അനിശ്ചിതത്വം വീണ്ടും; കരടികൾ പിടിമുറുക്കുന്നു; വിലക്കയറ്റ കണക്ക് വെള്ളിയാഴ്ച അറിയാം

വിപണികൾ വീണ്ടും അനിശ്ചിതത്വത്തിലായി. പാശ്ചാത്യ വിപണികൾ ഇന്നലെ താഴ്ന്നതിനു പിന്നാലെ ഇന്ന് ഏഷ്യൻ വിപണികളും താഴ്ചയിലാണ്. ഇന്ത്യൻ വിപണി ഇന്നലെ തിരിച്ചു കയറാൻ ശ്രമിച്ചത് വേണ്ടത്ര ഫലിച്ചില്ല. വിപണി നിയന്ത്രണം ബുള്ളുകളുടെ പിടിയിൽ നിന്നു പോകുന്നതായാണു നിഗമനം. കമ്പനി റിസൾട്ടുകളും വിലക്കയറ്റവും കരടികൾക്കു ബലം പകരാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,596.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,577 ലാണ്. ഇന്ത്യൻ വിപണി താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

ചൊവ്വാഴ്ച യൂറോപ്യൻ വിപണികൾ വീണ്ടും താഴ്ചയിലായി. ജർമനി മാന്ദ്യത്തിലാണെന്നു സ്ഥിരീകരിച്ചു കൊണ്ട് ജർമൻ വ്യവസായ ഉൽപാദനം നവംബറിൽ 0.7 ശതമാനം കുറഞ്ഞു. തുടർച്ചയായ ആറാം മാസമാണ് വ്യവസായ ഉൽപാദനം കുറഞ്ഞത്.

യുഎസ് വിപണി ചൊവ്വാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോൺസ് 157.85 പോയിന്റ് (0.42%) താഴ്ന്ന് 37,525.16 ൽ ക്ലോസ് ചെയ്തപ്പോൾ എസ് ആൻഡ് പി 7.04 പോയിന്റ് (0.15%) കുറഞ്ഞ് 4756.5 ൽ അവസാനിച്ചു. നാസ്ഡാക് 13.94 പോയിന്റ് (0.09%) ഉയർന്ന് 14,857.71 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ഡൗ 0.03 ശതമാനം താണു. എസ് ആൻഡ് പി 0.02 ഉം നാസ്ഡാക് 0.08 ഉം ശതമാനം ഉയർന്നു നിൽക്കുന്നു..

യുഎസ് 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 4.01 ശതമാനമായി കുറഞ്ഞു.

ടെക് ഓഹരികൾ ഇന്നലെ കാര്യമായി ഉയർന്നില്ല. നിർമിതബുദ്ധി ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയ 1.7 ശതമാനം കയറി 531 ഡോളറിൽ എത്തി. ജൂനിപ്പർ നെറ്റ്‌വർക്ക്സിനെ ഹ്യൂലറ്റ് പക്കാർഡ് എന്റർപ്രൈസസ് (എച്ച്പിഇ) 1400 കോടി ഡോളറിന് ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചു. എച്ച്പിഇ ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു. ജൂനിപ്പർ ഇന്നലെ 22 ശതമാനവും രണ്ടു ദിവസം കൊണ്ട് 26 ശതമാനവും ഉയർന്നു.

വിമാനങ്ങളിലെ തകരാറിനെ തുടർന്ന് ബോയിംഗ് കമ്പനിയുടെ ഓഹരി ഇന്നലെയും താഴ്ന്നു. രണ്ടു ദിവസം കൊണ്ട് ഓഹരി പത്തു ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്ന് ഭിന്ന ദിശകളിലാണു വ്യാപാരമാരംഭിച്ചത്. ജാപ്പനീസ് നിക്കൈ സൂചിക ഒന്നര ശതമാനം കയറി. സൂചിക 34 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ഓസ്ട്രേലിയൻ, കൊറിയൻ വിപണികൾ ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങി.

ചെെനീസ് വിപണികളും ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.

ഇന്ത്യൻ വിപണി

ചൊവ്വാഴ്ച ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങി.പിന്നീടു കൂടുതൽ കയറി. പക്ഷേ വ്യാപാരാന്ത്യത്തിൽ താഴ്ചയിലേക്കു പതിച്ചു. സെൻസെക്സ് 72,035.47 വരെയും നിഫ്റ്റി 21,724.45 വരെയും കയറിയിട്ടാണ് നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തത്. .

സെൻസെക്സ് 30.99 പോയിന്റ് (0.04%) ഉയർന്ന് 71,386.21 ലും നിഫ്റ്റി 31.85 പോയിന്റ് (0.15%) കയറി 21,544.85 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 207.60 പോയിന്റ് (0.44%) താഴ്ന്ന് 47,242.65 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.16 ശതമാനം ഉയർന്ന് 46,969.95 ലും സ്മോൾ ക്യാപ് സൂചിക 0.44 ശതമാനം കയറി 15,409.70 ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപ ഫണ്ടുകൾ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 990.90 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 104.23 കോടിയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിക്ക് ഇന്ന് 21,515 ലും 21,390 ലും പിന്തുണ ഉണ്ട്. 21,565 ഉം 21,800 ഉം തടസങ്ങളാകാം.

ഗെയിമിംഗ് - കാസിനോ കമ്പനിയായ ഡെൽറ്റാ കോർപറേഷനു മൂന്നാം പാദത്തിൽ വരുമാനം 15.3 ശതമാനവും അറ്റാദായം 59.3 ശതമാനവും ഇടിഞ്ഞു. മുഴുവൻ വാതു തുകയ്ക്കും 28 ശതമാനം ജിഎസ്ടി ച്ചമണിയതാണു കമ്പനിക്കു ദോഷമായത്.

ഓഹരി ഒന്നിന് 10,000 രൂപ വച്ച് നാലായിരം കോടി രൂപയുടെ ഓഹരികൾ തിരിച്ചു വാങ്ങും എന്ന് ബജാജ് ഓട്ടോ അറിയിച്ചു. ഓഹരി 7107 രൂപയിൽ ക്ലോസ് ചെയ്തു. കമ്പനിയുടെ വിപണിമൂല്യം 2.01 ലക്ഷം കോടി രൂപയായി.

വേദാന്ത ലിമിറ്റഡ് കടപ്പത്ര ബാധ്യതകൾ പാലിക്കില്ലെന്ന് സൂചിപ്പിച്ച് മൂഡീസ് റേറ്റിംഗ് താഴ്ത്തി.

സീ - സോണി ലയനത്തിൽ നിന്ന് സോണി പിന്മാറും എന്ന റിപ്പോർട്ടിനെ തുടർന്നു സീ ഓഹരി ഇന്നലെ 15 ശതമാനം ഇടിഞ്ഞു. പിന്നീട് ചർച്ചകൾ തുടരുകയാണെന്ന് സീ അറിയിച്ചതോടെ നഷ്ടം കുറഞ്ഞു.

ഐടി ഭീമന്മാരായ ടി.സി.എസും ഇൻഫോസിസും നാളെ മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും. രണ്ടു കമ്പനികളുടെയും വരുമാനവും ലാഭവും കുറയും എന്നാണു നിഗമനം.

ഇന്ത്യയിലെ ചില്ലറ വിലക്കയറ്റ കണക്ക് വെള്ളിയാഴ്ച പുറത്തുവിടും. യുഎസ് ചില്ലറ വിലകയറ്റ കണക്ക് നാളെ രാത്രി അറിയാം.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില ഇന്നലെയും കയറിയിറങ്ങി. ബ്രെന്റ് ഇനം ക്രൂഡ് 1.8 ശതമാനം കയറി 77.50 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 72.24 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 77.76 ഡോളറിലെത്തി.

സ്വർണം ലോക വിപണിയിൽ ചാഞ്ചാട്ടത്തിലാണ്. ചൊവ്വാഴ്ച ഡോളർ സൂചിക ഉയർന്നത് സ്വർണത്തെ അൽപം താഴ്ത്തി

2030.10 ഡോളറിൽ ക്ലോസ് ചെയ്യിച്ചു. ഇന്നു രാവിലെ 2031.30 ലേക്കു കയറി.

ചൊവ്വാഴ്ച കേരളത്തിൽ പവൻവില 80 രൂപ കുറഞ്ഞ് 46,160 രൂപ ആയി.

ഡോളർ സൂചിക ചൊവ്വാഴ്ച അൽപം ഉയർന്ന് 102.52- ൽ ക്ലോസ് ചെയ്തു.

ചൊവ്വാഴ്ച ഡോളർ രണ്ടു പൈസ താഴ്ന്ന് 83.11 രൂപയിൽ ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറൻസികൾക്കു ക്ഷീണമായി. ക്രിപ്റ്റോ ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) അനുവദിക്കാൻ നീക്കമില്ലെന്ന് യുഎസ് എസ്ഇസി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ) വിശദീകരിച്ചതാണു കാരണം. നേരത്തെ എസ്ഇസി യുടെ എക്സ് അക്കൗണ്ടിൽ ആരോ നുഴഞ്ഞുകയറി ബിറ്റ്കോയിൻ ഇടിഎഫ് അനുവദിച്ചെന്നു വ്യാജ വാർത്ത ഇട്ടിരുന്നു. 47,900 ഡോളറിനു മുകളിലായിരുന്ന ബിറ്റ് കോയിൻ 44,000 ലേക്ക് ഇടിഞ്ഞു. പിന്നീട് 46,000 ഡോളറിലായി.


വിപണിസൂചനകൾ (2024 ജനുവരി 9, ചൊവ്വ)


സെൻസെക്സ്30 71,386.21 +0.04%

നിഫ്റ്റി50 21,544.85 +0.15%

ബാങ്ക് നിഫ്റ്റി 47,242.65 -0.44%

മിഡ് ക്യാപ് 100 46,969.95 +0.16%

സ്മോൾ ക്യാപ് 100 15,409.70 +0.44%

ഡൗ ജോൺസ് 30 37, 525.20 -0.42%

എസ് ആൻഡ് പി 500 4756.50 -0.15%

നാസ്ഡാക് 14,857.70 +0.09%

ഡോളർ ($) ₹83.11 -₹0.02

ഡോളർ സൂചിക 102.52 +0.31

സ്വർണം (ഔൺസ്) $2030.10 +$02.20

സ്വർണം (പവൻ) ₹46,160 -₹ 80.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $77.42 +$1.30

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it