മനോഭാവം ബുള്ളിഷ്, പക്ഷേ വിൽപനയ്ക്കു സമ്മർദ്ദം ഏറുന്നു; വിദേശ സൂചനകളിൽ ആവേശമില്ല; എഫ്.എം.സി.ജിയോടു പുതിയ താൽപര്യം

വിപണിയിൽ മനോഭാവം ബുള്ളിഷ് ആണെങ്കിലും ഓഹരികൾ കെെവശം വയ്ക്കുന്നതിനു നിക്ഷേപകർ മടിക്കുന്നു. ഏറ്റവും വേഗം ലാഭമെടുത്തു മാറി മൂലധനം സംരക്ഷിക്കാനാണ് ഭൂരിപക്ഷം പേർ ശ്രമിക്കുന്നത്. ബ്രോക്കറേജുകൾ ആ രീതിയിൽ ഉപദേശിക്കുന്നുമുണ്ട്. വിൽപന സമ്മർദ്ദം ദിവസവും വർധിക്കുന്നു. മിഡ്, സ്മോൾ ക്യാപ് ഓഹരികളിലാണു കൂടുതൽ സമ്മർദം.

വിദേശ സൂചനകളും അനിശ്ചിതത്വമാണു കാണിക്കുന്നത്. യു.എസ് വിപണി ചാഞ്ചാട്ടത്തിനു ശേഷം ഫ്ലാറ്റ് ആയിരുന്നു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. ഡോളർ വീണ്ടും ഉയർന്നതോടെ സ്വർണം താഴ്ചയിലായി. സ്റ്റോക്ക് നില കൂടിയതു ക്രൂഡ് ഓയിൽ വില താഴ്ത്തി. വ്യാവസായിക ലോഹങ്ങൾ വീണ്ടും കയറ്റത്തിലാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,406ൽ ക്ലാേസ് ചെയ്തു. ഇന്നുരാവിലെ 22,396 വരെ കാണിട്ടു തിരിച്ചു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെ നല്ല മുന്നേറ്റം കാഴ്ചവച്ചു. മിക്ക സൂചികകളും ഒരു ശതമാനത്തിലധികം ഉയർന്നു. സ്വിസ് ബാങ്ക് യു.ബി.എസ് ലാഭത്തിലേക്കു തിരിച്ചെത്തിയതിനെ തുടർന്ന് ഓഹരി എട്ടു ശതമാനം കയറി.

യു.എസ് വിപണി ചൊവ്വാഴ്ച ദുർബലമായി. ഡൗ ജോൺസ് തുടർച്ചയായ അഞ്ചാം ദിവസവും നേട്ടം കാണിച്ചെങ്കിലും അതു നാമമാത്രമായിരുന്നു. നാസ്ഡാക് നാമമാത്ര നഷ്ടത്തിലുമായി. ചൈനയുമായി ബന്ധപ്പെട്ട ടെക് ഓഹരികൾക്കു കുറേ ദിവസങ്ങളായുള്ള കുതിപ്പ് ഇന്നലെ അവസാനിച്ച് അവ താഴ്ന്നു.

ഡൗ ജോൺസ് 31.99 പോയിൻ്റ് (0.08%) ഉയർന്ന് 38,884.26ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 6.96 പോയിൻ്റ് (0.13%) കയറി 5187.70ൽ അവസാനിച്ചു. നാസ്ഡാക് 16.69 പോയിൻ്റ് (0.10%) താഴ്ന്ന് 16,332.56ൽ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.02 ശതമാനവും എസ് ആൻഡ് പി 0.05 ശതമാനവും നാസ്ഡാക് 0.07 ശതമാനവും ഉയർന്നു. പത്തു വർഷ യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.465 ശതമാനം ആയി.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ഒരു ദിവസത്തെ ജപ്പാനിൽ നിക്കെെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലും സൂചികകൾ താഴ്ന്നു. ജാപ്പനീസ് വാഹന കമ്പനികളുടെ റിസൽട്ട് ഇന്നു വരും.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ചൊവ്വാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം വിൽപന സമ്മർദത്തിൽ ഇടിഞ്ഞു. മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾക്കു വലിയ തകർച്ച നേരിട്ടു. തുറന്നു സമ്മതിക്കുന്നില്ലെങ്കിലും വിപണിയിൽ ലോക്സഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച ആശങ്ക ഗൗരവമായി പരന്നിട്ടുണ്ട്. അതു മൂലം "ഇന്നു വിറ്റു നാളെ വാങ്ങുക" എന്ന് ഉപദേശിക്കുന്നവർ കൂടി.

ചൊവ്വാഴ്ച സെൻസെക്സ് 383.69 പോയിൻ്റ് (0.52%) താഴ്ന്ന് 73,511.85ൽ ക്ലോസ് ചെയ്തു. ഇടയ്ക്ക് 73,259 വരെ താഴ്ന്നതാണ്. നിഫ്റ്റി 140.20 പോയിൻ്റ് (0.62%) കുറഞ്ഞ് 22,302.50ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 609.95 പോയിൻ്റ് (1.25%) നഷ്ടത്തിൽ 48,285.35ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 987.75 പോയിൻ്റ് (1.95 %) ഇടിഞ്ഞ് 49,674.45ലും സ്മോൾ ക്യാപ് സൂചിക 316.10 പോയിൻ്റ് (1.89%) തകർന്ന് 16,367.05ലും അവസാനിച്ചു.

വിദേശ നിക്ഷേപകർ വിറ്റൊഴിയൽ തുടർന്നു. ചൊവ്വാഴ്ച അവർ ക്യാഷ് വിപണിയിൽ 3668.84 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2304.50 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിൽപനസമ്മർദമാണു വിപണിയെ കുതിപ്പിൽ നിന്നു തടയുന്നത്. താഴോട്ടു നീങ്ങും തോറും വിപണിയുടെ പിന്തുണ നിലവാരവും താഴോട്ടാകുന്നുണ്ട്. 22,000- 22,150 എന്നതിലേക്കു നിഫ്റ്റിയുടെ പിന്തുണ നില താഴ്ന്നു. 22,400- 22,500 തടസം മേഖലയുമായി. ഇന്നു നിഫ്റ്റിക്ക് 22,240ലും 22,080ലും പിന്തുണ ഉണ്ട്. 22,330 ഉം 22,510 ഉം തടസങ്ങൾ ആകാം.

റിയൽറ്റി താഴ്ന്നു, എഫ്.എം.സി.ജി കുതിച്ചു

റിയൽറ്റി ഓഹരികളാണ് ഇന്നലെ ഏറ്റവും കൂടുതൽ താഴ്ന്നത്. ഒരവസരത്തിൽ റിയൽറ്റി സൂചിക നാലര ശതമാനം ഇടിഞ്ഞു. ക്ലോസിംഗിൽ 3.49 ശതമാനം നഷ്ടം. പ്രോജക്റ്റ് ഫിനാൻസിംഗിൻ്റെ പുതിയ കരടു നിബന്ധനകൾ റിയൽ എസ്റ്റേറ്റ് 6 മേഖലയെയും ദോഷകരമായി ബാധിക്കും. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, വാഹനങ്ങൾ, ഫാർമ, ഹെൽത്ത്കെയർ തുടങ്ങിയ മേഖലകൾക്കും ഇന്നലെ വലിയ ക്ഷീണം നേരിട്ടു.

ഗ്രാമമേഖലയിൽ വിൽപന വർധിച്ചതും അതു തുടരുമെന്ന സൂചനയും എഫ്.എം.സി.ജി കമ്പനികളെ ഉയർത്തി. കമ്പനികളുടെ പ്രീമിയം ഉൽപന്നങ്ങളുടെ വിൽപനയിലാണു വലിയ വർധന. ഇതു ലാഭക്ഷമത വർധിപ്പിക്കും എന്നതും സഹായമായി. മികച്ച കാലവർഷത്തെപ്പറ്റി പ്രവചനം ഉള്ളത് എഫ്.എം.സി.ജി ഓഹരികളിൽ നീണ്ട കയറ്റത്തിൻ്റെ തുടക്കം പ്രതീക്ഷിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. മാരികോ ലിമിറ്റഡ് ഓഹരി പത്തും ഹിന്ദുസ്ഥാൻ യൂണിലീവർ ഓഹരി ആറും ശതമാനം കുതിച്ചു. ബ്രിട്ടാനിയ, നെസ്‌ലെ, ഐ.ടി.സി, ഡാബർ തുടങ്ങിയവ നല്ല നേട്ടമുണ്ടാക്കി. വിദേശനിക്ഷേപകർ ഇന്നലെ ഐ.ടി കമ്പനികൾ വാങ്ങാൻ ഉത്സാഹിച്ചു.

സൂചികകളുടെ താഴ്ച ചെറുത്

ഏതാനും ദിവസങ്ങളായി ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടം കാണിക്കുന്നത് വിപണിയിൽ വലിയ തിരുത്തലും മറ്റും നടക്കുന്നു എന്ന തോന്നൽ പല നിക്ഷേപകരിലും ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ വിപണി അത്ര മാത്രമൊന്നും താഴോട്ടു പോയിട്ടില്ല. വിപണി സർവകാല ഉയരത്തിൽ നിന്ന് അധികം താഴ്ചയിലല്ല ഇപ്പോൾ.

സെൻസെക്സ് ഏപ്രിൽ ഒൻപതിന് എത്തിയ 75,124.28ൽ നിന്ന് 2.15 ശതമാനം മാത്രമേ ഇന്നലെ വരെ താഴ്ന്നിട്ടുള്ളൂ. നിഫ്റ്റി 50യും മേയ് മൂന്നിലെ 22,794.70ൽ നിന്ന് 2.15 ശതമാനം മാത്രം ഇടിവിലാണ്. ഇതേ സമയം അമേരിക്കയുടെ ഡൗ ജോൺസ് സൂചിക ഈയിടെ എത്തിയ 39,889 ൽ നിന്നു 2.52 ശതമാനം താഴ്ന്നു.

എന്നാൽ മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾ കൂടുതൽ നഷ്ടം കാണിച്ചു. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 3.25 ഉം സ്മോൾക്യാപ് 100 സൂചിക 4.48 ഉം ശതമാനം താഴ്ന്നിട്ടുണ്ട്.

സ്വർണം താഴ്ന്നു

ഡോളർ വീണ്ടും കരുത്തനായതോടെ സ്വർണം താഴ്ചയിലായി. ഇന്നലെ രാവിലെ ഔൺസിനു 2,330 ഡോളർ വരെ കയറിയ സ്വർണം 2,315 നു താഴെ അവസാനിച്ചു. ഇന്നലെ 2,314.90 ൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2,313.50 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ ഇന്നലെ സ്വർണം പവന് 240 രൂപ ഉയർന്ന് 53,080 രൂപയായി. ഇന്നു വില കുറയും.

രൂപ ഇന്നലെയും ദുർബലമായി. ഡോളർ രണ്ടു പൈസ നേട്ടത്തോടെ 83.51 രൂപ എന്ന റെക്കോഡ് നിലയിൽ ക്ലോസ് ചെയ്തു. ഡോളർ ഇന്നും കയറ്റം തുടരാം. ഡോളർ സൂചിക ചൊവ്വാഴ്ച ഉയർന്നു 105.41ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.45ലേക്കു കയറി.

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ചയിലാണ്. ഒന്നു മുതൽ നാലുവരെ ശതമാനം ഇടിവുണ്ട്. ബിറ്റ്കോയിൻ ഒരു ശതമാനം താഴ്ന്നു 62,500 നു താഴെയായി. ഇന്നലെ 3,150 വരെ കയറിയ ഈഥർ താണ് 3,020 ൽ എത്തി.

ക്രൂഡ് ഓയിൽ താഴോട്ട്

ക്രൂഡ് ഓയിൽ വില ചെറിയ താഴ്ചയിൽ അവസാനിച്ചു. ബ്രെൻ്റ് ക്രൂഡ് അൽപം താണ് 83.16 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 82.93 ഡോളർ ആയി താണു. ഡബ്ള്യു.ടി.ഐ ഇനം 78.20ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 83.73ലുമാണ്.

വ്യാവസായിക ലോഹങ്ങൾ കയറ്റത്തിലായി. ചെമ്പ് 1.61 ശതമാനം കയറി ടണ്ണിന് 9894.12 ഡോളറിൽ എത്തി. അലൂമിനിയം 1.12 ശതമാനം ഉയർന്നു ടണ്ണിന് 2,564.15 ഡോളർ ആയി. ടിൻ, ലെഡ്, ഇരുമ്പയിര് എന്നിവയും കയറി.

വിപണിസൂചനകൾ (2024 മേയ് 07, ചാെവ്വ)

സെൻസെക്സ്30 73,511.85 -0.52%

നിഫ്റ്റി50 22,302.50 -0.62%

ബാങ്ക് നിഫ്റ്റി 48,285.35 -1.25%

മിഡ് ക്യാപ് 100 49,674.45 -1.95%

സ്മോൾ ക്യാപ് 100 16,367.05 -1.89%

ഡൗ ജോൺസ് 30 38,884.26 +0.08%

എസ് ആൻഡ് പി 500 5187.70 +0.13%

നാസ്ഡാക് 16,332.56 +0.10%

ഡോളർ($) ₹83.49 +₹0.07

ഡോളർ സൂചിക 105.41 +0.36

സ്വർണം (ഔൺസ്) $2314.90 -$09.20

സ്വർണം (പവൻ) ₹53,080 +₹240

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $83.16 -$0.17

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it