വകുപ്പു വിഭജനത്തില്‍ വിപണിക്കു തൃപ്തി, പരിചിത മന്ത്രിമാര്‍ തുടരുന്നു; ക്രൂഡ് ഓയില്‍ വില കയറ്റത്തില്‍

വകുപ്പു വിഭജനം കഴിഞ്ഞതോടെ നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭ രണ്ടാം മന്ത്രിസഭയുടെ തുടര്‍ച്ചയാണെന്നു വ്യക്തമായി. കാര്‍ഷികമേഖലയ്ക്കും ഗ്രാമവികസനത്തിനും മുന്‍തൂക്കം കിട്ടുമെന്നതാണു പ്രധാന മാറ്റമായി വിപണി കാണുന്നത്. സാമ്പത്തികമായി നിര്‍ണായകമായ വകുപ്പുകള്‍ എല്ലാം ബി.ജെ.പി വഹിക്കുന്നതും വിപണിയെ ആശ്വസിപ്പിക്കുന്നു. എന്നാല്‍ ഘടക കക്ഷികള്‍ക്കിടയിലെ അസ്വസ്ഥത വിപണിക്ക് ആശങ്കയും പകരുന്നു.

നാളെ വൈകുന്നേരം മേയ് മാസത്തെ ചില്ലറ വിലക്കയറ്റ കണക്ക് പുറത്തു വരും. ഏപ്രിലില്‍ 4.82 ശതമാനമായിരുന്ന നിരക്ക് അഞ്ചു ശതമാനത്തിലേക്കു കയറിയിട്ടുണ്ടാകും എന്നാണു നിരീക്ഷകര്‍ കരുതുന്നത്. ഏപ്രിലിലെ വ്യവസായ ഉല്‍പാദന കണക്കും മേയിലെ കയറ്റിറക്കുമതി കണക്കും നാളെ വരും.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,285.5ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,260 ആയി. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശവിപണികള്‍

യൂറോപ്യന്‍ വിപണികള്‍ ഇന്നലെയും താഴ്ന്നു. ഫ്രാന്‍സില്‍ പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതും യൂറോപ്യന്‍ പാര്‍ലമെന്റില്‍ തീവ്ര വലതുപക്ഷം മുന്നേറിയതും വിപണിയെ താഴ്ത്തി. ഫ്രാന്‍സില്‍ പ്രസിഡന്റ് മാക്രോണിനു കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണു സൂചന.

യു.എസ് വിപണികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. നാളെ ചില്ലറവിലക്കയറ്റ കണക്കും യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ തീരുമാനവും വരുന്നുണ്ട്. ചില്ലറവിലക്കയറ്റം 3.4% ആകുമെന്നാണു നിഗമനം. ഏപ്രിലിലെ നിരക്കും അതായിരുന്നു. എന്നാല്‍ ഇന്ധന-ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുളള കാതല്‍ വിലക്കയറ്റം 3.5 ശതമാനമായി കുറയുമെന്നാണു കണക്കുകൂട്ടല്‍.

ഫെഡ് നാളെ പലിശയിലോ സമീപനത്തിലോ മാറ്റമൊന്നും പ്രഖ്യാപിക്കുകയില്ല എന്നാണു വിപണിയുടെ നിഗമനം. പലിശ കുറയ്ക്കല്‍ സെപ്റ്റംബറില്‍ തുടങ്ങുമെന്ന പഴയ പ്രതീക്ഷ നവംബറിലേക്കു നീക്കാന്‍ പുതിയ തൊഴില്‍ കണക്കുകള്‍ കാരണമായി.

ഡൗ ജോണ്‍സ് സൂചിക 69.05 പോയിന്റ് (0.18%) കയറി 38,868.04ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 13.80 പോയിന്റ് (0.26%) ഉയര്‍ന്ന് 5360.79ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 59.40 പോയിന്റ് (0.35%) കയറി 17,192.53ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.06 ഉം എസ് ആന്‍ഡ് പി 0.03 ഉം നാസ്ഡാക് 0.07 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.

പത്തു വര്‍ഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.471 ശതമാനമായി കുതിച്ചു. പലിശ കുറയ്ക്കല്‍ 2025ലേ തുടങ്ങൂ എന്ന നിഗമനത്തിലുള്ള നിരക്കാണിത്.

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. കൊറിയയിലും ജപ്പാനിലും സൂചികകള്‍ ഉയര്‍ന്നാണു നീങ്ങുന്നത്.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി തിങ്കളാഴ്ച ഉയര്‍ന്നു തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിനു ശേഷം താണു ക്ലോസ് ചെയ്തു. ഐടിയും (1.83 ശതമാനം ഇടിവ്) ബാങ്കിംഗും വിപണിയെ താഴ്ത്തി.

സെന്‍സെക്‌സ് ഉയര്‍ന്ന് 76,935.41ല്‍ വ്യാപാരം ആരംഭിച്ചിട്ട് 77,079.04 വരെ കയറുകയും 76,379.73 വരെ താഴുകയും ചെയ്തു. നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 23,319.15 പോയിന്റില്‍ വ്യാപാരം തുടങ്ങിയിട്ട് 23,227.15 വരെ താഴുകയും 23,411.90 വരെ ഉയരുകയും ചെയ്തു.

സെന്‍സെക്‌സ് 203.28 പോയിന്റ് (0.27%) നഷ്ടത്തില്‍ 76,490.08ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 30.95 പോയിന്റ് (0.13%) താഴ്ന്ന് 23,259.20 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.04% കുറഞ്ഞ് 49,780.90ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.08 ശതമാനം ഉയര്‍ന്ന് 53,235.75ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.51% കയറി 17,475.15ല്‍ അവസാനിച്ചു.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ചയും വാങ്ങലുകാരായി. ക്യാഷ് വിപണിയില്‍ അവര്‍ 2572.38 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2764.46 കോടി രൂപയുടെ ഓഹരികളും വാങ്ങി.

ഐടി കമ്പനികള്‍ ഇന്നലെ ദുര്‍ബലമായി. നിഫ്റ്റി ഐടി 1.83 ശതമാനം ഇടിഞ്ഞു. മെറ്റല്‍ (1.9%), റിയല്‍റ്റി (1.32%), ഫാര്‍മ (1%) എന്നിവ നല്ല നേട്ടം ഉണ്ടാക്കി.

കാര്‍ഷിക മേഖലയ്ക്കു മുന്തിയ പരിഗണന നല്‍കുമെന്ന സൂചനയും നല്ല മണ്‍സൂണും രാസവള കമ്പനികളെ ഉയര്‍ത്തി. എഫ്.എ.സി.ടി 14.99 ശതമാനവും നാഷണല്‍ ഫെര്‍ട്ടിലൈസര്‍ കോര്‍പറേഷന്‍ 11.76 ശതമാനവും ആര്‍സിഎഫ് 9.11 ശതമാനവും കുതിച്ചു. കാര്‍ഷിക ജലസേചന രംഗത്തുളള ജയിന്‍ ഇറിഗേഷന്‍ ഇന്നലെ 10.54 ശതമാനം ഉയര്‍ന്നു. മുന്‍ ദിവസങ്ങളിലും ജയിന്‍ കയറ്റത്തിലായിരുന്നു.

മണ്‍സൂണിനു ശേഷം വില ഉയര്‍ത്തുമെന്ന നിഗമനത്തില്‍ സിമന്റ് കമ്പനികള്‍ ഇന്നലെ ഉയര്‍ന്നു.

ഓഹരി തിരിച്ചു വാങ്ങാന്‍ ഒരുങ്ങുന്ന ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാത് ഓഹരി 7.3 ശതമാനം കയറി.

വിപണിക്കു കുതിപ്പു തുടരാന്‍ തക്ക രാഷ്ട്രീയ സാഹചര്യമാണുള്ളത്. മന്ത്രിസഭയിലെ വകുപ്പുവിഭജനത്തില്‍ അപ്രതീക്ഷിതമായ ഒന്നുമില്ല. കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാനമുഖങ്ങള്‍ അതേ വകുപ്പുകളില്‍ തുടരുന്നു. ഈ നൈരന്തര്യം വിപണിക്ക് സന്തോഷകരമാകും. അത് ഇന്നു വ്യാപാരത്തില്‍ പ്രകടമാകും.

പുതുതായി കാബിനറ്റില്‍ വന്ന ശിവരാജ് സിംഗ് ചൗഹാന് കൃഷിയും ഗ്രാമവികസനവും നല്‍കിയത് ആ മേഖലയ്ക്കു നല്‍കുന്ന പ്രാധാന്യത്തെ കാണിക്കുന്നു. പുതിയ ഗവണ്മെന്റിന്റെ ആദ്യ ഉത്തരവ് കര്‍ഷകര്‍ക്കു 2000 രൂപ വീതം നല്‍കുന്ന പി.എം കിസാന്‍ സംബന്ധിച്ചായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി (പി.എം.എ.വൈ) വികസിപ്പിക്കുന്നതാണു രണ്ടാമത്തെ ഉത്തരവ്.

ഇന്നലെ വ്യാപാരത്തിനിടെ നിഫ്റ്റി എത്തിയ 23,411 ഇന്നു പ്രതിരോധമായി നില്‍ക്കും. ഇതു മറികടന്നാല്‍ 23,500-23,800 മേഖലയിലേക്ക് സൂചിക കടക്കും എന്നാണു സാങ്കേതിക വിശകലന വിദഗ്ധരുടെ പ്രതീക്ഷ.

നിഫ്റ്റിക്ക് ഇന്ന് 23,200 ലും 22,000 ലും പിന്തുണ ഉണ്ട്. 23,400ലും 23,500 ലും തടസം പ്രതീക്ഷിക്കാം.

വെള്ളിയാഴ്ച ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ ചെറിയ കയറ്റം കാണിച്ചു. ഔണ്‍സിന് (31.1 ഗ്രാം) 2311.20 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,305 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ 52,560 രൂപയില്‍ തുടര്‍ന്നു. വെള്ളിവില ഔണ്‍സിന് 29.49 ഡോളറായി. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 96,000 രൂപയില്‍ തുടര്‍ന്നു.

ഡോളര്‍ സൂചിക തിങ്കളാഴ്ച 105.39 വരെ കയറിയിട്ട് 105.15 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.16ലാണ്. രൂപ തിങ്കളാഴ്ച ഇടിവിലായി. ഡോളര്‍ 13 പൈസ കൂടി 83.50 രൂപയായി.

ക്രൂഡ് ഓയില്‍ കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് രണ്ടര ശതമാനം ഉയര്‍ന്ന് 81.63 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഉയര്‍ന്ന് 81.69 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ 77.87 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 81.90 ഡോളറിലുമാണ്.

സിങ്ക് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ വീണ്ടും ഇടിഞ്ഞു. ചെമ്പ് 1.48 ശതമാനം താണു ടണ്ണിന് 9694.40 ഡോളറില്‍ എത്തി. അലൂമിനിയം 0.24 ശതമാനം കുറഞ്ഞ് 2571.85 ഡോളറായി. സിങ്ക് 3.14 ശതമാനം കയറി 2788.88 ഡോളറില്‍ എത്തി.

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും താഴ്ന്നു. ബിറ്റ്‌കോയിന്‍ 69,500 ഡോളറിനു താഴെയായി. ഈഥര്‍ 3.665 ഡോളറിലേക്കു താഴ്ന്നു.


വിപണിസൂചനകള്‍
(2024 ജൂണ്‍ 10, തിങ്കള്‍)

സെന്‍സെക്‌സ് 30 76,490.08 -0.27%

നിഫ്റ്റി50 23,259.20 -0.13%

ബാങ്ക് നിഫ്റ്റി 49,780.90 -0.04%

മിഡ് ക്യാപ് 100 53,235.75 +0.08%

സ്‌മോള്‍ ക്യാപ് 100 17,475.15 +1.51%

ഡൗ ജോണ്‍സ് 30 38,868.00 +0.18%

എസ് ആന്‍ഡ് പി 500 5360.79 +0.26%

നാസ്ഡാക് 17,192.50 +0.35%

ഡോളര്‍($) ₹83.50 +₹0.13
ഡോളര്‍ സൂചിക 105.15 +0.26

സ്വര്‍ണം (ഔണ്‍സ്) $2311.20 +$17.60

സ്വര്‍ണം (പവന്‍) ₹52,560 ₹00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $81.63 +$2.20
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it