കരുതലോടെ ഉയരാന്‍ വിപണി, വകുപ്പു വിഭജനം നിര്‍ണായകം; മാര്‍ക്കറ്റിനെ ഈ ആഴ്ച സ്വാധീനിക്കാവുന്ന കാര്യങ്ങള്‍ ഇവ

രാഷ്ട്രീയ കോളിളക്കത്തിനു ശേഷം വിപണി കഴിഞ്ഞയാഴ്ച തിരിച്ചു കയറി. ഇന്നു തുടങ്ങുന്ന ആഴ്ചയില്‍ കൂടുതല്‍ കയറ്റം ഉണ്ടാകുമെന്നാണു നിക്ഷേപകരുടെ പ്രതീക്ഷ. കേന്ദ്ര മന്ത്രിമാരുടെ വകുപ്പുവിഭജനം ഇന്നുണ്ടാകും. നിര്‍മല സീതാരാമന്‍ ധനമന്ത്രിയായും അമിത് ഷാ ആഭ്യന്തരമന്ത്രിയായും തുടരുന്നതു വിപണിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാകും. അതിനനുസരിച്ചുള്ള പ്രതികരണം വിപണിയില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ. എന്നാല്‍ മുന്നണിയിലെ ചില്ലറ പിണക്കങ്ങള്‍ വിപണിയെ അസ്വസ്ഥമാക്കുന്നുണ്ട്. അതു ഡെറിവേറ്റീവ് വ്യാപാരത്തില്‍ പ്രതിഫലിക്കുന്നുമുണ്ട്.

ബുധനാഴ്ച ചില്ലറവിലക്കയറ്റം, കയറ്റിറക്കുമതി, വ്യവസായ ഉത്പാദനം തുടങ്ങിയ കണക്കുകള്‍ വരും. ചില്ലറവിലക്കയറ്റം അഞ്ചു ശതമാനത്തിനു മുകളില്‍ പോകുമോ എന്ന ആശങ്ക ഉണ്ട്. ബുധനാഴ്ച യു.എസ് വിലക്കയറ്റ കണക്കും ഫെഡ് തീരുമാനവും വരും. അപ്രതീക്ഷിത കാര്യങ്ങള്‍ ഇവയില്‍ പ്രതീക്ഷിക്കുന്നില്ല.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,253ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,285ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ താഴ്ചയില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശവിപണികള്‍

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച താഴ്ന്ന് അവസാനിച്ചു. ജര്‍മനിയുടെ ഈ വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ച 0.3 ശതമാനമാകുമെന്ന് ബുണ്‍ഡസ് ബാങ്ക് കണക്കാക്കി. നേരത്തേ 0.4% ആയിരുന്നു പ്രതീക്ഷ. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷം വിജയിച്ചതിനെ തുടര്‍ന്നു ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അപ്രതീക്ഷിത പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

യു.എസ് വിപണികള്‍ വെള്ളിയാഴ്ച താഴ്ന്ന് അവസാനിച്ചു. മേയിലെ യു.എസ് തൊഴില്‍വര്‍ധന പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി. വര്‍ധന 1,90,000 ആയി കുറയുമെന്നു പ്രതീക്ഷിച്ച സ്ഥാനത്ത് 2,72,000 ആയി വര്‍ധിച്ചു. തൊഴിലില്ലായ്മ അപ്രതീക്ഷിതമായി കൂടി നാലു ശതമാനമായി. ശരാശരി വേതനം വാര്‍ഷികാടിസ്ഥാനത്തില്‍ 4.1 ശതമാനം കൂടി. പലിശനിരക്കു കുറയ്ക്കല്‍ വൈകിക്കാന്‍ ഫെഡിനെ പ്രേരിപ്പിക്കുന്നതാണ് ഈ കണക്കുകള്‍.

ഈ ബുധനാഴ്ച യു.എസിലെ ചില്ലറ വിലക്കയറ്റ കണക്കും ഫെഡ് തീരുമാനവും പുറത്തു വരും. ചില്ലറവിലക്കയറ്റം 3.4% ആകുമെന്നാണു നിഗമനം. ഏപ്രിലിലെ നിരക്കും അതായിരുന്നു. എന്നാല്‍ ഇന്ധന-ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുളള കാതല്‍ വിലക്കയറ്റം 3.5 ശതമാനമായി കുറയുമെന്നാണു കണക്കുകൂട്ടല്‍.

യു.എസ് ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച പലിശയിലോ സമീപനത്തിലോ മാറ്റമൊന്നും പ്രഖ്യാപിക്കുകയില്ല എന്നാണു വിപണിയുടെ നിഗമനം. പലിശ കുറയ്ക്കല്‍ സെപ്റ്റംബറില്‍ തുടങ്ങുമെന്ന പ്രതീക്ഷ നവംബറിലേക്കു നീക്കാന്‍ പുതിയ കണക്കുകള്‍ കാരണമായി.

ഡൗ ജോണ്‍സ് സൂചിക 87.18 പോയിന്റ് (0.2 2%) താഴ്ന്ന് 38,798.99ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 5.97 പോയിന്റ് (0.11%) താണ് 5349.99ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 39.99 പോയിന്റ് (0.23%) കുറഞ്ഞ് 17,133.13ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.02% ഉയര്‍ന്നും എസ്ആന്‍ഡ്പി 0.02, നാസ്ഡാക് 0.03 ശതമാനം താഴ്ന്നും നില്‍ക്കുന്നു.

പത്തു വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.449 ശതമാനമായി കുതിച്ചു. പലിശ കുറയ്ക്കല്‍ വൈകും എന്ന ധാരണയിലാണിത്.

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. കൊറിയയില്‍ സൂചിക ഒരു ശതമാനം താഴ്ന്നു. ജപ്പാനില്‍ നിക്കൈ ഉയര്‍ന്നാണു നീങ്ങുന്നത്.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച കുതിച്ചു കയറി. തുടര്‍ച്ചയായ മൂന്നാം ദിവസത്തെ കയറ്റം. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ആശങ്കകള്‍ അകന്ന സാഹചര്യത്തിലാണിത്. എല്ലാ മേഖലകളും ഉയര്‍ന്നു. ഐ.ടിയും (3.37 ശതമാനം കയറ്റം) വാഹനങ്ങളും (2.56%) മെറ്റലും (2.09%) റിയല്‍റ്റിയും (2.08%) മുന്നില്‍ നിന്നു. മുഖ്യ സൂചികകള്‍ റെക്കോഡ് തിരുത്തി.

സെന്‍സെക്‌സ് നാമമാത്രമായി താഴ്ന്ന് 75,031.79ല്‍ വ്യാപാരം ആരംഭിച്ചിട്ട് 74,941.88 വരെ താഴുകയും 76,795.31 വരെ ഉയരുകയും ചെയ്തു. നിഫ്റ്റി നാമമാത്രമായി താഴ്ന്ന് 22,821.85 പോയിന്റില്‍ വ്യാപാരം തുടങ്ങിയിട്ട് 22,789.05 വരെ താഴുകയും 23,320.20 വരെ ഉയരുകയും ചെയ്തു.

സെന്‍സെക്‌സ് 1618.85 പോയിന്റ് (2.16%) നേട്ടത്തില്‍ 76,693.36ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 468.75 പോയിന്റ് (2.05%) കയറി 23,290.15ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1.04% ഉയര്‍ന്ന് 49,803.20ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.49 ശതമാനം ഉയര്‍ന്ന് 53,194.70ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 2.31% കയറി 17,215.55ല്‍ അവസാനിച്ചു.

വിദേശനിക്ഷേപകര്‍ തുടര്‍ച്ചയായ മൂന്നു ദിവസം വലിയ തോതില്‍ വില്‍പന നടത്തിയിട്ടു വെള്ളിയാഴ്ച വാങ്ങലുകാരായി. ക്യാഷ് വിപണിയില്‍ അവര്‍ 4391.02 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1289.75 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

കഴിഞ്ഞയാഴ്ച വിദേശികള്‍ മൊത്തം 14,794 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ഏപ്രിലിലും മേയിലും കൂടി 34,257 കോടി രൂപ അവര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ചിട്ടുണ്ട്. അവര്‍ ഈയാഴ്ച നിലപാടു മാറ്റി നിക്ഷേപകരാകുമോ എന്നാണു വിപണി നോക്കുന്നത്. അവര്‍ നിക്ഷേപകരായാല്‍ വിപണിയുടെ കുതിപ്പിനു വേഗം കൂടും.

ഇന്ത്യന്‍ വിപണി ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ച 3.7 ശതമാനം ഉയര്‍ന്നു. മൊത്തം വിപണിമൂല്യം 429.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വിപണിയുടെ ചാഞ്ചാട്ട സൂചിക (വിക്‌സ്) 16-ലേക്കു താണു.

വിപണിക്കു കുതിപ്പു തുടരാവുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. അത് ഇന്നും തുടര്‍ന്നുളള ദിവസങ്ങളിലും പ്രതീക്ഷിക്കാം. വകുപ്പു വിഭജനവും ബജറ്റുമാണ് ഇനി വിപണിഗതിയെ സ്വാധീനിക്കുന്ന പ്രധാന കാര്യങ്ങള്‍.

നിഫ്റ്റിക്ക് ഇന്ന് 22,930 ലും 22,800ലും പിന്തുണ ഉണ്ട്. 23,340ലും 23,460ലും തടസം പ്രതീക്ഷിക്കാം.

സ്വര്‍ണം ഇടിഞ്ഞു

ചൈനീസ് കേന്ദ്രബാങ്ക് സ്വര്‍ണം വാങ്ങല്‍ തല്‍ക്കാലം നിര്‍ത്തി എന്ന വാര്‍ത്ത വെള്ളിയാഴ്ച സ്വര്‍ണ വിപണിയെ ഉലച്ചു. സ്വര്‍ണം മൂന്നര ശതമാനം ഇടിഞ്ഞു. കേന്ദ്രബാങ്കുകളുടെ വാങ്ങല്‍ സമീപകാലത്തെ വിലവര്‍ധനയുടെ ഒരു പ്രധാന കാരണമായിരുന്നു. യു.എസ് തൊഴില്‍ കണക്കു പലിശ കുറയ്ക്കലിന് ഒട്ടും സഹായകമല്ലാതെ വന്നതും സ്വര്‍ണത്തെ താഴ്ത്തി. വെള്ളിയാഴ്ച ഔണ്‍സിന് (31.1 ഗ്രാം) 2293.60 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2300 ഡോളര്‍ വരെ കയറിയിട്ട് 2297ലേക്കു താഴ്ന്നു.

കേരളത്തില്‍ സ്വര്‍ണം പവന് വെള്ളിയാഴ്ച 240 രൂപ കയറി 54,080 രൂപയില്‍ എത്തി. ശനിയാഴ്ച വില 1,520 രൂപ ഇടിഞ്ഞ് 52,560 രൂപയായി. നാലു വര്‍ഷത്തിനിടെ ഒരുദിവസത്തെ ഏറ്റവും വലിയ ഇടിവാണിത്. വെള്ളിവില ഔണ്‍സിന് 29.24 ഡോളറായി ഇടിഞ്ഞു. കേരളത്തില്‍ ശനിയാഴ്ച വെള്ളി കിലോഗ്രാമിനു 96,000 രൂപയായി കുറഞ്ഞു.
ഡോളര്‍ സൂചിക വെള്ളിയാഴ്ച 104.89ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.10 ലാണ്. രൂപ വെള്ളിയാഴ്ച അല്‍പം ഉയര്‍ന്നു. ഡോളര്‍ ഒന്‍പതു പൈസ താണ് 83.38 രൂപയായി.

ക്രൂഡ് ഓയില്‍ ഇടിവ് തുടര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് 79.43 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഉയര്‍ന്ന് 79.60 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ 75.50 ഡോളറിലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 79.99 ഡോളറിലുമാണ്.

വ്യാവസായിക ലോഹങ്ങള്‍ വീണ്ടും ഇടിഞ്ഞാണു കഴിഞ്ഞയാഴ്ച അവസാനിച്ചത്. ചെമ്പ് 0.88 ശതമാനം താണു ടണ്ണിന് 9840 ഡോളറില്‍ എത്തി. അലൂമിനിയം 2.63 ശതമാനം ഇടിഞ്ഞ് 2578 ഡോളറായി. സിങ്ക് 4.87 ശതമാനം ഇടിഞ്ഞ് 2703.9 ഡോളറില്‍ എത്തി.

ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നു. ബിറ്റ്‌കോയിന്‍ 69,600 ഡോളറിനു താഴെയായി. ഈഥര്‍ 3690 ഡോളറിലേക്കു താഴ്ന്നു.

വിപണിസൂചനകള്‍
(2024 ജൂണ്‍ 7, വെള്ളി)

സെന്‍സെക്‌സ് 30 76,693.36.51 +2.16%

നിഫ്റ്റി50 23,290.15 + 2.05%

ബാങ്ക് നിഫ്റ്റി 49,803.20 +1.04%

മിഡ് ക്യാപ് 100 53,194.70 +1.04%

സ്‌മോള്‍ ക്യാപ് 100 17,215. 55 + 2.31%

ഡൗ ജോണ്‍സ് 30 38,749.20 -0.22%

എസ് ആന്‍ഡ് പി 500 5346.99 -0.11%

നാസ്ഡാക് 17,133.10 -0.23%

ഡോളര്‍($) ₹ 83.38 - ₹ 0.09
ഡോളര്‍ സൂചിക 104.89 +0.80

സ്വര്‍ണം (ഔണ്‍സ്) $2293.60 -$83.40

സ്വര്‍ണം (പവന്‍) ₹52,040 -?1520
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $79.43 -$00.44
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it