ആശങ്കകൾ പ്രബലമെങ്കിലും ഇന്ത്യൻ ഓഹരി വിപണി കുതിപ്പിൽ; ക്രൂഡ് ഓയിൽ അൽപം താണു; കടലാസ് മില്ലുകൾക്കു വലിയ നേട്ടം
ആശങ്കകൾ ബലപ്പെട്ടു വരികയാണെങ്കിലും ഇന്ത്യൻ ഓഹരി വിപണി കുതിപ്പ് തുടരുന്നു. നാളെ ജി-20 ഉച്ചകാേടി തുടങ്ങുമ്പോൾ ഇന്ത്യയിൽ ഉത്സാഹപൂർവം കയറുന്ന വിപണിയുടെ ദൃശ്യം കാഴ്ചവയ്ക്കാൻ വിപണി പ്രവർത്തകരും ശമിക്കുന്നു. അടുത്തയാഴ്ച വിലക്കയറ്റ കണക്കുകളും മറ്റും വരുമ്പോൾ വിപണിക്കു ചെറിയ ക്ഷീണം പ്രതീക്ഷിക്കുന്നവരും ഈയാഴ്ച കുതിപ്പിന്റെ കൂടെയാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,767.5ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,790 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ഏഴാം ദിവസമായ ഇന്നലെയും നഷ്ടത്തിൽ അവസാനിച്ചു. ക്രൂഡ് ഓയിൽ വിലയും പലിശയും ചെെനയുടെ തളർച്ചയും ആണു വിപണികളെ ഉലയ്ക്കുന്നത്. യൂറോ സോൺ ജി.ഡി.പിയുടെ പുതുക്കിയ കണക്കുകൾ വിപണിക്ക് ആശ്വാസകരമായില്ല. ഒന്നാം പാദത്തിൽ ജിഡിപി 0.1 ശതമാനം ചുരുങ്ങി എന്നതു കൂടിയും കുറഞ്ഞുമില്ല എന്നാക്കി തിരുത്തി. രണ്ടാം പാദത്തിൽ വളർച്ച 0.3 ൽ നിന്ന് 0.1 ശതമാനമായും തിരുത്തി. ജർമനി രണ്ടാം പകുതിയിൽ മാന്ദ്യത്തിലാണെന്ന് പ്രമുഖ ധനകാര്യ നിരീക്ഷണ സ്ഥാപനമായ ഇഫോ ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തി. ഈ വർഷം 0.4 ശതമാനം ചുരുങ്ങും എന്നാണു പ്രവചനം.
യുഎസ് വിപണികൾ ഭിന്ന ദിശകളിലായി. ഡൗ ജോൺസ് സൂചിക ഉയർന്നപ്പോൾ മറ്റു രണ്ടും ഇടിവിലായി. നാസ്ഡാക് തുടർച്ചയായ നാലാം ദിവസമാണു നഷ്ടത്തിൽ അവസാനിക്കുന്നത്. ചൈന ഐഫോൺ വിൽപന നിയന്ത്രച്ചത് ആപ്പിൾ ഓഹരിയെ മൂന്നു ശതമാനം താഴ്ത്തി. പലിശഭീതിയും ടെക് ഓഹരികളെ ദുർബലമാക്കുന്നു.
പ്രാരംഭ തൊഴിലില്ലായ്മ കണക്കു പ്രതീക്ഷയിലും കുറവായത് തൊഴിൽ വിപണി ഇപ്പോഴും ശക്തമാണെന്നു കാണിച്ചു. ഇതോടെ നവംബറിൽ പലിശ കൂട്ടുമെന്നു കരുതുന്നവർ 50 ശതമാനമായി. പാർപ്പിട വായ്പകളുടെ പലിശ നിരക്ക് ഏഴു ശതമാനത്തിനു മുകളിലായിട്ട് നാലാഴ്ചയായി.
ഡൗ ജോൺസ് 57.54 പോയിന്റ് (0.17%) കയറി 34,500.73 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 14.34 പോയിന്റ് (0.32%) താഴ്ന്ന് 4451.14 ലും നാസ്ഡാക് 123.64 പോയിന്റ് (0.89%) ഇടിവോടെ 13,748.83 ലും ക്ലോസ് ചെയ്തു.
യു.എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നും ചെറിയ നഷ്ടത്തിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.11 ഉം ശതമാനം താണു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നഷ്ടത്തിലായി. ഓസ്ട്രേലിയൻ, കാെറിയൻ വിപണികൾ കാൽ ശതമാനം താഴ്ന്നു. എന്നാൽ ജപ്പാനിലെ നിക്കെെ ഒരു ശതമാനത്തിലധികം താഴ്ചയിലാണ്. ജിഡിപി പ്രതീക്ഷയോളം വരാത്തതാണു കാരണം. ജപ്പാനിലെ രണ്ടാം പാദ ജിഡിപി ഒന്നാം പാദത്തിലേക്കാൾ 4.8 ശതമാനം മാത്രം കൂടുതലാണ്. പ്രാരംഭ നിഗമനം ആറു ശതമാനം എന്നും പ്രവചനം 5.5 ശതമാനം എന്നുമായിരുന്നു. രണ്ടും പാളി.
ചൈനീസ് സൂചികകളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ചൈന റിയൽ എസ്റ്റേറ്റ് മേഖലയെ ഉയർത്താൻ സ്വീകരിച്ച നടപടികൾ ഇന്നു വലിയ ആവേശം ഉണ്ടാക്കിയില്ല.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെയും താഴ്ന്നു തുടങ്ങി, വീണ്ടും ഉയർന്നു, താണു. ചാഞ്ചാടി. വ്യാപാരത്തിന്റെ അവസാന മണിക്കൂറിലെ കുതിപ്പിൽ വലിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 385.04 പോയിന്റ് (0.58%) ഉയർന്ന് 66,256.56 ലും നിഫ്റ്റി 116 പോയിന്റ് (0.59%) കയറി 19,727.05 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 469.25 പോയിന്റ് (1.06%) കുതിച്ച് 44,878.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയും നല്ല നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.77 ശതമാനം കയറി 40,593.90-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.47 ശതമാനം ഉയർന്ന് 12,734.15 ൽ ക്ലോസ് ചെയ്തു.
വിദേശ ഫണ്ടുകൾ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 758.55 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 28.11 കോടിയുടെ ഓഹരികൾ വാങ്ങി.
19,650 നു മുകളിൽ വ്യാപാരം നടന്നാൽ 19,800-19,900 മേഖലയിലേക്കു നിഫ്റ്റി കയറുമെന്നാണു വിലയിരുത്തൽ.
നിഫ്റ്റിക്ക് ഇന്നു 19,600 ലും 19,485 ലും പിന്തുണ ഉണ്ട്. 19,745 ഉം 19,860 ഉം തടസങ്ങളാകാം.
എഫ്‌എംസിജി, ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ എന്നീ വ്യവസായ മേഖലകൾ ഇന്നലെ ഇടിവിലായി. പൊതുമേഖലാബാങ്കുകൾ, റിയൽറ്റി, സ്വകാര്യ ബാങ്കുകൾ, ധനകാര്യ കമ്പനികൾ, വാഹനങ്ങൾ, ഐടി, ഓയിൽ - ഗ്യാസ്, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയവ നേട്ടം ഉണ്ടാക്കി.
കഴിഞ്ഞ ദിവസം വലിയ കുതിപ്പ് നടത്തിയ എഫ്എസിടി ഇന്നലെ എൻഎസ്ഇ യിൽ ആറു ശതമാനം ഇടിഞ്ഞ് 513.7 രൂപയായി. ബിഎസ്ഇയിൽ 514.3 രൂപയാണ്.
സിങ്ക് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിഞ്ഞു. അലൂമിനിയം 0.12 ശതമാനം താഴ്ന്ന് ടണ്ണിന് 2190.89 ഡോളറിലായി. ചെമ്പ് 1.81 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8242.5 ഡോളറിൽ എത്തി. ലെഡ് 0.57 ശതമാനവും ടിൻ 1.34 ശതമാനവും നിക്കൽ 1.94 ശതമാനവും താഴ്ന്നു. സിങ്ക് 0.98 ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ ഇന്നലെ ഒരു ശതമാനത്തോളം താഴ്ന്നു. ബ്രെന്റ് ഇനം 89.92 ഡോളറിലും ഡബ്ള്യുടിഐ ഇനം 86.87 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 92.02 ഡോളറിലാണ്.
സ്വർണ്ണം അൽപം ഉയർന്നു. കടപ്പത്ര വിലകൾ കൂടിയതാണു കാരണം. ഔൺസിന് 1920.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1924.50 ഡോളറിലേക്കു വീണ്ടും കയറി.
കേരളത്തിൽ ഇന്നലെ പവൻവില 80 രൂപ കുറഞ്ഞ് 43,920 രൂപയിൽ എത്തി.
രൂപ ഇന്നലെ റെക്കോർഡ് താഴ്ചയിൽ അവസാനിച്ചു. ഡോളർ ഏഴു പൈസ കയറി 83.21 രൂപയിൽ ക്ലോസ് ചെയ്തു. 83.15 രൂപയായിരുന്നു മുൻ റെക്കാേർഡ് ക്ലോസിംഗ്. അതു കഴിഞ്ഞ ഓഗസ്റ്റ് 17 നായിരുന്നു.
ഡോളർ സൂചിക ഇന്നലെ ഉയർന്ന് 105.06 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.90 ലേക്കു താഴ്ന്നിട്ടു കയറി.
ക്രിപ്‌റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 26,300 ഡോളറിനടുത്താണ്.
കൊച്ചിൻ ഷിപ്പ് യാർഡ് കുതിപ്പിൽ; വിമാനവാഹിനി നിർമിക്കാൻ കരാർ?
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നലെ 20 ശതമാനം കുതിച്ച് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 1,146 രൂപയിൽ എത്തി. കുന്നു 955 രൂപയിലായിരുന്നു. ഷിപ്പ് യാർഡ് ഓഹരി ഒന്നിന് മൂന്നു രൂപ ഫെെനൽ ലാഭവീതം പ്രഖ്യാപിച്ചു. 21-ന് ഓഹരി എക്സ് ഡിവിഡൻഡ് ആകും. ഷിപ്പ് യാർഡിന് ഒരു വിമാനവാഹിനി നിർമിക്കാനുള്ള കരാർ ലഭിക്കും എന്ന പ്രതീക്ഷയിലാണ്. ഓഹരി വില ഇനിയും ഗണ്യമായി ഉയരും എന്നു പലരും കരുതുന്നു. ഈ വർഷം ഇതുവരെ 116 ശതമാനം ഉയർന്നതാണ് ഷിപ്പ് യാർഡ് ഓഹരി. മിസൈൽ വാഹികളായ ആറു യുദ്ധക്കപ്പലുകളുടെ ഓർഡർ ഈയിടെ ഷിപ്പ് യാർഡിനു ലഭിച്ചിരുന്നു.
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഇന്നലെ 10.71 ശതമാനം കയറി 909 രൂപയിലും മസഗാേൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് 9.22 ശതമാനം ഉയർന്ന് 2081.80 രൂപയിലും എത്തി.
പേപ്പർ മില്ലുകൾ കയറ്റത്തിൽ
കടലാസ്, പൾപ്പ് നിർമാണ കമ്പനികൾ കുതിപ്പ് തുടരുകയാണ്. കടലാസ് ഉപയാേഗം വർധിച്ചു വരുന്നതാണു കാരണം. 2027 മാർച്ച് ആകുമ്പാേഴേക്കു വാർഷിക കടലാസ് ഉപയോഗം മൂന്നു കോടി ടൺ കവിയുമെന്ന് ഇന്ത്യൻ പേപ്പർ മനുഫാക്‌ചറേഴ്സ് അസാേസിയേഷൻ കണക്കാക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ പ്രമുഖ പേപ്പർ കമ്പനി ഓഹരികൾക്ക് 15 മുതൽ 52 വരെ ശതമാനം കയറ്റം ഉണ്ടായി. വെസ്റ്റ് കാേസ്റ്റ് പേപ്പർ മിൽസ് 52 ശതമാനം, രുചിര പേപ്പേഴ്സ് 41 ശതമാനം, ശേഷസായി പേപ്പർ 37 ശതമാനം എന്ന തോതിലാണു വർധന. ജെകെ പേപ്പർ 19 ശതമാനം ഉയർന്നു. ഓറിയന്റ്, ആന്ധ്ര, പുദുംജീ തുടങ്ങിയവ 20 ശതമാനത്തിലധികം കയറി.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 7, വ്യാഴം)
സെൻസെക്സ് 30 66,265.56 +0.58%
നിഫ്റ്റി 50 19,727.05 +0.59%
ബാങ്ക് നിഫ്റ്റി 44,878.35 +1.06%
മിഡ് ക്യാപ് 100 40,593.90 +0.77%
സ്മോൾ ക്യാപ് 100 12,734.15 +0.47%
ഡൗ ജോൺസ് 30 34,500.73 +0.17%
എസ് ആൻഡ് പി 500 4451.14 -0.32%
നാസ്ഡാക് 13,748.83 -0.89%
ഡോളർ ($) ₹83.21 +0.07
ഡോളർ സൂചിക 105.06 +00.20
സ്വർണം(ഔൺസ്) $1920.30 +$02.90
സ്വർണം(പവൻ) ₹43,920 -₹80.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $89.92 -$0.71