വിദേശ സൂചനകൾ നെഗറ്റീവ്; എങ്കിലും കയറ്റം തുടരാൻ വിപണി; ക്രൂഡ് ഓയിൽ 70 ഡോളറിനു താഴെ; വിലക്കയറ്റ കണക്കുകളിൽ ശ്രദ്ധ

രണ്ടു ദിവസം തുടർച്ചയായി ഉയർന്ന ഇന്ത്യൻ വിപണി നേട്ടം തുടരാമെന്ന വിശ്വാസത്തിലാണ് ഇന്നലെ ക്ലാേസ് ചെയ്തത്. പാശ്ചാത്യ വിപണികൾ വ്യക്തമായ ദിശാബോധം നൽകുന്നില്ല. ഏഷ്യൻ വിപണികൾ രാവിലെ താഴ്ചയിലാണ്. എങ്കിലും ഇന്ത്യൻ വിപണിയിൽ അൽപം ഉയർന്ന തുടക്കമാകും ഉണ്ടാകുക.
ക്രൂഡ് ഓയിൽ വില 70 ഡോളറിനു താഴേക്കു വീണത് ക്രൂഡിൻ്റെ ആവശ്യം കുറയുന്നു എന്ന വിലയിരുത്തലിൽ ആണ്. അതു ലോക സാമ്പത്തിക വളർച്ച കുറയും എന്ന സൂചനയാണ് നൽകുന്നത്. അതു വിപണിക്കു നല്ല സൂചനയല്ല നൽകുന്നത്.
നാളെ വെെകുന്നേരം അറിവാകുന്ന ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റ കണക്കിലാണു വിപണിയുടെ നോട്ടം. 3.2 ശതമാനത്തിനു സമീപത്തേക്കു വിലക്കയറ്റം എത്തിയിട്ടുണ്ടാകും എന്നാണു ധനകാര്യ നിരീക്ഷകരുടെ വിലയിരുത്തൽ. ജൂലൈയിൽ 3.54 ശതമാനമായിരുന്നു നിരക്ക്. ഭക്ഷ്യ വിലക്കയറ്റം 5.42 ശതമാനമായും കുറഞ്ഞിരുന്നു. ജനുവരിയോടെ മാത്രമേ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങൂ എന്നാണു റിസർവ് ബാങ്ക് നൽകുന്ന സൂചന. എന്നാൽ അതിനു മുൻപേ കുറയ്ക്കൽ തുടങ്ങാൻ സമ്മർദം ഉണ്ട്.
യുഎസിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്ന് അറിയാം. വിലകൾ രണ്ടര ശതമാനം കയറും എന്നാണു പാെതു നിഗമനം. വിപരീതമായി എന്തെങ്കിലും ഉണ്ടായാൽ വിപണി ഉലയും. നാളെ മൊത്തവിലക്കയറ്റവും അറിയാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 25,113 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 25,070 ലേക്കു താഴ്ന്നിട്ടു 25,100 ലേക്കു തിരിച്ചു കയറി. ഇന്ത്യൻ വിപണി ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ച താഴ്ന്നു. വാഹന ഓഹരികൾക്കാണു വലിയ ക്ഷീണം. ബിഎംഡബ്ല്യു ലാഭ പ്രതീക്ഷ താഴ്ത്തിയത് ഓഹരിയെ 11 ശതമാനം ഇടിച്ചു.
യുഎസ് വിപണി ചാെവ്വാഴ്ച ഭിന്ന ദിശകളിലായിരുന്നു. ഡൗ ജോൺസ് താഴ്ന്നപ്പോൾ മറ്റു രണ്ടു സൂചികകൾ ഉയർന്നു. ബുധനാഴ്ച ചില്ലറ വിലക്കയറ്റവും വ്യാഴാഴ്ച മാെത്തവിലക്കയറ്റവും അറിവാകും. അടുത്തയാഴ്ച ഫെഡ് യോഗത്തിൻ്റെ തീരുമാനത്തെ നിർണായകമായി സ്വാധീനിക്കുന്നവയാണ് ആ കണക്കുകൾ.
എൻവിഡിയ, എഎംഡി, ആമസോൺ, ടെസ്ല, മെെക്രോസോഫ്റ്റ് തുടങ്ങിയവ ഉയർന്നു. പ്രതീക്ഷയിലും മികച്ച ലാഭം ഉണ്ടാക്കിയ ഓറക്കിൾ 11 ശതമാനം കുതിച്ചു. ആപ്പിൾ തുടർച്ചയായ അഞ്ചാം ദിവസവും താഴ്ന്നു.
ചാെവ്വാഴ്ച ഡൗ ജോൺസ് സൂചിക 92.63 പോയിൻ്റ് (0.23%) താഴ്ന്ന് 40,736.96 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 24.47 പോയിൻ്റ് (0.45%) കയറി 5495.52 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 141.28 പോയിൻ്റ് (0.84%) നേട്ടത്തോടെ 17,025.88 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.19 ഉം നാസ്ഡാക് 0.33 ഉം എസ് ആൻഡ് പി 0. 24 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.65 ശതമാനം മാത്രം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി.ജപ്പാനിൽ നിക്കെെ മുക്കാൽ ശതമാനത്താേളം താഴ്ചയിലാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു തുടക്കത്തിൽ ചാഞ്ചാടിയെങ്കിലും പിന്നീടു കയറ്റം തുടർന്നു. നിഫ്റ്റി 25,130.50 വരെയും സെൻസെക്സ് 82,196.55 വരെയും കയറിയ ശേഷമാണു ക്ലാേസ് ചെയ്തത്. ഐടി, ഫാർമ, ഹെൽത്ത് കെയർ, മീഡിയ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ മേഖലകൾ കയറ്റത്തിനു മുന്നിൽ നിന്നു.
എൻഎസ്ഇയിൽ 1900 ഓഹരികൾ ഉയർന്നപ്പോൾ 841 ഓഹരികൾ താണു. ബിഎസ്ഇയിൽ 2532 എണ്ണം കയറി, 1426 എണ്ണം താഴ്ന്നു.
ചാെവ്വാഴ്ച സെൻസെക്സ് 361.75 പാേയിൻ്റ് (0.44%) ഉയർന്ന് 81,921.29 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 104. 70 പോയിൻ്റ് (0.42%) നേട്ടത്താേടെ 25,041.10 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.30% (154.50 പോയിൻ്റ്) കയറി 51,272.30 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.19 ശതമാനം (691.65 പാേയിൻ്റ്) ഉയർന്ന് 59,039.05 ലും സ്മോൾ ക്യാപ് സൂചിക 1.15% കയറി 19,317.40 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 2208.23 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 275.37 കോടി രൂപയുടെ ഓഹരികൾ വിറ്റു.

കമ്പനികൾ, വാർത്തകൾ

സോളാർ സെൽ നിർമാണം ആരംഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ടാറ്റാ പവർ ഓഹരി ഏഴു ശതമാനത്തോളം ഉയർന്നു.
ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിൻ്റെ ജിഎസ്ടി കുറയ്ക്കൽ തീരുമാനം നീട്ടിയതിനെ തുടർന്ന് ലെെഫ് ഇൻഷ്വറൻസ് കമ്പനി ഓഹരികൾ നാലു ശതമാനം വരെ താഴ്ന്നു.
ചൈനീസ് ഔഷധ നിർമാണകമ്പനികൾക്കു നിയന്ത്രണം കാെണ്ടുവരുന്ന നിയമം യുഎസ് നടപ്പാക്കാൻ തീരുമാനിച്ചത് ഇന്നലെ ഫാർമ കമ്പനികളെ ഉയർത്തി.

ക്രൂഡ് ഓയിൽ ഇടിയുന്നു;സ്വർണം കയറുന്നു

സ്വർണം വീണ്ടും ഉയർന്നു. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങൽ വർധിപ്പിച്ചതാണു വിപണിയെ ഉയർത്തുന്നത്. ഇന്നലെ ഔൺസിന് 2,517.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,518 ഡോളറിലാണ്. ഡിസംബർ അവധിവില ഔൺസിന് 2,548 ഡോളറിലേക്കു കയറി.
കേരളത്തിൽ സ്വർണവില തിങ്കളാഴ്ച മാറ്റമില്ലാതെ പവന് 53,440 രൂപയിൽ തുടർന്നു. ഇന്നു വില കയറാം.
വെള്ളിവില ഔൺസിന് 28.39 ഡോളറിലേക്ക് ഉയർന്നു.
ഡോളർ സൂചിക ചൊവ്വാഴ്ച കയറി 101.63 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 101.68 ലേക്കു കയറി.
ഡോളർ സൂചിക കയറുന്നതു രൂപയ്ക്കു ക്ഷീണമായി. ചാെവ്വാഴ്ച ഡോളർ രണ്ടു പെെസ വർധിച്ച് 83.98 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ കുത്തനേ താഴ്ന്നു. ഈ വർഷം ക്രൂഡ് ഡിമാൻഡ് കുറയും എന്നു പെട്രാേളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) വിലയിരുത്തിയതിനെ തുടർന്നു വില നാലു ശതമാനത്തോളം ഇടിഞ്ഞു. ബ്രെൻ്റ് ഇനം ചൊവ്വാഴ്ച 69.19 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 69.45 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 66.01 ഉം യുഎഇയുടെ മർബൻ ക്രൂഡ് 69.65 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ ഒരു ശതമാനം ഉയർന്ന് 57,600 ഡോളർ വരെ എത്തി. ഈഥർ 2380 ഡോളറിലായി.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴ്ന്നു. ചെമ്പ് 0.42 ശതമാനം താണു ടണ്ണിന് 8934.75 ഡോളറിൽ എത്തി. അലൂമിനിയം 0.76 ശതമാനം കുറഞ്ഞ് ടണ്ണിന് 2341.15 ഡോളർ ആയി. നിക്കൽ 1.01 ഉം സിങ്ക് 1.05 ഉം ടിൻ 0.96 ഉം ലെഡ് 0.16 ഉം ശതമാനം ഇടിഞ്ഞു.

വിപണിസൂചനകൾ

(2024 സെപ്റ്റംബർ 10, ചാെവ്വ)
സെൻസെക്സ് 30 81,921.29 +0.44%
നിഫ്റ്റി50 25,041.10 +0.42%
ബാങ്ക് നിഫ്റ്റി 51,272.30 +0.30%
മിഡ് ക്യാപ് 100 59,039.05 +1.19%
സ്മോൾ ക്യാപ് 100 19,317.40 +1.15%
ഡൗ ജോൺസ് 30 40,736.96
-0.23%
എസ് ആൻഡ് പി 500 5495.52 +0.45%
നാസ്ഡാക് 17,025.88 +0.84%
ഡോളർ($) ₹83.98 +₹0.02
ഡോളർ സൂചിക 101.63 +0.08
സ്വർണം (ഔൺസ്) $2517.20 +$9.30
സ്വർണം (പവൻ) ₹53,440 ₹00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $69.19 -$02.65
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it