ജി.ഡി.പിയും പലിശയും ആവേശം പകരുന്നു; ദീപാവലിക്ക് മുന്‍പേ വെടിക്കെട്ടാഗ്രഹിച്ച് ബുള്ളുകള്‍; ഏഷ്യന്‍ വിപണി വലിയ കുതിപ്പില്‍; ക്രൂഡ് ഓയില്‍ താഴ്ന്നു

പലിശവർധനയ്ക്ക് അവസാനമായെന്നും ആറേഴു മാസത്തിനകം പലിശ കുറച്ചു തുടങ്ങും എന്നും വിപണികൾ പ്രതീക്ഷിക്കുന്നു. അതു വലിയ കയറ്റത്തിലേക്ക് ഏഷ്യൻ വിപണികളെ ഇന്നു രാവിലെ നയിച്ചു. യുഎസ് ഫെഡ് ചെയർമാന്റെ വിശദീകരണവും യുഎസ് തൊഴിൽ വളർച്ച കുറഞ്ഞതും ആണ് ഈ പ്രതീക്ഷയിലേക്ക് വിപണിയെ എത്തിച്ചത്.

വിപണി അനവസരത്തിൽ അത്യുത്സാഹം കാണിക്കുകയാണോ എന്നു സംശയിക്കുന്നവരും ഉണ്ട്. എന്തായാലും യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കഴിഞ്ഞയാഴ്ച കുത്തനേ ഇടിഞ്ഞ് ഇന്നു രാവിലെ 4.585 ശതമാനമായി. ഇതു പലിശ നിരക്കുകൾ വേഗം താഴും എന്ന സൂചന നൽകുന്നതായാണു വ്യാഖ്യാനം. പലിശ നിരക്ക് കുറയുന്നത് കടപ്പത്രങ്ങളിലേക്കു നിക്ഷേപങ്ങൾ പോകുന്നതിൽ കുറവു വരുത്തും. ഓഹരികളിലേക്കു കൂടുതൽ പണം വരും. അതാണ് ഓഹരികളെ കയറ്റുന്നത്.
കമ്പനി റിസൽട്ടുകളാണ് ഈയാഴ്ച ഇന്ത്യൻ വിപണിയെ നയിക്കുക. ജൂലൈ - സെപ്റ്റംബറിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച പ്രതീക്ഷകൾ മറികടന്ന് ഏഴു ശതമാനമാകും എന്ന സൂചനയും വിപണിക്കു കരുത്തു പകരും. ഞായറാഴ്ച മുഹൂർത്ത വ്യാപാരത്തിലേക്കു വെടിക്കെട്ടുമായി എത്താനാണു വിപണി ആഗ്രഹിക്കുന്നത്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,427ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,469 വരെ കയറിയിട്ട് അൽപം താണു. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ചെറിയ നേട്ടത്തിലാണ് അവസാനിച്ചത്. സ്റ്റാേക്സ് 600 ഉം ഡാക്സും സൂചികകൾ അൽപം കയറി. ഫ്രഞ്ച്, ബിട്ടീഷ് സൂചികകൾ താണു. ലാഭം കുറയുമെന്നു പറയുകയും 10,000 പേരെ പിരിച്ചു വിടുകയും ചെയ്ത ഷിപ്പിംഗ് കമ്പനി മെർസ്ക് 17 ശതമാനം ഇടിഞ്ഞു. ഇന്ത്യയിലെ സീമെൻസ് യൂണിറ്റിലെ കുറേ ഓഹരി വിറ്റ് ബാധ്യത കുറയ്ക്കാൻ ആലോചിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് സീമെൻസ് എനർജി ഓഹരി ഒൻപതു ശതമാനം താഴ്ന്നു. സീമെൻസിന്റെ മാതൃ കമ്പനിക്കാണ് ഓഹരി വിൽക്കുക.
ഫെഡ് തീരുമാനത്തിന്റെ ആവേശത്തിൽ യു.എസ് ഓഹരികൾ 2023 ലെ ഏറ്റവും മികച്ച ആഴ്ചയാണ് വെള്ളിയാഴ്ച അവസാനിപ്പിച്ചത്. ഡൗ 5.07 ഉം എസ് ആൻഡ് പി 5.85 ഉം നാസ്‌ഡാക് 6.61 ഉം ശതമാനം നേട്ടമാണ് ആഴ്ചയിൽ ഉണ്ടാക്കിയത്.
ഒക്ടോബറിലെ യു.എസ് തൊഴിൽ വർധന കുറഞ്ഞതു വിപണിയെ സഹായിച്ചു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ തൊഴിൽ കണക്കു കുറച്ചതും ഒക്ടോബറിൽ കുറവായതും പലിശവർധന ഫലം ചെയ്യുന്നതായി കാണിച്ചു. നാലാം പാദത്തിൽ വളർച്ച കുറയുമെന്നും സൂചനയുണ്ട്. ഇതെല്ലാം പലിശ ഇനി കൂട്ടുകയില്ലെന്നു മാത്രമല്ല പലിശ കുറയ്ക്കൽ 2024 ആദ്യ പകുതിയിൽ തുടങ്ങും എന്ന പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്തു.
യു.എസ് കടപ്പത്ര വിലകൾ ഉയരുകയും അവയിലെ നിക്ഷേപ നേട്ടം 4.589 ശതമാനമായി കുറയുകയും ചെയ്തു. മോർട്ഗേജ് നിരക്ക് താഴുന്നതായ സൂചന ഉണ്ട്.
ഡൗ ജോൺസ് 222.24 പോയിന്റ് (0.66%) കുതിച്ച് 34,061.32 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 40.56 പോയിന്റ് (0.94%) ഉയർന്ന് 4358.34 ൽ അവസാനിച്ചു. നാസ്ഡാക് 184.09 പോയിന്റ് (1.38%) കയറി 13,478.28 ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.01 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നും വലിയ ആവേശത്തിലാണ്. ജപ്പാനിൽ നിക്കെെ 2.2 ശതമാനം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു 2.5 ശതമാനമായി നേട്ടം. കൊറിയൻ വിപണി 3.03 ശതമാനം കുതിച്ചു. ചൈനീസ് സൂചികകളും കയറ്റത്തിലാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി. ചെറിയ കയറ്റിറക്കങ്ങൾക്കു ശേഷം 0.44 ശതമാനം നേട്ടത്തോടെ അവസാനിച്ചു. എല്ലാ വ്യവസായ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. ഉയരത്തിൽ വിറ്റു ലാഭമെടുക്കുന്ന പ്രവണതയാണു വിപണിയുടെ കയറ്റം കുറയാൻ കാരണം.
സെൻസെക്സ് 282.88 പോയിന്റ് (0.44%) കുതിച്ച് 64,363.78 ൽ അവസാനിച്ചു. നിഫ്റ്റി 97.35 പോയിന്റ് (0.51%) കയറി 19,230.6 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 301.05 പോയിന്റ് (0.70%) ഉയർന്ന് 43,318.25ൽ വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് സൂചിക 0.70 ശതമാനം ഉയർന്ന് 39,587.40 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1. 21 ശതമാനം കുതിച്ച് 12,965.05-ൽ അവസാനിച്ചു.
കഴിഞ്ഞയാഴ്ച സെൻസെക്സ് 0.91 ഉം നിഫ്റ്റി 0.96 ഉം ശതമാനം ഉയർന്നു. വിപണി ബുള്ളിഷ് ആയാണ് അവസാനിച്ചതെങ്കിലും തുടർ മുന്നേറ്റം അനായാസമല്ല. 19,300 മറികടന്നാലേ 19,500 -19,600 മേഖലയിലേക്കു ലക്ഷ്യം വയ്ക്കാനാകൂ. എങ്കിലും മുഹൂർത്ത വ്യാപാരത്തിനു മുൻപ് മികച്ചൊരു കുതിപ്പ് നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്നു നിഫ്റ്റിക്ക് 19,215 ലും 19,175 ലുമാണു പിന്തുണ.19,265 ലും 19,305 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, മീഡിയ, ബാങ്ക്, വാഹന, ഓയിൽ, ഐടി മേഖലകൾ കൂടുതൽ നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ വിൽപന തുടർന്നു. വെളളിയാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 12.43 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 402.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി. നവംബറിലെ ആദ്യ മൂന്നു ദിവസം കൊണ്ടു വിദേശികൾ 3064.5 കോടി രൂപ ക്യാഷ് വിപണിയിൽ നിന്നു പിൻവലിച്ചു.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. അലൂമിനിയം 1.03 ശതമാനം കയറി ടണ്ണിന് 2254.25 ഡോളറിലായി. ചെമ്പ് 0.06 ശതമാനം ഉയർന്ന് ടണ്ണിന് 8070.25 ഡോളറിലെത്തി. ലെഡ് 3.08 ഉം നിക്കൽ 0.14 ഉം ടിൻ 1.48 ഉം സിങ്ക് 1.12 ഉം ശതമാനം കയറി.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില ഇറങ്ങിക്കയറി. വെള്ളിയാഴ്ച 84.89 ഡോളർ വരെ താഴ്ന്നു ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ ഇന്നു രാവിലെ 85.36 ലേക്കു കയറി. പശ്ചിമേഷ്യൻ പ്രശ്നങ്ങൾ ആണു വിലയെ നിയന്ത്രിക്കുന്നത്. ഡബ്ള്യുടിഐ ഇനം ക്രൂഡ് 81.14 ഡോളറിലേക്കു കയറി. യുഎഇയുടെ മർബൻ ക്രൂഡ് 86.00 ഡോളറിൽ വ്യാപാരം നടക്കുന്നു.
സ്വർണം വെള്ളിയാഴ്ചത്തെ ചാഞ്ചാട്ടത്തിനു ശേഷം ഇന്നു താഴ്ചയിലാണ്. യുഎസ് തൊഴിൽ കണക്കും ഫെഡ് നിലപാടും അന്നു സ്വർണത്തെ 2000 ഡോളറിനു മുകളിൽ എത്തിച്ചെങ്കിലും അവിടെ നിൽക്കാനായില്ല. 1993.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1992.50 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ പവൻവില ശനിയാഴ്ച 80 രൂപ കറഞ്ഞ് 45,200 രൂപയിലെത്തി.
ഡോളർ വ്യാഴാഴ്ച നാലു പൈസ കയറി 83.28 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക വെള്ളിയാഴ്ച 1.07 പോയിന്റ് ഇടിഞ്ഞ് 105.07 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.10 ൽ എത്തി.
ക്രിപ്‌റ്റോ കറൻസികൾ വീണ്ടും കയറ്റത്തിലായി. ബിറ്റ്കോയിൻ 35,100 നു മുകളിൽ കയറി.
അദാനി വിൽമറിൽ നിന്ന് അദാനി വിറ്റൊഴിയുന്നു
അദാനി ഗ്രൂപ്പ് അദാനി - വിൽമർ സഖ്യത്തിൽ നിന്നു പിന്മാറാൻ ചർച്ച നടത്തുന്നു. ഫൊർച്യൂൺ ഭക്ഷ്യ എണ്ണ ബ്രാൻഡും മറ്റും ഉള്ള കമ്പനിക്കു കഴിഞ്ഞ വർഷം 55,262 കോടി രൂപ വിറ്റുവരവിൽ 607 കോടി അറ്റാദായം ഉണ്ടായിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിൽ കൂടുതൽ ഊന്നുന്ന സാഹചര്യത്തിൽ കൺസ്യൂമർ ഉൽപന്ന ബിസിനസിൽ നിന്നു പിന്മാറാൻ അദാനി ഉദ്ദേശിക്കുന്നു എന്നാണു സൂചന.
അദാനി വിൽമറിലെ 43.97 ശതമാനം ഓഹരി വിറ്റാൽ 250 കോടിയിലധികം ഡോളർ കിട്ടുമെന്നാണു പ്രതീക്ഷ. രാജ്യാന്തര കൺസ്യൂമർ ഗുഡ്സ് കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ച നടത്തി വരികയാണ്. ഗ്രൂപ്പിനു കടബാധ്യത കുറയ്ക്കാൻ ഈ വിൽപന സഹായിക്കും.
വിപണി സൂചനകൾ
(2023 നവംബർ 03, വെള്ളി,2023)
സെൻസെക്സ്30 64,363.78 +0.44%
നിഫ്റ്റി50 19,230.60 +0.51%
ബാങ്ക് നിഫ്റ്റി 43,318.25 +0.76%
മിഡ് ക്യാപ് 100 39,587.40 +0.70%
സ്മോൾ ക്യാപ് 100 12,965.05 +1.21%
ഡൗ ജോൺസ് 30 34,061.32 +0.66%
എസ് ആൻഡ് പി 500 4358.34 +0.94%
നാസ്ഡാക് 13,478.28 +1.38%
ഡോളർ ($) ₹83.28 +₹0.04
ഡോളർ സൂചിക 105.07 -1.06
സ്വർണം (ഔൺസ്) $1993.20 +$07.10
സ്വർണം (പവൻ) ₹45,200 ₹00.00
ക്രൂഡ് ബ്രെന്റ് ഓയിൽ $84.89 -$1.96


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it