Begin typing your search above and press return to search.
പലിശപ്പേടി വീണ്ടും, പടിഞ്ഞാറന്‍ കാറ്റ് വിപണിക്കു ക്ഷീണം; ചില്ലറ വിലക്കയറ്റവും ടി.സി.എസ് ഫലവും വൈകിട്ടെത്തും
പാശ്ചാത്യ വിപണികളിലെ ഇടിവ് ഇന്ന് ഇന്ത്യന്‍ വിപണിക്കു ക്ഷീണമാകും എന്ന ആശങ്ക ബലപ്പെട്ടു. പലിശനിരക്കു കുറയ്ക്കല്‍ നീണ്ടുപോകും എന്ന് ഉറപ്പിക്കുന്ന വിധമാണ് യു.എസിലെ ചില്ലറ വിലക്കയറ്റ കണക്ക് വന്നത്. പിന്നീടു മൊത്തവിലക്കയറ്റ കണക്ക് ആശ്വാസകരമായെങ്കിലും നിഗമനങ്ങള്‍ തിരുത്താന്‍ തക്ക നിലയായിട്ടില്ല.
മാര്‍ച്ചിലെ ഇന്ത്യന്‍ ചില്ലറവിലക്കയറ്റ കണക്ക് ഇന്ന് വൈകിട്ട് പ്രസിദ്ധീകരിക്കും. ഫെബ്രുവരിയില്‍ 5.09 ശതമാനമായിരുന്നു നിരക്ക്. മാര്‍ച്ചില്‍ വിലക്കയറ്റം 4.9 ശതമാനമായി കുറഞ്ഞിട്ടുണ്ടാകും എന്നാണു വിദഗ്ധരുടെ നിഗമനം. റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ നാലു ശതമാനത്തിലേക്ക് ഉടനെ എത്തുകയില്ലെന്നാണു സൂചന.
പ്രമുഖ ഐ.ടി സേവന കമ്പനിയായ ടി.സി.എസ് ഇന്ന് വൈകിട്ട് 5.30ന് നാലാം പാദ റിസല്‍ട്ട് പ്രഖ്യാപിക്കും. ഭാവി വരുമാന പ്രതീക്ഷ എന്താണ് എന്നതാണു വിപണി ശ്രദ്ധിക്കുന്ന കാര്യം.
ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 22,640ല്‍ ക്ലോസ് ചെയ്തു. വ്യാഴാഴ്ച 22,715ലേക്കു കയറി. ഇന്നു രാവിലെ 22,670ലേക്കു താണു. ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ താഴ്ന്നു. യു.എസ് ചില്ലറവിലക്കയറ്റം ഉയര്‍ന്നതും യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ കുറയ്ക്കലിനെപ്പറ്റി പുതിയ സൂചന നല്‍കാത്തതും വിപണികളെ നിരാശപ്പെടുത്തി.
യു.എസ് വിപണി ബുധനാഴ്ച കുത്തനേ ഇടിഞ്ഞിട്ട് വ്യാഴാഴ്ച ഉയര്‍ന്നു. എന്നാല്‍ ഡൗ സൂചിക വ്യാഴാഴ്ചയും താഴ്ന്നു. മാര്‍ച്ചിലെ ചില്ലറ വിലക്കയറ്റം 3.8 ഉം കാതല്‍ വിലക്കയറ്റം 3.9 ഉം ശതമാനം കയറി എന്നതാണു വിപണിയെ താഴ്ത്തിയത്. ഇതു വിദഗ്ധരുടെ നിഗമനങ്ങളേക്കാള്‍ കൂടുതലായി. തുടര്‍ച്ചയായ മൂന്നാം മാസവും ചില്ലറ വിലക്കയറ്റം കയറിയത് പലിശ കുറയ്ക്കല്‍ ഉടനെ ഉണ്ടാകില്ല എന്ന കണക്കുകൂട്ടലിലേക്കു വിപണിയെ നയിച്ചു. ജൂണില്‍ നിരക്കു കുറച്ചു തുടങ്ങും എന്ന പ്രതീക്ഷ വിപണി സെപ്റ്റംബറിലേക്കു മാറ്റി. ഇന്നലെ പുറത്തുവന്ന യു.എസ് മൊത്തവില കണക്ക് വിപണിക്കു പ്രതീക്ഷ പകരുന്നതായി. 0.3 ശതമാനം പ്രതിമാസ വര്‍ധന കണക്കാക്കിയ സ്ഥാനത്ത് 0.2 ശതമാനം വര്‍ധന മാത്രം.
ഉയര്‍ന്ന പലിശ നീണ്ടു നില്‍ക്കും എന്ന നിഗമനത്തില്‍ യു.എസ് പത്തു വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.583 ശതമാനമായി ഉയര്‍ന്നു.
ടെക് ഓഹരികള്‍ വ്യാഴാഴ്ച വലിയ തിരിച്ചുകയറ്റം നടത്തി. മാക് ബ്രാന്‍ഡിലുളള ഉത്പന്നങ്ങള്‍ നിര്‍മിതബുദ്ധിയിലേക്കു മാറ്റും എന്നു പ്രഖ്യാപിച്ച ആപ്പിളിന്റെ ഓഹരി 4.3 ശതമാനവും നിര്‍മിതബുദ്ധി താരം എന്‍വിഡിയ 4.1 ശതമാനവും കുതിച്ചു. ജോലിക്കാരെ കുറയ്ക്കും എന്നു പ്രഖ്യാപിച്ച ആമസോണ്‍ ഓഹരി റെക്കോഡ് കുറിച്ചു.
ഇന്നലെ ഡൗ ജോണ്‍സ് സൂചിക 2.43 പോയിന്റ് (0.01%) താഴ്ന്ന് 38,459.10ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 38.22 പോയിന്റ് (0.74%) കയറി 5199.06ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 271.84 പോയിന്റ് (1.68%) ഉയര്‍ന്ന് 16,442.20ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ കയറ്റത്തിലാണ്.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക കയറി. ദക്ഷിണ കൊറിയയിലും ഓസ്‌ട്രേലിയയിലും താണു.
ഇന്ത്യന്‍ വിപണി
ബുധനാഴ്ച ഇന്ത്യന്‍ വിപണി റെക്കോര്‍ഡ് ഉയരത്തില്‍ ആരംഭിച്ച് റെക്കോര്‍ഡ് നിലയില്‍ അവസാനിച്ചു. സെന്‍സെക്‌സ് ആദ്യമായി 75,000ന് മുകളില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 354.45 പോയിന്റ് (0.47%) കയറി 75,038.15ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 111.05 പോയിന്റ് (0.49%) ഉയര്‍ന്ന് 22,753.80ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 25,605 പോയിന്റ് (0.53%) കയറി 48,986.60ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.97 ശതമാനം കുതിച്ച് 50,380.40ല്‍ ക്ലോസ് ചെയ്തു. ഇതാദ്യമാണു സൂചിക 50,000ന് മുകളില്‍ അവസാനിക്കുന്നത്. സ്‌മോള്‍ ക്യാപ് സൂചിക 0.73 ശതമാനം കയറി 16,571.40ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ബുധനാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 2778.17 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 163.36 കോടി രൂപയുടെ ഓഹരികളും വാങ്ങി.
വിപണി ബുള്ളിഷ് ആയാണു ക്ലോസ് ചെയ്തത്. എന്നാല്‍ പലിശ സംബന്ധിച്ച യു.എസ് സൂചനകള്‍ ഇന്നത്തെ വിപണിഗതിയെപ്പറ്റി അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. 22,800ന് മുകളില്‍ നിഫ്റ്റി കയറിയാല്‍ 23,000ന് മുകളിലേക്കുളള വഴി തുറക്കും. മറിച്ചായാല്‍ ചെറിയ തിരുത്തല്‍ തുടങ്ങാം.
നിഫ്റ്റിക്ക് ഇന്ന് 22,695ലും 22,630ലും പിന്തുണയുണ്ട്. 22,765ലും 22,835ലും തടസങ്ങള്‍ പ്രതീക്ഷിക്കുന്നു.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് ഡി.എം.ആര്‍.സി 8000ല്‍ പരം കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനുള്ള വിധി സുപ്രീം കോടതി റദ്ദാക്കി. വിധിയെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഫ്രാ ഓഹരി 20 ശതമാനം താഴ്ന്ന് ലോവര്‍ സര്‍കീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കു നഷ്ടപരിഹാരം കിട്ടിയിരുന്നില്ലെന്ന് അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഇന്‍ഫ്രാ വിശദീകരിച്ചു. അതിനാല്‍ വിധി മൂലം ധനകാര്യ ബാധ്യത വരുന്നില്ല.
സ്വര്‍ണം 2,400 ഡോളറിലേക്ക്
സ്വര്‍ണം കയറ്റം തുടരുകയാണ്. ഔണ്‍സിന് 2,400 ഡോളറിലേക്ക് ഇനി വലിയ ദൂരമില്ല. ചൊവ്വാഴ്ച വന്ന യു.എസ് ചില്ലറ വിലക്കയറ്റം നിഗമനങ്ങളേക്കാള്‍ കൂടുതലായതിനാല്‍ അന്നു വില അല്‍പം താഴ്ന്നു. പലിശ കുറയ്ക്കല്‍ നീണ്ടുപോകും എന്ന നിഗമനത്തിലായിരുന്നു അത്. വ്യാഴാഴ്ച മൊത്തവിലക്കയറ്റ കണക്കു വന്നത് സ്വര്‍ണബുള്ളുകള്‍ക്ക് ആവേശം പകരുന്നതായി. സ്വര്‍ണം 1.7 ശതമാനം കയറി ഔണ്‍സിന് 2372.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 2,387 ഡോളറിലെത്തി.
കേരളത്തില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും സ്വര്‍ണം പവന് 80 രൂപ വീതം കൂടി 52,960 രൂപ എന്ന റെക്കോഡില്‍ എത്തി. ഇന്നും വിലയില്‍ വലിയ കയറ്റം ഉണ്ടാകുമെന്നാണു സൂചന.
ഡോളര്‍ സൂചിക ഇന്നലെ ഒന്നര ശതമാനം ഉയര്‍ന്ന് 105.53 വരെ കയറിയിട്ട് 105.28ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.30 ലേക്കു കയറി. അഞ്ഞു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സൂചിക.
ബുധനാഴ്ച വിദേശനാണ്യ വിപണിയില്‍ രൂപ ഉയര്‍ന്നു. ഡോളര്‍ 13 പൈസ കുറഞ്ഞ് 83.19 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു നേട്ടം നിലനിര്‍ത്താന്‍ രൂപയ്ക്കു കഴിയുമോ എന്നു സംശയമാണ്.
ക്രൂഡ് ഓയില്‍ കയറിയിറങ്ങി
ക്രൂഡ് ഓയില്‍ വില കയറിയിറങ്ങി. ബ്രെന്റ് ഇനം 90.72 ഡോളര്‍ വരെ കയറിയിട്ട് ഇന്നു രാവിലെ 90.17ല്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം 85.54യും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 89.74 ഡോളറിലും ആണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്നു ചാഞ്ചാടുന്നു. ബിറ്റ് കോയിന്‍ 71,100 ഡോളറിനു മുകളില്‍ എത്തിയ ശേഷം 70,100 ഡോളറിലേക്കു താണു.
വിപണിസൂചനകള്‍
(2024 ഏപ്രില്‍ 10, ബുധന്‍)
സെന്‍സെക്‌സ്30 - 74,683.70 -0.08%
നിഫ്റ്റി50 - 22,642.75 -0.10%
ബാങ്ക് നിഫ്റ്റി - 48,730.55 +0.31%
മിഡ് ക്യാപ് 100 - 49,894.70 -0.29%
സ്‌മോള്‍ ക്യാപ് 100 - 16,451.90 +0.27%
ഡൗ ജോണ്‍സ് 30 - 38,461.51 -1.09%
എസ് ആന്‍ഡ് പി 500 - 5160.54 -0.95%
നാസ്ഡാക് - 16,170.36 -0.84%
ഡോളര്‍ ($) - ₹83.19 -?0.13
ഡോളര്‍ സൂചിക - 104.25 +0.11
സ്വര്‍ണം (ഔണ്‍സ്) - $2335.52 -$17.98
സ്വര്‍ണം (പവന്‍) - ₹52,880 +?80.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ - $89.42 -$00.96
ഏപ്രില്‍ 11 വ്യാഴം
ഡൗ ജോണ്‍സ് 30 - 38,459.10 -0.01%
എസ് ആന്‍ഡ് പി 500 - 5199.0 +0.74%
നാസ്ഡാക് -16,442.20 +1.68%
ഡോളര്‍ ($) - ₹83.19 ?0.00
ഡോളര്‍ സൂചിക - 105.28 +1.03
സ്വര്‍ണം (ഔണ്‍സ്) - $2372.40 +$36.88
സ്വര്‍ണം (പവന്‍)- ₹52,960 +?80.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ - $90.19 +$00.77
Next Story
Videos