ശ്രദ്ധ റിസർവ് ബാങ്കിലേക്ക്; വളർച്ച നിഗമനം കൂട്ടും; പലിശയിൽ ആശങ്കയില്ല; മുഖ്യ സൂചികകൾ താഴ്ന്നിട്ടും വിപണിമൂല്യം ഉയർന്നു
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നു രാവിലെ നടത്തുന്ന പ്രഖ്യാപനത്തിലാണു വിപണിയുടെ ശ്രദ്ധ. പലിശനിരക്കിൽ മാറ്റം വരുത്തുമോ എന്നല്ല ശ്രദ്ധിക്കുന്നത്. അങ്ങനെയൊരു സാധ്യത ആരും കാണുന്നില്ല. ഇന്ത്യയുടെ ജിഡിപി വളർച്ചയെപ്പറ്റി റിസർവ് ബാങ്ക് എന്തു നിഗമനമാണ് പറയുക എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
2023 - 24ൽ 6.5 ശതമാനം വാർഷിക വളർച്ച പ്രതീക്ഷിച്ചത് എത്രയായി ഉയർത്തും എന്നാണ് എല്ലാവർക്കും അറിയണ്ടത്. 6.8 മുതൽ 7.0 ശതമാനം വരെ പല നിഗമനങ്ങളാണു സ്വകാര്യ ഏജൻസികൾക്കുള്ളത്. വളർച്ച പ്രതീക്ഷ ഗണ്യമായി കൂടിയാൽ അതു വിപണിയെ കൂടുതൽ കയറ്റത്തിനു പ്രേരിപ്പിക്കും.
ഏഴു ദിവസത്തിനു ശേഷം ഇന്നലെ ഇന്ത്യൻ വിപണി നേരിയ താഴ്ചയിലായെങ്കിലും വിപണി മനോഭാവം ബുള്ളിഷ് തന്നെയാണ്. വിദേശ സൂചനകളും ശക്തമാണ്. അതനുസരിച്ചുള്ള തുടക്കം ഇന്നു പ്രതീക്ഷിക്കാം. പിന്നീടുള്ള ഗതി ഗവർണർ ദാസ് പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ വ്യാഴം രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,081.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,070 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു മിതമായ ഉയർച്ചയോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. റീട്ടെയിൽ ഓഹരികൾ ഇടിവിലാണ്. ജെപി മാേർഗൻ ഡൗൺ ഗ്രേഡ് ചെയ്തതിനെ തുടർന്ന് എയർ ഫ്രാൻസ്-കെഎൽഎം വ്യോമയാന ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞു.
യു.എസ് വിപണി മൂന്നു ദിവസത്തെ ഇടിവിനു ശേഷം വ്യാഴാഴ്ച ഉയർന്നു. ഡൗ ജോൺസ് 62.95 പോയിന്റ് (0.17%) കയറി 36,117.40 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 36.25 പോയിന്റ് (0.80%) ഉയർന്ന് 4585.59 ൽ അവസാനിച്ചു. നാസ്ഡാക് 193.28 പോയിന്റ് (1.37%) കുതിച്ച് 14,340 ലും അവസാനിച്ചു.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.168 ശതമാനമായി ഉയർന്നു. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.18 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
നവംബറിലെ യു.എസ് തൊഴിൽ വർധന സംബന്ധിച്ച് ഇന്നു പുറത്തുവരുന്ന കണക്കിലാണ് എല്ലാവരും ശ്രദ്ധ വച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ തൊഴിൽ കുറയുകയായിരുന്നു. സർക്കാർ മേഖലയിലേത് ഇന്നറിയാം.
നിർമിതബുദ്ധി ഉപയോഗിക്കാൻ പറ്റുന്ന രണ്ടു ചിപ്പുകൾ ബുധൻ, വ്യാഴം ദിവസങ്ങളിലായി പുറത്തു വന്നു. ഗൂഗിൾ ജമിനി എന്ന ചിപ് പുറത്തിറക്കി. ഓപ്പൺ എഐയുടെ ജിപിടി 3.5 നേക്കാൾ മികച്ചതെന്നാണ് അവകാശവാദം. എന്നാൽ ജിപിടി നാലിനാേടുള്ള താരതമ്യം പറഞ്ഞില്ല. ഇതു ഗൂഗിളിന് എത്ര ധനകാര്യനേട്ടം ഉണ്ടാക്കുമെന്നു വ്യക്തമല്ല. ഗൂഗിൾ (ആൽഫബെറ്റ് ) ഓഹരി അഞ്ചു ശതമാനം ഉയർന്നു. ഗൂഗിൾ നേരത്തേ ഇറക്കിയ ഗൂഗിൾ ബാർഡിനു സ്വീകാര്യത ലഭിച്ചിരുന്നില്ല.
ബുധനാഴ്ച രാത്രി എ.എം.ഡിയുടെ സി.ഇ.ഒ ലിസ സു എംഐ300എക്സ് എന്ന പുതിയ ചിപ് അവതരിപ്പിച്ചു. എൻവിഡിയയുടെ എ.ഐ ചിപ് വിപണിയിൽ ഒരു പങ്ക് കെെയടക്കാൻ ഇതിനു കഴിയുമെന്നാണു വിലയിരുത്തൽ. എഎംഡി ഓഹരി 10 ശതമാനം കയറി.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണു വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയൻ, കൊറിയൻ വിപണികൾ ഉയർന്നു. മൂന്നാം പാദ ജിഡിപി ആദ്യം കണക്കാക്കിയതിലധികം താഴ്ന്നതിനാൽ ജപ്പാനിൽ നിക്കൈ 1.5 ശതമാനം ഇടിഞ്ഞു. ചെെനയുടെ നവംബറിലെ കയറ്റുമതി അപ്രതീക്ഷിതമായി നേരിയ വളർച്ച കാണിച്ചു. കയറ്റുമതി 1.1 ശതമാനം കുറയുമെന്നായിരുന്നു നിഗമനം.
ഇന്ത്യൻ വിപണി
വ്യാഴാഴ്ച ഇന്ത്യൻ വിപണി ഏഴു ദിവസത്തെ തുടർച്ചയായ കയറ്റത്തിനു വിരാമമിട്ടു. മുഖ്യസൂചികകൾ താഴ്ന്നു ക്ലോസ് ചെയ്തു. എന്നാൽ വിശാല വിപണി നേട്ടത്തിലായിരുന്നു. രാജ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം തലേന്നത്തെ 348.86 ലക്ഷം കോടി (ട്രില്യൺ) യിൽ നിന്ന് 350.22 ലക്ഷം കോടി രൂപയായി ഉയർന്നു റെക്കാേർഡ് കുറിച്ചു.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെയും കയറ്റത്തിലായി. ഗ്രൂപ്പിന്റെ വിപണിമൂല്യം 15 ലക്ഷം കോടി രൂപയിൽ എത്തി.
അദാനി ഗ്രൂപ്പിൽ വലിയ നിക്ഷേപം ഉള്ള എൽഐസിയുടെ ഓഹരി ഇന്നലെയും ആറു ശതമാനത്തിലധികം ഉയർന്നു. ഓഹരി വില 800 രൂപ വരെ കയറി. 949 രൂപയ്ക്കാണ് എൽ.ഐ.സി ഇഷ്യു നടത്തിയത്. കഴിഞ്ഞ 15 വ്യാപാരദിനങ്ങൾ കൊണ്ട് എൽഐസി ഓഹരി 25 ശതമാനം കയറി. കമ്പനിയുടെ വിപണിമൂല്യം അഞ്ചു ലക്ഷം കോടി രൂപ കവിഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഈയിടത്തെ കയറ്റം എൽഐസിയുടെ നിക്ഷേപങ്ങൾ ഇരട്ടിക്കാൻ സഹായിച്ചിട്ടുണ്ട്.
കരിമ്പിൻ ജ്യൂസിൽ നിന്ന് എഥനോൾ നിർമിക്കുന്നതു വിലക്കി. 2023 -24 സീസൺ മുഴുവനിലേക്കുമാണു കേന്ദ്ര സർക്കാർ വിലക്ക് പ്രഖ്യാപിച്ചത്.
പഞ്ചസാര ഉൽപാദനം കൂട്ടാനാണ് എഥനാേൾ ഉൽപാദനം വിലക്കിയത്. പഞ്ചസാര ഉൽപാദനം എട്ടു മുതൽ 12 വരെ ശതമാനം കുറയും എന്നു വിലയിരുത്തിയിരുന്നു. പ്രമുഖ പഞ്ചസാര കമ്പനി ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസവും പത്തു ശതമാനം വരെ താണു. ബൽറാംപുർ ചീനി, ബജാജ് ഹിന്ദുസ്ഥാൻ, ത്രിവേണി എൻജിനിയറിംഗ്, ഉത്തം ഷുഗർ, ഡാൽമിയ ഭാരത്, ധാംപുർ, ശ്രീ രേണുക, ദ്വാരികേശ്, പൊന്നി, കോഠാരി തുടങ്ങിയവ വലിയ താഴ്ചയിലായി.
ഫിൻടെക് കമ്പനി പേയ്ടിഎം ഇന്നലെ 20 ശതമാനം ഇടിഞ്ഞു. 50,000 രൂപ വരെയുള്ള വായ്പകൾ നിർത്താൻ തീരുമാനിച്ചതാണു കാരണം. ഈടില്ലാതെ വായ്പകൾ നൽകുന്നതിനെതിരേ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളെ തുടർന്നാണിത്. കമ്പനിയുടെ വായ്പകളിൽ 55 ശതമാനവും ഈ വിഭാഗത്തിലായിരുന്നു. പുതിയ നടപടി വായ്പാവിതരണം കുറയ്ക്കുകയും കമ്പനി ലാഭത്തിലാകുന്നതു വൈകിക്കുകയും ചെയ്യുമെന്നാണു വിലയിരുത്തൽ. ഇതേ തുടർന്നു പ്രമുഖ ബ്രോക്കറേജുകളും റേറ്റിംഗ് ഏജൻസികളും കമ്പനി ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി. ഗോൾഡ്മാൻ സാക്സ് 840 രൂപ, ജെഫറീസ് 1050 രൂപ, ബേൺസ്റ്റൈൻ 950 രൂപ എന്നിങ്ങനെയാണു ലക്ഷ്യവില നിശ്ചയിച്ചത്.
ടാറ്റാ പവർ ഇന്നലെ 12 ശതമാനത്തിലധികം ഉയർന്ന് വിപണിമൂല്യം ഒരു ലക്ഷം കോടി (ട്രില്യൺ) രൂപയ്ക്കു മുകളിലാക്കി. ടി.സി.എസ്, ടെെറ്റൻ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, ട്രെന്റ് എന്നിവയാണു ട്രില്യൺ വിപണി മൂല്യത്തിൽ എത്തിയ മറ്റു ടാറ്റാ കമ്പനികൾ.
റിലയൻസ് ഗ്രൂപ്പിലെ ടിവി 18 ഉം നെറ്റ് വർക്ക് 18 ഉം സംയോജിപ്പിക്കുന്നു. ഓഹരി കൈമാറ്റ അനുപാതം പ്രഖ്യാപിച്ചതു വിപണിക്ക് അത്ര തൃപ്തികരമായില്ല. രണ്ട് ഓഹരികളും 10 ശതമാനത്തിലധികം ഇടിഞ്ഞു.
സെൻസെക്സ് വ്യാഴാഴ്ച 132.04 പോയിന്റ് (0.19%) താഴ്ന്ന് 69,521.69 ലും നിഫ്റ്റി 36.55 പോയിന്റ് (0.17%) കുറഞ്ഞ് 20,901.15 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 6.85 പോയിന്റ് (0.01%) കയറി 46,841.40 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.59 ശതമാനം ഉയർന്ന് 44,495 ലും സ്മോൾ ക്യാപ് സൂചിക 0.37 ശതമാനം കയറി 14,562 ലും അവസാനിച്ചു.
മീഡിയ, ഫാർമ, ഓയിൽ - ഗ്യാസ്, വാഹന, കൺസ്യൂമർ ഡ്യുറബിൾസ്, ഹെൽത്ത് കെയർ, റിയൽറ്റി മേഖലകൾ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. മെറ്റൽ, എഫ്എംസിജി, ഐടി മേഖലകൾ താണു.
വിദേശ നിക്ഷേപകർ ഇന്നലെ വീണ്ടും വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 1564.03 കാേടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 9.66 കോടിയുടെ ഓഹരികൾ വിറ്റു.
ഏഴു ദിവസം തുടർച്ചയായി ഉയർന്ന വിപണി ഇന്നലെ ചെറുതായി താഴ്ന്നതിനാൽ ഏതാനും ദിവസം സമാഹരണത്തിലാകും എന്നാണു വിശകലന വിദഗ്ധർ കരുതുന്നത്.
നിഫ്റ്റിക്ക് ഇന്ന് 20,860 ലും 20,805 ലും പിന്തുണ ഉണ്ട്. 20,935 ഉം 20,990 ഉം തടസങ്ങളാകാം.
മിക്ക വ്യാവസായിക ലോഹങ്ങളും വ്യാഴാഴ്ച താഴ്ന്നു. അലൂമിനിയം 0.12 ശതമാനം കയറി ടണ്ണിന് 2142.30 ഡോളറിലായി. ചെമ്പ് 0.92 ശതമാനം താണു ടണ്ണിന് 8220.5 ഡോളറിലെത്തി. ലെഡ് 0.42 ഉം നിക്കൽ 1.52 ഉം സിങ്ക് 0.84 ഉം ടിൻ 0.13 ഉം ശതമാനം താണു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില അൽപം കയറി. വ്യാഴാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 74.62 ഡോളറിലും ഡബ്ള്യുടിഐ ഇനം 69.86 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 74.55 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 74.51 ഡോളറിൽ വ്യാപാരം നടക്കുന്നു.
സ്വർണവില ചെറിയ തോതിൽ കയറി. വ്യാഴാഴ്ച ഔൺസിന് 2040 ഡോളർ വരെ കയറിയിട്ടു താണ് 2029.10 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 2031.20 ഡോളർ ആയി.
കേരളത്തിൽ പവൻവില വ്യാഴാഴ്ച അൽപം ഉയർന്നു. 80 രൂപ കയറി 46,040 രൂപയായി പവന്.
ഡോളർ സൂചിക ഇന്നലെ താണ് 103.54 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.57 ലേക്കു കയറി.
വ്യാഴാഴ്ച ഡോളറിനു രണ്ടു പൈസ കൂടി 83.35 രൂപയിൽ ക്ലോസ് ചെയ്തു.
ക്രിപ്‌റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 43,400 ലാണ്.
വിപണിസൂചനകൾ
(2023 ഡിസംബർ 07, വ്യാഴം)
സെൻസെക്സ്30 69,521.69 -0.19%
നിഫ്റ്റി50 20,901.15 -0.17%
ബാങ്ക് നിഫ്റ്റി 46,841.40 +0.01%
മിഡ് ക്യാപ് 100 44,495.00 +0.59%
സ്മോൾ ക്യാപ് 100 14,562.00 +0.37%
ഡൗ ജോൺസ് 30 36,117.40 +0.17%
എസ് ആൻഡ് പി 500 4585.59 +0.80%
നാസ്ഡാക് 14,340.00 +1.37%
ഡോളർ ($) ₹83.35 +₹0.02
ഡോളർ സൂചിക 103.54 -0.61
സ്വർണം (ഔൺസ്) $2029.10 +$ 03.00
സ്വർണം (പവൻ) ₹46,040 +₹80.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $74.43 +$0.09