പണനയം വിപണിയെ നിരാശപ്പെടുത്തി
പൊതുവേ ശാന്തമായ ധനകാര്യ മേഖലയെ മുന്നിൽ കണ്ടാണ് ഇന്നലെ യുഎസ് വിപണി പ്രവർത്തിച്ചത് ഇന്നു രാവിലെ ഏഷ്യൻ വിപണികളിൽ ഈ ആശ്വാസം ആവേശമായി മാറിയിട്ടുണ്ട്. ഇന്ത്യൻ വിപണി ഈ ആവേശം സ്വീകരിക്കുമെന്നാണു പ്രതീക്ഷ. ഇന്നലെ പണനയത്തിനു ശേഷം ഉണ്ടായ വിൽപന ലാഭമെടുക്കലായി കണക്കാക്കാം എന്നും ഹ്രസ്വകാല പ്രവണത അല്ലെന്നും വിലയിരുത്തുന്നവരാണ് ഏറെ. കാലവർഷം ഒരാഴ്ച വൈകിയാണെങ്കിലും ആരംഭിച്ചതു കാർഷിക മേഖലയ്ക്കു പ്രതീക്ഷ പകരുന്നു.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴം രാത്രി ഒന്നാം സെഷനിൽ 18,720.5 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,749 ലേക്കു കയറി. ഇന്നു രാവിലെ 18,755 ലാണ്. ഇന്ത്യൻ വിപണി നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ
യൂറോപ്യൻ വിപണികൾ ഭിന്ന ദിശകളിലായിരുന്നു. ജർമൻ, ഫ്രഞ്ച് സൂചികകൾ ഉയർന്നു ക്ലോസ് ചെയ്തു. സ്റ്റോക്സ് 600 നാമമാത്രമായി താണു. യൂറോ മേഖല സാങ്കേതികമായി മാന്ദ്യത്തിലാണെന്ന റിപ്പോർട്ട് കാര്യമായ ചലനം ഉണ്ടാക്കിയില്ല. ഒക്ടോബർ - ഡിസംബറിലും ജനുവരി - മാർച്ചിലും 0.1 ശതമാനം വീതം യൂറോ സോൺ ജിഡിപി ചുരുങ്ങി. ജർമനിയുടെ ജിഡിപി കണക്കുകൾ തിരുത്തിയപ്പോൾ ആണ് ഈ മാറ്റം. ഈ അവസ്ഥ തുടരുന്നതായി വിപണി കണക്കാക്കുന്നില്ല. വിലക്കയറ്റവും വേതനവും വർധിച്ചു കാണുന്നതു മാന്ദ്യം ശക്തമല്ലെന്നു സൂചിപ്പിക്കുന്നതായാണു വ്യാഖ്യാനം.
യുഎസ് വിപണി ഇന്നലെ നേട്ടത്തിലായിരുന്നു. ഡൗ ജാേൺസ് 160 ലധികം പോയിന്റ് കയറി തുടർച്ചയായ മൂന്നാം ദിവസവും നേട്ടം ഉണ്ടാക്കി. എസ് ആൻഡ് പി 500 ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന ക്ലോസിംഗിൽ എത്തി. അടുത്ത ചാെവ്വ, ബുധൻ ദിവസങ്ങളിൽ യുഎസ് ഫെഡ് കമ്മിറ്റി യോഗം ഉണ്ട്.
ആ യോഗം പലിശ കൂട്ടുമോ എന്നാണു വിപണി ശ്രദ്ധിക്കുന്നത്. ചില്ലറ വിലക്കയറ്റം കുറഞ്ഞു വരുന്നതും തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷകൾ വർധിച്ചതും പലിശ കൂട്ടാതിരിക്കാൻ തക്ക കാരണങ്ങളായി വിപണി വിലയിരുത്തുന്നു. ഫെഡ് ഈ മാസം പലിശ കൂട്ടുകയില്ലെന്നു വാതുവയ്ക്കുന്നവർ കൂടി. സർക്കാർ കടപ്പത്രങ്ങളുടെ വില വർധിച്ചതും ഡോളർ നിരക്ക് കുറഞ്ഞതും അതിന്റെ ഫലമാണ്.
ഡൗ ജോൺസ് 168.59 പോയിന്റ് (0.50%) കയറി 33,833.61 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 26.41 പോയിന്റ് (0.62%) ഉയർന്ന് 4293.93 ലും നാസ്ഡാക് 133.63 പോയിന്റ് (1.02%) കയറി 13,238.52-ലും എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ 0.15 ശതമാനം താഴ്ന്നപ്പോൾ നാസ്ഡാക് 0.11 ശതമാനവും എസ് ആൻഡ് പി 0.12 ശതമാനവും താണു..
ഏഷ്യൻ സൂചികകൾ ഇന്നു കുതിപ്പിലാണ്. എസ് ആൻഡ് പി റിക്കാർഡ് നിലവാരത്തിൽ ക്ലോസ് ചെയ്തതും ഫെഡ് പലിശ കൂട്ടുകയില്ലെന്ന പ്രതീക്ഷയും സഹായിച്ചു. ചെെന പലിശനിരക്ക് താഴ്ത്തുമെന്ന സൂചന നൽകി അവിടത്തെ ബാങ്കുകൾ നിക്ഷേപ പലിശ കുറച്ചു തുടങ്ങി. ചെെനീസ് വിലക്കയറ്റം കുറയുമെന്നും സൂചനയുണ്ട്. ജപ്പാനിൽ നിക്കൈ സൂചിക ഇന്നു രാവിലെ 1.7 ശതമാനം വരെ കയറി. ഓസ്ട്രേലിയൻ, കാെറിയൻ വിപണികൾ നേട്ടത്തിലാണു തുടങ്ങിയത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ തുടക്കത്തിൽ ഉയർച്ചയിലായിരുന്നു. പിന്നീട് ഇടിഞ്ഞ് ഗണ്യമായ നഷ്ടത്തോടെ വിപണി വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 294.32 പോയിന്റ് (0.47%) താഴ്ന്ന് 62,848.64 ലും നിഫ്റ്റി 91.85 പോയിന്റ് (0.49%) ഇടിഞ്ഞ് 18,634.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.55 ശതമാനം താഴ്ന്ന് 34,200.4 ലും സ്മോൾ ക്യാപ് സൂചിക 0.95 ശതമാനം ഇടിഞ്ഞ് 10,455.3 ലും ക്ലോസ് ചെയ്തു.
റിയൽ എസ്റ്റേറ്റ്, ഐടി, ബാങ്കിംഗ് മേഖലകളാണു വലിയ താഴ്ചയിലായത്. പലിശനിരക്ക് ഇനിയും വർധിപ്പിച്ചെന്നു വരാം എന്ന സൂചന റിസർവ് ബാങ്ക് ഗവർണർ നൽകിയതു വിപണിക്കു ക്ഷീണമായി. എന്നാൽ പലിശ കൂട്ടാത്തതു റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ് ഓഹരികൾക്കു നല്ല വളർച്ച സാധ്യത നൽകുന്നു എന്നു കരുതുന്നവർ ഉണ്ട്.
ഇന്നലെ സൂചികകൾ താഴ്ന്നെങ്കിലും വിപണി ഇനി താഴാേട്ടു മാത്രമേ പോകൂ എന്നു കരുതാൻ സാഹചര്യം ഇല്ലെന്നു നിക്ഷേപ വിദഗ്ധർ പറയുന്നു. നിഫ്റ്റിക്കു 18,610 ലും 18,515 ലും സപ്പോർട്ട് ഉണ്ട്. 18,735 ലും 18,835 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ വാങ്ങൽ കുറച്ചു. സ്വദേശി ഫണ്ടുകൾ വിൽപനക്കാരുമായി. വിദേശികൾ ഇന്നലെ 212.4 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 405.01 കോടിയുടെ ഓഹരികൾ വിറ്റു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്ന ദിശകളിൽ നീങ്ങി. അലൂമിനിയം 1.31 ശതമാനം കയറി ടണ്ണിന് 2248.01 1 ഡോളറിൽ എത്തി. ചെമ്പ് 1.31 ശതമാനം താഴ്ന്നു ടണ്ണിന് 8242.9 ഡോളർ ആയി. നിക്കൽ അര ശതമാനം കയറി. ടിന്നും ശതമാനം സിങ്കും 0.48 ശതമാനം വീതം കുറഞ്ഞപ്പോൾ ലെഡ് 1.29 ശതമാനം ഇടിഞ്ഞു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില കാര്യമായ അൽപം കുറഞ്ഞു ബ്രെന്റ് ഇനം 75.96 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 70.97 ഡോളറിലായി. സ്വർണവില കയറി. ഡോളർ ഇടിഞ്ഞതും അമേരിക്കൻ സർക്കാർ കടപ്പത്രങ്ങൾക്കു വില കൂടിയതും സ്വർണത്തിനു നേട്ടമായി. സ്വർണം ഇന്നലെ 1941 ഡോളറിൽ നിന്ന് 1971 വരെ ഉയർന്നു. ഇന്നു രാവിലെ 1965-1967 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻവില ഇന്നലെ 320 രൂപ കുറഞ്ഞ് 44,120 രൂപയിൽ എത്തി. ഇന്നു വില കൂടിയേക്കും.
ഡോളർ ഇന്നലെ കയറിയിറങ്ങിയിട്ട് തലേ ദിവസത്തെ നിലയിൽ (82.57 രൂപ) യിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ സൂചിക ഇടിഞ്ഞ് 103.32 ആയി.
പണനയവും വിപണിയും
റീപോ നിരക്കിൽ മാറ്റം വരുത്താത്ത റിസർവ് ബാങ്ക് പണനയം വിപണി പ്രതീക്ഷിച്ചതാണെങ്കിലും നയപ്രഖ്യാപനം കഴിഞ്ഞപ്പോൾ വിപണി പ്രതികൂലമായി പ്രതികരിച്ചു. ജിഡിപി വളർച്ചയെപ്പറ്റിയുള്ള പ്രതീക്ഷയിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. വിലക്കയറ്റത്തിൽ നാമമാത്ര കുറവ് കണക്കാക്കി.
ഇതു രണ്ടാം തവണയാണു റിസർവ് ബാങ്ക് നിരക്കുമാറ്റം ഇല്ലാതെ നയം പ്രഖ്യാപിച്ചത്. ഏപ്രിലിലെ യോഗത്തിൽ സ്വീകരിച്ച നയം തന്നെയാണ് ഇത്തവണയും റിസർവ് ബാങ്ക് സ്വീകരിച്ചത്. നിരക്ക് ഉടനെ കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും വിലക്കയറ്റം വരുതിയിലാക്കൽ ആണു ലക്ഷ്യമെന്നും ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അതാണ് റിയൽറ്റി, ബാങ്ക്, എഫ്എംസിജി ഓഹരികളെ വീഴ്ത്തിയത്. അതിനർഥം വേണ്ടി വന്നാൽ നിരക്ക് ഇനിയും കൂട്ടുമെന്നാണ്. വളർച്ചയ്ക്കു വേണ്ടി വിലക്കയറ്റത്തിലുള്ള ശ്രദ്ധ കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഇടയ്ക്കു വർധന ഒഴിവാക്കിയിട്ട് വീണ്ടും നിരക്ക് വർധിപ്പിച്ച കേന്ദ്ര ബാങ്കുകൾ ഉണ്ടെന്ന് ദാസ് പറഞ്ഞതു വിപണി മുന്നറിയിപ്പായി എടുത്തു.
ഏകകണ്ഠമായാണു പണനയ കമ്മിറ്റി (എംപിസി) റീപോ നിരക്ക് മാറ്റേണ്ടെന്നു തീരുമാനിച്ചത്. അതേസമയം പണലഭ്യതയുടെ കാര്യത്തിൽ ഉദാരനയം പിൻവലിക്കാൻ തീരുമാനിച്ചതിനെ എംപിസി യിലെ അഞ്ചു പേർ അനുകൂലിച്ചു. ഒരാൾ എതിർത്തു.
ആശ്വാസ നടപടികളില്ല
ഒരു വർഷം കൊണ്ടു റീപോ നിരക്ക് നാലിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ വാണിജ്യ ബാങ്കുകൾ സർക്കാർ കടപ്പത്രം പണയമായി നൽകി ഏകദിന വായ്പ എടുക്കുമ്പാേൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയാണ് റീപോ നിരക്ക്. രാജ്യത്തെ പലിശ നിരക്കുകളുടെ താക്കോൽ നിരക്കാണു റീപോ.
റീപോ നിരക്ക് മാറ്റാത്തതിനാൽ ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി നിരക്ക് തുടങ്ങിയ മറ്റു പ്രധാന നിരക്കുകളിലും മാറ്റമില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഇതിനർഥം ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയിൽ ഉടനേ ആശ്വാസം പ്രതീക്ഷിക്കേണ്ട എന്നാണ്. താമസിയാതെ ബാങ്കുകൾ പലിശ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി. ആ പ്രതീക്ഷ അസ്ഥാനത്തായി.
വളർച്ചയും വിലക്കയറ്റവും
2023-24 ലെ ജിഡിപി വളർച്ച 6.5 ശതമാനം എന്ന നിഗമനത്തിൽ മാറ്റം വരുത്തിയില്ല. പാദം ഒന്നിൽ 8%, രണ്ടിൽ 6.5%, മൂന്നിൽ 6%, നാലിൽ 5.7% എന്നിങ്ങനെയാണു പ്രതീക്ഷ. വിലക്കയറ്റം ഉയർന്നാൽ വളർച്ചയ്ക്കു ഭീഷണിയാകും എന്നു ദാസ് മുന്നറിയിപ്പു നൽകി. കാലവർഷം മോശമാകാനുള്ള സാധ്യത ഗൗരവമായി കണക്കിലെടുത്താണ് ദാസ് സംസാരിച്ചത്.
ചില്ലറ വിലക്കയറ്റം 5.1 ശതമാനമായിരിക്കുമെന്നാണു റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. നേരത്തേ കണക്കാക്കിയിരുന്നത് 5.2 ശതമാനമാണ്. ഒന്നാം പാദത്തിൽ വിലക്കയറ്റം നേരത്തേ കരുതിയ 5.1 ൽ നിന്ന് 4.6% ആയി കുറയുമെന്ന് ബാങ്ക് കണക്കാക്കി. രണ്ടാം പാദത്തിൽ 5.4 ശതമാനം കണക്കാക്കിയത് 5.2% ആയി കുറച്ചു. പാദം മൂന്നിൽ 5.4%, നാലിൽ 5.2% എന്നിങ്ങനെയാണു വിലക്കയറ്റ നിഗമനം. ബാങ്ക് മേഖലയിലെ പണലഭ്യത ഉയർന്ന തോതിൽ തുടരുമെന്നു റിസർവ് ബാങ്ക് കണക്കാക്കുന്നു.
വിപണി സൂചനകൾ
(2023 ജൂൺ 08, വ്യാഴം)
സെൻസെക്സ് 30 62,848.64 -0.47%
നിഫ്റ്റി 50 18,634.55 -0.49%
ബാങ്ക് നിഫ്റ്റി 43,995.25 -0.63%
മിഡ് ക്യാപ് 100 34,200.40 - 0.55%
സ്മോൾക്യാപ് 100 10,455.30 -0.95%
ഡൗ ജോൺസ് 30 33,833.61 +0.50%
എസ് ആൻഡ് പി 500 4293.93 +0.62%
നാസ്ഡാക് 13,238.52 +1.02%
ഡോളർ ($) ₹82.57 0.00പൈസ
ഡോളർ സൂചിക 103.32 -0.79
സ്വർണം(ഔൺസ്) $1964.80 +$22.10
സ്വർണം(പവൻ ) ₹44,160 -₹320.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $75.96 -$0.99