ജി.ഡി.പി നിഗമനം ആവേശകരം; കമ്പനി റിസല്‍ട്ടുകളിലും ചില്ലറ വിലക്കയറ്റത്തിലും ആശങ്ക; വിപണി അനിശ്ചിതത്വം കാണുന്നു

ഇന്ത്യയില്‍ പ്രതീക്ഷയിലും മികച്ച ജി.ഡി.പി വളര്‍ച്ച നിഗമനം. അമേരിക്കയില്‍ പ്രതീക്ഷകള്‍ക്കപ്പുറം വന്ന തൊഴില്‍ വളര്‍ച്ച. സംഘര്‍ഷങ്ങള്‍ക്ക് അയവില്ലെങ്കിലും ക്രൂഡ് ഓയില്‍ വിലയില്‍ താഴ്ച. സാധാരണ സാഹചര്യങ്ങളില്‍ വിപണികളെ ഉത്തേജിപ്പിക്കാന്‍ പറ്റിയ അന്തരീക്ഷം. എന്നാല്‍ കമ്പനികളുടെ മൂന്നാം പാദ റിസല്‍ട്ട്, ചില്ലറ വിലക്കയറ്റം, വ്യവസായ ഉല്‍പാദന വളര്‍ച്ച തുടങ്ങി ഈയാഴ്ച വരാനിരിക്കുന്ന കണക്കുകളെപ്പറ്റിയുള്ള അനിശ്ചിതത്വം വിപണിയെ പിന്നാക്കം വലിക്കും.

വെള്ളിയാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,777ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,772ലാണ്. ഇന്ത്യന്‍ വിപണി അല്‍പം താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

വെള്ളിയാഴ്ച യൂറോപ്യന്‍ വിപണികള്‍ താഴ്ചയിലായി. യൂറോ മേഖലയിലെ വിലക്കയറ്റം ഡിസംബറില്‍ 2.9 ശതമാനത്തിലേക്കു കയറി. തലേ മാസം 2.4 ശതമാനം ആയിരുന്നു. ജര്‍മനിയിലെ റീട്ടെയില്‍ വ്യാരം പ്രതീക്ഷയിലും കുറവായി.

യു.എസ് വിപണി വെള്ളിയാഴ്ച ചെറിയ നേട്ടത്തില്‍ അവസാനിച്ചു. ഡൗ ജോണ്‍സ് 25.77 പോയിന്റ് (0.07%) ഉയര്‍ന്ന് 37,466.11ല്‍ ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 8.56 പോയിന്റ് (0.18%) കയറി 4697.24 ല്‍ അവസാനിച്ചു. നാസ്ഡാക് 13.77 പോയിന്റ് (0.09%) ഉയര്‍ന്ന് 14,524.07.ല്‍ ക്ലോസ് ചെയ്തു.

മൂന്നു സൂചികകളും തുടര്‍ച്ചയായ ഒന്‍പത് ആഴ്ചയിലെ ഉയര്‍ച്ചയ്ക്കു വിരാമമിട്ടു. നാസ്ഡാക് 3.25 ശതമാനം പ്രതിവാരനഷ്ടത്തിലായി. ഈയാഴ്ച ഡൗ 0.59ഉം എസ് ആന്‍ഡ് പി 1.52ഉം ശതമാനം താണു. യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ഡൗ 0.12 ശതമാനം താണു നില്‍ക്കുന്നു. എസ് ആന്‍ഡ് പി 0.14 ഉം നാസ്ഡാക് 0.20 ഉം ശതമാനം ഉയര്‍ന്നു.

ഡിസംബറില്‍ അമേരിക്കയിലെ കാര്‍ഷികേതര തൊഴിലുകള്‍ പ്രതീക്ഷയിലധികം കൂടി. 1.7 ലക്ഷം പ്രതീക്ഷിച്ച സ്ഥാനത്ത് 2.16 ലക്ഷമാണു വര്‍ധന. തൊഴിലില്ലായ്മ 3.7 ശതമാനത്തില്‍ തുടര്‍ന്നു. ഇത് യു.എസ് വിലക്കയറ്റ പ്രവണത വേണ്ടത്ര കുറഞ്ഞിട്ടില്ല എന്ന നിഗമനത്തിലേക്ക് ഫെഡിനെ നയിക്കാം. അതായതു പലിശ കുറയ്ക്കല്‍ മാര്‍ച്ചില്‍ തുടങ്ങുകയില്ലെന്നു കരുതുന്നതാണു ശരി എന്നു വിപണി വ്യാഖ്യാനിച്ചു. ഇതേ തുടര്‍ന്ന് 10 വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.051 ശതമാനത്തിലേക്കു കയറി. ഡോളര്‍ ഉയര്‍ന്നു.

ഒരു ബോയിംഗ് മാക്‌സ് വിമാനത്തിന്റെ കതക് പറിഞ്ഞു പോയതിനെ തുടര്‍ന്ന് ആ ഇനത്തിലെ മുഴുവന്‍ വിമാനങ്ങളും നിലത്തിറക്കി സമഗ്ര സുരക്ഷാ പരിശോധന നടത്തുകയാണ്.

ഏഷ്യന്‍ വിപണികള്‍ ഇന്ന് ഉയര്‍ന്നാണു വ്യാപാരമാരംഭിച്ചത്. ജാപ്പനീസ് വിപണിക്ക് ഇന്ന് അവധിയാണ്. ഓസ്‌ട്രേലിയന്‍, കൊറിയന്‍ വിപണികള്‍ 0.3 ശതമാനം വരെ ഉയര്‍ന്നു. ചൈനീസ് വിപണികള്‍ ഇന്നും താഴ്ന്നു തുടങ്ങി. ബാങ്ക് ഓഫ് കൊറിയ ഇന്നു പണനയ അവലോകനം നടത്തുന്നുണ്ട്.

ഇന്ത്യന്‍ വിപണി

വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങി, വീണ്ടും കയറി. സെന്‍സെക്‌സ് 72,156.48 വരെയും നിഫ്റ്റി 21,749.6 വരെയും ഉയര്‍ന്നു. സെന്‍സെക്‌സ് 178.58 പോയിന്റ് (0.25%) കയറി 72,026.15 ലും നിഫ്റ്റി 52.20 പോയിന്റ് (0.24%) ഉയര്‍ന്ന് 21,710.80 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36.85 പോയിന്റ് (0.08%) താണ് 48,159ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.18 ശതമാനം കയറി 47,396.30ലും സ്‌മോള്‍ ക്യാപ് സൂചിക 0.68 ശതമാനം കയറി 15,438.85ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപ ഫണ്ടുകള്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 1696.86 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3497.62 കോടിയുടെ ഓഹരികള്‍ വിറ്റു. കഴിഞ്ഞയാഴ്ച വിദേശികള്‍ 4773 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു.

2023ല്‍ വിദേശികള്‍ മൊത്തം 1.71 ലക്ഷം കോടി രൂപ ഓഹരികളിലും 68,663 കോടി രൂപ കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുണ്ട്. 2022ല്‍ ഇന്ത്യയില്‍ നിന്ന് 1.21 ലക്ഷം കോടി രൂപ പിന്‍വലിച്ച സ്ഥാനത്താണിത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 0.3 ഉം നിഫ്റ്റി 0.1 ഉം ശതമാനം താഴ്ന്നാണ് അവസാനിച്ചത്.

വിപണിമനോഭാവം ബുള്ളിഷ് ആണെങ്കിലും ഇനിയുള്ള കയറ്റം സുഗമമാണെന്ന് ആരും കരുതുന്നില്ല. ഉയര്‍ന്ന വില നിലവാരം തുടരണമെങ്കില്‍ വിപണിയിലേക്കു വലിയ തോതില്‍ പണം ഒഴുകി വരണം. അതുണ്ടായില്ലെങ്കില്‍ ചെറിയ തിരുത്തലോ പാര്‍ശ്വനീക്കമോ ഈയാഴ്ച സംഭവിക്കാം. 21,800-21,900 മേഖലയിലാണു നിഫ്റ്റി വലിയ തടസം നേരിടുന്നത്. അതു കടന്നാല്‍ 22,000-22,200 മേഖല ലക്ഷ്യമിടാം. 21,500ല്‍ ശക്തമായ പിന്തുന്ന ഉണ്ട്. നിഫ്റ്റിക്ക് ഇന്ന് 21,650ലും 21,575ലും പിന്തുണ ഉണ്ട്. 21,720ഉം 21,815ഉം തടസങ്ങളാകാം.

ക്രൂഡ് ഓയില്‍, സ്വര്‍ണം, രൂപ

വാരാന്ത്യത്തിലേക്ക് ക്രൂഡ് ഓയില്‍ വില അല്‍പം കയറി. ബ്രെന്റ് ഇനം ക്രൂഡ് വെള്ളിയാഴ്ച 78.76 ഡോളറില്‍ ക്ലോസ് ചെയ്തു. ഡബ്‌ള്യു.ടി.ഐ ഇനം 73.81 ഡോളര്‍ ആയി. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 78.74 ഡോളറിലെത്തി. ഇന്നു രാവിലെ ബ്രെന്റ് ഇനം 78.5 ഡോളറിലേക്കു താണു.

സ്വര്‍ണം വെള്ളിയാഴ്ച ചെറിയ കയറ്റിറക്കങ്ങള്‍ക്കു ശേഷം മൂന്നു ഡോളര്‍ കയറി ഔണ്‍സിനു 2046.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2045.90 ലേക്കു താഴ്ന്നു. വെള്ളിയാഴ്ച കേരളത്തില്‍ പവന്‍വില 80 രൂപ കുറഞ്ഞ് 46,400 രൂപ ആയി.

ഡോളര്‍ സൂചിക വെള്ളിയാഴ്ച ചെറിയ ചാഞ്ചാട്ടം നടത്തി 102.41ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.43 ലേക്കു കയറി. വെള്ളിയാഴ്ച ഡോളര്‍ ഏഴു പൈസ താഴ്ന്ന് 83.16 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രിപ്റ്റോ കറന്‍സികള്‍ ചാഞ്ചാട്ടത്തിലാണ്. വെള്ളിയാഴ്ച ബിറ്റ്‌കോയിന്‍ താണ് 44,000 ഡോളറില്‍ എത്തി. ഇന്നു രാവിലെ 43,760ലേക്കു താണു.

മൂന്നാം പാദ റിസല്‍ട്ടുകള്‍ നിരാശപ്പെടുത്തിയേക്കും

ഈയാഴ്ച മുതല്‍ കമ്പനികളുടെ മൂന്നാം പാദ റിസല്‍ട്ടുകള്‍ വിപണിഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും. 11ന് ടി.സി.എസും ഇന്‍ഫോസിസും 12ന് എച്ച്.സി.എല്‍ ടെക്കും വിപ്രോയും റിസല്‍ട്ട് പുറത്തുവിടും. 12നു തന്നെ എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷ്വറന്‍സും റിസല്‍ട്ട് പ്രഖ്യാപിക്കും.

ഐ.ടി കമ്പനികളുടെ റിസല്‍ട്ട് പ്രതീക്ഷയിലും മോശമാകും എന്നാണു സൂചന. എലാറാ സെക്യൂരിറ്റീസിന്റെ നിഗമനം പ്രമുഖ ഐ.ടി കമ്പനികളുടെ വരുമാനവളര്‍ച്ച ഡോളറില്‍ 1.4 മുതല്‍ 1.6 വരെ ശതമാനം മാത്രമായിരിക്കും എന്നാണ്. സാധാരണയായി മൂന്നാം പാദം ഐ.ടി കമ്പനികള്‍ക്കു വരുമാനം കുറവുള്ള സമയമാണ്. എന്നാല്‍ ഇത്തവണ വരുമാനക്കുറവ് അല്‍പം കൂടുതലാകും.

മൂന്നാം പാദത്തില്‍ ബാങ്കിംഗ്, ധനകാര്യ സേവന, ഇന്‍ഷ്വറന്‍സ്, എഫ്.എം.സി.ജി, കെമിക്കല്‍സ്, കണ്‍സ്യൂമര്‍ സര്‍വീസ് കമ്പനികളുടെയും ഫലം മെച്ചമായിരിക്കില്ല എന്നാണ് അനാലിസ്റ്റുകള്‍ കണക്കാക്കുന്നത്. എഫ്.എം.സി.ജി കമ്പനികള്‍ അഞ്ചു ശതമാനത്തിനടുത്ത വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. വാഹന, സിമന്റ് കമ്പനികള്‍ക്കു മികച്ച റിസല്‍ട്ട് ഉണ്ടാകുമെന്നാണു നിഗമനം. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ലാഭവളര്‍ച്ചയില്‍ മുന്നേറും.

വിലക്കയറ്റ കണക്കും ഈയാഴ്ച

ചില്ലറ വിലക്കയറ്റം ഈയാഴ്ച വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാകും. വ്യാഴാഴ്ച യു.എസിലെയും വെള്ളിയാഴ്ച ഇന്ത്യയിലെയും ചില്ലറ വിലക്കയറ്റം അറിയാം. യു.എസ് ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിനു മുകളില്‍ തുടരുമെന്നാണു നിഗമനം.

നവംബറില്‍ 5.55 ശതമാനമായിരുന്ന ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം ഡിസംബറില്‍ നേരിയ കുറവ് കാണിക്കും എന്നാണു പ്രതീക്ഷ. ഒക്ടോബറിലെ 4.87 ശതമാനത്തില്‍ നിന്ന് പച്ചക്കറിവിലകളുടെ കയറ്റത്തിലാണ് നവംബറില്‍ സൂചിക ഉയര്‍ന്നത്. ഡിസംബറില്‍ പച്ചക്കറി വിലകള്‍ കുറഞ്ഞിട്ടുണ്ട്.

നവംബറിലെ വ്യവസായ ഉല്‍പാദന സൂചികയും (ഐ.ഐ.പി) വെള്ളിയാഴ്ച അറിവാകും. ഒക്ടോബറില്‍ ഐ.ഐ.പി 11.7 ശതമാനം ഉയര്‍ന്നതാണ്. നവംബറില്‍ സൂചിക താഴും എന്നു സ്വകാര്യ നിരീക്ഷകര്‍ കരുതുന്നു.

വിപണിസൂചനകള്‍

(2024 ജനുവരി 5, വെള്ളി)

സെന്‍സെക്‌സ്30 72,026.15 +0.25%

നിഫ്റ്റി50 21,710.80 +0.24%

ബാങ്ക് നിഫ്റ്റി 48,159.00 -0.08%

മിഡ് ക്യാപ് 100 47,396.30 +0.18%

സ്‌മോള്‍ ക്യാപ് 100 15,438.85 +0.68%

ഡൗ ജോണ്‍സ് 30 37,466.11 +0.07%

എസ് ആന്‍ഡ് പി 500 4697.24 +0.18%

നാസ്ഡാക് 14,524.07 +0.09%

ഡോളര്‍ ($) ?83.16 -?0.07

ഡോളര്‍ സൂചിക 102.41 -0.01

സ്വര്‍ണം (ഔണ്‍സ്) $2046.30 +$03.00

സ്വര്‍ണം (പവന്‍) ?46,400 -?800.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $78.76 +$1.16

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it