ഫെഡിൽ നിന്ന് അപ്രതീക്ഷിത പ്രഹരം; ഓഹരിവിപണികൾ ഉലയുന്നു; ഏഷ്യൻ വിപണികളിൽ ഇടിവ്; സ്വർണം തിരിച്ചു കയറുന്നു
ഒരാഴ്ച മുൻപ് ഓഹരി വിപണികളെ ഉയർത്തിയ യുഎസ് ഫെഡ് ഇന്നലെ വിപണികളെ വല്ലാതെ പ്രഹരിച്ചു. അതിന്റെ ആഘാതം ഇന്ന് മറ്റ് ഏഷ്യൻ രാജ്യങ്ങളെപ്പോലെ ഇന്ത്യയിലും ഉണ്ടാകും. പലിശ ഇനി കൂട്ടാനിടയില്ലെന്നു വ്യാഖ്യാനിക്കാവുന്നതാണ് കഴിഞ്ഞ ഫെഡ് യോഗത്തിനു ശേഷം ചെയർമാൻ ജെറോം പവൽ നടത്തിയ പ്രസ്താവന. ഇന്നലെ അദ്ദേഹം ഒരു നിർണായക സദസിൽ ചെയ്ത പ്രസംഗത്തിൽ പറഞ്ഞതാകട്ടെ ഇനിയും പലിശ കൂട്ടാൻ മടിക്കുകയില്ലെന്ന്. ഇതോടെ യു.എസ് വിപണി ഒരു ശതമാനത്തോളം ഇടിഞ്ഞു. ആ ഇടിവ് ഇന്നു മറ്റു വിപണികളിലേക്കും പടരും. വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റ് യുഎസ് കടപ്പത്രങ്ങളിലേക്കു മാറുന്നതിന് തക്ക സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
Also Read : സംവത് 2079ന് നേട്ടത്തോടെ വിടചൊല്ലി ഓഹരികള്‍, ഇസാഫാണ് താരം; രൂപയ്ക്ക് തകര്‍ച്ച
പവലിന്റെ പ്രസംഗത്തിനു ശേഷം ക്രൂഡ് ഓയിൽ വില കുറഞ്ഞു തന്നെ നിൽക്കുന്നു. സ്വർണം വീണ്ടും കയറ്റത്തിലായി. ഡോളർ സൂചിക കൂടി. ക്രിപ്റ്റോ കറൻസികൾ ഉയർന്നു. കടപ്പത്ര വിലകൾ താഴ്ന്നു.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,416.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,380 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച നല്ല നേട്ടത്തിലാണ് അവസാനിച്ചത്. മിക്കവയും മുക്കാൽ ശതമാനം ഉയർന്നു. മികച്ച കമ്പനി ഫലങ്ങൾ മുന്നേറ്റത്തെ സഹായിച്ചു. ഡച്ച് പേമെന്റ് കമ്പനി അഡ്യൻ വരുമാന പ്രതീക്ഷ പുനർനിർണയിച്ചതോടെ 33 ശതമാനം ഉയർന്നു.
യു.എസ് വിപണി ഇന്നലെ ഇടിവിലായി. തുടർച്ചയായ കയറ്റത്തിന്റെ റെക്കോഡ് അവസാനിച്ചു. പലിശ കൂടാമെന്ന മുന്നറിയിപ്പും യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഉയർന്നതും വിപണി മനോഭാവം നെഗറ്റീവ് ആക്കി.
യു.എസ് കടപ്പത്ര വിലകൾ ഇന്നലെ താഴ്ന്ന് അവയിലെ നിക്ഷേപനേട്ടം 4.636 ശതമാനമായി ഉയർന്നു. കടപ്പത്രങ്ങൾ കൂടുതൽ ആദായം നൽകുമ്പോൾ ഓഹരികളിൽ നിന്ന് അങ്ങോട്ടു നിക്ഷേപം മാറും.
ഡൗ ജോൺസ് 220.33 പോയിന്റ് (0.65%) കുറഞ്ഞ് 33,891.94 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 35.43 പോയിന്റ് (0.81%) താഴ്ന്ന് 4347.35 ൽ അവസാനിച്ചു. നാസ്ഡാക് 128.97 പോയിന്റ് (0.94%) ഇടിഞ്ഞ് 13,521.45 ൽ ക്ലോസ് ചെയ്തു.
യു.എസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസംഗമാണ് വിപണിയെ താഴ്ത്തിയത്. വിലക്കയറ്റത്തിന് എതിരേയുള്ള പോരാട്ടം ഇനിയും ലക്ഷ്യത്തിൽ എത്തിയിട്ടില്ലെന്നും ലക്ഷ്യം നേടാനുള്ള പരിശ്രമം തുടരും എന്നും ഐ.എം.എഫ് വേദിയിൽ പവൽ പറഞ്ഞു. രണ്ടു ശതമാനം വിലക്കയറ്റമാണു ഫെഡിന്റെ ലക്ഷ്യം. ഇപ്പോൾ നാലു ശതമാനമാണ് ചില്ലറ വിലക്കയറ്റം.
ഇനിയും പലിശ കൂട്ടാൻ ഇടയുണ്ടെന്നും ഉയർന്ന പലിശ കൂടുതൽ കാലം നിൽക്കുമെന്നും ആണു പവൽ പറഞ്ഞതിന്റെ ചുരുക്കം. വിപണിക്ക് ഒട്ടും ഇഷ്ടമല്ല ഉയർന്ന പലിശ. കൂടിയ പലിശ മാന്ദ്യത്തിലേക്കു നയിക്കുമെന്നാണു വിപണിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ധനശാസ്ത്രജ്ഞർ പറയുന്നത്.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നഷ്ടത്തിലാണ്. എസ് ആൻഡ് പി 0.02 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. ഡൗ സൂചിക 0.03 ശതമാനം കയറി.
ഏഷ്യൻ വിപണികൾ ഇന്നു വലിയ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ ആദ്യ മണിക്കൂറിൽ 0.75 ശതമാനം താണു. ഓസ്ട്രേലിയൻ, ദക്ഷിണ കൊറിയൻ വിപണികൾ ഗണ്യമായ താഴ്ചയിലാണ്. ചെെനീസ് വിപണിയും താഴ്ന്നാണു തുടങ്ങിയത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയെങ്കിലും നേട്ടം നിലനിർത്താനായില്ല. വിശാലവിപണി ഭിന്ന ദിശകളിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.22 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക കാൽ ശതമാനത്തോളം താഴ്ന്നു.
സെൻസെക്സ് 143.41 പോയിന്റ് (0.22%) താഴ്ന്ന് 64,832.2 ൽ അവസാനിച്ചു. നിഫ്റ്റി 48.2 പോയിന്റ് (0.25%) ഇടിഞ്ഞ് 19,395.3 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 24.95 പോയിന്റ് (0.06%) കയറി 43,683.6ൽ വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് സൂചിക 0.22 ശതമാനം ഉയർന്ന് 40,537.65 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.24 ശതമാനം താഴ്ന്ന് 13,303.15-ൽ അവസാനിച്ചു.
ഇന്നു നിഫ്റ്റിക്ക് 19,380 ലും 19,325 ലുമാണു പിന്തുണ.19,445 ലും 19,500 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
റിയൽറ്റി, ഓട്ടോ, ഹെൽത്ത് കെയർ മേഖലകൾ ഇന്നലെ നേട്ടത്തിലായി.
എഫ്.എം.സി.ജി, ഐ.ടി, മെറ്റൽ, ഓയിൽ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ ഇന്നലെ നഷ്ടത്തിലായിരുന്നു.
വിദേശ നിക്ഷേപകർ വിൽപന വർധിപ്പിച്ചു. വ്യാഴാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 1712.33 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1512.14 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
മിക്കവാറും വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച താഴ്ന്നു. അലൂമിനിയം ഒരു ശതമാനം താണു ടണ്ണിന് 2245.27 ഡോളറിലായി. ചെമ്പ് 0.71 ശതമാനം കുറഞ്ഞു ടണ്ണിന് 8030.25 ഡോളറിലെത്തി. ലെഡ് 0.87 ഉം നിക്കൽ 1.27 ഉം സിങ്ക് 0.48 ഉം ശതമാനം താണു. ടിൻ 0.23 ശതമാനം ഉയർന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 80.01 ഡോളറിലും ഡബ്ള്യുടിഐ ഇനം 75.38 ഡോളറിലും ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി യഥാക്രമം 80.21 ഉം 76 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 81.25 ഡോളറിൽ വ്യാപാരം നടക്കുന്നു.
സ്വർണം തിരിച്ചു കയറ്റത്തിലാണ്. ഇന്നലെ സ്വർണം ഔൺസിന് 1959.20 ഡോളറിൽ ക്ലോസ് ചെയ്തു. പലിശ ഇനിയും കൂടും എന്ന ധാരണയാണു കാരണം. ഇന്നു രാവിലെ 1960.70 ഡോളറിലേക്കു കയറി.
കേരളത്തിൽ പവൻവില വ്യാഴാഴ്ച 320 രൂപ കറഞ്ഞ് 44,560 രൂപയിലെത്തി. വില ഇന്നു വർധിച്ചേക്കാം.
ഡോളർ വ്യാഴാഴ്ച 83.28 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു ഡോളർ വീണ്ടും കയറി റെക്കോർഡ് കുറിച്ചേക്കാം.
ഡോളർ സൂചിക ഇന്നലെ വീണ്ടും കയറി. പലിശ ഇനിയും കൂടാം എന്ന സൂചനയിൽ സൂചിക 105.91 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.05 ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ ഉയരുകയാണ്. ബിറ്റ്കോയിൻ 36,750 നു മുകളിലായി. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇന്നലെ 37,970 വരെ കയറിയിട്ടു താഴ്ന്നതാണ്. അമേരിക്കയിലെ ഡിലാവേർ സംസ്ഥാനത്തു ക്രിപ്റ്റോ ഇടിഎഫുകൾ രജിസ്റ്റർ ചെയ്തു എന്ന വാർത്തയാണ് ക്രിപ്റ്റോ കറൻസികൾക്കു വലിയ കുതിപ്പു നൽകിയത്.
വിപണി സൂചനകൾ
(2023 നവംബർ 09, വ്യാഴം)
സെൻസെക്സ്30 64,832.2 -0.22%
നിഫ്റ്റി50 19,395.30 -0.25%
ബാങ്ക് നിഫ്റ്റി 43,683.6 +0.06%
മിഡ് ക്യാപ് 100 40,537.65 +0.22%
സ്മോൾ ക്യാപ് 100 13,303.15 -0.24%
ഡൗ ജോൺസ് 30 33,891.94 -0.65%
എസ് ആൻഡ് പി 500 4347.35 -0.81%
നാസ്ഡാക് 13,521.45 -0.94%
ഡോളർ ($) ₹83.28 +₹0.01
ഡോളർ സൂചിക 105.91 +0.32
സ്വർണം (ഔൺസ്) $1959.20 +$8.40
സ്വർണം (പവൻ) ₹44,560 -₹ .320.00
ക്രൂഡ് ബ്രെന്റ് ഓയിൽ $79.92 +$0.38