ആവേശക്കുതിപ്പ് തുടരാന്‍ വിപണി, ഏഷ്യന്‍ വിപണികളില്‍ കയറ്റം; നാലാം പാദ ഫലങ്ങളില്‍ വലിയ പ്രതീക്ഷ, ക്രൂഡ് ഓയിലില്‍ ചാഞ്ചാട്ടം

തിങ്കളാഴ്ചത്തെ നല്ല തുടക്കത്തിന്റെ ആവേശം തുടരാം എന്ന പ്രതീക്ഷയാണ് ഇന്നു വിപണിക്കുള്ളത്. വിപരീത വാര്‍ത്തകള്‍ ഒന്നും ഇല്ല. യു.എസ് വിപണി വിലക്കയറ്റം, പലിശ എന്നിവയിലെ അനിശ്ചിതത്വം കാണിച്ചെങ്കിലും ഏഷ്യന്‍ വിപണികള്‍ ഇന്നു നല്ല നേട്ടത്തിലാണ്.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,838ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,845ലേക്ക് കയറി. ഇന്ത്യന്‍ വിപണി ഇന്നും ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഉയര്‍ന്നു ക്ലോസ് ചെയ്തു. ഈയാഴ്ച അവസാനം യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ പണനയ അവലോകനം ഉണ്ട്. ഇത്തവണ നിരക്കുമാറ്റം പ്രതീക്ഷിക്കുന്നില്ല.
യു.എസ് വിപണി തിങ്കളാഴ്ച കാര്യമായ കയറ്റിറക്കങ്ങളില്ലാതെ നീങ്ങി. ബുധനാഴ്ച ചില്ലറവിലക്കയറ്റ കണക്ക് വരുന്നതിലാണ് വിപണിയുടെ ശ്രദ്ധ. കഴിഞ്ഞയാഴ്ചത്തെ തൊഴില്‍ കണക്കുകളും ഫെഡ് അധികൃതരുടെ പ്രസ്താവനകളും വിലക്കയറ്റം കൂടുമെന്നും നിരക്കു കുറയ്ക്കല്‍ വൈകുമെന്നുമുള്ള ധാരണ ജനിപ്പിച്ചിരുന്നു. തൊഴിലും വേതനവും കൂടുന്നതിന്റെ നല്ല വശങ്ങള്‍ ഇന്നലെ വിപണി കണക്കിലെടുത്തില്ല. ഇതിനിടെ പത്തു വര്‍ഷ യു.എസ് കടപ്പത്ര വില താഴ്ന്ന് നിക്ഷേപനേട്ടം 4.424 ശതമാനമാകുന്ന നിലയില്‍ എത്തി. പലിശ ഉയര്‍ന്നു നില്‍ക്കും എന്നാണു കടപ്പത്ര വിപണിയുടെ വിലയിരുത്തല്‍.
ഡൗ ജോണ്‍സ് സൂചിക 11.24 പോയിന്റ് (0.03%) താഴ്ന്ന് 38,892.80ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 1.95 പോയിന്റ് (0.04%) കുറഞ്ഞ് 5202.39ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 5.44 പോയിന്റ് (0.03%) ഉയര്‍ന്ന് 16,253.96ല്‍ എത്തി.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.02 ശതമാനവും എസ് ആന്‍ഡ് പി 0.03 ശതമാനവും നാസ്ഡാക് 0.04 ശതമാനവും കയറി നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും കയറ്റത്തിലാണ്. ജപ്പാനിലും ഓസ്‌ട്രേലിയയിലും ബിസിനസ് കോണ്‍ഫിഡന്‍സ് സര്‍വേ റിസല്‍ട്ടുകള്‍ ഇന്നു പ്രസിദ്ധീകരിക്കും.
ഇന്ത്യന്‍ വിപണി

തിങ്കളാഴ്ച ഇന്ത്യന്‍ വിപണി ഉയര്‍ന്നു തുടങ്ങിയിട്ടു കൂടുതല്‍ കയറി റെക്കോഡ് കുറിച്ചു ക്ലോസ് ചെയ്തു. ഇന്ത്യന്‍ വിപണിയുടെ മൊത്തം വിപണിമൂല്യം 400 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് കടക്കുകയും ചെയ്തു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തെ കമ്പനികളുടെ വിപണിമൂല്യം ഇന്നലെ 400.87 ലക്ഷം കോടി രൂപയിലാണ് അവസാനിച്ചത്. എന്‍.എസ്.ഇയുടെ വിപണിമൂല്യം 397.76 ലക്ഷം കോടി രൂപയില്‍ എത്തിയിട്ടുണ്ട്.
സെന്‍സെക്‌സ് ഇന്നലെ 494.28 പോയിന്റ് (0.67%) കുതിച്ച് 74,742.50ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 152.60 പോയിന്റ് (0.68%) ഉയര്‍ന്ന് 22,666.30ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 88.65 പോയിന്റ് (0.18%) കയറി 48,581.70ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.04 ശതമാനം ഉയര്‍ന്ന് 50,041.40 എന്ന റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.32 ശതമാനം കയറി 16,407.05ല്‍ വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 684.68 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3470.54 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി കുതിപ്പ് തുടരാന്‍ തക്ക ആവേശത്തിലാണ്. 22,800 ആകും അടുത്ത ലക്ഷ്യം എന്നും തുടര്‍ന്ന് 23,000 കടക്കാന്‍ ശ്രമിക്കും എന്നും വിദഗ്ധര്‍ കരുതുന്നു.
നിഫ്റ്റിക്ക് ഇന്ന് 22,585ലും 22,490ലും പിന്തുണ ഉണ്ട്. 22,680ലും 22,785ലും തടസങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഉയര്‍ന്നു പൊങ്ങി വോള്‍ട്ടാസും എക്‌സൈഡും
ഈയാഴ്ച നാലാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. നിഫ്റ്റി 50 സൂചികയിലെ കമ്പനികള്‍ ആറു ശതമാനം ലാഭവര്‍ധന കാണിക്കുമെന്നാണ് മോട്ടിലാല്‍ ഓസ്വാള്‍ കണക്കു കൂട്ടുന്നത്. കൊട്ടക് ഇക്വിറ്റീസ് നാലു ശതമാനമാണു പ്രതീക്ഷിക്കുന്നത്.
വാഹനകമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ ആവേശകരമാകുമെന്നു ബ്രോക്കറേജുകള്‍ വിലയിരുത്തി. 10 ശതമാനത്തിലധികം ലാഭവര്‍ധന ചിലര്‍ കണക്കാക്കി. ഇന്നലെ ഐഷര്‍, മാരുതി, മഹീന്ദ്ര, ടി.വി.എസ് എന്നീ ഓഹരികള്‍ മൂന്നു മുതല്‍ അഞ്ചുവരെ ശതമാനം കുതിച്ചത് ഈ സാഹചര്യത്തിലാണ്.
വോള്‍ട്ടാസിന്റെ എയര്‍ കണ്ടീഷണര്‍ വില്‍പന 72 ശതമാനം വര്‍ധിച്ചത് ഓഹരിവില 10 ശതമാനത്തോളം ഉയരാന്‍ സഹായിച്ചു. നാലാം പാദ വരുമാനത്തില്‍ 25 ശതമാനത്തിലധികം വളര്‍ച്ച പ്രതീക്ഷിക്കുന്നത് നൈകയുടെ ഓഹരിയെ ആറു ശതമാനം ഉയര്‍ത്തി.
ഹ്യൂണ്ടായി, കിയാ കമ്പനികള്‍ക്കു വേണ്ട ഇലക്ടിക് വാഹന ബാറ്ററികള്‍ നിര്‍മിക്കാന്‍ കരാര്‍ ഉണ്ടാക്കിയത് എക്‌സൈഡ് ഓഹരിയെ 20 ശതമാനത്തോളം ഉയര്‍ത്തി റെക്കോര്‍ഡ് വിലയില്‍ (383 രൂപ) എത്തിച്ചു.
ബന്ധന്‍ ബാങ്കിന്റെ സ്ഥാപക സി.ഇ.ഒ ചന്ദ്രശേഖര്‍ ഘോഷ് വിരമിക്കുന്നതായ പ്രഖ്യാപനം ഓഹരിവില 10 ശതമാനം വരെ താഴ്ത്തി.
നാലാം പാദ വരുമാന വര്‍ധന മികച്ചതാകുമെന്ന സൂചനയില്‍ ഇന്‍ഫോ എഡ്ജ് ഓഹരി ഒന്‍പതു ശതമാനം ഉയര്‍ന്നു.
യു.എസ് നേവിയുടെ കപ്പലുകള്‍ റിപ്പയര്‍ ചെയ്യാനുള്ള കരാര്‍ ലഭിച്ചതിന്റെ പേരില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ആറു ശതമാനത്തിലധികം കയറി. 1170.90 രൂപ എന്ന റെക്കോര്‍ഡും കുറിച്ചു.
സ്വര്‍ണം കയറുന്നു
തിങ്കളാഴ്ച സ്വര്‍ണം ചാഞ്ചാട്ടത്തിനു ശേഷം ചെറിയ നേട്ടത്തോടെ ഔണ്‍സിന് 2338.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നലെ 2,300-2,350 ഡോളറില്‍ സ്വര്‍ണവില ഇറങ്ങിക്കയറി. നാളെ യു.എസ് ചില്ലറവിലക്കയറ്റ കണക്കു വരുന്നതിലാണു വിപണിയുടെ ശ്രദ്ധ. വിലക്കയറ്റ നിരക്ക് പ്രതീക്ഷയിലധികം കൂടിയാല്‍ പലിശ കുറയ്ക്കല്‍ വൈകും. ഇന്നു രാവിലെ സ്വര്‍ണം 2,348 ഡോളര്‍ വരെ കയറിയിട്ടു 2345ലേക്കു താണു.
കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണം പവന് 240 രൂപകൂടി 52,520 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു.
ഡോളര്‍ സൂചിക ഇന്നലെ 104.14ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.12ലേക്കു താഴ്ന്നു.
തിങ്കളാഴ്ച ഡോളര്‍ 83.25 രൂപ വരെ താഴ്ന്നിട്ട് 83.32 രൂപയിലേക്കു കയറി ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ ഉയരുന്നു
പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വം മൂലം ക്രൂഡ് ഓയില്‍ വില ചാഞ്ചാടുന്നു. ഇന്നു രാവിലെ ക്രൂഡ് വില 90 ഡോളറിനു മുകളിലാണ്. ഈയാഴ്ച ഒപെകും അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും എണ്ണ ഡിമാന്‍ഡ് സംബന്ധിച്ച എസ്റ്റിമേറ്റ് പുറത്തുവിടുന്നത് വിപണിഗതിയെ സ്വാധീനിക്കും.
ബ്രെന്റ് ഇനം ഇന്നു രാവിലെ 90.68ലും ഡബ്‌ള്യു.ടി.ഐ ഇനം 86.69യും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 90.84 ഡോളറിലും ആണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ തിങ്കളാഴ്ചയും ഉയര്‍ന്നു. ബിറ്റ് കോയിന്‍ 71,500 ഡോളറിനു മുകളില്‍ കയറിയിട്ട് അല്‍പം താണു.

വിപണിസൂചനകള്‍
(2024 ഏപ്രില്‍ 08, തിങ്കള്‍)
സെന്‍സെക്‌സ്30 - 74,742.50 +0.67%
നിഫ്റ്റി50 - 22,666.30 +0.068%
ബാങ്ക് നിഫ്റ്റി - 48,581.70 +0.18%
മിഡ് ക്യാപ് 100 - 50,041.40 +0.04%
സ്‌മോള്‍ ക്യാപ് 100 - 16,407.05 +0.32%
ഡൗ ജോണ്‍സ് 30 - 38,892.80 -0.03%
എസ് ആന്‍ഡ് പി 500 - 5202.39 -0.04%
നാസ്ഡാക് - 16,253.96 +0.03%
ഡോളര്‍ ($)- ₹83.32 +₹0.02
ഡോളര്‍ സൂചിക- 104.14 -0.16 ഒരു
സ്വര്‍ണം (ഔണ്‍സ്) - $2338.40 +$08.20
സ്വര്‍ണം (പവന്‍) - ₹52,520 +₹240.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ - $90.38 +$00.16

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it