ഏഷ്യൻ വിപണികൾ പ്രതീക്ഷ പകരുന്നു; വിലക്കയറ്റ കണക്കുകളും ഒന്നാം പാദ റിസൽട്ടുകളും ഗതി നിർണയിക്കും; ചില്ലറ വിലക്കയറ്റം കുറഞ്ഞേക്കും
ഏഷ്യൻ വിപണികൾ നല്ല നേട്ടത്തോടെ ഇന്നു വ്യാപാരം ആരംഭിച്ചു. വിലക്കയറ്റ കണക്കുകളും ഒന്നാം പാദ റിസൽട്ടുകളും ഗതി നിർണയിക്കുന്ന ആഴ്ചയാണ് ഇന്നു തുടങ്ങുന്നത്. വെള്ളിയാഴ്ചത്തെ വലിയ താഴ്ചയ്ക്കു ശേഷം ഇന്നു തിരിച്ചു കയറാൻ ഇന്ത്യൻ വിപണി ശ്രമിക്കുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകർ. എന്നാൽ യു.എസ് ഫ്യൂച്ചേഴ്സ് താഴുന്നത് പ്രതീക്ഷയുടെ മേൽ നിഴൽ വീഴ്ത്തുന്നു.
ചില്ലറ വിലക്കയറ്റത്തിന്റെയും വ്യവസായ ഉൽപാദനത്തിന്റെയും കണക്കുകൾ ബുധനാഴ്ച പുറത്തു വരും. വിലക്കയറ്റം ഗണ്യമായി കുറയുമെന്നാണു പ്രതീക്ഷ.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,458 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,430 ലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ദുർബല നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. യുഎസിലെ തൊഴിൽ കണക്ക് വിപണിക്ക് ആശ്വാസകരമായി.
എന്നാൽ യുഎസ് വിപണി വെള്ളിയാഴ്ചയും താഴ്ന്നു. ഡൗ ജോൺസ് സൂചിക 187.38 പോയിന്റ് (0.55%) താണ് 33,734.88- ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 35.23 പോയിന്റും (0.29%) നാസ്ഡാക് 112.61 പോയിന്റും (0.13%) താഴ്ന്ന് അവസാനിച്ചു.
കഴിഞ്ഞ ആഴ്ചയിൽ എല്ലാ യുഎസ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡൗ 1.96 ശതമാനവും എസ് ആൻഡ് പി 1.16 ശതമാനവും താഴ്ന്നപ്പോൾ നാസ്ഡാകിനു നഷ്ടം 0.92 ശതമാനം.
യുഎസിലെ താെഴിൽ ഡിപ്പാർട്ട്മെന്റിന്റെ കണക്ക് തൊഴിൽ വർധനയുടെ തോതു കുറഞ്ഞതായി കാണിച്ചു. എങ്കിലും ഓഹരികൾ താണു. പലിശ വർധന തുടരുന്നതിൽ നിന്നു ഫെഡറൽ റിസർവിനെ പിന്തിരിപ്പിക്കാൻ മാത്രം തൊഴിൽ വിപണി ദുർബലമായിട്ടില്ല എന്നാണു വിലയിരുത്തൽ.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ ജോൺസ് 0.13 ശതമാനം താഴ്ന്നു. എസ് ആൻഡ് പി 0.18 ശതമാനവും നാസ്ഡാക് 0.29 ശതമാനവും താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ ഓഹരികൾ ഇന്നു പൊതുവേ കയറ്റത്തിലാണ്. ഓസ്ട്രേലിയൻ സൂചിക തുടക്കത്തിൽ കാൽ ശതമാനം കയറി. എന്നാൽ ജപ്പാനിൽ നിക്കെെ ഓഹരി സൂചിക 0.9 ശതമാനം താഴ്ചയിലാണ്. ദക്ഷിണ കൊറിയയിൽ സൂചിക 0.42 ശതമാനം ഉയർന്നു. ഹോങ് കോങ്ങിൽ പ്രധാന സൂചിക 1.6 ശതമാനം നേട്ടത്തിലാണ്. ചെെനീസ് വിപണിയും രാവിലെ ഉയർന്നു. ചൈനയിൽ മൊത്തവില സൂചിക കഴിഞ്ഞ മാസം 5.4 ശതമാനം ചുരുങ്ങി. ഇതു പ്രതീക്ഷയേക്കാൾ കൂടിയ ഇടിവാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച തുടക്കം മുതലേ താഴാേട്ടായിരുന്നു. സെൻസെക്സ് 65,175 വരെയും നിഫ്റ്റി 19,303 വരെയും താഴ്ന്നു. സെൻസെക്സ് 505.19 പോയിന്റ് (0.77%) ഇടിഞ്ഞ് 65,280.45 ലും നിഫ്റ്റി 165.50 പോയിന്റ് (0.85%) താഴ്ന്ന് 19, 331.80 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.81 ശതമാനം താഴ്ന്ന് 36,076.80 ലും സ്മോൾ ക്യാപ് സൂചിക 0.44% കുറഞ്ഞ് 11,118.60 ലും ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ച സെൻസെക്സ് 0.87 ശതമാനവും നിഫ്റ്റി 0.74 ശതമാനവും നേട്ടമുണ്ടാക്കി.
ഐടിയും ക്യാപ്പിറ്റൽ ഗുഡ്സും മേഖലകൾ മാത്രമാണു കഴിഞ്ഞ വാരം നഷ്ടത്തിലായത്. ഓയിൽ - ഗ്യാസ്, പൊതുമേഖലാ ബാങ്കുകൾ, വാഹനങ്ങൾ, റിയൽറ്റി എന്നിവ നേട്ടത്തിനു മുന്നിൽ നിന്നു.
5150 ഇലക്ട്രിക് ബസുകൾക്ക് ഓർഡർ ലഭിച്ചതിനെ തുടർന്ന് ഒലെക്ട്രാ ഗ്രീൻടെക് കമ്പനിയുടെ ഓഹരി രണ്ടു ദിവസം കൊണ്ട് ശതമാനം ഉയർന്നു. വെള്ളിയാഴ്ച 18 ശതമാനം കയറി. 10,000 കോടിയിൽ പരം രൂപയുടെ കരാറാണ് കമ്പനിക്കു ലഭിച്ചത്. 1
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 790.40 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 2964.23 കോടിയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞയാഴ്ച വിദേശികൾ 267 കോടി ഡോളറാണ് (22,000 കോടി രൂപ) ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചത്.
വിപണിയിൽ ബുള്ളുകൾ വീണ്ടും ദുർബലരായി. വിലക്കയറ്റ കണക്കുകളും ഒന്നാം പാദ റിസൽട്ടുകളും ആണു വിപണിയെ നയിക്കുക. ഇന്നു നിഫ്റ്റിക്ക് 19,300 ലും 19,165 ലും പിന്തുണ ഉണ്ട്. 19,475 ലും 19,605 ലും തടസം ഉണ്ടാകാം.
അലൂമിനിയവും ലെഡും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ എല്ലാം വെള്ളിയാഴ്ച താഴ്ന്നു. അലൂമിനിയം 0.69 ശതമാനം കയറി ടണ്ണിന് 2143.56 ഡോളറിലായി. ചെമ്പ് 0.23 ശതമാനം ഉയർന്നു ടണ്ണിന് 8298.15 ഡോളറിൽ എത്തി. നിക്കൽ 3.6 ശതമാനവും ടിൻ 0.47 ശതമാനവും സിങ്ക് 1.18 ശതമാനവും താഴ്ന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വീണ്ടും കുതിപ്പിലായി. ബ്രെന്റ് ഇനം മൂന്നു ശതമാനം കയറി 78.47 ഡോളറിലും ഡബ്ള്യുടിഐ ഇനം 73.86 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 78.43 ഡോളറിലേക്കു താണു. റഷ്യൻ ക്രൂഡ് കയറ്റുമതി കുറഞ്ഞതും ഡിസ്കൗണ്ടുകൾ വെട്ടിക്കുറച്ചതും വില ഉയരാൻ പ്രേരണയായി.
സ്വർണം ഉയർന്നു. 1920 കളിലേക്കു കയറിയാണു വാരാന്ത്യത്തിലേക്കു കടന്നത്. 1925.40 ഡോളറിൽ വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1924 ഡോളർ ആയി.
കേരളത്തിൽ പവൻവില വെള്ളിയാഴ്ച 80 രൂപ താണ് 43,320 രൂപയായി. രാജ്യാന്തര വില ഉയർന്നതിനെ തുടർന്ന് ശനിയാഴ്ച സ്വർണം പവന് 320 രൂപ കൂടി 43,640 രൂപയിലെത്തി.
ഡോളർ വെള്ളിയാഴ്ച 23 പെെസ ഉയർന്ന് 82.74 രൂപയിൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡ് പലിശ വർധിപ്പിക്കുമെന്ന് ഉറപ്പായതും ഇന്ത്യ നിരക്കു കൂട്ടുകയില്ല എന്ന സൂചനയും ആണു രൂപയെ ദുർബലമാക്കിയത്.
ഡോളർ സൂചിക വെള്ളിയാഴ്ച താഴ്ന്ന് 102.27 ൽ ക്ലോസ് ചെയ്തു. ഇന്ന് 102.37 ലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ് കോയിൻ 30,000 ഡോളറിനു തൊട്ടു മുകളിലാണ്.
ഐപിഒ വിപണിയിൽ തിരക്ക്
നാല് ഐപിഒകളും ആറ് ഓഹരികളുടെ ലിസ്റ്റിംഗും ചേർന്ന് ഈയാഴ്ച വിപണി തിരക്കിലാണ്. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ആണ് ഐപിഒകളിൽ വലുത്. മറ്റു മൂന്നും ചെറുകിട- ഇടത്തരം സംരംഭങ്ങളിൽ നിന്നാണ്. 500 കോടി രൂപ സമാഹരിക്കുകയാണ് ഉത്കർഷിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ ഐകിയോ ലൈറ്റിംഗ്, ഐഡിയ ഫാേർജ്, സെൻകോ ഗോൾഡ്, സിയന്റ് ഡിഎൽഎം എന്നിവയുടെ ഐപിഒകൾക്കു ലഭിച്ച മികച്ച സ്വീകരണം വിപണിക്ക് ആവശമായിട്ടുണ്ട്. ഉത്കർഷ് 60 ശതമാനം വരെ പ്രീമിയത്തിലാണ് അനൗപചാരിക വിപണിയിൽ ഇപ്പോൾ.
ഡ്രോൺ നിർമാതാക്കളായ ഐഡിയ ഫാേർജ് ടെക്നോളജീസ് വെള്ളിയാഴ്ച 96 ശതമാനം ഉയർന്നാണു ലിസ്റ്റ് ചെയ്തു വ്യാപാരമാരംഭിച്ചത്. 672 രൂപയ്ക്ക് ഇഷ്യു നടത്തി. ലിസ്റ്റിംഗ് 1305 രൂപയ്ക്കും.
കഴിഞ്ഞയാഴ്ച ഐപിഒ ആരംഭിച്ച ഡ്രാേൺ ഡെസ്റ്റിനേഷനും ആക്സലറേറ്റ് ബി എസും ഈയാഴ്ചയേ ക്ലോസ് ചെയ്യൂ. 265 രൂപയ്ക്ക് ഐപിഒ നടത്തിയ ഇലക്ട്രോണിക്സ് കമ്പനിയായ സിയന്റ് ഡിഎൽഎം ഇന്നു ലിസ്റ്റ് ചെയ്യും. ഉയർന്ന പ്രീമിയം ഇതിനും 14-നു ലിസ്റ്റ് ചെയ്യുന്ന സെൻകോ ഗോൾഡിനും പ്രതീക്ഷിക്കുന്നുണ്ട്.
ഒന്നാം പാദ റിസൽട്ടുകൾ വരുന്നു
കമ്പനികളുടെ ഒന്നാം പാദ റിസൽട്ടുകൾ ഈയാഴ്ച മുതൽ പുറത്തു വരും. ബുധനാഴ്ച ടിസിഎസും എച്ച്സിഎൽ ടെക്നോളജീസും റിസൽട്ട് സീസണു തുടക്കമിടും. ബാങ്കിംഗ്, ഫിനാൻസ്, ഓയിൽ, വാഹന മേഖലകളിലെ കമ്പനികൾ തിളങ്ങുന്ന നേട്ടം കാണിക്കുമെന്നാണു പ്രതീക്ഷ.
വരുമാനത്തിൽ വലിയ വർധന ഉണ്ടാകുകയില്ലെങ്കിലും ലാഭത്തിൽ മികച്ച കുതിപ്പാണ് ഒന്നാം പാദത്തിൽ പ്രതീക്ഷിക്കുന്നത്. നിഫ്റ്റി കമ്പനികളുടെ അറ്റാദായം 33.9 ശതമാനം കൂടുമെന്നാണ് ഇ ടി ഇന്റലിജൻസ് വിലയിരുത്തൽ. വരുമാനവർധന 12.6 ശതമാനം മാത്രമായിരിക്കും.
ബാങ്കുകളും ധനകാര്യ കമ്പനികളും 47 ശതമാനം വരെ ലാഭവർധന ഉണ്ടാക്കുമെന്നു ബ്രോക്കറേജുകൾ കണക്കാക്കുന്നു. വാഹനകമ്പനികൾ 11 ശതമാനവും ഐടി മേഖല 16 ശതമാനവും എഫ്എംസിജി 19 ശതമാനവും ലാഭ വർധന കാണിക്കുമെന്നു മോട്ടിലാൽ ഓസ്വാൾ പ്രതീക്ഷിക്കുന്നു. മെറ്റൽ, മെെനിംഗ്, ഓയിൽ കമ്പനികൾക്കു വരുമാനം കുറവാകുമെന്നാണു നിഗമനം.
വിപണി സൂചനകൾ
(2023 ജൂലൈ 06, വ്യാഴം)
സെൻസെക്സ് 30 65,280.45 - 0.77%
നിഫ്റ്റി 50 19,331.80 -0.85%
ബാങ്ക് നിഫ്റ്റി 44,925.00 -0.92%
മിഡ് ക്യാപ് 100 36,076.80 -0.81%
സ്മോൾക്യാപ് 100 11,118.60 -0.44%
ഡൗ ജോൺസ് 30 33,734.88 - 0.55%
എസ് ആൻഡ് പി 500 4398.95 -0.29%
നാസ്ഡാക് 13,660.72 -0.13%
ഡോളർ ($) ₹82.74 + 23 പൈസ
ഡോളർ സൂചിക 102.27 -0.90
സ്വർണം(ഔൺസ്) $1925.40 +$13.60
സ്വർണം(പവൻ ) ₹43,640 +320.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $78.47 +$1.95