വിപണിയിൽ അനിശ്ചിതത്വം വീണ്ടും
വിപണികളിൽ വീണ്ടും അനിശ്ചിതത്വം പിടിമുറുക്കുന്നു. യുഎസിലെ ചില്ലറ വിലക്കയറ്റം കഴിഞ്ഞ മാസം വർധിച്ചു എന്ന നിഗമനത്തെ തുടർന്ന് യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലായത് ഏഷ്യൻ വിപണികളെ താഴ്ത്തി. ഇന്ത്യൻ വിപണിയിലും ഇതിന്റെ കാറ്റ് വീശാം. ഡോളർ സൂചിക ഉയരുന്നതു രൂപയ്ക്കു ക്ഷീണമാകും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,681.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,632 -ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ദൗർബല്യത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ചെെനയിലെയും യുഎസിലെയും ചില്ലറ വിലക്കയറ്റ കണക്കുകളിലാണു വിപണിയുടെ ശ്രദ്ധ. ചൈനയിൽ ചില്ലറവില അര ശതമാനം ഇടിവു കാണിക്കുമെന്നാണു സൂചന. യൂറോപ്പിലെ വിലക്കയറ്റം കുറയാൻ അതു സഹായിക്കുമെന്നു പ്രതീക്ഷയുണ്ട്. ചൈനീസ് ഉൽപന്നങ്ങളുടെ വലിയ വിപണിയാണ് യൂറോപ്പ്.
തിങ്കളാഴ്ച യുഎസ് വിപണികൾ നല്ല നേട്ടം ഉണ്ടാക്കി. എസ് ആൻഡ് പി നാലു ദിവസത്തെ നഷ്ടങ്ങൾക്കു ശേഷം ഉയർന്നു ക്ലോസ് ചെയ്തു. ഡൗ ജോൺസ് 407.51 പോയിന്റ് (1.16%) കുതിച്ച് 35,473.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 40.41 പോയിന്റ് (0.90%) കയറി 4518.44 ൽ എത്തി. നാസ്ഡാക് 85.16 പോയിന്റ് (0.61%) ഉയർന്ന് 13,994.04ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.18 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.26 ഉം നാസ്ഡാക് 0.40 ഉം ശതമാനം താഴ്ചയിലാണ്.
യുഎസിലെ ചില്ലറ വിലക്കയറ്റം ജൂലൈയിൽ 3.8 ശതമാനത്തിലേക്ക് ഉയർന്നതായാണു നിഗമനം. വ്യാഴാഴ്ചയാണ് അതിന്റെ കണക്ക് വരിക അതിനു മുൻപു തന്നെ കടപ്പത്ര വിലകൾ താഴുകയും നിക്ഷേപ നേട്ടം (yield) കൂടുകയും ചെയ്തു.
ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു താണു. ജപ്പാനിൽ നിക്കെെ സൂചിക 0.7 ശതമാനം ഉയർന്നിട്ട് 0.33 ശതമാനം നേട്ടത്തിലേക്കു വീണു. ജപ്പാനിൽ ഗാർഹിക ചെലവുകൾ തുടർച്ചയായ നാലാം മാസവും ഇടിഞ്ഞു. ജൂണിൽ 4.2 ശതമാനമാണ് ഇടിവ്. മേയിൽ നാലു ശതമാനമായിരുന്നു കുറവ്.
കൊറിയൻ വിപണി 0.70 ശതമാനം കയറിയിട്ട് 0.4 ശതമാനം താഴ്ചയിലായി. ഓസ്ട്രേലിയൻ വിപണി അര ശതമാനം ഉയർന്നിട്ട് നേരിയ നേട്ടത്തിലേക്കു മാറി.. ചെെനീസ് വിപണി 0.5 ശതമാനം താഴ്ചയിലാണ്. ഹോങ് കോങ് വിപണി 1.7 ശതമാനം താണു. ബുധനാഴ്ച ചൈനീസ് വിലക്കയറ്റത്തിന്റെ കണക്കുകൾ പ്രസിദ്ധീകരിക്കും. ചൈനീസ് കയറ്റുമതിയുടെ കണക്കുകൾ ഇന്നു പുറത്തുവിടും. 12.5 ശതമാനം ഇടിവ് കയറ്റുമതിയിൽ ഉണ്ടാകുമെന്നാണു നിഗമനം. ഇതു തലേ മാസത്തേക്കാൾ തകർച്ചയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ചത്തെ നേട്ടത്തിൽ നിന്നു തിങ്കളാഴ്ച മുന്നോട്ടു കുതിച്ചു. സെൻസെക്സ് 232.23 പോയിന്റ് (0.35%) നേട്ടത്തിൽ 65,953.48-ലും നിഫ്റ്റി 80.30 പോയിന്റ് (0.41%) കയറി 19,597.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.51 ശതമാനം കയറി 37,824.15 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.22 ശതമാനം ഉയർന്ന് 11,724.30 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ വിൽപന തുടർന്നു. അവർ 556.32 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 366.61 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് 19,500 നു മുകളിൽ ക്ലോസ് ചെയ്തത് റാലി തുടരും എന്നു കരുതുന്നവർക്കു പ്രതീക്ഷ നൽകുന്നു. എങ്കിലും അനിശ്ചിതത്വം സൂചിപ്പിക്കുന്നതാണ് ചാർട്ടിലെ പാറ്റേൺ. ഇന്നു 19,600 - 19,700 മേഖലയിൽ കടുത്ത തടസം പ്രതീക്ഷിക്കുന്നുണ്ട്.
ഇന്നു നിഫ്റ്റിക്ക് 19,545 ലും 19,495 ലും പിന്തുണ ഉണ്ട്. 19,615 ഉം 19,675 ഉം തടസങ്ങളാകാം. പേയ്ടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ കമ്പനിയിലെ തന്റെ പങ്കാളിത്തം ഇരട്ടിപ്പിക്കുന്നു. ചെെനീസ് കമ്പനി ആന്റ് ഫിനിന്റെ പക്കൽ നിന്നു 10.3 ശതമാനം ഓഹരി ശർമ വാങ്ങും.
ഇതോടെ ശർമയുടെ ഓഹരി 20 ശതമാനമായി ഉയരും. ആന്റിന്റേത് 24 - ൽ നിന്ന് 13 ശതമാനമായി കുറയും. 63 കോടി ഡോളർ മുടക്കിയാണു ശർമ ഇതു വാങ്ങുന്നത്. പേയ്ടിഎം ഓഹരികൾ ഇന്നലെ ഏഴു ശതമാനം ഉയർന്നു.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച പൊതുവേ കയറ്റത്തിലായിരുന്നു. അലൂമിനിയവും ടിനും മാത്രമാണ് വ്യത്യസ്തമായത്. അലൂമിനിയം 0.05 ശതമാനം താണു ടണ്ണിന് 2231.59 ഡോളറിലായി. ചെമ്പ് 0.52 ശതമാനം ഉയർന്നു ടണ്ണിന് 8494.70 ഡോളറിൽ എത്തി. ടിൻ 0.36 ശതമാനം താഴ്ന്നു. സിങ്ക് 1.15 ശതമാനവും നിക്കൽ 1.22 ശതമാനവും ലെഡ് 0.72 ശതമാനവും കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് 85.34 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.41 ഡോളറിലും ക്ലോസ് ചെയ്തു.
സ്വർണം തിങ്കളാഴ്ച അൽപം താഴ്ന്നു. ഔൺസിന് 1943.60 ഡോളറിൽ നിന്ന് 1937.40 ഡോളറിലേക്കു വില കുറഞ്ഞു. ഇന്നു രാവിലെ അഞ്ചു ഡോളർ ഇടിഞ്ഞ് 1932 ഡോളറിനടുത്തായി.
കേരളത്തിൽ പവൻവില തിങ്കളാഴ്ച 44,120 രൂപയിൽ തുടർന്നു.
ഡോളർ വെള്ളിയാഴ്ച ഏഴു പെെസ കുറഞ്ഞ് 82.77 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക തിങ്കളാഴ്ച 102.05 ൽ ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 102.35 ലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 29,200 ഡോളറിനടുത്തായി.
റെയിൽവേ ഓഹരികൾ കുതിച്ചു
റെയിൽവേയുമായി ബന്ധപ്പെട്ട ചില ഓഹരികൾ ഇന്നലെ വലിയ നേട്ടം ഉണ്ടാക്കി. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ 12 ശതമാനവും ഇർകോൺ 6.6 ശതമാനവും ഉയർന്നു.
ടെക്സ്മാകാേ റെയിൽ 6.5 ശതമാനവും ജൂപ്പിറ്റർ വാഗൺസ് അഞ്ചു ശതമാനവും കയറി. 24,500 കോടി രൂപ മുടക്കി 508 റെയിൽവേ സ്റ്റേഷനുകൾ ആധുനീകരിക്കാനുള്ള പദ്ധതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഈ പദ്ധതി മുൻ പറഞ്ഞ കമ്പനികളുടെ ബിസിനസിൽ വലിയ വളർച്ച ഉണ്ടാക്കുമെന്നാണു പ്രതീക്ഷ.
അദാനി ഗ്രീനിൽ ഖത്തർ ഫണ്ടിന്റെ നിക്ഷേപം
അദാനി ഗ്രീൻ എനർജിയിൽ ഖത്തർ ഭരണകൂടത്തിന്റെ വെൽത്ത് ഫണ്ട് 3920 കോടി രൂപ നിക്ഷേപിച്ചു. കമ്പനിയുടെ 2.7 ശതമാനം ഓഹരി ഇതു വഴി ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥാേറിറ്റിക്കു (ക്യുഐഎ) ലഭിച്ചു. ഓഹരി ഒന്നിന് 920 രൂപ വച്ചാണു വിൽപന. അദാനി ഗ്രീൻ ഓഹരി ഇന്നലെ അഞ്ചു ശതമാനം താണ് 965 രൂപയിൽ ക്ലോസ് ചെയ്തു.
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രശ്നത്തിലായ അദാനി ഗ്രൂപ്പ് കടങ്ങൾ കുറയ്ക്കുന്നതിനു നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഗ്രീൻ എനർജിയിലെ പ്രാെമാേട്ടർ വിഹിതം 56.3 ശതമാനത്തിൽ നിന്ന് 53.6 ശതമാനമായി കുറയും. നേരത്തേ ജിക്യുജി പാർട്ട്നേഴ്സ് ഇതിൽ 6.3 ശതമാനം ഓഹരി എടുത്തിരുന്നു.
മുംബൈ നഗരത്തിലെ വൈദ്യുതി വിതരണ ഏജൻസിയായ അദാനി ഇലക്ട്രിസിറ്റിയിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥാേറിറ്റിക്ക് 25.1 ശതമാനം ഓഹരിയുണ്ട്. 3200 കോടി രൂപയാണ് അതിനായി അഥാേറിറ്റി മുടക്കിയത്. റിലയൻസിന്റെ മീഡിയ ബിസിനസിൽ നിക്ഷേപമുള്ള അഥോറിറ്റി റിലയൻസ് റീട്ടെയിലിലും നിക്ഷേപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 07, തിങ്കൾ)
സെൻസെക്സ് 30 65,953.48 +0.35%
നിഫ്റ്റി 50 19,597.30 +0.41%
ബാങ്ക് നിഫ്റ്റി 44,837.50 +0.82%
മിഡ് ക്യാപ് 100 37,824.15 +0.51%
സ്മോൾക്യാപ് 100 11,724.30 +0.22%
ഡൗ ജോൺസ് 30 35,473.10 +1.16%
എസ് ആൻഡ് പി 500 4518.44 +0.90%
നാസ്ഡാക് 13,994.40 +0.61%
ഡോളർ ($) ₹82.77 - 07 പൈസ
ഡോളർ സൂചിക 102.05 +0.03
സ്വർണം(ഔൺസ്) $1937.40 -$06.20
സ്വർണം(പവൻ) ₹44,120 +₹ 00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $85.34 -$1.06