നേട്ടം പ്രതീക്ഷിച്ചു വിപണി; യു.എസില്‍ സൂചികകള്‍ തിരിച്ചു കയറി; സ്വര്‍ണം വീണ്ടും 2,500ന് മുകളില്‍

തിങ്കളാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്തതും പിന്നീടു പാശ്ചാത്യ വിപണികള്‍ ശക്തമായി തിരിച്ചുകയറിയതും ഇന്ത്യന്‍ വിപണിയില്‍ ബുള്ളുകള്‍ക്കു വീണ്ടും മേല്‍കൈ നല്‍കുന്നു. ഇന്നു തുടര്‍ക്കയറ്റം പ്രതീക്ഷിച്ചാണു വിപണി വ്യാപാരം തുടങ്ങുക. എന്നാല്‍ വലിയ കയറ്റത്തിനു സാധ്യത കാണുന്നില്ല.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,051ല്‍ ക്ലോസ്‌ചെയ്തു. ഇന്നു രാവിലെ 25,030 ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്ന് ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച തിരിച്ചു കയറി. മുഖ്യ സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു.
യു.എസ് വിപണി തിങ്കളാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തി. കഴിഞ്ഞയാഴ്ചത്തെ വിപണി പ്രതികരണം അമിതമായിരുന്നു എന്ന ധാരണ ജനിപ്പിക്കുന്നതായി കയറ്റം. ബുധനാഴ്ച ചില്ലറ വിലക്കയറ്റവും വ്യാഴാഴ്ച മൊത്തവിലക്കയറ്റവും അറിവാകും. അടുത്തയാഴ്ച ഫെഡ് യോഗത്തിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നവയാണ് ആ കണക്കുകള്‍.
എന്‍വിഡിയ, ടെസ്ല, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയവ ഉയര്‍ന്നു. ആപ്പിള്‍ ഐഫോണ്‍ 16 അവതരിപ്പിച്ചതില്‍ വിപണി അത്ര ആവേശം പ്രകടിപ്പിച്ചില്ല.
തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 484.18 പോയിന്റ് (1.20%) ഉയര്‍ന്ന് 40,829.59 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 62.63 പോയിന്റ് (1.16%) കയറി 5471.05 ല്‍ അവസാനിച്ചു. നാസ്ഡാക് സൂചിക 193.77 പോയിന്റ് (1.16%) നേട്ടത്തോടെ 16,884.60 ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.03 ശതമാനവും നാസ്ഡാക് 0.04 ശതമാനവും താഴ്ന്നു നില്‍ക്കുന്നു. എസ് ആന്‍ഡ് പി 0.05 ശതമാനം താഴ്ന്നു.
യു.എസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില 3.715 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ അര ശതമാനത്താേളം ഉയര്‍ന്നു.

ഇന്ത്യന്‍ വിപണി

വെള്ളിയാഴ്ച വലിയ തകര്‍ച്ചയിലായ ഇന്ത്യന്‍ വിപണി ഇന്നലെ ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങിയിട്ടു പിന്നീട് ഉയര്‍ന്നു. എഫ്.എം.സി.ജി, ബാങ്ക്, ധനകാര്യ മേഖലകള്‍ തിരിച്ചു കയറ്റത്തിനു മുന്നില്‍ നിന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ.ടി, മെറ്റല്‍ എന്നിവയോടൊപ്പം പൊതുമേഖലാ കമ്പനികളും താഴ്ചയിലായി. പ്രതിരോധ, റെയില്‍വേ കമ്പനികള്‍ ഏതാനും മാസം കൊണ്ട് 40 ശതമാനത്താേളം താഴ്ന്നിട്ടുണ്ട്. സിറ്റി ഗ്രൂപ്പ് ഡൗണ്‍ഗ്രേഡ് ചെയ്തതിനെ തുടര്‍ന്ന് ഒ.എന്‍.ജി.സി ഇന്നലെ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. മുഖ്യ സൂചികകള്‍ ഉയര്‍ന്നെങ്കിലും മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ താഴ്ന്നു.
സെന്‍സെക്‌സ് ഇന്നലെ 80,895 വരെ താഴ്ന്നിട്ട് 81,653.36 വരെ കയറിയിട്ടാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 24,753 നും 24,958 നും ഇടയില്‍ ഇറങ്ങിക്കയറി.
എന്‍.എസ്.ഇയില്‍ 1,104 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1,687 ഓഹരികള്‍ താണു. ബിഎ.സ്.ഇയില്‍ 1,667 എണ്ണം കയറി, 2,371 എണ്ണം താഴ്ന്നു.
തിങ്കളാഴ്ച സെന്‍സെക്‌സ് 375.61 പോയിന്റ് (0.46%) ഉയര്‍ന്ന് 81,559.54 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 84.25 പോയിന്റ് (0.34%) നേട്ടത്തോടെ 24,936.40 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1.07% (540.95 പോയിന്റ്) കയറി 51,117.80 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.26 ശതമാനം താഴ്ന്ന് 58,347.40 ലും സ്‌മോള്‍ ക്യാപ് സൂചിക 0.93% ഇടിഞ്ഞ് 19,097.40 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 1,176.55 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1,757.02 കോടി രൂപയുടെ ഓഹരികളും വാങ്ങി.
മൂന്നു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചുകയറിയ വിപണി ഇന്നും നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. വിദേശ സൂചനകളും കയറ്റത്തിന് അനുകൂലമാണ്.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,890 ലും 24,805 ലും പിന്തുണ ഉണ്ട്. 24,990 ലും 25,090 ലും തടസം ഉണ്ടാകാം.

സ്വര്‍ണം കയറി

സ്വര്‍ണം വീണ്ടും 2,500 ഡോളറിനു മുകളില്‍ എത്തി. ഇന്നലെ ഔണ്‍സിന് 2507.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,505 ഡോളറിലാണ്. ഡിസംബര്‍ അവധിവില ഔണ്‍സിന് 2536 ഡോളറിലേക്കു കയറി.
കേരളത്തില്‍ സ്വര്‍ണവില തിങ്കളാഴ്ച മാറ്റമില്ലാതെ പവന് 53,440 രൂപയില്‍ തുടര്‍ന്നു. ഇന്നു വില കയറാം.
വെള്ളിവില ഔണ്‍സിന് 28.38 ഡോളറിലേക്ക് ഉയര്‍ന്നു.
ഡോളര്‍ സൂചിക തിങ്കളാഴ്ച കയറി 101.55 ല്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 101.70 ലേക്കു കയറി.
ഡോളര്‍ സൂചിക ഉയര്‍ന്നതു രൂപയ്ക്കു ക്ഷീണമായി. തിങ്കളാഴ്ച ഡോളര്‍ ഒരു പൈസ വര്‍ധിച്ച് 83.96 രൂപയില്‍ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം തിങ്കളാഴ്ച 71.84 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 72.23 ഡോളറിലേക്ക് കയറി. ഡബ്ല്യു.ടി.ഐ ഇനം 69.04 ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 72.34 ഉം ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ തിരിച്ചു കയറി. ബിറ്റ്‌കോയിന്‍ ആറു ശതമാനം ഉയര്‍ന്ന് 57,300 ഡോളര്‍ വരെ എത്തി. ഈഥര്‍ 2365 ഡോളറിലായി.
അലൂമിനിയം ഒഴികെയുള്ള ലോഹങ്ങള്‍ താഴ്ന്നു. ചെമ്പ് 0.45 ശതമാനം താണു ടണ്ണിന് 8972.25 ഡോളറില്‍ എത്തി. അലൂമിനിയം 0.80 ശതമാനം കയറി ടണ്ണിന് 2359.00 ഡോളര്‍ ആയി. നിക്കല്‍ 1.09 ശതമാനവും സിങ്ക് 1.23 ശതമാനവും ടിന്‍ 1.49 ശതമാനവും ലെഡ് 1.93 ശതമാനവും ഇടിഞ്ഞു.

വിപണിസൂചനകള്‍

(2024 സെപ്റ്റംബര്‍ 09, തിങ്കള്‍)
സെന്‍സെക്‌സ് 30 81,559. 54 +0.46%
നിഫ്റ്റി50 24,936.40 +0.34%
ബാങ്ക് നിഫ്റ്റി 51,117.80 +1.07%
മിഡ് ക്യാപ് 100 58,347.40 -0.26%
സ്‌മോള്‍ ക്യാപ് 100 19,097.40 -0.93%
ഡൗ ജോണ്‍സ് 30 40,829.59+1.20%
എസ് ആന്‍ഡ് പി 500 5471.05 +1.16%
നാസ്ഡാക് 16,884.60 +1.16%
ഡോളര്‍($) ?83.96 +?0.01
ഡോളര്‍ സൂചിക 101.55 +0.37
സ്വര്‍ണം (ഔണ്‍സ്) $2507.90 +$10.70
സ്വര്‍ണം (പവന്‍) ₹53,440-₹00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $71.84 +$00.98



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it