ആഗോള വിപണി യുദ്ധത്തിന്റെ നിഴലിൽ; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ; സ്വർണം ഉയരുന്നു
പശ്ചിമേഷ്യയിലെ യുദ്ധം വിപണിയുടെ മേൽ കരിനിഴൽ വീഴ്ത്തുന്നു. റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടാതെ പ്രഖ്യാപിച്ച പണനയത്തിന്റെ ആവേശം വിപണിക്കു നഷ്ടമാകുമെന്നാണു സൂചന. യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനം കുതിച്ചു. താഴ്ന്നു നിന്ന സ്വർണവും ഉയർന്നു.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,770 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,655 ലേക്ക് ഇടിഞ്ഞു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ഒരു ശതമാനത്തോളം നേട്ടത്തിൽ അവസാനിച്ചു. ഫിലിപ്സ് കമ്പനിക്ക് യുഎസ് എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) യിൽ നിന്നു കടുത്ത വിമർശനമുണ്ടായത് ആ ഓഹരിയെ ഏഴുശതമാനം താഴ്ത്തി. ഇന്നു രാവിലെ യൂറോപ്യൻ ഫ്യൂച്ചേഴ്സ് വലിയ താഴ്ചയിലാണ്.
യു.എസ് വിപണി വെള്ളിയാഴ്ച മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 288.01 പോയിന്റ് (0.87%) കയറി 33,407.58 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 50.31 പോയിന്റ് (1.18%) ഉയർന്ന് 4308.5 ൽ അവസാനിച്ചു. നാസ്ഡാക് 211.51 പോയിന്റ് (1.60%) കയറി 13,431.34ലും ക്ലോസ് ചെയ്തു.
സെപ്റ്റംബറിൽ യു.എസ് കാർഷികേതര താെഴിലുകളിലെ വർധന 3.36 ലക്ഷം ആയി. 1.7 ലക്ഷമാണു പ്രതീക്ഷിച്ചത്. 6 വേതനത്തിൽ 4.2 ശതമാനം വർധന ഉണ്ടായി. പ്രതീക്ഷിച്ചത് 4.3 ശതമാനം. തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനം മാത്രം. ഈ കണക്ക് പലിശ വർധനയ്ക്കു പ്രേരകമാകും എന്ന ആശങ്ക വിപണി മാറ്റിവച്ചു. പകരം വിപണി കയറി.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് യു.എസ് ഫ്യൂച്ചേഴ്സ് കുത്തനേ താണു. ഞായറാഴ്ച നടന്ന അനൗപചാരിക വ്യാപാരത്തിൽ ഡൗ 207 പോയിന്റ് (0.61%) ഇടിഞ്ഞു. മറ്റു പ്രമുഖ സൂചികകളും ഇതേ തോതിൽ ഇടിഞ്ഞു.
യു.എസ് 10 വർഷ കടപ്പത്രങ്ങൾ വെള്ളിയാഴ്ച 4.795 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിലയിലേക്കു താണു. ഇന്നു യുഎസ് കടപ്പത്ര വിപണി അവധിയിലാണ്.
വെള്ളിയാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്ത ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ 0.25 ശതമാനം താണു. ഓസ്ട്രേലിയൻ, കൊറിയൻ വിപണികൾ ഉയർന്നു.
ഒരാഴ്ചത്തെ അവധിക്കു ശേഷം ചെെനീസ് വിപണി ഇന്നു വ്യാപാരം തുടങ്ങിയത് ഒരു ശതമാനം ഇടിവിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ചയും നല്ല നേട്ടം ഉണ്ടാക്കി. പലിശ നിരക്കിൽ മാറ്റം വരുത്താത്ത റിസർവ് ബാങ്ക് ബുള്ളുകളെ തുണച്ചു. സെൻസെക്സ് 66,096 വരെയും നിഫ്റ്റി 19,676 വരെയും കയറിയിരുന്നു. സെൻസെക്സ് 364.06 പോയിന്റ് (0.55%) ഉയർന്ന് 65,995.63 ൽ അവസാനിച്ചു. നിഫ്റ്റി 107.75 പോയിന്റ് (0.55%) കയറി 19,663.5 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 147.25 പോയിന്റ് (0.33%) നേട്ടത്താേടെ 44,360.6 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.63 ശതമാനം ഉയർന്നു 40,284.7 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.8 ശതമാനം കയറി 12,837.1 ൽ അവസാനിച്ചു.
വിദേശ നിക്ഷേപകർ 90.29 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 783.25 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
മീഡിയ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായി. 3.06 ശതമാനം ഉയർന്ന റിയൽറ്റി നേട്ടത്തിനു മുന്നിൽ നിന്നു.
കഴിഞ്ഞവാരം മാെത്തം എടുത്താൽ മുഖ്യസൂചികകൾ 0.2 ശതമാനം മാത്രമേ കയറിയുള്ളൂ. റിയൽറ്റിയും ഐടിയുമാണ് നല്ല നേട്ടം ഉണ്ടാക്കിയ മേഖലകൾ.
ഇന്നു നിഫ്റ്റിക്ക് 19,605 ലും 19,550 ലും പിന്തുണ ഉണ്ട്. 19,675 ഉം 19,730 ഉം തടസങ്ങളാകും.
ടിൻ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്നു. അലൂമിനിയം 0.36 ശതമാനം കയറി ടണ്ണിന് 2242.95 ഡോളറിലായി. ചെമ്പ് 0.95 ശതമാനം ഉയർന്നു ടണ്ണിന് 7886.75 ഡോളറിലെത്തി. ടിൻ 0.27 ശതമാനം താണു. സിങ്ക് 0.92 ശതമാനവും നിക്കൽ 0.21 ശതമാനവും ലെഡ് 3.08 ശതമാനവും കയറി.
ക്രൂഡ് ഓയിലും സ്വർണവും
വെള്ളിയാഴ്ച താഴ്ന്നു ക്ലോസ് ചെയ്ത എണ്ണവിപണി ഇന്നു വീണ്ടും കുതിച്ചു കയറി. ബ്രെന്റ് ഇനം ക്രൂഡ് 84.58 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.79 ഡോളറിലും വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ബ്രെന്റ് കഴിഞ്ഞയാഴ്ച 11 ശതമാനമാണ് ഇടിഞ്ഞത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് അഞ്ചു ശതമാനത്തിലധികം കയറി. രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 88.8 ഡോളറിലും ഡബ്ള്യുടിഐ ഇനം 87 ഡോളറിലും എത്തി.
താഴ്ന്നു നിന്ന സ്വർണവില യു.എസ് തൊഴിൽ കണക്ക് വന്നതാേടെ ഉയർന്ന് ഔൺസിന് 1834.1 ഡോളറിൽ ക്ലോസ് ചെയ്തു. യുദ്ധത്തെ തുടർന്ന് ഇന്നു രാവിലെ 1851 ഡോളറിലേക്കു കയറി.
കേരളത്തിൽ വെള്ളിയാഴ്ച പവൻവില 80 രൂപ കൂടി 42,000 രൂപയിൽ എത്തി. ശനിയാഴ്ച രണ്ടു തവണയായി 520 രൂപ ഉയർന്ന് 42,520 രൂപയായി. ഇന്നു വില വീണ്ടും ഗണ്യമായി കൂടും എന്നാണു സൂചന.
ഡോളർ വെള്ളിയാഴ്ച മാറ്റമില്ലാതെ 83.25 രൂപയിൽ ക്ലോസ് ചെയ്തു. പണനയം രൂപയെ സഹായിക്കുന്നതാണെന്ന നിഗമനം വിപണിക്കുണ്ട്.
ഡോളർ സൂചിക താഴ്ന്ന് 106.04 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.29 ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ കയറി. ബിറ്റ്കോയിൻ 27,900 നു സമീപമാണ്.
പണനയത്തിൽ പറഞ്ഞതും പറയാത്തതും
വെള്ളിയാഴ്ച പ്രഖ്യാപിച്ച പണനയം പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. ഇതിനർഥം ബാങ്കുകൾ ഈടാക്കുന്നതോ നൽകുന്നതോ ആയ പലിശയിൽ മാറ്റം വരികയില്ല എന്നല്ല. വിപണിയിലെ പണ ലഭ്യത കൂടുകയാേ കുറയുകയാേ ചെയ്യുന്നതനുസരിച്ച് ബാങ്കുകൾ നിരക്കു മാറ്റാം. റിസർവ് ബാങ്ക് വരുത്തിയ മാറ്റം അത്രയും ഇടപാടുകാരിലേക്കു സംക്രമിപ്പിക്കാൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ചയും ആവശ്യപ്പെട്ടിരുന്നു.
ബാങ്കുകളുടെ പണലഭ്യത ക്രമീകരിക്കാൻ ഒ.എം.ഒ (ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ) നടത്താനുള്ള തീരുമാനം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഇത് സർക്കാർ കടപ്പത്രങ്ങൾ ലേലം ചെയ്തു വിൽക്കുന്ന രീതിയാണ്. ഇതിലൂടെ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കൂട്ടാൻ സാധിക്കും. കടപ്പത്ര വില കുറഞ്ഞ് നിക്ഷേപനേട്ടം കൂടുന്നതു രൂപയെ സഹായിക്കും. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം കൂടിയത് വിദേശ നിക്ഷേപകർ പണം പിൻവലിക്കാൻ സാഹചര്യം ഉണ്ടാക്കി. അതു മാറ്റാൻ ഇന്ത്യൻ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം കൂട്ടുന്നതു സഹായിക്കും എന്നാണു പ്രതീക്ഷ.
രാജ്യത്ത് വിലക്കയറ്റ പ്രതീക്ഷ കുറഞ്ഞു വരുന്നതായി റിസർവ് ബാങ്ക് സർവേയിൽ കണ്ടു. നേരത്തേ 10 ശതമാനത്തിലധികം വിലക്കയറ്റം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒറ്റയക്ക കയറ്റമാണു പ്രതീക്ഷ.
ഈ ധനകാര്യ വർഷത്തെ ചില്ലറ വിലക്കയറ്റ പ്രതീക്ഷ 5.4 ശതമാനം നിലനിർത്തി. എന്നാൽ ഒക്ടോബർ - ഡിസംബറിലെ ചില്ലറ വിലക്കയറ്റ പ്രതീക്ഷ 5.2 - ൽ നിന്ന് 5.4 ശതമാനമാക്കി. ഇക്കൊല്ലം ജി.ഡി.പി വളർച്ച 6.5 ശതമാനം എന്ന നിഗമനവും നിലനിർത്തി.
കമ്പനികൾ, വാർത്തകൾ
രണ്ടാം പാദ കമ്പനി റിസൽട്ടുകളുടെ തുടക്കം ഈയാഴ്ച ഉണ്ടാകും. ബുധനാഴ്ച ടി.സി.എസും വ്യാഴാഴ്ച ഇൻഫോസിസും എച്ച്.സി.എല്ലും റിസൽട്ട് പ്രസിദ്ധീകരിക്കും.
കമ്പനികളുടെ രണ്ടാം പാദ വരുമാനവും അറ്റാദായവും ഒന്നാം പാദത്തിലേതിലും കുറഞ്ഞ വർധനയേ കാണിക്കൂ എന്നാണു പ്രമുഖ ബ്രോക്കറേജുകളുടെ വിലയിരുത്തൽ.
ബുധനാഴ്ച ടിസിഎസ് ബോർഡ് കമ്പനിയുടെ ഓഹരികൾ തിരിച്ചു വാങ്ങുന്നതിന്റെ വ്യവസ്ഥകൾ തീരുമാനിക്കും. 2022-ൽ 18,000 കോടി രൂപയ്ക്ക് നാലുകോടി ഓഹരികൾ കമ്പനി തിരിച്ചു വാങ്ങിയിരുന്നു. 2017 നു ശേഷം നാലു തവണ കമ്പനി ഓഹരികൾ തിരിച്ചു വാങ്ങി.
ബുധനാഴ്ച ഇന്ത്യയിലും യു.എസിലും ചില്ലറ വിലക്കയറ്റ കണക്കുകൾ പുറത്തു വരും. രണ്ടും നിർണായകമാണ്. ഒക്ടോബർ 31 - നവംബർ ഒന്ന് തീയതികളിൽ നടക്കുന്ന യു.എസ് ഫെഡ് യോഗം എടുക്കുന്ന പലിശ തീരുമാനത്തെ യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് സ്വാധീനിക്കും.
യുദ്ധവും വിപണിയും
യുദ്ധഗതി ആകും വിപണിയെ ഈ ദിവസങ്ങളിൽ നയിക്കുക. യുദ്ധം ഇസ്രയേലും ഹമാസും തമ്മിൽ മാത്രമായി തുടരുമോ, മറ്റു രാജ്യങ്ങളിലേക്കു പടരുമോ എന്നതാണ് വലിയ ചോദ്യം. യുഎസ് പൗരന്മാരെയും ഹമാസ് ബന്ദികളാക്കിയതു സാഹചര്യം വഷളാക്കുന്നു. ഇറാനും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല സേനയും ഹമാസിനെ പിന്തുണച്ചു. ഇന്ത്യ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇന്ത്യ- പശ്ചിമേഷ്യ -യൂറോപ്പ് വ്യാപാര ഇടനാഴി അനിശ്ചിതമായി വെെകാൻ യുദ്ധം കാരണമാകും. ആ ഇടനാഴിയിൽ പ്രതീക്ഷ വച്ച് ഉയർന്ന ഓഹരികൾക്കും ക്ഷീണമാകും. പ്രതിരോധ മേഖലയിലെ ഇന്ത്യ- ഇസ്രയേൽ സഹകരണത്തിനു തടസമില്ലെങ്കിലും യുദ്ധ സാഹചര്യം അവിടെ നിന്നു ഘടകവസ്തുക്കളും മറ്റും കിട്ടുന്നതിനു തടസമാകും
വിപണി സൂചനകൾ
(2023 ഒക്ടോബർ 6, വെള്ളി)
സെൻസെക്സ് 30 65,995.63 +0.55%
നിഫ്റ്റി 50 19,663.50 +0.55%
ബാങ്ക് നിഫ്റ്റി 43,360.60 +0.33%
മിഡ് ക്യാപ് 100 40,284.70 +00.60%
സ്മോൾ ക്യാപ് 100 12,837.10 +0.80%
ഡൗ ജോൺസ് 30 33,407.58 +0.87%
എസ് ആൻഡ് പി 500 4308.50 +1.18%
നാസ്ഡാക് 13,431.34 +1.60%
ഡോളർ ($) ₹83.25 +₹0.00
ഡോളർ സൂചിക 106.04 -00.29
സ്വർണം(ഔൺസ്) $1834.10 +$12.90
സ്വർണം(പവൻ) ₹42,520 +₹600.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.58 +$0.40