ആവേശം കുറഞ്ഞ തുടക്കത്തിനു വിപണി; നാലാം പാദ ഫലങ്ങൾ നിർണായകം; വിലക്കയറ്റം പരിധിക്കു പുറത്തു തുടരും; സ്വർണം താഴ്ചയിൽ
പലിശനിരക്കു വർധിപ്പിക്കാത്ത പണനയം അപ്രതീക്ഷിതമായെങ്കിലും വിപണി അതിൽ അമിതാവേശം പ്രകടിപ്പിച്ചു കണ്ടില്ല. താമസിയാതെ വീണ്ടും നിരക്ക് വർധിക്കുമെന്ന ധാരണയാണു വിപണിക്കുള്ളത്. കമ്പനികളുടെ നാലാം പാദഫലങ്ങളും ബുധനാഴ്ച വരുന്ന ചില്ലറ വിലക്കയറ്റ കണക്കുമാണ് വിപണിയെ കൂടുതൽ സ്വാധീനിക്കുന്ന കാര്യങ്ങൾ.
ബാങ്ക്, ധനകാര്യ കമ്പനി റിസൽട്ടുകൾ മികച്ചതാകുമെന്നു പരക്കെ ധാരണയുണ്ട്. സൂചികകളുടെ കയറ്റം ഈ ഓഹരികളെ ആശ്രയിച്ചാകും എന്നു സംസാരമുണ്ട്. എന്തായാലും ഇന്നു വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു വിദേശ വിപണികൾ നൽകുന്ന സൂചന.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് , വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി കഴിഞ്ഞ ആഴ്ച 17,725.5 വരെ ഉയർന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,690 ലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്ന് കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
വിപണികൾ
യൂറോപ്യൻ വിപണികൾ കഴിഞ്ഞ ആഴ്ച നേട്ടത്താേടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് വിപണിയിൽ ഡൗ ജോൺസ് നേരിയ നേട്ടത്തിലും മറ്റു സൂചികകൾ ചെറിയ കയറ്റത്തിലും വ്യാപാരം അവസാനിപ്പിച്ചു. പ്രതിവാര കണക്കെടുത്താൽ ഡൗ ജോൺസ് 0.6 ശതമാനം ഉയർന്നു. എന്നാൽ എസ് ആൻഡ് പി 0.1 ശതമാനവും നാസ്ഡാക് 1.1 ശതമാനവും താഴ്ന്നു. മാർച്ചിൽ കാർഷികേതര തൊഴിലുകളിൽ മോശമല്ലാത്ത വളർച്ച ഉണ്ടായതായി വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ കാണിച്ചു. ഫെബ്രുവരിയിലെ കണക്ക് ഉയർത്തുകയും ചെയ്തു.
ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗവും എസ് ആൻഡ് പി യും 0.2 ശതമാനം വീതം ഉയർന്നു. നാസ്ഡാക് 0.25 ശതമാനം താഴ്ന്നു.
ജപ്പാനിൽ നിക്കെെ അര ശതമാനം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നേട്ടം കുറഞ്ഞു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ ചെറിയ ഉയർച്ചയിലാണ്. ചെെനീസ് വിപണി തുടക്കം മുതൽ താഴ്ചയിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച ചെറിയ ചാഞ്ചാട്ടത്തോടെ ഉയർന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 143.66 പോയിന്റ് (0.24%) നേട്ടത്തിൽ 59,832. 97ലും നിഫ്റ്റി 42.1 പോയിന്റ് (0.24%) കയറി 17,599.15 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.64 ശതമാനം ഉയർന്നപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.78 ശതമാനം കയറിയാണ് വ്യാപാരം അവസാനിച്ചത്. റിയൽറ്റി, വാഹന, മെറ്റൽ, ഹെൽത്ത് കെയർ, ഫാർമ, ധനകാര്യ സേവന, ഓയിൽ ഗ്യാസ് മേഖലകൾ നല്ല നേട്ടമുണ്ടാക്കി. ഐടിയും എഫ്എംസിജിയും കൺസ്യൂമർ ഡ്യുറബിൾസും താഴ്ന്നു.
വിപണി ചെറിയ ബുള്ളിഷ് പ്രവണത കാണിക്കുന്നുണ്ട്. 17,600 ഒരു പ്രധാന തടസമേഖലയാണ്. നിഫ്റ്റി 17,600 നു മുകളിൽ ആയാൽ 17,850 വരെ കുതിപ്പ് തുടരുമെന്നു വിശകലനവിദഗ്ധർ പറയുന്നു. എന്നാൽ ഈ നിലയിൽ നിന്നു താഴ്ന്നാൽ കുറേ ദിവസം പാർശ്വ നീക്കം പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് 17,525 ലും 17,445 ലും സപ്പോർട്ട് ഉണ്ട്. 17,635 ലും 17,715 ലും തടസങ്ങൾ ഉണ്ടാകാം.
വ്യാഴാഴ്ച വിദേശനിക്ഷേപകർ വാങ്ങലുകാരായപ്പോൾ സ്വദേശി ഫണ്ടുകൾ വിൽപനക്കാരായി. വിദേശികൾ 475.81 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശികൾ 997.08 കോടിയുടെ ഓഹരികൾ വിറ്റു.
ക്രൂഡ് ഓയിലും സ്വർണവും
കഴിഞ്ഞയാഴ്ച കുതിച്ചു കയറിയ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടർന്നു. ബ്രെന്റ് ഇനം ക്രൂഡ് 85.23 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 84.95ലേക്കു താഴ്ന്നിട്ട് 85.17 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ വാരാന്ത്യമായപ്പാേൾ അൽപം ഉയർന്നു. ചെമ്പ് 0.68 ശതമാനം ഉയർന്ന് 8836 ഡോളറിലായി. അലൂമിനിയം 2336 ഡോളറിലെത്തി. നിക്കലും സിങ്കും താഴ്ന്നപ്പോൾ ലെഡും ടിനും ഉയർന്നു. ഇരുമ്പയിര് വില 120 ഡോളറിനു താഴെ തുടരുന്നു.
സ്വർണവില ഇടിഞ്ഞു. ലാഭമെടുക്കലുകാരുടെ വിൽപനയും ഡോളർ കരുത്താർജിച്ചതുമാണു കാരണം. ഔൺസിന് 2008 ഡോളറിൽ വാരാന്ത്യത്തിലേക്കു പ്രവേശിച്ച സ്വർണം ഇന്നു വീണ്ടും താണു. രാവിലെ 1994 ഡോളർ വരെ ഇടിഞ്ഞ ശേഷം 1997-1999 ഡോളറിൽ വ്യാപാരം നടക്കുന്നു.
കേരളത്തിൽ പവൻ വില വെള്ളിയാഴ്ച 280 രൂപ കുറഞ്ഞ് 44,720 രൂപയിലെത്തി. പിറ്റേന്ന് 44,640 രൂപയിലേക്കു താഴ്ന്നു. ഇന്നു വീണ്ടും താഴാം. ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ താണെങ്കിലും ഇന്നു വീണ്ടും കയറി. ബിറ്റ് കോയിൻ 28,500 ഡോളറിലെത്തി.ഡോളർ വ്യാഴാഴ്ച 14 പെെസ നഷ്ടത്തിൽ 81.86 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക കഴിഞ്ഞയാഴ്ച അൽപം ഉയർന്ന് 102.09 എന്ന നിലയിൽ അവസാനിച്ചു. ഇന്നു രാവിലെ 102.2 ലാണ് സൂചിക.
പുതിയ ആഴ്ച, പുതിയ വിഷയങ്ങൾ
നാലു ദിവസം മാത്രം വ്യാപാരമുള്ള മറ്റൊരു ആഴ്ചയാണ് ഇന്നു തുടങ്ങുന്നത്. അംബേദ്‌കർ ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ച വിപണി അവധിയിലാണ്. മാർച്ചിലെ ചില്ലറ വിലക്കയറ്റം, ഫെബ്രുവരിയിലെ വ്യവസായ ഉത്പാദനം എന്നിവയുടെ കണക്കുകൾ ബുധനാഴ്‌ച പുറത്തു വരും. കേന്ദ്ര ബാങ്കുകളുടെ പണനയം നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ് ചില്ലറ വിലക്കയറ്റം. ജനുവരിയിൽ 6.52 ശതമാനം, ഫെബ്രുവരിയിൽ 6.44 ശതമാനം എന്നിങ്ങനെയായിരുന്നു വിലക്കയറ്റം.
ജനുവരി - മാർച്ച് ത്രൈമാസത്തിൽ 5.6 ശതമാനം ചില്ലറ വിലക്കയറ്റമാണു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. അതു ശരിയാകണമെങ്കിൽ മാർച്ചിലെ വിലക്കയറ്റം 3.84 ശതമാനമായി കുറയണം. അചിന്ത്യമാണ് അത്. മാർച്ചിൽ വിലക്കയറ്റം ആറു ശതമാനത്തിനു താഴെ ആകാൻ സാധ്യത ഉണ്ടെങ്കിലും അതു ഗണ്യമായ കുറവായിരിക്കില്ല. നാലുശതമാനം ചില്ലറ വിലക്കയറ്റം ലക്ഷ്യമിട്ടു നീങ്ങുന്ന റിസർവ് ബാങ്കിന് ആശ്വസിക്കാൻ വക നൽകുന്നതല്ല ഈ കണക്ക്. ഏപ്രിലിൽ വിലക്കയറ്റ നിരക്ക് വർധിക്കാനാണു സാധ്യത.
യുഎസിലെ ചില്ലറ വിലക്കയറ്റ കണക്കും ബുധനാഴ്ചയാണു വരിക. രണ്ടു ശതമാനം ലക്ഷ്യമിട്ടിട്ടുള്ള അവിടെ 5.1 ശതമാനമാണു പ്രതീക്ഷിക്കുന്ന വിലക്കയറ്റം. ഭക്ഷ്യ - ഇന്ധന വിലകൾ മാറ്റി നിർത്തിയുള്ള കാതൽ വിലക്കയറ്റം 5.6 ശതമാനമായിരിക്കുമെന്നാണു നിഗമനം. യുഎസ് ഫെഡിനു പലിശ നിരക്ക് കുറയ്ക്കാൻ അനുകൂലമായ കണക്കല്ല പുറത്തു വരിക എന്നു ചുരുക്കം.
ഐടി കമ്പനികളുടെ റിസൽട്ടുകൾ ഈയാഴ്ച വരുന്നതാേടെ നാലാം പാദ റിസൽട്ടുകളുടെ തുടക്കമാകും. ബുധനാഴ്ച ടിസിഎസും വ്യാഴാഴ്ച ഇൻഫോസിസും റിസൽട്ട് പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൽട്ട് വരും.
സിഎൻജിയുടെയും പിഎൻജിയുടെയും വില ഗണ്യമായി താഴ്ത്തിക്കൊണ്ട് കേന്ദ്രം പ്രകൃതി വാതക വില നയം പരിഷ്കരിച്ചു. വാതക ഉൽപാദകർക്കും നഗരങ്ങളിലെ വിതരണ കമ്പനികൾക്കും ലാഭം കുറയ്ക്കുന്നതാണു നയം. അതിന്റെ പ്രതിഫലനം വിപണിയിൽ ഉണ്ടാകും.
വിപണി സൂചനകൾ
(2023 ഏപ്രിൽ 06, വ്യാഴം)
സെൻസെക്സ് 30 59,832.31 +0.24%
നിഫ്റ്റി 50 17,599.15 +0.24%
ബാങ്ക് നിഫ്റ്റി 41,041.00 +0.10%
മിഡ് ക്യാപ് 100 30,353.80 +0.64%
സ്മോൾ ക്യാപ് 100 9198.35 +0.78%
ഡൗ ജോൺസ് 30 33,485.30 +0.01%
എസ് ആൻഡ് പി 500 4105.02 +0.36%
നാസ്ഡാക് 12,088.00 +0.76%
ഡോളർ ($) ₹81.86 -14 പൈസ
ഡോളർ സൂചിക 102.09 +0.21
സ്വർണം(ഔൺസ്) $2008.00 -$12.30
സ്വർണം(പവൻ) ₹44,640 - ₹ 36
ക്രൂഡ്(ബ്രെന്റ്)ഓയിൽ $85.13 +$0.14