റെക്കോഡ് കുതിപ്പ് തുടരുമെന്ന മോഹത്തിൽ വിപണി; യു.എസ് വിലക്കയറ്റ കണക്കിൽ കണ്ണുനട്ട് വിദേശ വിപണികൾ; ഹിന്ദുജ ഗ്രൂപ്പ് മ്യൂച്ചൽ ഫണ്ട് രംഗത്തേക്ക്


ഇന്ത്യൻ വിപണി ഇന്നലെ റെക്കോഡ് കുറിച്ച ശേഷം നേരിയ നഷ്ടത്തിൽ അവസാനിച്ചു. എങ്കിലും വിപണി മുന്നേറ്റം തുടരുമെന്ന വിലയിരുത്തലിലാണു നിക്ഷേപ വിദഗ്ധർ. കൂടുതൽ പണത്തെ വിപണിയിലേക്ക് ആകർഷിക്കുന്നതാണു റെക്കോഡുകൾ എന്ന് പലരും കരുതുന്നു.

ഇന്നലെ പാശ്ചാത്യ വിപണികളും ഇന്നു രാവിലെ ഏഷ്യൻ വിപണികളും ഇന്നു രാത്രി വരുന്ന യു.എസ് ചില്ലറവിലക്കയറ്റ കണക്കിലേക്കാണ് ഉറ്റു നോക്കുന്നത്. കഴിഞ്ഞ ഫെഡ് യോഗത്തിൻ്റെ മിനിറ്റ്സും ഇന്നു പുറത്തുവരും. പലിശ കുറയ്ക്കൽ എന്നാരംഭിക്കും എന്ന സൂചനയാണ് ഇവയിലെല്ലാം വിപണികൾ തേടുന്നത്. ഈദ് ഉൽ ഫിതർ പ്രമാണിച്ച് ഇന്ത്യൻ വിപണി നാളെ അവധിയാണ്.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,834ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,815ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച താഴ്ന്നു. ഇന്നു രാത്രി വരുന്ന യു.എസ് ചില്ലറവിലക്കയറ്റ കണക്ക് എന്താകും എന്ന ആശങ്കയാണു വിപണിയെ നയിക്കുന്നത്. വിലക്കയറ്റം പ്രതീക്ഷയിലധികം വർധിച്ചാൽ യുഎസിൽ മാത്രമല്ല യൂറോപ്പിലും പലിശനിരക്ക് കുറയ്ക്കൽ വൈകും. അതാണ് ആശങ്കയ്ക്കു കാരണം. യൂറോപ്യൻ കേന്ദ്ര ബാങ്കിൻ്റെ പണനയ പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകും. ജൂൺ ആദ്യം യൂറോപ്പിൽ പലിശ കുറച്ചു തുടങ്ങും എന്ന പ്രതീക്ഷ തിരുത്തേണ്ടി വരുമോ എന്നു ചിലരെങ്കിലും ഭയപ്പെടുന്നുണ്ട്.

യു.എസ് വിപണി ചൊവ്വാഴ്ച ഉയർന്നു തുടങ്ങിയിട്ടു കുത്തനേ താഴുകയും ഒടുവിൽ ഫ്ലാറ്റ് ലെവലിനടുത്ത് അവസാനിക്കുകയും ചെയ്തു. വിലക്കയറ്റ കണക്കിനെപ്പറ്റിയുള്ള ആശങ്കകളാണു പ്രധാനം. പത്തു വർഷ യു.എസ് കടപ്പത്രവില അൽപം ഉയർന്ന് നിക്ഷേപനേട്ടം 4.36 ശതമാനമാകുന്ന നിലയിൽ എത്തി.

ഡൗ ജോൺസ് സൂചിക 9.13 പോയിൻ്റ് (0.02%) താഴ്ന്ന് 38,883.67ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 7.52 പോയിൻ്റ് (0.14%) കയറി 5209. 91ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 52.68 പോയിൻ്റ് (0.32%) ഉയർന്ന് 16,306.64ൽ ക്ലോസ് ചെയ്തു. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.07ഉം എസ് ആൻഡ് പി 0.05ഉം നാസ്ഡാക് 0.08ഉം ശതമാനം കയറി നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു നഷ്ടത്തിലാണ്. ജപ്പാനിൽ മാർച്ചിലെ മൊത്തവിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായി. തുടർച്ചയായ മൂന്നാം മാസവും വില വർധിച്ചു.

ഇന്ത്യൻ വിപണി

ചൊവ്വാഴ്ച ഇന്ത്യൻ വിപണി റെക്കോർഡ് ഉയരത്തിൽ ആരംഭിച്ചിട്ടു നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തി ക്ലാേസ് ചെയ്തു. ഉയർന്ന നിലവാരത്തിൽ വിറ്റു ലാഭമെടുക്കാനുള്ള തിടുക്കവും റിലയൻസ് ഓഹരിയുടെ ഇടിവുമാണു വിപണിയെ താഴ്ത്തിയത്. സെൻസെക്സ് 75,124 വരെയും നിഫ്റ്റി 22,768 വരെയും കയറി റെക്കോർഡ് സ്ഥാപിച്ചു.

പത്തു വർഷം മുൻപ് 2014 മേയിൽ എൻ.ഡി.എ ഭൂരിപക്ഷം നേടിയ ദിവസമാണ് സെൻസെക്സ് 25,000 പോയിൻ്റ് കടന്നത്. 2021 ജനുവരി 21 ന് 50,000 കടന്നു. പിന്നീട് 796 വ്യാപാര ദിനങ്ങൾ കൊണ്ട് 75,000ൽ എത്തി. പത്തു വർഷം ശരാശരി 12 ശതമാനം കൂട്ടുപലിശ ക്രമത്തിൽ സെൻസെക്സ് വളർന്നു. സ്വർണമടക്കം മറ്റൊരു നിക്ഷേപ മേഖലയും ഇത്ര മികച്ച നേട്ടം നൽകിയിട്ടില്ല. ഇന്ത്യയുടെ ഉയർന്ന ജി.ഡി.പി വളർച്ച സെൻസെക്സിൽ ഇനിയും സമാനമായ കുതിപ്പിനു വഴി തെളിക്കുമെന്നാണു ബ്രോക്കറേജുകൾ പറയുന്നത്.

സെൻസെക്സ് ഇന്നലെ 58.80 പോയിന്റ് (0.08%) താഴ്ന്ന് 74,683.70ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 23.55 പോയിന്റ് (0.10%) കുറഞ്ഞ് 22,642.75ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 148.85 പോയിന്റ് (0.31%) കയറി 48,730.55ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.29 ശതമാനം താഴ്ന്ന് 49,894.70ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.27 ശതമാനം കയറി 16,451.90ൽ വ്യാപാരം അവസാനിപ്പിച്ചു. 11 വ്യാപാര ദിനങ്ങൾ തുടർച്ചയായി ഉയർന്ന നിഫ്റ്റി മിഡ് ക്യാപ് 100 സൂചിക ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 593.20 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2257.18 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഇന്നലെ ഉച്ചയ്ക്കു ശേഷം വിൽപനസമ്മർദത്തിൽ മുഖ്യസൂചികകൾ നഷ്ടത്തിലായെങ്കിലും വിപണി ബുള്ളിഷ് മനാേഭാവം കൈവിട്ടിട്ടില്ല എന്നാണു വിലയിരുത്തൽ. 22,750- 22,800 നിഫ്റ്റിയുടെ പ്രാരംഭ തടസമേഖലയാകും എന്നാണു നിക്ഷേപ വിദഗ്ധർ കണക്കാക്കുന്നത്. നിഫ്റ്റിക്ക് ഇന്ന് 22,615ലും 22,520ലും പിന്തുണ ഉണ്ട്. 22,660ലും 22,775ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

പേയ്ടിഎം പേമെൻ്റ്സ് ബാങ്ക് സിഇഒയും എംഡിയുമായ സുരീന്ദർ ചവ്‌ല രാജിവച്ചു. പേമെൻ്റ്സ് ബാങ്ക് ഇപ്പോൾ പ്രവർത്തനം ഇല്ലാത്ത അവസ്ഥയിലാണ്. മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിൽ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഓഹരി പങ്കാളിത്തം രണ്ടു ശതമാനം വർധിപ്പിച്ച് 20.64 ശതമാനമാക്കി. മ്യൂച്വൽ ഫണ്ടുകൾ പങ്കാളിത്തം 1.16 ശതമാനം കൂട്ടി 6.15 ശതമാനമാക്കി. പ്രത്യക്ഷ വിദേശ നിക്ഷേപം 45.08ൽ നിന്ന് 39.77 ശതമാനമായി കുറച്ചു.

ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് ബിസിനസിലേക്കു പ്രവേശിക്കുന്നു. ഇതിനായി ഇൻവെസ്കോ ഇന്ത്യയുടെ ഇൻവെസ്കോ അസറ്റ് മാനേജ്മെൻ്റ് ഇന്ത്യയുടെ 60 ശതമാനം ഓഹരി വാങ്ങി. വില വെളിപ്പെടുത്തിയിട്ടില്ല. 40 നഗരങ്ങളിൽ ഓഫീസ് ഉള്ള ഇൻവെസ്കോ ഇന്ത്യ 854 കോടി രൂപയുടെ ആസ്തികൾ കൈകാര്യം ചെയ്യുന്നു. ഹിന്ദുജ ഗ്രൂപ്പ് ഈയിടെ റിലയൻസ് കാപ്പിറ്റലിനെ പാപ്പർ ലേലത്തിൽ സ്വന്തമാക്കിയിരുന്നു.

സ്വർണം കയറ്റം തുടരുന്നു

സ്വർണം കയറ്റം തുടരുകയാണ്. സ്വർണ ഇ.ടി.എഫുകളിലെ വിൽപന കഴിഞ്ഞ മാസം കുറഞ്ഞതായ വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് സ്വർണ ബുള്ളുകൾക്ക് ആവേശമായി. ഏഷ്യയിൽ സ്വർണ ഇ.ടി.എഫിൽ നിക്ഷേപം വർധിക്കുകയാണ്. യൂറോപ്പിലാണ് വിൽപന. ഏതായാലും സ്വർണത്തിൻ്റെ ജൂൺ അവധിവില ഇന്നലെ ഔൺസിന് 2385 ഡോളർ വരെ കയറി. സ്പോട്ട് വില 2365 ഡോളർ എത്തിയ ശേഷം 2353.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2348 ഡോളറിലേക്കു സ്വർണം താഴ്ന്നു.

ഇന്നു രാത്രി വരുന്ന യുഎസ് വിലക്കയറ്റ കണക്ക് പ്രതീക്ഷയിലും കൂടുതലായാൽ സ്വർണം ഇടിയുമെന്നും കുറവായാൽ 2400 ഡോളർ കടക്കുമെന്നുമാണു പ്രവചനം. കേരളത്തിൽ ചാെവ്വാഴ്ച സ്വർണം പവന് രണ്ടു തവണയായി 280 രൂപകൂടി 52,800 രൂപ എന്ന റെക്കോർഡിൽ എത്തി.

ഡോളർ സൂചിക ഇന്നലെ 104.15 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.10 ലേക്കു താഴ്ന്നു. ചാെവ്വാഴ്ച വിദേശനാണ്യ വ്യാപാരം ഇല്ലായിരുന്നു.

ക്രൂഡ് ഓയിൽ താഴുന്നു

പശ്ചിമേഷ്യൻ സമാധാന ചർച്ചകളിലെ അനിശ്ചിതത്വം തുടരുകയാണെങ്കിലും യു.എസ് എണ്ണശേഖരത്തിൽ വലിയ വർധന ഉണ്ടായതു ക്രൂഡ് ഓയിൽ വില താഴ്ത്തി. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 89.42 ലും ഡബ്ള്യു.ടി.ഐ ഇനം 85.27 ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 89.47 ഡോളറിലും ആണ്.

ക്രിപ്റ്റോകറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 69,100 ഡോളറിനു താഴെ എത്തി.


വിപണിസൂചനകൾ (2024 ഏപ്രിൽ 09, ചാെവ്വ)

സെൻസെക്സ്30 74,683.70 -0.08%

നിഫ്റ്റി50 22,642.75 -0.10%

ബാങ്ക് നിഫ്റ്റി 48,730.55 +0.31%

മിഡ് ക്യാപ് 100 49,894.70 -0.29%

സ്മോൾ ക്യാപ് 100 16,451.90 +0.27%

ഡൗ ജോൺസ് 30 38,883.67 -0.02%

എസ് ആൻഡ് പി 500 5209.91 +0.14%

നാസ്ഡാക് 16,306.64 +0.32%

ഡോളർ ($) ₹83.32 ₹0.00

ഡോളർ സൂചിക 104.14 0.00

സ്വർണം (ഔൺസ്) $2353.50 +$15.10

സ്വർണം (പവൻ) ₹52,800 +₹280.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $89.42 -$00.96

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it