വിപണികള്‍ ദുര്‍ബലം, പണനയം നിരാശപ്പെടുത്തി; വിലക്കയറ്റ ഭീഷണി ചെറുതല്ല
പണനയം പലിശനിരക്കിന്റെ കാര്യത്തിൽ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിച്ചു. നിരക്ക് മാറ്റിയില്ല. എന്നാൽ അധിക സിആർആർ ചുമത്തി ബാങ്കുകളുടെ ലാഭപ്രതീക്ഷ താഴ്ത്തി. വിലക്കയറ്റം ഉടനെയൊന്നും കുറയുകയില്ലെന്ന കടുത്ത മുന്നറിയിപ്പും റിസർവ് ബാങ്ക് നൽകി. എല്ലാം ചേർന്നപ്പോൾ വിപണി ഇടിവിലായി.
അമേരിക്കയിൽ കഴിഞ്ഞ മാസത്തെ ചില്ലറ വിലക്കയറ്റം പ്രതീക്ഷിച്ചിടത്തോളം കൂടിയില്ല എന്നത് ആശ്വാസമായി കണ്ട് ഓഹരികൾ തുടക്കത്തിൽ കയറി. എന്നാൽ പലിശ കൂട്ടേണ്ടതില്ല എന്നു തീരുമാനിക്കാൻ പ്രേരിപ്പിക്കുന്നതല്ല വിലക്കയറ്റ കണക്ക് എന്നു മനസിലായപ്പോൾ യുഎസ് ഓഹരികളുടെ ഉയർച്ച നാമമാത്രമായി.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,540 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,560 ലേക്കു കയറിയിട്ട് താണു. ഇന്ത്യൻ വിപണി ഇന്നു നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച നേട്ടത്തിൽ അവസാനിച്ചു. യുഎസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷിച്ചതിലും കുറവായതു വിപണിയെ ഒരു ശതമാനത്തോളം കയറ്റി. പൊണ്ണത്തടി കുറയ്ക്കാനുള്ള വെഗോവി നിർമിക്കുന്ന നോവോ നോർഡിസ്ക് ഈ വർഷം ആദ്യ പകുതിയിൽ 30 ശതമാനം വിൽപനവളർച്ച കാണിച്ചു. ലാഭം 82 ശതമാനം കൂടി. വെഗോവി ഇൻജക്ഷൻ ഹൃദയാഘാത സാധ്യത 20 ശതമാനം കുറയ്ക്കുന്നതായ പരീക്ഷണഫലം ഇതിന്റെ വിപണി പല മടങ്ങ് വലുതാക്കുന്ന ഘടകമാണ്.
യുഎസ് വിപണികൾ ഇന്നലെ നല്ല നേട്ടത്തിൽ തുടങ്ങിയിട്ടു ചെറിയ കയറ്റത്താേടെ അവസാനിച്ചു. ഡൗ ജോൺസ് 52.79 പോയിന്റ് (0.15%) കയറി 35,176.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 1.12 പോയിന്റ് (0.03%) ഉയർന്ന് 4468.83 ൽ അവസാനിച്ചു.. നാസ്ഡാക് 15.97 പോയിന്റ് (0.12%) കയറി 13,738 ൽ ക്ലോസ് ചെയ്തു.
യുഎസിലെ കഴിഞ്ഞ മാസത്തെ വിലക്കയറ്റം 3.2 ശതമാനമാണ്. പ്രതീക്ഷിച്ചത് 3.3 ശതമാനമായിരുന്നു. ജൂണിൽ മൂന്നു ശതമാനമായിരുന്നു വിലക്കയറ്റം. ഭക്ഷ്യ - ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 4.7 ശതമാനമായി. പലിശവർധന വേണ്ടെന്നു വയ്ക്കാൻ തക്ക കുറവ് വിലക്കയറ്റ കണക്കിൽ കാണുന്നില്ല എന്നാണ് ഒടുവിലത്തെ വിശകലനം.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.07 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.17 ഉം ശതമാനം കയറി നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറുകയാണ്. യുഎസ് വിലക്കയറ്റത്തിലെ ആശ്വാസം ചൂണ്ടിക്കാട്ടിയാണിത്. ജപ്പാനിൽ നിക്കെെ സൂചിക 0.85 ശതമാനം ഉയർന്നു. കൊറിയൻ വിപണി അര ശതമാനം കയറിയിട്ടു നേട്ടം കുറച്ചു. ഓസ്ട്രേലിയൻ വിപണി നാമമാത്ര താഴ്ചയിലാണ്. ചെെനീസ് വിപണി ഉയർന്നു തുടങ്ങിയിട്ടു താഴ്ചയിലായി. ഹോങ് കാേങ് വിപണിയും താണു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച രാവിലെ മുതൽ ദുർബലമായിരുന്നു. പണനയ പ്രഖ്യാപനത്തിനു ശേഷം കൂടുതൽ ദുർബലമായി. വിലക്കയറ്റ ഭീഷണി വിപണിയെ ആശങ്കയിലാക്കി. ഒരവസരത്തിൽ സെൻസെക്സ് 65,509 വരെയും നിഫ്റ്റി 19,495 വരെയും താണു. പിന്നീടു നഷ്ടം കുറച്ചു.
സെൻസെക്സ് 307.63 പോയിന്റ് (0.47%) ഇടിഞ്ഞ് 65,688.18ലും നിഫ്റ്റി 89.45 പോയിന്റ് (0.46%) താഴ്ന്ന് 19,543.10 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.08 ശതമാനം താണ് 38,007 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.47 ശതമാനം ഇടിഞ്ഞ് 11,769.95 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ഇന്നലെയും വാങ്ങലുകാരായി. അവർ 331.22 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 703.72 കോടിയുടെ ഓഹരികൾ വാങ്ങി. ഇന്നു നിഫ്റ്റിക്ക് 19,505 ലും 19,425 ലും പിന്തുണ ഉണ്ട്. 19,600 ഉം 19,680 ഉം തടസങ്ങളാകാം.
സോണിയുമായുള്ള ലയനത്തിനു തടസങ്ങൾ നീങ്ങിയതോടെ സീ എന്റർടെയ്ൻമെന്റ് ഓഹരികൾ 17 ശതമാനം വരെ കുതിച്ചു. പുനീത് ഗാേയങ്കയ്ക്ക് സംയുക്ത കമ്പനിയുടെ എംഡി ആകാനും വഴിയൊരുക്കുന്നതാണ് കമ്പനി നിയമ ട്രൈബ്യൂണലിന്റെ ഉത്തരവ്.
അദാനി - വിൽമറിലെ പങ്കാളിത്തം അവസാനിപ്പിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് അദാനി എന്റർപ്രൈസസ് വിശദീകരിച്ചു. വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ മേഖലയിൽ കയറിയിറങ്ങി. അലൂമിനിയം 0.15 ശതമാനം കയറി ടണ്ണിന് 2203.75 ഡോളറിലായി. ചെമ്പ് 0.35 ശതമാനം ഉയർന്ന് ടണ്ണിന് 8423.50 ഡോളറിൽ എത്തി. ടിൻ 1.21 ശതമാനവും നിക്കൽ 1.16 ശതമാനവും സിങ്ക് 0.90 ശതമാനവും ഉയർന്നു. ലെഡ് നാമമാത്രമായി താണു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് 1.3 ശതമാനം താഴ്ന്ന് 86.40 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.83 ഡോളറിലും ക്ലോസ് ചെയ്തു.
സ്വർണം വ്യാഴാഴ്ചയും ഇടിഞ്ഞു. ഔൺസിന് 1931 ഡോളർ വരെ കയറിയിട്ട് 1912.80 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1913.3 ഡോളറിലാണ്.
കേരളത്തിൽ പവൻവില വ്യാഴാഴ്ച 200 രൂപ കുറഞ്ഞ് 43,760 രൂപയിൽ എത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണത്.
ഡോളർ വ്യാഴാഴ്ച 11 പെെസ താഴ്ന്ന് 82.71 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക വ്യാഴാഴ്‌ച 102.52 ലേക്കു കയറി ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 102.65 വരെ കയറിയിട്ടു താണു.
ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 29,450 ഡോളറിനു താഴെയാണ്.
പണനയത്തിൽ പറഞ്ഞതും പറയാത്തതും
പലിശനിരക്ക് മാറ്റിയില്ല. പക്ഷേ പണപ്പെരുപ്പം തടയാൻ ബാങ്കുകളുടെ കരുതൽ പണ അനുപാതം (സിആർആർ) താൽക്കാലികമായി കൂട്ടി. രാജ്യത്തു വിലക്കയറ്റം ഉയർന്ന നിലയിൽ തുടരുമെന്ന മുന്നറിയിപ്പും നൽകി. ഇന്നലെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച പണനയം ചെയ്തത് അതാണ്.
സ്വാഭാവികമായും വിപണിക്ക് ഇതു രസിച്ചില്ല. ഓഹരിവിപണി ഇടിഞ്ഞു. പിന്നീട് അൽപം കയറിയെങ്കിലും സൂചികകൾ ഗണ്യമായ നഷ്ടത്തിൽ തന്നെ ക്ലോസ് ചെയ്തു.
പലിശനിരക്കുകൾ ഇപ്പോൾ കൂട്ടുകയില്ല എന്ന പ്രതീക്ഷ റിസർവ് ബാങ്ക് ശരിവച്ചു. എങ്കിലും ഇനി കൂട്ടുകയില്ല എന്നു പറഞ്ഞില്ല. സാഹചര്യമനുസരിച്ച് ഉചിതനടപടി എന്നാണ് പിന്നീടു മാധ്യമപ്രവർത്തകരോടു ദാസ് പറഞ്ഞത്. അതായത് വർധനയ്ക്കു വഴി തുറന്നിട്ടിരിക്കുന്നു.
വിലക്കയറ്റത്തിന്റെ വഴികൾ
ഇക്കൊല്ലത്തെ വിലക്കയറ്റ നിഗമനം 5.1 ൽ നിന്ന് 5.4 ശതമാനമായി ഉയർത്തി. ഇത് അപ്രതീക്ഷിതമല്ലെങ്കിലും വിപണിക്ക് ആഘാതമായി. വിലകൾ ഉയർന്നു തുടരുന്നത്. എഫ്എംസിജി കമ്പനികൾ അടക്കം എല്ലാ മേഖലകളിലും വരുമാന വളർച്ചയ്ക്കു തടസമാണ്. പലിശ കുറയ്ക്കൽ വൈകുകയും ചെയ്യും.
രണ്ടാം പാദത്തിലെ വിലക്കയറ്റ പ്രതീക്ഷ 5.2 ൽ നിന്ന് 6.2 ശതമാനമായി ഉയർത്തി. മൂന്നാം പാദത്തിലേത് 5.4 ൽ നിന്ന് 5.7 ശതമാനമാക്കി. നാലാം പാദത്തിലേത് 5.2 ശതമാനം എന്ന നിഗമനം തുടരും.
അടുത്ത ധനകാര്യ വർഷവും വിലക്കയറ്റം പരിധിക്കു മുകളിലാകുമെന്നു ദാസ് നൽകിയ വിലക്കയറ്റ പ്രതീക്ഷയുടെ കണക്കു കാണിക്കുന്നു. 2024-25 ധനകാര്യ വർഷം ആദ്യപാദത്തിലും വിലക്കയറ്റം 5.2 ശതമാനമാണു പ്രതീക്ഷ. നാലു ശതമാനം എന്ന നില വളരെ അകലെയാണെന്നു ചുരുക്കം.
ജിഡിപി വളർച്ച ഇങ്ങനെ
ജിഡിപി വളർച്ചപ്രതീക്ഷ 6.5 ശതമാനം നിലനിർത്തി. പല ഏജൻസികളും ഈ നിഗമനത്തെ ചോദ്യം ചെയ്യുന്നതു ബാങ്ക് വകവയ്ക്കുന്നില്ല. ജിഡിപി വളർച്ച ഓരാേ പാദത്തിലും പ്രതീക്ഷിക്കുന്നത് ഇങ്ങനെയാണ്. ഒന്നാം പാദം 8.0%, രണ്ടാം പാദം 6.5%, മൂന്നാം പാദം 6.0%, നാലാം പാദം 5.7%. അടുത്ത ധനകാര്യ വർഷത്തിന്റെ ഒന്നാം പാദത്തിൽ 6.6 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
അടിസ്ഥാന പലിശയായ റീപോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ബാങ്ക് റേറ്റും മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയും 6.75 ശതമാനത്തിലും സ്റ്റാൻഡിംഗ് ഡിപ്പാേസിറ്റ് ഫസിലിറ്റി 6.25 ശതമാനത്തിലും തുടരും എന്നു ഗവർണർ പറഞ്ഞു.
അധിക സിആർആർ ബാങ്കുകളുടെ ലാഭം കുറയ്ക്കും
ബാങ്കുകൾക്ക് 10 ശതമാനം അധിക കരുതൽ പണ അനുപാതം (ഇൻക്രിമെന്റൽ സിആർആർ) പ്രഖ്യാപിച്ചു. ഇതു താൽക്കാലികമാണ്. സെപ്റ്റംബറിൽ സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കും.
2000 രൂപയുടെ കറൻസി പിൻവലിക്കുന്നതിനെ തുടർന്നു ബാങ്കുകളിൽ നിക്ഷേപങ്ങൾ അസാധാരണമായി വർധിച്ചു. ഇത് വിപണിയിലെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടാതിരിക്കാനായിട്ടാണ് അധിക സിആർആർ പ്രഖ്യാപിച്ചത്. മേയ് 19-ജൂലൈ 28 കാലയളവിലെ അധിക നിക്ഷേപങ്ങളുടെ 10 ശതമാനമാണ് അധിക സിആർആർ. ഇത് ഒരു ലക്ഷം കോടിയിൽപരം രൂപ വരും. ഇത്രയും പണം ബാങ്കുകൾക്കു വായ്പ നൽകാനാവുന്ന തുകയിൽ നിന്നു കുറയും. ബാങ്കുകളുടെ ലാഭപ്രതീക്ഷ കുറയും. അതുകൊണ്ടാണു ബാങ്ക് ഓഹരികൾ ഇന്നലെ ഇടിഞ്ഞത്.
വിലക്കയറ്റ ആശങ്ക കൂടി, ആത്മവിശ്വാസം കുറഞ്ഞു
റിസർവ് ബാങ്ക് നടത്തിയ കുടുംബ സർവേയിൽ വിലക്കയറ്റ ആശങ്ക ഉയർന്നു നിൽക്കുന്നതായി കണ്ടെത്തി. ഇപ്പോൾ പ്രതീക്ഷിക്കുന്ന വിലക്കയറ്റം 8.8 ൽ നിന്ന് 8.9 ശതമാനത്തിലേക്ക് കയറി. മൂന്നു മാസ കാലയളവിൽ വിലക്കയറ്റത്തിൽ പ്രതീക്ഷിക്കുന്ന വർധന പത്തു ശതമാനമാണ്. ഒരു വർഷ കാലയളവിൽ 10.3 ശതമാനവും.
19 നഗരങ്ങളിലായി 6025 പേരിൽ നിന്ന് വിവരം ശേഖരിച്ചായിരുന്നു സർവേ. പങ്കെടുത്തവരിൽ 50.6 ശതമാനം പേർ സ്ത്രീകളായിരുന്നു. ജൂലൈ 1 - 10 തീയതികളിലായിരുന്നു സർവേ.
ഇതേ സമയത്തു നടത്തിയ ഉപഭാേക്‌തൃ സർവേയിൽ ജനങ്ങൾക്കു സാമ്പത്തിക നിലയിലുള്ള ആത്മവിശ്വാസത്താേത് കുറഞ്ഞതായി കണ്ടു. 6047 പേരാണു സർവേയിൽ പങ്കെടുത്തത്. കഴിഞ്ഞ രണ്ടു വർഷം ക്രമമായി വർധിച്ചു വന്ന ആത്മ വിശ്വാസമാണ് ഇങ്ങനെ കുറഞ്ഞത്.
എൽ.ഐ.സി ലാഭം കുതിച്ചു
എൽഐസി ജൂണിൽ അവസാനിച്ച മൂന്നു മാസം ലാഭത്തിൽ വലിയ കുതിപ്പ് കാണിച്ചു. തലേവർഷം ഒന്നാം പാദത്തിൽ 682 കോടി രൂപയായിരുന്ന അറ്റാദായം 9543 കോടി രൂപയാക്കി. 12 മടങ്ങു വർധന. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വർധിച്ചതാണ് ഇതിനു സഹായിച്ചത്. കഴിഞ്ഞ വർഷം 5.84 ശതമാനമായിരുന്ന മൊത്ത നിഷ്ക്രിയ ആസ്തി 2.48 ശതമാനമായി കുറച്ചു.
ഒന്നാം പാദത്തിൽ എൽഐസിയുടെ പോളിസി വിൽപന 36.82 ലക്ഷത്തിൽ നിന്നു 32, 16 ലക്ഷത്തിലേക്കു കുറഞ്ഞു. പ്രഥമവർഷ പ്രീമിയം 8.3 ശതമാനം കുറഞ്ഞ് 6810 കോടി രൂപയായി. അറ്റ പ്രീമിയം വരുമാനം നാമമാത്രമായി വർധിച്ച് 98,362 കോടി രൂപയായി. ബിസിനസ് വളർച്ചയിൽ എൽഐസി പിന്നിലായി എന്നാണ് ഇതു കാണിക്കുന്നത്.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 10, വ്യാഴം)
സെൻസെക്സ് 30 65,688.18 -0.47%
നിഫ്റ്റി 50 19,543.10 -0.46%
ബാങ്ക് നിഫ്റ്റി 44,541.80 -0.76%
മിഡ് ക്യാപ് 100 38,007.00 -0.08%
സ്മോൾക്യാപ് 100 11,769.95 -0.47%
ഡൗ ജോൺസ് 30 35,176.10 +0.15%
എസ് ആൻഡ് പി 500 4468.83 +0.03%
നാസ്ഡാക് 13,738.00 +0.12%
ഡോളർ ($) ₹82.71 -11 പൈസ
ഡോളർ സൂചിക 102.52 +0.03
സ്വർണം(ഔൺസ്) $1912.80 -$01.60
സ്വർണം(പവൻ) ₹43,760 -₹200
ക്രൂഡ് (ബ്രെന്റ്)ഓയിൽ $86.40 -$1.15