ആവേശം തുടരാൻ നിക്ഷേപകർ; റെക്കോഡിനരികെ നിഫ്റ്റി; വിലക്കയറ്റത്തിൽ ആശങ്ക; വിദേശികൾ വിൽപനയിൽ

വിലക്കയറ്റത്തെപ്പറ്റി ആശങ്കകൾ വർധിക്കുന്നുണ്ടെങ്കിലും വിപണികൾ ആവേശക്കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകർ. വിദേശ നിക്ഷേപകർ വിൽക്കുകയാണെങ്കിലും സൂചികകളും വിശാലവിപണിയും നേട്ടം തുടരുകയാണ്. കഴിഞ്ഞയാഴ്ച ചില്ലറ നിക്ഷേപകരും സ്വദേശിഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും വിപണിയെ ഉയർത്തിയത് ഈയാഴ്ചയും തുടരാം. റെക്കാേർഡ് ഉയരത്തിൽ നിന്ന് ഒരു ശതമാനം മാത്രം താഴെയാണു നിഫ്റ്റി.

ഇന്ത്യയിലെയും യുഎസിലെയും ചില്ലറവിലക്കയറ്റ കണക്കുകൾ ഈയാഴ്ച വിപണികളുടെ ഗതി നിയന്ത്രിക്കും. ഇന്ത്യയിൽ ചില്ലറ വിലക്കയറ്റം ഏഴു ശതമാനത്തിൽ കുറയില്ല എന്നാണു നിഗമനം. യുഎസിൽ വർധിച്ച ഇന്ധനവില പൊതു വിലക്കയറ്റം ഉയരാൻ കാരണമാകും. എങ്കിലും അവ വിപണിയെ തകർച്ചയിലേക്കു നയിക്കുമെന്ന് ആരും കരുതുന്നില്ല.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,938ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,920ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ തുടർച്ചയായ ഏഴുദിവസത്തെ നഷ്ടങ്ങൾക്കു ശേഷം വെള്ളിയാഴ്ച ചെറിയ കയറ്റം കാഴ്ചവച്ചു. വിലക്കയറ്റവും പലിശയും സംബന്ധിച്ച ആശങ്കകൾ മാറിയിട്ടില്ല. ഓസ്ട്രേലിയയിൽ പ്രകൃതിവാതക ടെർമിനലുകളിൽ പണിമുടക്ക് ആരംഭിച്ചതോടെ വാതകവില കുതിച്ചു കയറി.

യുഎസ് വിപണികളും ചെറിയ നേട്ടം കാണിച്ചു. എന്നാൽ ആഴ്ച നഷ്ടത്തിലായിരുന്നു. ഡൗ 0.75%, എസ് ആൻഡ് പി 1.3%, നാസ്ഡാക് 1.9% എന്ന തോതിൽ കഴിഞ്ഞയാഴ്ച താഴ്ന്നു.

വെള്ളിയാഴ്ച ഡൗ ജോൺസ് 75.86 പോയിന്റ് (0.22%) കയറി 34,576.59 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 6.35 പോയിന്റ് (0.14%) ഉയർന്ന് 4457.49 ലും നാസ്ഡാക് 12.69 പോയിന്റ് (0.09%) കയറി 13,761.53 ലും ക്ലോസ് ചെയ്തു.

യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.02 ഉം നാസ്ഡാക് 0.08 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് വിപണി കയറ്റം തുടരും എന്നാണു വിലയിരുത്തൽ. ബുധനാഴ്ച ചില്ലറ വിലക്കയറ്റം അപ്രതീക്ഷിതമായ തോതിൽ ആകുന്നില്ലെങ്കിൽ ഡൗ 34,700 കടക്കുമെന്നും അത് 35,000 - 35,200 മേഖലയിലേക്കു സൂചികയെ എത്തിക്കുമെന്നും കണക്കുകൂട്ടുന്നവർ ഉണ്ട്.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നഷ്ടത്തിലായി. ഓസ്ട്രേലിയൻ, ജാപ്പനീസ് വിപണികൾ അര ശതമാനം താഴ്ന്നു. കൊറിയൻ വിപണി ചെറിയ കയറ്റത്തിൽ നിന്നു നഷ്ടത്തിലേക്കു മാറി.

ചൈനയിൽ ഷാങ്ഹായ് വിപണി അരശതമാനം കയറി. എന്നാൽ ഹോങ് കോങ് വിപണി ഒന്നര ശതമാനം ഇടിഞ്ഞു.


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെളളിയാഴ്ച ഉയർന്നു തുടങ്ങി, കൂടുതൽ ഉയർന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 333.35 പോയിന്റ് (0.50%) ഉയർന്ന് 66,598.91ലും നിഫ്റ്റി 92.9 പോയിന്റ് (0.47%) കയറി 19,819.95 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 278.05 പോയിന്റ് (0.62%) കുതിച്ച് 45,156.4 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയും നല്ല നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.95 ശതമാനം കയറി 40,977.75-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.61 ശതമാനം ഉയർന്ന് 12,812.30 ൽ ക്ലോസ് ചെയ്തു.

വിദേശഫണ്ടുകൾ വെളളിയാഴ്ച ക്യാഷ് വിപണിയിൽ 224.22 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1150.15 കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞയാഴ്ച വിദേശനിക്ഷേപകർ 50 കോടി ഡോളർ (4150 കോടി രൂപ) ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു.

സെപ്റ്റംബറിൽ ഇതു വരെ അവർ പിൻവലിച്ചത് 4203 കോടി രൂപയാണ്. ഓഗസ്റ്റിൽ 12,262 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ച വിദേശികൾ മാർച്ച് - ഓഗസ്റ്റ് കാലയളവിൽ 1.74 ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരുന്നു. യുഎസിൽ കടപ്പത്ര വില കുറയുകയും അവയിലെ നിക്ഷേപ നേട്ടം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദേശികൾ ഇന്ത്യയിലെ നിക്ഷേപം പിൻവലിക്കുന്നത്.

19,700 നു മുകളിൽ വ്യാപാരം നടന്നാൽ 19,900-20,000 മേഖലയിലേക്കു നിഫ്റ്റി കയറുമെന്നാണു വിലയിരുത്തൽ. ഉയർന്ന നിലവാരത്തിൽ വിൽപന സമ്മർദമുണ്ടായാൽ ഇപ്പോഴത്തെ നിലവാരത്തിൽ സമാഹരണ സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിഫ്റ്റിക്ക് ഇന്നു 19,750 ലും 19,670 ലും പിന്തുണ ഉണ്ട്. 19,855 ഉം 19,945 ഉം തടസങ്ങളാകാം.

മീഡിയ, എഫ്‌എംസിജി, ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ, ഐടി എന്നീ വ്യവസായ മേഖലകൾ വെളളിയാഴ്ച ഇടിവിലായിരുന്നു.. റിയൽറ്റി, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനങ്ങൾ, സ്വകാര്യ ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ ധനകാര്യ കമ്പനികൾ, തുടങ്ങിയവ നേട്ടം ഉണ്ടാക്കി.

2000 രൂപ കറൻസികൾ നിക്ഷേപിച്ചതു വഴി ബാങ്കുകളിൽ എത്തിയ അധികതുകയുടെ 10 ശതമാനം റിസർവ് ബാങ്ക് അധിക കരുതൽ പണ അനുപാതമാക്കി (ഐസിആർആർ) മാറ്റിയത് ബാങ്കുകൾക്കു തിരികെ നൽകുന്നു. 25 ശതമാനം ശനിയാഴ്ച നൽകി. 25 ശതമാനം 23 - നും 50 ശതമാനം ഒക്ടോബർ ഏഴിനും നൽകും. ബാങ്കുകളിൽ പണലഭ്യത കൂടും. 1.1 ലക്ഷം കോടി രൂപയാണ് പിടിച്ചു വച്ചിരുന്നത്.

യൂറിയയുടെ കയറ്റുമതി വിലക്കിയ ചൈനീസ് നടപടി രാസവള കമ്പനികളെയും ഗവണ്മെന്റിനെയും പ്രശ്നത്തിലാക്കും. 2021-ൽ കോവിഡ് മൂലം ചൈനയിൽ നിന്നു യൂറിയ കിട്ടാതായപ്പോൾ ഗവണ്മെന്റിനു സബ്സിഡി ചെലവ് ഇരട്ടിയിലേറെ ആയിരുന്നു. അന്നു റഷ്യൻ യൂറിയ കിട്ടാനുണ്ടായിരുന്നു. ഇപ്പോൾ റഷ്യൻ ഉൽപന്നവും ദുർലഭമാണ്. യൂറിയ ദൗർലഭ്യം കോംപ്ലക്സ് വളങ്ങളുടെ ലഭ്യതയെയും ബാധിക്കും.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും ഇടിഞ്ഞു. അലൂമിനിയം 0.61 ശതമാനം താഴ്ന്ന് ടണ്ണിന് 2177.52 ഡോളറിലായി. ചെമ്പ് 0.23 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8223.75 ഡോളറിൽ എത്തി. ലെഡ് 0.09 ശതമാനവും ടിൻ 1.46 ശതമാനവും നിക്കൽ 1.1 1 ശതമാനവും സിങ്ക് 2.17 ശതമാനവും താഴ്ന്നു.

ക്രൂഡ് ഓയിൽ, സ്വർണം

ക്രൂഡ് ഓയിൽ വീണ്ടും ഉയർന്നു. ബ്രെന്റ് ഇനം 0.81 ശതമാനം കയറി 90.65 ഡോളറിലും ഡബ്ള്യുടിഐ ഇനം 87.51 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 92.79 ഡോളറിലാണ്. ഇന്നു രാവിലെ ക്രൂഡ് വില അൽപ്പം താണു. ബ്രെന്റ് ഇനം 90.27 ൽ എത്തി.

സ്വർണവില അൽപം താഴ്ന്നു. ഔൺസിന് 1919.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1922.60 ഡോളറിലേക്കു വീണ്ടും കയറി.

കേരളത്തിൽ പവൻവില ശനിയാഴ്ച 120 രൂപ കുറഞ്ഞ് 43,880 രൂപയിൽ എത്തി.

രൂപ വെള്ളിയാഴ്ച മികച്ച തിരിച്ചു വരവ് നടത്തി. ഡോളർ 27 പൈസ താഴ്ന്ന് 82.94 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ കാര്യമായ ഇടപെടൽ നടത്തി. ചെെനയുടെ യുവാൻ 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ ഒരു ഡോളറിന് 7.33 എന്ന നിരക്കിലായി. ഇത് രൂപ വീണ്ടും താഴുമെന്ന നിഗമനത്തിലേക്കാണു വിനിമയ വിപണിയെ നയിക്കുന്നത്. എങ്കിലും ഇന്നു ഡോളർ സൂചിക താഴ്ന്നതു രൂപയ്ക്കു കരുത്താകും.

ഡോളർ സൂചിക വെള്ളിയാഴ്ച കയറിയിറങ്ങിയിട്ട് 105.09 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.79 ലേക്കു താഴ്ന്നിട്ടു കയറി.

ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 25,700 ഡോളറിനടുത്താണ്.

വിലക്കയറ്റം കുറയാൻ സാധ്യത കുറവെന്ന്

ചൊവ്വാഴ്ച ഓഗസ്റ്റിലെ ചില്ലറവിലക്കയറ്റം, ജൂലെെയിലെ വ്യവസായ ഉൽപാദന സൂചിക എന്നിവ അറിവാകും. ബുധനാഴ്ച കയറ്റിറക്കുമതി കണക്കും വ്യാഴാഴ്ച മൊത്തവില സൂചികയും പുറത്തു വിടും. ചില്ലറ വിലക്കയറ്റം ഓഗസ്റ്റിൽ കുറയുമെന്ന് ഗവണ്മെന്റും ചില റേറ്റിംഗ് ഏജൻസികളും നിഗമിച്ചിരുന്നെങ്കിലും കുറയാനിടയില്ല എന്നാണ് ഇപ്പോൾ പലരും വിലയിരുത്തുന്നത്.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ ഇക്കണോമിസ്റ്റ് ഗൗര സെൻ ഗുപ്ത 7.2-7.5 ശതമാനം ചില്ലറ വിലക്കയറ്റം പ്രതീക്ഷിക്കുന്നു. ജൂലൈയിൽ 7.44 ശതമാനമായിരുന്നു. ജൂലൈ - സെപ്റ്റംബർ പാദത്തിലെ വിലക്കയറ്റം 6.8 ശതമാനമാകും എന്നും അവർ കണക്കാക്കുന്നു. 6.2 ശതമാനമാണു റിസർവ് ബാങ്ക് പ്രതീക്ഷിച്ചത്.

ഓഗസ്റ്റ് വിലക്കയറ്റം 6.5 ശതമാനത്തിനു മുകളിലും ഏഴിൽ താഴെയും ആകുമെന്ന് ഇക്ര ചീഫ് ഇക്കണാേമിസ്റ്റ് അദിതി നയ്യാർ കരുതുന്നു. എംകേയിലെ ലീഡ് ഇക്കണോമിസ്റ്റ് മാധവിഅറോറ 7.5 ശതമാനത്തിനടുത്ത കയറ്റമാണു കണക്കാക്കുന്നത്.

45 ധനശാസ്ത്രജ്ഞർക്കിടയിൽ റോയിട്ടേഴ്സ് നടത്തിയ സർവേയിലെ നിഗമനം ഏഴു ശതമാനം വിലക്കയറ്റമാണ്. മൂന്നിൽ രണ്ടു ഭാഗം വിദഗ്‌ധരും ഏഴാേ അതിലധികമോ ശതമാനം വിലക്കയറ്റമാണു പ്രതീക്ഷിക്കുന്നത്.

വിലക്കയറ്റം റിസർവ് ബാങ്കിന്റെ സഹനപരിധിയായ ആറു ശതമാനത്തിനു മുകളിലാണെങ്കിലും പലിശ കൂട്ടലിലേക്ക് റിസർവ് ബാങ്ക് നീങ്ങാനിടയില്ല. ഭക്ഷ്യവിലകളുടെ കയറ്റം താൽക്കാലികമാണെന്നും സെപ്റ്റംബറിൽ വിലകൾ കുറയുമെന്നും ആണു സർക്കാർ പറയുന്നത്.

കൊച്ചിൻ ഷിപ്പ് യാർഡ് കുതിക്കുന്നു; മസഗാേണും

കൊച്ചിൻ ഷിപ്പ് യാർഡ് കയറ്റം തുടർന്നു. വെള്ളിയാഴ്ച 5.93 ശതമാനം കയറി 1214 രൂപയിൽ ക്ലാേസ് ചെയ്തു. കഴിഞ്ഞയാഴ്ച 33.3 ശതമാനം (304 രൂപ) നേട്ടമാണ് ഷിപ്പ് യാർഡ് ഓഹരിക്ക് ഉണ്ടായത്. മസഗാേൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് വെള്ളിയാഴ്ച 6.28 ശതമാനവും കഴിഞ്ഞയാഴ്ച 17.35 ശതമാനവും ഉയർന്നു. രണ്ട് ഓഹരികളും കൂടുതൽ വളർച്ച സാധ്യത ഉള്ളവയായി ചില ബ്രാേക്കറേജുകൾ വിലയിരുത്തുന്നുണ്ട്. കൂടുതൽ . കപ്പൽ നിർമാണ റിപ്പയറിംഗ് ജോലികൾ ഈ കമ്പനികൾക്കു കിട്ടും എന്നാണു പ്രതീക്ഷ.

റിലയൻസ് ബാറ്ററി പ്ലാന്റ് വൈകും

റിലയൻസിന്റെ വമ്പൻ ബാറ്ററി നിർമാണ പ്ലാന്റ് 2026-ലേ പ്രവർത്തനസജ്ജമാകൂ എന്നു സൂചന. ബാറ്ററി പ്ലാന്റ് 2024-ൽ പൂർത്തിയാക്കും എന്നു കഴിഞ്ഞ വർഷം മുകേഷ് അംബാനി പറഞ്ഞിരുന്നു. എന്നാൽ ഈ വർഷം ഓഹരി ഉടമകളുടെ പൊതുയോഗത്തിൽ അംബാനി 2026 എന്ന ലക്ഷ്യം അറിയിച്ചു. ലിഥിയവും സോഡിയവും ഉപയോഗിക്കുന്ന രണ്ടു തരം ബാറ്ററികളാണു റിലയൻസ് വിഭാവന ചെയ്യുന്നത്. ലിഥിയം ഫെറോഫോസ്ഫേറ്റ് സാങ്കേതികവിദ്യ ലിഥിയം വെർക്ക് എന്ന കമ്പനിയിൽ നിന്നും സോഡിയം അയോൺ സാങ്കേതികവിദ്യ ഫറോഡിയോൺ എന്ന കമ്പനിയിൽ നിന്നും സമ്പാദിച്ചു.

വിപണി സൂചനകൾ

(2023 സെപ്റ്റംബർ 8, വെള്ളി)

സെൻസെക്സ് 30 66,598.91 +0.50%

നിഫ്റ്റി 50 19,819.95 +0.47%

ബാങ്ക് നിഫ്റ്റി 45,156.40 +0.62%

മിഡ് ക്യാപ് 100 40,977.75 +0.95%

സ്മോൾ ക്യാപ് 100 12,812.30 +0.61%

ഡൗ ജോൺസ് 30 34,576.59 +0.22%

എസ് ആൻഡ് പി 500 4457.49 +0.14%

നാസ്ഡാക് 13,761.53 +0.09%

ഡോളർ ($) ₹82.94 -0.27

ഡോളർ സൂചിക 105.09 +00.03

സ്വർണം(ഔൺസ്) $1919.70 -$00.60

സ്വർണം(പവൻ) ₹43,880 -₹120.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $90.65 +$0.73

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it