വളർച്ച പ്രതീക്ഷ വീണ്ടും താഴ്ത്തി ഐഎംഎഫ്

ഇന്നു വരാനിരിക്കുന്ന ചില്ലറ വിലക്കയറ്റ - വ്യവസായ ഉൽപാദന കണക്കുകളിലും ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ നാലാം പാദ റിസൽട്ടിലുമാണു വിപണിയുടെ ശ്രദ്ധ. അതുകൊണ്ടു തന്നെ ഇന്നു വ്യാപാരത്തിൽ വലിയ റിസ്കുകൾക്കു നിക്ഷേപകർ മടിക്കും. എങ്കിലും ഏഷ്യൻ വിപണികളിലെ ഉണർവ് വിപണിയെ ഉയർത്തുമെന്നാണു പ്രതീക്ഷ. ഇന്നു വൈകുന്നേരമാണ് മാർച്ചിലെ വിലക്കയറ്റ കണക്കും ഫെബ്രുവരിയിലെ വ്യവസായ ഉൽപാദന കണക്കും ഗവണ്മെന്റ് പുറത്തുവിടുക.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വാഴ്ച 17,787 വരെ ഉയർന്നു. രണ്ടാം സെഷനിൽ 17,802.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,790 ലേക്ക് താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.

വിപണികൾ

യൂറോപ്യൻ വിപണികൾ ഇന്നലെ പൊതുവേ നേട്ടത്തിലായിരുന്നു. യുഎസ് വിപണിയിൽ തികഞ്ഞ അനിശ്ചിതത്വമായിരുന്നു. ഡൗ ജോൺസ് നേരിയ നേട്ടത്തിൽ അവസാനിച്ചു. എസ് ആൻഡ് പി നാമമാത്ര നഷ്ടത്തിലും നാസ്ഡാക് ചെറിയ നഷ്ടത്തിലും ആണ് ക്ലോസ് ചെയ്തത്. ഇന്നു വരാനിരിക്കുന്ന മാർച്ചിലെ യുഎസ് ചില്ലറ വിലക്കയറ്റ കണക്കുകളിലായിരുന്നു വിപണിയുടെ ശ്രദ്ധ.

ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗവും എസ് ആൻഡ് പി യും 0.05 ശതമാനം വീതം ഉയർന്നു. നാസ്ഡാക് 0.11 ശതമാനം കയറി.

ജപ്പാനിൽ നിക്കെെ അര ശതമാനം ഉയർന്നാണു രാവിലെ വ്യാപാരം തുടങ്ങിയത്. സൂചിക 28,000 നു മുകളിൽ കയറി.മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ ഉയർന്നു. ചെെനീസ് വിപണി ഇന്നും തുടക്കം താഴ്ചയിലാണ്. പിന്നീടു കയറി.

സെൻസെക്‌സ് 60,157

ഇന്ത്യൻ വിപണി ചൊവ്വാഴ്ച നേട്ടത്തിൽ ആരംഭിച്ച് കൂടുതൽ നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ ഏഴാം ദിവസമാണു മുഖ്യ സൂചികകൾ നേട്ടത്തിലവസാനിച്ചത്. സെൻസെക്സ് 311.20 പോയിന്റ് (0.52%) നേട്ടത്തിൽ 60,157.72ലും നിഫ്റ്റി 98.25 പോയിന്റ് (0.56%) കയറി 17,722.30 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.50 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.41 ശതമാനവും കയറിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക്, ധനകാര്യ സേവന, മെറ്റൽ മേഖലകളാണ് ഇന്നലെ വിപണിയെ ഗണ്യമായി ഉയർത്തിയത്. ബാങ്കുകൾ മാർച്ച് പാദത്തിൽ മികച്ച ബിസിനസ് വളർച്ച കാണിച്ചത് ലാഭവർധനയിലേക്കു നയിക്കും എന്നാണു വിപണി കരുതുന്നത്. കഴിഞ്ഞ മൂന്നു വ്യാപാര ദിനങ്ങളിൽ നല്ല നേട്ടമുണ്ടാക്കിയ റിയൽറ്റി ഓഹരികൾ ഇന്നലെ ലാഭമെടുക്കലിനെ തുടർന്നു താഴ്ന്നു.

ഐടി കമ്പനികൾ വലിയ താഴ്ചയിലായി. ഇന്നു ടിസിഎസും നാളെ ഇൻഫോസിസും നാലാം പാദ റിസൽട്ടുകൾ പുറത്തുവിടും. ഐടി കമ്പനികളുടെ ലാഭവർധനയിൽ ഇടിവുണ്ടാകുമെന്നാണു വിലയിരുത്തൽ.

വിപണി ബുള്ളിഷ് പ്രവണതയോടെയാണു ക്ലോസ് ചെ യ്തത്. നിഫ്റ്റിക്ക് 17,670 ലും 17,615 ലും സപ്പോർട്ട് ഉണ്ട്. 17,750 ലും 17,800 ലും തടസങ്ങൾ ഉണ്ടാകാം.

ഇന്നലെ വിദേശനിക്ഷേപകർ വാങ്ങലുകാരായപ്പോൾ സ്വദേശി ഫണ്ടുകൾ വിൽപനക്കാരായി. വിദേശികൾ 342.84 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശികൾ 264.02 കോടിയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 85.61ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 85 72 ലേക്കു കയറി.

സ്വർണവില വീണ്ടും 2000 ഡോളറിനു മുകളിൽ കയറി. ഡോളറിന്റെ ദൗർബല്യവും പലിശക്കാര്യത്തിലെ അനിശ്ചിതത്വവുമാണു കാരണം. ഇന്നലെ ഔൺസിന് 2008.6 വരെ കയറിയ ശേഷം 2004.6 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില കുതിച്ച് 2013-2015 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ പവൻ വില ഇന്നലെ 240 രൂപ വർധിച്ച് 44,560 രൂപയിലെത്തി. ഇന്നു വില വർധിച്ചു പുതിയ റിക്കാർഡിക്കു നീങ്ങാൻ സാധ്യതയുണ്ട്.

ക്രിപ്റ്റോ കറൻസികൾ ഉയർന്നു നിൽക്കുന്നു.. ബിറ്റ് കോയിൻ 30, 250 ഡോളറിനു മുകളിലാണ്.

ഡോളർ വ്യാഴാഴ്ച 15 പെെസ നേട്ടത്തിൽ 82.13 രൂപയിൽ ക്ലോസ് ചെയ്തു. ആഴ്ചകൾക്കു ശേഷമാണ് ഡോളർ 82 കടക്കുന്നത്.

ഡോളർ സൂചിക ഇന്നലെ 44 പോയിന്റ് താഴ്ന്ന് 102.14 എന്ന നിലയിൽ അവസാനിച്ചു. ഇന്നു രാവിലെ 102.05 ലാണ് സൂചിക.


ശരാശരി മഴ കിട്ടുമെന്നു കാലാവസ്ഥാ വകുപ്പ്

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇക്കൊല്ലം ദീർഘകാല ശരാശരിക്കൊപ്പം കാലവർഷ മഴ ലഭിക്കും എന്നു പ്രവചിച്ചു. ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ കിട്ടും എന്നാണു പ്രവചനം. സ്വകാര്യ ഏജൻസിയായ സ്കൈമെറ്റ് ശരാശരിയുടെ 94 ശതമാനം ആണു പ്രവചിച്ചത്.

എൽ നിനോ പ്രതിഭാസത്തെപ്പറ്റിയുള്ള വ്യാഖ്യാനമാണു രണ്ടു പ്രവചനങ്ങളെയും വ്യത്യാസപ്പെടുത്തിയത്. എൽ നിനോ മഴ കുറയാൻ കാരണമാകും എന്നു സ്കൈമെറ്റ് കണക്കാക്കി. എൽ നിനോ ജൂലെെക്കു ശേഷമേ ശക്തമാകൂ, അതിനാൽ പേടിക്കേണ്ട എന്ന് ഐഎംഡി കരുതുന്നു. എൽ നിനോ വന്നതു കൊണ്ടു മഴ കുറയണമെന്നില്ലെന്നാണു ചരിത്രപാഠമെന്നും വകുപ്പ് പറയുന്നു. ഇന്ത്യൻ ഓഷൻ ഡെെപോൾ (ഐഒഡി) എന്ന സമുദ്രവാത പ്രതിഭാസം ഉണ്ടായാൽ എൽ നിനോയുടെ ആഘാതം കുറവാകുമെന്നും ഐഎംഡി കണക്കാക്കി. ഐഒഡി സാധ്യത വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലു വർഷം ശരാശരിക്കൊപ്പം മഴ കിട്ടിയതാണ്. കഴിഞ്ഞ വർഷം ശരാശരിയുടെ 106 ശതമാനം മഴ കിട്ടി. എന്നാൽ ചില മേഖലകളിൽ മഴ വളരെ കുറവായി. 1971 മുതൽ 2020 വരെയുള്ള 50 വർഷത്തെ

മഴയുടെ ശരാശരിയാണ് ദീർഘകാല ശരാശരിയായി കണക്കാക്കുന്നത്. 87 സെന്റിമീറ്റർ ആണ് ഇത്. മേയ് അവസാനം ഐഎംഡി തിരുത്തിയ പ്രവചനം പുറത്തുവിടും. പ്രവചനങ്ങൾ പോലെ മഴ ലഭിച്ച വർഷങ്ങൾ കുറവാണ്. പ്രവചനങ്ങളിലെ ശരാശരി പിഴവ് 6.9 ശതമാനമാണ്. വകുപ്പ് പറയുന്നത് പ്രവചനത്തിൽ അഞ്ചു ശതമാനം പിഴവ് എന്നും.


വളർച്ചപ്രതീക്ഷ താഴ്ത്തി ഐഎംഎഫ്

ഈ വർഷം ഇന്ത്യയുടെ അടക്കം സാമ്പത്തികവളർച്ചയിൽ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). 2023 - 24 ലെ ഇന്ത്യയുടെ വളർച്ച പ്രതീക്ഷ 6.1 ൽ നിന്ന് 5.9 ശതമാനമായി കുറച്ചു. 2024-25 ലേത് 6.8 ൽ നിന്ന് 6.3 ശതമാനമായി താഴ്ത്തി. കഴിഞ്ഞ ആഴ്ചകളിൽ ലോക ബാങ്കും ഏഷ്യൻ വികസന ബാങ്കും (എഡിബി) കണക്കാക്കിയ വളർച്ചയിൽ നിന്നു ഗണ്യമായി കുറവാണിത്. അവ യഥാക്രമം 6.3 ഉം 6.4 ഉം ശതമാനം വളർച്ചയാണ് 2023-24 ലേക്കു കണക്കാക്കിയത്. റിസർവ് ബാങ്ക് 6.5 ശതമാനം പ്രതീക്ഷയാണു കഴിഞ്ഞ ആഴ്ച പ്രകടിപ്പിച്ചത്.

കുറഞ്ഞ നിരക്കിൽ പോലും ചൈനയുടേതിലും ഉയർന്നതാണ് ഇന്ത്യയുടെ വളർച്ച. ചൈന ഇക്കൊല്ലം 5.2 ഉം അടുത്ത വർഷം 4.5 ഉം ശതമാനമാണു വളരുക എന്നാണ് ഐഎംഎഫ് വിലയിരുത്തൽ.

ആഗാേള വളർച്ച ഇക്കൊല്ലം 2.8 ഉം 2024-ൽ മൂന്നും ശതമാനമായിരിക്കും എന്നാണു നിഗമനം. ആഗോള വിലക്കയറ്റം 2022 ലെ 8.7 ശതമാനത്തിൽ നിന്ന് ഈ വർഷം ഏഴും അടുത്ത വർഷം 4.9ഉം ശതമാനമാകും എന്നു പ്രതീക്ഷിക്കുന്നു. യുഎസ് 2023 - ൽ 1.6 ഉം ഉം 24- 1.1 ഉം ശതമാനം വളരും. യൂറോ മേഖല 0.8 ഉം 1.4-ഉം ശതമാനമാണു വളരുക എന്ന് ഐഎംഎഫ് കണക്കാക്കി.

വിപണി സൂചനകൾ

(2023 ഏപ്രിൽ 11, ചൊവ്വ),

സെൻസെക്സ് 30 60,157.72 +0.52%

നിഫ്റ്റി 50 17,722.30 +0.56%

ബാങ്ക് നിഫ്റ്റി 41,366.50 +1.30%

മിഡ് ക്യാപ് 100 30,623.50 +0.50%

സ്മോൾ ക്യാപ് 100 9261.55 +0.41%

ഡൗ ജോൺസ് 30 33,684.79 +0.29%

എസ് ആൻഡ് പി 500 4108.94 +0.00%

നാസ്ഡാക് 12,031.88 -0.43%

ഡോളർ ($) ₹82.13 +15 പൈസ

ഡോളർ സൂചിക 102.14 -0.44

സ്വർണം(ഔൺസ്) $ 2004.60 +$13.30

സ്വർണം(പവൻ) ₹44,560 +₹240

ക്രൂഡ്(ബ്രെന്റ്)ഓയിൽ $85.61 +$1.43

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it