ബുള്ളുകള്‍ ആവേശത്തില്‍; പലിശക്കാര്യത്തില്‍ പവലിന്റെ നിലപാടില്‍ ആശ്വാസം; എന്‍.ബി.എഫ്.സികളെ സംശയിച്ചു നിക്ഷേപകര്‍; സ്വര്‍ണം കയറ്റം തുടരുന്നു

പലിശ കുറയ്ക്കുന്ന കാര്യത്തില്‍ സമയപരിധി വയ്ക്കാതെ അനുകൂല സമീപനം യു.എസ് ഫെഡ് മേധാവി പ്രകടിപ്പിച്ചത് വിപണികളെ ഉയര്‍ത്തി. യു.എസ് വിപണിയുടെ തിരിച്ചുകയറ്റത്തിനു ശേഷം ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും കയറ്റത്തിലാണ്. അതിന്റെ തുടര്‍ച്ചയായി നേട്ടം പ്രതീക്ഷിച്ചാണ് ഇന്നു രാവിലെ ഇന്ത്യന്‍ വിപണി ആഴ്ചയിലെ അവസാന വ്യാപാര ദിവസം തുടങ്ങുന്നത്. ഇന്നലെ പുതിയ ഉയരങ്ങളിലെത്തിയതിന്റെ ആവേശത്തിലാണ് ബുള്ളുകള്‍. നാളെ ഇന്ത്യന്‍ വിപണിക്ക് അവധിയാണ്.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ ബുധനാഴ്ച രാത്രി ഗിഫ്റ്റ് നിഫ്റ്റി 22,655ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,670 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ഉയര്‍ന്നു ക്ലോസ് ചെയ്തു. ഇന്നലെ ബ്രിട്ടനില്‍ അവതരിപ്പിച്ച ബജറ്റില്‍ നാടകീയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ബ്രിട്ടീഷ് പൗണ്ട് അല്‍പം ഉയര്‍ന്നു. ഇന്നു യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശക്കാര്യത്തില്‍ എന്തു പറയും എന്നതിലാണു വിപണിയുടെ ശ്രദ്ധ.

യു.എസ് വിപണി ഇന്നലെ തിരിച്ചു കയറി. ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ യു.എസ് ജനപ്രതിനിധിസഭയുടെ ധനകാര്യ കമ്മിറ്റിയില്‍ നടത്തിയ പ്രസ്താവന നയം മാറ്റം ഒന്നും സൂചിപ്പിച്ചില്ല.

അദ്ദേഹം പറഞ്ഞത് ഇതാണ്. 'വിലക്കയറ്റം കുറയുന്നുണ്ട്. എങ്കിലും പരിധിയില്‍ ആയി എന്നു പറയാറായിട്ടില്ല. ഇപ്പാേഴത്തെ പലിശ നിരക്ക് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഈ വര്‍ഷം പലിശ കുറച്ചു തുടങ്ങേണ്ടതാണ്. എങ്കിലും എപ്പോള്‍ എന്നു പറയാനാവുന്നില്ല.'

സമയം പറഞ്ഞില്ലെങ്കിലും ഇക്കൊല്ലം പലിശനിരക്ക് കുറയ്ക്കും എന്ന പ്രസ്താവന വിപണിക്ക് സന്തോഷം പകര്‍ന്നു. ഓഹരി സൂചികകള്‍ കയറി. കടപ്പത്രവില കൂടി. അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു. സ്വര്‍ണം കയറി. ഡോളര്‍ താണു.

ഡൗ ജോണ്‍സ് സൂചിക 75.86 പോയിന്റ് (0.20%) കയറി 38,661.05ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 26.11 പോയിന്റ് (0.51%) ഉയര്‍ന്ന് 5104.76ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 91.96 പോയിന്റ് (0.58%) കയറി 16,031.54ല്‍ എത്തി. യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ് . ഡൗ 0.16ഉം എസ് ആന്‍ഡ് പി 0.23ഉം നാസ്ഡാക് 0.36ഉം ശതമാനം താഴ്ന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.102 ശതമാനമായി താഴ്ന്നു.

ചൈനയിലടക്കം ഏഷ്യയില്‍ എങ്ങും വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ബാങ്കുകളുടെ റിസര്‍വ് നിരക്ക് കുറയ്ക്കാന്‍ പഴുതുണ്ട് എന്നു ചൈനീസ് കേന്ദ്ര ബാങ്ക് മേധാവി ഇന്നലെ പറഞ്ഞത് ചൈനീസ് വിപണിക്ക് ഉത്സാഹം പകരുന്നു.

ഇന്ത്യന്‍ വിപണി

ബുധനാഴ്ച ഇന്ത്യന്‍ വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് ഉച്ചയ്ക്കു ശേഷം ശക്തമായി തിരിച്ചു കയറി. റെക്കോഡ് കുറിച്ചാണു മുഖ്യ സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് ആദ്യമായി 74,000നു മുകളില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 22,500നു തൊട്ടടുത്ത് എത്തിയിട്ട് അല്‍പം താഴ്ന്നു ക്ലോസ് ചെയ്തു. ദിവസത്തിലെ താഴ്ന്ന നിലയില്‍ നിന്ന് 900 പോയിന്റാണു സെന്‍സെക്‌സ് തിരിച്ചു പിടിച്ചത്.

യൂറോപ്യന്‍ വിപണികള്‍ ഉയര്‍ന്നതും യു.എസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലായതും ആണു വിപണിയെ തിരുത്തല്‍ വാദത്തില്‍ നിന്നു മാറ്റിയത്. വിപണി വീണ്ടും ബുള്ളിഷ് ആയി.

ബാങ്ക്, ഐ.ടി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ തിരിച്ചു വരവിനു മുന്നില്‍ നിന്നു. റിയല്‍റ്റിയും ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയും ദുര്‍ബലമായി തുടരുന്നു.

ബാങ്കിതര ധനകാര്യ കമ്പനികളില്‍ നിന്നു നിക്ഷേപകര്‍ വിട്ടുമാറുന്ന പ്രവണത ദൃശ്യമാണ്. ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ്, ജെ.എം ഫിനാന്‍ഷ്യല്‍, ഇന്ത്യാ ബുള്‍സ് റിയല്‍റ്റി തുടങ്ങിയവയുടെ പ്രശ്‌നങ്ങളാണ് ഇതിലേക്കു നയിച്ചത്. ധനകാര്യ മേഖലയിലെ വമ്പന്‍ കമ്പനികളെ വരെ നിക്ഷേപകര്‍ സംശയിക്കുന്ന അവസ്ഥയായി. കുഴപ്പങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്നതിനു മുന്‍പു റിസര്‍വ് ബാങ്ക് ഇടപ്പെടുന്നു എന്ന വിലയിരുത്തലാണു വിപണിയിലുള്ളത്.

ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന്റെ പ്രതിദിന സര്‍ക്കീട്ട് പരിധി 20 ശതമാനത്തില്‍ നിന്നു 10 ശതമാനമായി കുറച്ചിട്ടുണ്ട്. രണ്ടു ദിവസം തുടര്‍ച്ചയായി ഓഹരി 20 ശതമാനം വീതം ഇടിഞ്ഞിരുന്നു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളുടെ ഇടിവ് തുടരുകയാണ്. സ്‌മോള്‍ ക്യാപ് സൂചിക ഇന്നലെ രണ്ടു ശതമാനത്തോളം ഇടിഞ്ഞു.

സെന്‍സെക്‌സ് 408.86 പോയിന്റ് (0.55%) കുതിച്ച് 74,085.99ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 49.30 പോയിന്റ് (0.22%) കുറഞ്ഞ് 22,356.30ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 124.90 പോയിന്റ് (0.26%) ഉയര്‍ന്ന് 47,581.00ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.52 ശതമാനം താണ് 48,857.30ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.96 ശതമാനം ഇടിഞ്ഞ് 15,576.55ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ബുധനാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 2766.75 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2149.88 കോടി രൂപയുടെ ഓഹരികളും വാങ്ങി. നിഫ്റ്റിക്ക് ഇന്ന് 22,300ലും 22,125ലും പിന്തുണ ഉണ്ട്. 22,500ലും 22,670ലും തടസങ്ങള്‍ ഉണ്ടാകാം.

ഉയര്‍ന്നുയര്‍ന്നു സ്വര്‍ണം

സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ കയറ്റം തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 2,153 ഡോളര്‍ വരെ എത്തിയ സ്വര്‍ണം 2,148.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,147 ഡോളറിലാണ്.

യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ഇന്നലെ ജനപ്രതിനിധി സഭയുടെ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ ഈ വര്‍ഷം പലിശ കുറയ്ക്കാനുള്ള സന്നദ്ധത കാണുന്നുണ്ടെന്നാണു സ്വര്‍ണവിപണിയുടെ വ്യാഖ്യാനം. അതു കൊണ്ടാണു മൊഴിക്കു ശേഷവും സ്വര്‍ണം കയറിയത്.

കേരളത്തില്‍ ബുധനാഴ്ചയും സ്വര്‍ണവില ഉയര്‍ന്നു. 200 രൂപ കയറി 47,760 രൂപ എന്ന റെക്കോഡ് കുറിച്ചു. ഈ മാസം ഇതുവരെ പവന് 1,440 രൂപ കൂടി. ഇന്നും വില ഗണ്യമായി ഉയരുമെന്നാണു സൂചന.

ഡോളര്‍ സൂചിക ബുധനാഴ്ച 103.37 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.28 ലാണ്. രൂപ ബുധനാഴ്ച കരുത്തുകാണിച്ചു. ഡോളര്‍ ഏഴു പൈസ താഴ്ന്ന് 82.82 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ കയറി

ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് 83.10 ഡോളറില്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം 79.25 ഡോളറിലേക്കും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 83.13 ഡോളറിലേക്കും കയറി.

ബിറ്റ്‌കോയിന്‍ ചാഞ്ചാടുന്നു

ക്രിപ്‌റ്റോകറന്‍സികള്‍ ഇന്നലെയും കയറിയിറങ്ങി. ബിറ്റ്‌കോയിന്‍ 67,000 ഡോളറിനു മുകളില്‍ വീണ്ടും എത്തിയിട്ടു താഴ്ന്ന് ഇന്നു രാവിലെ 66,000 ലാണ്. ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദത്തിലാണു വില താഴുന്നത്. ഈഥര്‍, എക്‌സ്.ആര്‍.പി, ലൈറ്റ് കോയിന്‍, സൊലാനോ, ഡോജ്, പെപെ, ബോങ്ക് തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികള്‍ പലതും ഇന്നലെ രണ്ടക്ക നേട്ടം കാണിച്ചു. ചൈനയില്‍ ക്രിപ്‌റ്റോകള്‍ക്കു വലിയ പ്രിയം വന്നതായി വിപണിവൃത്തങ്ങള്‍ പറയുന്നു.

വിപണിസൂചനകള്‍ (2024 മാര്‍ച്ച് 07, ബുധന്‍)

സെന്‍സെക്‌സ്30 74,085.99 +0.55%

നിഫ്റ്റി50 22,474.05 +0.53%

ബാങ്ക് നിഫ്റ്റി 47,965.40 +0.81%

മിഡ് ക്യാപ് 100 48,857.30 -0.52%

സ്‌മോള്‍ ക്യാപ് 100 15,576.55 -1.96%

ഡൗ ജോണ്‍സ് 30 38,661.10 +0.20%

എസ് ആന്‍ഡ് പി 500 5104.76 +0.51%

നാസ്ഡാക് 16,031.50 +0.58%

ഡോളര്‍ ($) 82.82 -0.07

ഡോളര്‍ സൂചിക 103.37 -0.43

സ്വര്‍ണം (ഔണ്‍സ്) $2148.50 +$21.00

സ്വര്‍ണം (പവന്‍) 47,760 200.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.91 +$0.83

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it