്ക്കലിനു വഴിതെളിക്കും എന്ന വ്യാഖ്യാനം വിപണി സ്വീകരിച്ച സാഹചര്യത്തിലാണിത്. എങ്കിലും വിൽപന സമ്മർദം വിപണിയെ വീണ്ടും താഴ്ചയിലാക്കുമോ എന്ന ഭയവും ഉണ്ട്. നിഫ്റ്റിക്ക് 22,370ലും 22,100ലും പിന്തുണ ഉണ്ട്. 22,520ഉം 22,815ഉം തടസങ്ങളാകാം.

സ്വർണം ചാഞ്ചാട്ടത്തിൽ

വെള്ളിയാഴ്ച ചാഞ്ചാടിയ സ്വർണം നേരിയ താഴ്ചയോടെ ഔൺസിന് 2,302.20 ഡോളറിൽ ക്ലാേസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ സ്വർണം 2,292 ഡോളറിലേക്കു താഴ്ന്നിട്ടു കയറി 2,308 ൽ എത്തി.

സ്വർണം 2,300 നു താഴെ പോയാൽ 2,230 ഡോളർ വരെ താഴും എന്നു ചാർട്ടുകൾ വിശകലനം ചെയ്യുന്നവർ പറയുന്നു. 2,380 ഡോളറിൽ തടസവും പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽ സ്വർണം പവന് വെള്ളിയാഴ്ച 400 രൂപ കുറഞ്ഞ് 52,600 രൂപയായി. ശനിയാഴ്ച വില 52,680 രൂപയിലേക്കു കയറി. ഇന്നു വില കൂടിയേക്കും.

രൂപ വെള്ളിയാഴ്ച കരുത്തുനേടി. ഡോളർ എഴു പൈസ നഷ്ടത്തിൽ 83.40 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക വെള്ളിയാഴ്ച താഴ്ന്നു. 105.03 ലാണു ക്ലോസിംഗ്. ക്രിപ്റ്റോ കറൻസികൾ തിരിച്ചുകയറുകയാണ്. ബിറ്റ്കോയിൻ ആറു ശതമാനം ഉയർന്ന് 64,250 ഡോളറിൽ എത്തി. ഈഥർ അഞ്ചു ശതമാനം ഉയർന്ന് 3,150 ഡോളറിലായി.

ക്രൂഡ് ഓയിൽ കയറി

ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. വെള്ളിയാഴ്ച ബ്രെൻ്റ് ക്രൂഡ് 82.97 ഡോളറിൽ ക്ലാേസ് ചെയ്തു. പക്ഷേ ഇന്നു രാവിലെ വില കയറി. സൗദി അറേബ്യ കരാർ വിലകൾ ഉയർത്തിയതോടെ വിപണിഗതി മാറി. ബ്രെൻ്റ് 83.30 ഡോളർ ആയി .ഡബ്ള്യു.ടി.ഐ ഇനം 78.44ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 83.40 ലുമാണ്.

വ്യാവസായിക ലോഹങ്ങൾ ചാഞ്ചാട്ടം തുടരുകയാണ്. ചെമ്പ് 0.98 ശതമാനം കയറി ടണ്ണിന് 9737 ഡോളർ ആയി. അലൂമിനിയം 0.07 ശതമാനം കുറഞ്ഞ് 2535.65 ഡോളറിൽ എത്തി. നിക്കൽ, സിങ്ക് ടിൻ, ലെഡ് എന്നിവ ഒന്നു മുതൽ മൂന്നുവരെ ശതമാനം ഉയർന്നു.

വിപണിസൂചനകൾ (2024 മേയ് 03, വെള്ളി)

സെൻസെക്സ്30 73,878.15 -0.98%

നിഫ്റ്റി50 22,475.85 -0.76%

ബാങ്ക് നിഫ്റ്റി 48,923.55 -0.62%

മിഡ് ക്യാപ് 100 50,935.15 -0.35%

സ്മോൾ ക്യാപ് 100 16,936.50 -0.49%

ഡൗ ജോൺസ് 30 38,675.70 +1.18%

എസ് ആൻഡ് പി 500 5127.79 +1.26%

നാസ്ഡാക് 16,156.30 +1.99%

ഡോളർ($) ₹83.40 - ₹0.07

ഡോളർ സൂചിക 105.03 -0.27

സ്വർണം (ഔൺസ്) $2302.20 -$02.30

സ്വർണം (പവൻ) ₹52,680 +₹80

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $82.97 -$0.51

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it