ആഗാേള സൂചനകൾ അനുകൂലം; റെക്കോഡ് കുറിക്കാൻ നിഫ്റ്റിയും സെൻസെക്‌സും
നിഫ്റ്റി 21,000 വും സെൻസെക്സ് 70,000 വും കടന്നെങ്കിലും ഇന്നലെ അവയ്ക്കു താഴെയാണു ക്ലോസ് ചെയ്തത്. ഇന്നു പുതിയ റെക്കാേഡ് കുറിക്കാൻ സൂചികകൾ ഒരുങ്ങി നിൽക്കുന്നു. ആഗാേള സൂചനകളും അനുകൂലമാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ വെളളി രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,069.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,146 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. യു.എസ് വിപണി ഇന്നലെ 0.40 ശതമാനം നേട്ടത്തിൽ അവസാനിച്ചു. കടപ്പത്ര വിലകൾ സ്റ്റെഡിയായി തുടർന്നു.
ഡൗ ജോൺസ് സൂചിക 157.06 പോയിന്റ് (0.43%) കയറി 36,404.93 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 18.07 പോയിന്റ് (0.39%) ഉയർന്ന് 4622.44 ൽ അവസാനിച്ചു. നാസ്ഡാക് 28.51 പോയിന്റ് (0.20%) ഉയർന്ന് 14,432.49 ലും അവസാനിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
ഇന്ത്യൻ വിപണി
തിങ്കളാഴ്ച ഇന്ത്യൻ വിപണി നേരിയ കയറ്റം കാഴ്ചവച്ചു. നിഫ്റ്റി രാവിലെ തന്നെ 21,000 മറികടന്നെങ്കിലും പിന്നീടു നാമമാത്രമായി താഴ്നു ക്ലോസ് ചെയ്തു.
സെൻസെക്സ് 102.93 പോയിന്റ് (0.15%) കയറി 69,928.53 ലും നിഫ്റ്റി 27.7 പോയിന്റ് (0.13%) ഉയർന്ന് 20,997.10 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 52.25 പോയിന്റ് (0.11%) കയറി 47,314.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.74 ശതമാനം ഉയർന്ന് 44,729.15 ലും സ്മോൾ ക്യാപ് സൂചിക 0.84 ശതമാനം കയറി 14,525.65 ലും അവസാനിച്ചു.
വിദേശ നിക്ഷേപകർ വീണ്ടും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 1261.13 കാേടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1032.92 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി മനോഭാവം ബുള്ളിഷ് ആയി തുടരുന്നു എന്നാണ് വിലയിരുത്തൽ. ഇന്നു വെെകുന്നേരം ചില്ലറ വിലക്കയറ്റം കണക്ക് വരും. നിരക്കു കൂടാനാണ് സാധ്യത.
നിഫ്റ്റിക്ക് ഇന്ന് 20,945 ലും 20,880 ലും പിന്തുണ ഉണ്ട്. 21,025 ഉം 21,085 ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്ന നിലയിൽ തുടർന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 2.4 ശതമാനം കയറി 76.11 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 71.44 ഡോളറിലും ക്ലോസ് ചെയ്തു. യു.എ.ഇയുടെ മർബൻ ക്രൂഡ് 76.51 ഡോളറിൽ വ്യാപാരം നടക്കുന്നു.
സ്വർണവില വീണ്ടും ഇടിഞ്ഞു. തിങ്കളാഴ്ച സ്വർണം ഒരു ശതമാനത്തിലധികം താഴ്ന്നു 1981.40 ഡോളറിൽ ക്ലാേസ് ചെയ്തു.
കേരളത്തിൽ പവൻവില തിങ്കളാഴ്ച 160 രൂപ കുറഞ്ഞ് 45,560 രൂപയായി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഇന്നു വീണ്ടും താഴാം.
ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്ന് 104 ൽ ക്ലോസ് ചെയ്തു.
തിങ്കളാഴ്ച ഡോളർ 83.37 രൂപയിൽ ക്ലോസ് ചെയ്തു.
ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 41,500ലാണ്.
വിപണിസൂചനകൾ
(2023 ഡിസംബർ 10, തിങ്കൾ)
സെൻസെക്സ്30 69,928.53 +0.15%
നിഫ്റ്റി50 20,997.10 +0.13%
ബാങ്ക് നിഫ്റ്റി 47,314.25 +0.11%
മിഡ് ക്യാപ് 100 44,729.15 +0.74%
സ്മോൾ ക്യാപ് 100 14,525.65 +0.84%
ഡൗ ജോൺസ് 30 36,404.93 +0.43%
എസ് ആൻഡ് പി 500 4622.44 +0.39%
നാസ്ഡാക് 14,432.49 +0.20%
ഡോളർ ($) ₹83.37 -₹0.02
ഡോളർ സൂചിക 104.00 +0.02
സ്വർണം (ഔൺസ്) $1983.40 -$22.10
സ്വർണം (പവൻ) ₹45,560 -₹160.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $74.43 +$0.09