റിസര്‍വ് ബാങ്ക് പണനയ പ്രഖ്യാപനം ഇന്ന്; ചെവിയോര്‍ത്ത് വിപണി

ഇന്നു രാവിലെ റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം വരുന്നതിലാണു വിപണിയുടെ ശ്രദ്ധ. പത്തു മണിക്കു തുടങ്ങുന്ന പ്രഖ്യാപനത്തിൽ അപ്രതീക്ഷിതമായ ഒന്നും സംഭവിക്കുമെന്നു വിപണി കരുതുന്നില്ല.
പലിശ നിരക്ക് കൂട്ടുകയില്ലെന്നു തന്നെയാണു നിരീക്ഷകർ കണക്കാക്കുന്നത്. വിപണി പ്രധാനമായും കാത്തിരിക്കുന്നത് വിലക്കയറ്റവും വളർച്ചയും സംബന്ധിച്ച നിഗമനങ്ങളാണ്. വിലക്കയറ്റത്താേതു കൂടും എന്ന നിഗമനത്തിലാകും റിസർവ് ബാങ്ക്. വളർച്ച നിഗമനം താഴ്ത്തുമോ എന്നും സംശയമുണ്ട്. അവയുടെ വെളിച്ചത്തിലാകും വിപണിയുടെ ഗതി.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,612 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,617 ലേക്കു കയറിയിട്ട് 16,592 വരെ താണു. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ

യൂറോപ്യൻ സൂചികകൾ ബുധനാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചു. ഇറ്റലിയിൽ ബാങ്കുകൾക്ക് കഴിഞ്ഞ ദിവസം ചുമത്തിയ അമിതലാഭ നികുതി (Windfall Tax) വിമർശനങ്ങളെ തുടർന്നു ഗണ്യമായി കുറച്ചു. ലഭ്യത സംബന്ധിച്ച ആശങ്കകളെ തുടർന്ന് പ്രകൃതിവാതക വില ഇന്നലെ 35 ശതമാനം ഉയർന്നു. ഇത് ഓയിൽ - ഗ്യാസ് മേഖലയുടെ സൂചിക മൂന്നു ശതമാനത്തിലധികം ഉയരാൻ കാരണമായി.

ബുധനാഴ്ചയും യുഎസ് വിപണികൾ നഷ്ടത്തിലായി. ഡൗ ജോൺസ് 191.13 പോയിന്റ് (0.54%) താഴ്ന്ന് 35,123.36 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 31.67 പോയിന്റ് (0.70%) ഇടിഞ്ഞ് 4467.71 ൽ എത്തി. നാസ്ഡാക് 162.31 പോയിന്റ് (1.17%) വീണ് 13,722.02ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.25 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.29 ഉം നാസ്ഡാക് 0.36 ഉം ശതമാനം കയറി നിൽക്കുന്നു.

യുഎസിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്നുവരും. ജൂലൈയിൽ 3.3 ശതമാനത്തിലേക്ക് വിലക്കയറ്റം ഉയർന്നതായാണു പുതിയ സർവേകളിലെ നിഗമനം. ജൂന്നിൽ 2.97 ശതമാനമായിരുന്നു. മേയിലെ 4.05 ശതമാനത്തിൽ നിന്നു ഗണ്യമായി കുറഞ്ഞു ദീർഘകാല ശരാശരി നിരക്കിനു താഴെയായി. അതു വീണ്ടും കയറുന്നത് ആശങ്ക ഉളവാക്കി.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ സൂചിക ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു താഴ്ന്നു, വീണ്ടും കയറി. കൊറിയൻ വിപണി അര ശതമാനം ഇടിഞ്ഞു വ്യാപാരം തുടങ്ങിയിട്ടു നഷ്ടം കുറച്ചു. ഓസ്ട്രേലിയൻ വിപണി നേരിയ കയറ്റത്തിലായി. ചെെനീസ് വിപണി താഴ്ന്നു തുടങ്ങിയിട്ടു കയറ്റത്തിലേക്കു മാറി. ഹോങ് കാേങ് വിപണി താഴ്ചയിൽ തുടരുന്നു.

ചൈനയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വീണ്ടും തകർച്ച. കൺട്രി ഗാർഡൻ എന്ന ഡവലപ്പർ രണ്ടു മാസമായി പലിശ അയക്കുന്നില്ല. രണ്ടു വർഷം മുൻപ് എവർഗ്രാൻഡെ കുഴപ്പത്തിലായ ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്. മറ്റൊരു വലിയ ഡവലപ്പറുടെ ഉന്നത ഉദ്യോഗസ്ഥനെ അഴിമതി വിരുദ്ധ ബ്യൂറോ പിടികൂടിയതും ഈ വിപണിയെ ഉലയ്ക്കുന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച രാവിലെ താഴാേട്ടു നീങ്ങിയെങ്കിലും ഉച്ചയ്ക്കു ശേഷം തിരിച്ചു കയറി. തലേന്നത്തെ നഷ്ടവും നികത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.

സെൻസെക്സ് 149.31 പോയിന്റ് (0.23%) കയറി 65,995.81ലും നിഫ്റ്റി 61.70 പോയിന്റ് (0.32%) ഉയർന്ന് 19,632.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.33 ശതമാനം കയറി 38,037 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.59 ശതമാനം ഉയർന്ന് 11,825.15 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ പല ദിവസങ്ങൾക്കു ശേഷം ഇന്നലെ വാങ്ങലുകാരായി. അവർ ബുധനാഴ്ച 644.11 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 597.88 കോടിയുടെ ഓഹരികൾ വിറ്റു.

ഇന്നു നിഫ്റ്റിക്ക് 19,510 ലും 19,405 ലും പിന്തുണ ഉണ്ട്. 19,650 ഉം 19,760 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ തലേന്നത്തെ വലിയ ഇടിവിനു ശേഷം ഇന്നലെ ആശ്വാസ റാലി നടത്തി. അലൂമിനിയം 0.28 ശതമാനം കയറി ടണ്ണിന് 2200.51 ഡോളറിലായി. ചെമ്പ് 1.43 ശതമാനം ഉയർന്ന് ടണ്ണിന് 8394 ഡോളറിൽ എത്തി. ടിൻ 1.63 ശതമാനവും നിക്കൽ 0.91 ശതമാനവും താണപ്പോൾ ലെഡ് 0.47 ശതമാനവും സിങ്ക് 2.11 ശതമാനവും ഉയർന്നു.

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെന്റ് ഇനം ക്രൂഡ് ഒന്നര ശതമാനം ഉയർന്ന് 87.55 ഡോളറിലും ഡബ്ള്യുടിഐ ഇനം 84.23 ഡോളറിലും ക്ലോസ് ചെയ്തു. യുഎസ് ഡിമാൻഡ് വർധിച്ചതാണു വില കയറാൻ പ്രേരിപ്പിച്ചത്. ഓസ്ട്രേലിയൻ പ്രകൃതി വാതക സപ്ലൈ സംബന്ധിച്ചു ചില അനിശ്ചിതത്വങ്ങൾ ഉടലെടുത്തതു യൂറോപ്പിൽ വാതകവില 35 ശതമാനം കുതിച്ചു കയറി. ഇതും ക്രൂഡ് വിലയെ ഉയർത്തി.

സ്വർണം ബുധനാഴ്ചയും താഴ്ന്നു. ഔൺസിന് 1926 ഡോളറിൽ നിന്ന് 1914.40 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1917 ഡോളറിലാണ്.

കേരളത്തിൽ പവൻവില ബുധനാഴ്ച 80 രൂപ കുറഞ്ഞ് 43,960 രൂപയിൽ എത്തി. ഇന്നു വീണ്ടും വില കുറയും.

ഡോളർ ബുധനാഴ്ച മൂന്നു പെെസ ഉയർന്ന് 82.87 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ബുധനാഴ്ച 102.49 ലേക്കു താണു ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 102.51 ലാണ്.

ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 29,600 ഡോളറിനു താഴെയായി.

വിപണി സൂചനകൾ

(2023 ഓഗസ്റ്റ് 09, ബുധൻ)


സെൻസെക്സ് 30 65,995.81 +0.23%

നിഫ്റ്റി 50 19,632.55 +0.32%

ബാങ്ക് നിഫ്റ്റി 44, 880.70 -0.19%

മിഡ് ക്യാപ് 100 38,037.00 +0.33%

സ്മോൾക്യാപ് 100 11,825.15 +0.59%

ഡൗ ജോൺസ് 30 35,123.36 - 0.54%

എസ് ആൻഡ് പി 500 4467.71 -0.70%

നാസ്ഡാക് 13,722.02 - 1.17%

ഡോളർ ($) ₹82.87 + 03 പൈസ

ഡോളർ സൂചിക 102.48 -0.05

സ്വർണം(ഔൺസ്) $1914.40 -$11.60

സ്വർണം(പവൻ) ₹43,960 -₹ 80

ക്രൂഡ് (ബ്രെന്റ്)ഓയിൽ $87.55 +$1.38

ക്രൂഡ് (ബ്രെന്റ്)ഓയിൽ $87.55 +$1.38

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it