വിലക്കയറ്റവും ഐ.ടിയിലെ ക്ഷീണവും നിർണായകം; ക്രൂഡ് ഓയിൽ വീണ്ടും മുകളിലേക്ക്; വിപണിയിലെ അനിശ്ചിതത്വം അകലുമോ?

ഐ.ടി മേഖലയുടെ ക്ഷീണം സ്ഥിരീകരിച്ചതും യു.എസ് ചില്ലറ വിലക്കയറ്റം കൂടിയതും ഇന്ന് ഇന്ത്യൻ വിപണിയുടെ ഗതിയെ സ്വാധീനിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന അനിശ്ചിതത്വം മാറ്റാൻ ഇന്നു വിപണിക്കു കഴിയുമാേ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ഡിസംബറിലവസാനിച്ച പാദത്തിലെ റിസൽട്ട് പ്രധാന ഐ.ടി കമ്പനികളായ ടി.സി.എസും ഇൻഫോസിസും ഇന്നലെ പ്രസിദ്ധീകരിച്ചത് പ്രതീക്ഷ പോലെ നിരാശാജനകമായി. ഐടി മേഖല പെട്ടെന്നു തിരിച്ചു കയറുമെന്ന സൂചന രണ്ടു കമ്പനികളും നൽകുന്നില്ല. വിപ്രോയും എച്ച്.സി.എലും ഇന്നു റിസൽട്ട് പുറത്തുവിടും. ഇന്നു വൈകുന്നേരം 5.30 നാണു ഡിസംബറിലെ ചില്ലറ വിലക്കയറ്റം, നവംബറിലെ വ്യവസായ ഉൽപാദന സൂചിക എന്നിവ പുറത്തുവിടുന്നത്. വിലക്കയറ്റം വർധിക്കുകയും വ്യവസായ വളർച്ച കുറയുകയും ചെയ്യുമെന്നാണ് നിഗമനം.

വ്യാഴാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,715 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,725 വരെ കയറി. ഇന്ത്യൻ വിപണി അൽപം ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

ഡിസംബറിലെ യു.എസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷയേക്കാൾ അൽപം കൂടുതലായത് ഇന്നലെ പാശ്ചാത്യ വിപണികളെ ഉലച്ചു. വിലക്കയറ്റം മാസക്കണക്കിൽ 0.3 ശതമാനവും വർഷക്കണക്കിൽ 3.4 ശതമാനവും കൂടി. 3.2 ശതമാനം വിലക്കയറ്റമാണു പ്രതീക്ഷിച്ചത്. നവംബറിൽ 3.1 ശതമാനമായിരുന്നു.

ഫെഡറൽ റിസർവ് പലിശനിരക്ക് നിശ്ചയിക്കുന്നതിന് ആധാരമാക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഇത്. ഇതു വർധിച്ചത് മാർച്ചിൽ പലിശ കുറയ്ക്കാനുള്ള സാധ്യത കുറയ്ക്കും എന്ന നിഗമനത്തിൽ ഓഹരികൾ ആദ്യം ഇടിഞ്ഞു. കടപ്പത്ര വില കുറഞ്ഞു, സ്വർണം കയറി. പിന്നീടു കൂടുതൽ വിശകലനങ്ങൾ വന്നപ്പാേൾ ഓഹരികൾ തിരിച്ചു കയറി, കടപ്പത്രങ്ങൾ കയറി, സ്വർണം താണു.

യു.എസ് വിലക്കയറ്റം ഉയർന്നതു വ്യാഴാഴ്ച യൂറോപ്യൻ വിപണികളെ ഒരു ശതമാനത്തോളം ഇടിവിലാക്കി. ബാങ്ക് ഓഹരികൾക്കാണു കൂടുതൽ തകർച്ച.

യു.എസ് വിപണി വ്യാഴാഴ്ച വലിയ ചാഞ്ചാട്ടത്തിനു ശേഷം കാര്യമായ നഷ്ടമോ നേട്ടമോ ഇല്ലാതെ അവസാനിച്ചു. വിപണി തുറക്കും മുമ്പ് വന്ന വിലക്കയറ്റ കണക്ക് ആദ്യം വിപണിയെ താഴ്ത്തി. പിന്നീടു തിരിച്ചു കയറ്റി. ഡൗ ജോൺസ് സൂചിക 37,404 നും 37,802 നുമിടയിൽ ഇറങ്ങിക്കയറി. മറ്റു പ്രധാന സൂചികകളും ഇതേ വഴിയിലായിരുന്നു. ഡൗ ജോൺസ് 15.29 പോയിന്റ് (0.04%) ഉയർന്ന് 37,711.02 ൽ ക്ലോസ് ചെയ്തപ്പോൾ എസ് ആൻഡ് പി 3.21 പോയിന്റ് (0.07%) കാഴ്ന്ന് 4780.24 ൽ അവസാനിച്ചു. നാസ്ഡാക് നാമമാത്രമായ 0.54 പോയിന്റ് (0.00%) ഉയർന്ന് 14,970.18 ൽ ക്ലോസ് ചെയ്തു.


ഏറ്റവും മൂല്യമുള്ള കമ്പനി എന്ന പദവി ആപ്പിളിന് നഷ്ടമായി. മൈക്രോസോഫ്റ്റ് ആ പദവി വീണ്ടെടുത്തു. ഏതാനും ദിവസങ്ങളായി താഴുകയായിരുന്ന ആപ്പിളിന്റെ വിപണിമൂല്യം ഇന്നലെ 2.871 ലക്ഷം കോടി ഡോളറിലേക്കു താണു. നിർമിതബുദ്ധി ഉൽപന്നങ്ങളും സേവനങ്ങളും ദ്രുതഗതിയിൽ വിപണിയിലിറക്കിയ മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യം 2.875 ലക്ഷം കോടി ഡോളർ ആയി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ താഴ്ചയിലാണ്. ഡൗ 0.04 ഉം എസ് ആൻഡ് പി 0.10 ഉം നാസ്ഡാക് 0.08 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. യു.എസ് 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 3.975 ശതമാനമായി താഴ്ന്നു.

ജപ്പാനിൽ ഒഴികെ ഏഷ്യൻ വിപണികൾ ഇന്ന് താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജാപ്പനീസ് നിക്കൈ സൂചിക തുടക്കത്തിൽ രണ്ടു ശതമാനം കയറി. പിന്നീടു നേട്ടം കുറച്ചു.1990-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ ആണു നിക്കെെയും ടോപ്പിക്സും. ഓസ്ട്രേലിയൻ, കൊറിയൻ വിപണികൾ താഴ്ന്നു. ചെെനീസ് വിപണികൾ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.


ഇന്ത്യൻ വിപണി


വ്യാഴാഴ്ച ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങി.പിന്നീടു ചാഞ്ചാടി. ഉച്ചയ്ക്കു ശേഷം വിപണി കുത്തനേ താണിട്ടു തിരിച്ചു കയറി. സെൻസെക്സ് 71,999 വരെ കയറിയിട്ട് 71,543 വരെയും നിഫ്റ്റി 21,726.5 വരെ കയറിയ ശേഷം 21,593 വരെയും താഴ്ന്നിട്ടാണു ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തത്.

സെൻസെക്സ് 63.47 പോയിന്റ് (0.09%) ഉയർന്ന് 71,721.18 ലും നിഫ്റ്റി 28.5 പോയിന്റ് (0.13%) കയറി 21,647.20 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 77.5 പോയിന്റ് (0.16%) ഉയർന്ന് 47,438.35 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.49 ശതമാനം ഉയർന്ന് 47,337.30 ലും സ്മോൾ ക്യാപ് സൂചിക 0.58 ശതമാനം കയറി 15,476.45 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപ ഫണ്ടുകൾ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 865 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 1607.88 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് ഇന്ന് 21,605 ലും 21,525 ലും പിന്തുണ ഉണ്ട്. 21,660 ഉം 21,790 ഉം തടസങ്ങളാകാം.
റിലയൻസ് ഓഹരി ഇന്നലെ 2725 രൂപ വരെ കയറി. രണ്ടു ദിവസം കൊണ്ട് റിലയൻസ് അഞ്ചു ശതമാനത്തോളം ഉയർന്നു.
ആദായനികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പോളികാബ് ഓഹരി ഇന്നലെ 22 ശതമാനം ഇടിഞ്ഞു.
ബുധനാഴ്ച നാലര ശതമാനം ഇടിഞ്ഞ മണപ്പുറം ജനറൽ ഫിനാൻസ് ഇന്നലെ നാലു ശതമാനം തിരിച്ചു കയറി.
ലക്ഷദ്വീപ് ടൂറിസത്തെ പ്രാെമോട്ട് ചെയ്യുന്ന ഈസ് മൈ ട്രിപ്പിന്റെ ഓഹരി ഇന്നലെ 17 ശതമാനം കുതിച്ചു.

ക്രൂഡ് ഓയിൽ വീണ്ടും 80 ഡോളറിലേക്ക്

ക്രൂഡ് ഓയിൽ വില ഇന്നലെയും ഇന്നും കയറ്റത്തിലാണ്. കഴിഞ്ഞ വർഷം അവസാനം മുതൽ ചെങ്കടലിൽ ഇറാൻ പിന്തുണയുള്ള സംഘം നടത്തിയ കപ്പൽ ആക്രമണത്തിന് പ്രതികാരമായി യെമനിലെ ഹൂതി സൈനിക ലക്ഷ്യങ്ങൾക്കെതിരെ യു.എസും ബ്രിട്ടനും ആക്രമണം നടത്തിയതാണ് പ്രധാന കാരണം.
ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 77.41 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ രണ്ടു ശതമാനം കുതിച്ച് 79.22 ലേക്കു കയറി. ഇനിയും ഉയരുമെന്നാണു സൂചന. ഡബ്ള്യുടിഐ ഇനം 73.81 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 79.28 ലേക്ക് ഉയർന്നു.
സ്വർണം ലോക വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. യുഎസ് വിലക്കയറ്റം കുടുതലാണ് എന്നു വന്നപ്പോൾ ഔൺസിന് 2050 ഡോളർ വരെ വില കയറി. പിന്നീടു താണ് 2012 ഡോളറിലായി. ഒടുവിൽ 2034.08 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2035.20 ലേക്കു കയറി.
വ്യാഴാഴ്ച കേരളത്തിൽ പവൻവില 80 രൂപ കുറവോടെ 46,080 രൂപയായി.
ഡോളർ സൂചിക ഇന്നലെ വലിയ ചാഞ്ചാട്ടത്തിലായിരുന്നു. 102.16 വരെ താഴുകയും 102.76 വരെ കയറുകയും ചെയ്തു. 102.32- ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.20 ആയി താഴ്ന്നു.
വ്യാഴാഴ്ച ഡോളർ ചെറിയ കയറ്റിറക്കത്തിനു ശേഷം നിരക്ക് മാറ്റമില്ലാതെ 83.03 രൂപയിൽ ക്ലോസ് ചെയ്തു.

ഐ.ടി റിസൽട്ടുകൾ കാണിക്കുന്നതു ക്ഷീണം

ഇന്നലെ വ്യാപാരസമയത്തിനു ശേഷം ടി.സി.എസും ഇൻഫാേസിസ് ടെക്നോളജീസും ഡിസംബർ പാദത്തിലെ റിസൽട്ട് പ്രസിദ്ധീകരിച്ചു. ടി.സി.എസിന്റെ വരുമാനം നാലുശതമാനം കൂടി 60,583 കോടി രൂപയായി. അറ്റാദായം രണ്ടു ശതമാനം മാത്രം വർധിച്ച് 11,058 കോടി രൂപയിലെത്തി. കമ്പനി പുതിയ കരാറുകൾ നേടുന്നതിൽ പിന്നാക്കം പോയി.

ഇൻഫോസിസ് വരുമാനം 1.3 ശതമാനം മാത്രം കയറി 38,821 കോടി രൂപയായി. അറ്റാദായം 7.3 ശതമാനം ഇടിഞ്ഞ് 6106 കോടി രൂപയിൽ എത്തി. ഈ ധനകാര്യ വർഷത്തെ വരുമാനവളർച്ച പ്രതീക്ഷ 1.5 മുതൽ രണ്ടു വരെ ശതമാനം മാത്രമായി കുറച്ചു. പ്രവർത്തന ലാഭമാർജിൻ പ്രതീക്ഷ 20-22 ശതമാനം നിലനിർത്തി.

ഈ കണക്കുകൾ അനാലിസ്റ്റുകളുടെ നിഗമനങ്ങളോടു പൊരുത്തപ്പെടുന്നതായി. ഇൻഫോസിസ് എഡിആർ ന്യൂയോർക്കിൽ ഉയർന്നാണു വ്യാപാരം ചെയ്യപ്പെട്ടത്. ഇന്നലെ ഇൻഫോസിസ് ഓഹരി ഒന്നു ശതമാനം താഴ്ന്നു. ടിസിഎസ് ഓഹരി ഉയർന്നാണ് അവസാനിച്ചത്.
വിപ്രാേയും എച്ച്.സി.എല്ലും ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും. വിപ്രാേയ്ക്കു വരുമാനവും ലാഭവും കുറയും എന്നാണു നിഗമനം. ഏതാനും പാദങ്ങളായി കമ്പനി മറ്റ് കമ്പനികളേക്കാൾ മോശം റിസൽട്ടാണു പുറത്തു വിടുന്നത്. എന്നാൽ എച്ച്.സി.എൽ ടെക്നോളജീസ് വരുമാനം 5.2 ശതമാനവും അറ്റാദായം 11 ശതമാനവും വർധിപ്പിക്കും എന്ന് അനലിസ്റ്റുകൾ കരുതുന്നു.

ഇ.ടി.എഫ് വന്നപ്പോൾ ബിറ്റ് കോയിന് ഇടിവ്

യു.എസിൽ ഇന്നലെ ബിറ്റ് കോയിൻ ഇ.ടി.എഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) വ്യാപാരം തുടങ്ങി. ക്രിപ്റ്റോ കറൻസികളുടെ ചരിത്രത്തിൽ നാഴികക്കല്ലാണ് യുഎസ് എസ്ഇസി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ) അനുമതിയോടെ ഉള്ള ഇടിഎഫ് അവതരണം.

ബിറ്റ് കോയിൻ തുടക്കത്തിൽ കുതിച്ച് 49,000 ഡോളറിൽ എത്തിയ ശേഷം 46,300 ലേക്കു താണു. ഈഥർ അടക്കമുള്ള മറ്റു ക്രിപ്റ്റോ കറൻസികൾ ഇന്നലെ അഞ്ചു മുതൽ എട്ടു വരെ ശതമാനം കയറി. മറ്റു ക്രിപ്റ്റോകളുടെ ഇടിഎഫ് സംബന്ധിച്ച എസ്ഇസി തീരുമാനം മേയ് മാസത്തിലേ ഉണ്ടാകൂ.


ഒരു ദശകത്തിലേറെയായി രംഗത്തുള്ളതാണു ക്രിപ്റ്റോ കറൻസികൾ. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഇവയുടെ പല ഏക്‌സ്ചേഞ്ചുകളും തകരുന്നതടക്കമുള്ള ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്.

വിപണിസൂചനകൾ
(2024 ജനുവരി 11, വ്യാഴം)
സെൻസെക്സ്30 71,721.18 +0.09%
നിഫ്റ്റി50 21,647.20 +0.13%
ബാങ്ക് നിഫ്റ്റി 47,438.35 +0.16%
മിഡ് ക്യാപ് 100 47,337.30 +0.49%
സ്മോൾ ക്യാപ് 100 15,476.45 +0.58%
ഡൗ ജോൺസ് 30 37,711.02 +0.04%
എസ് ആൻഡ് പി 500 4780.24 -0.07%
നാസ്ഡാക് 14,970.18 0.00%
ഡോളർ ($) ₹83.03 ₹0.00
ഡോളർ സൂചിക 102.32 -0.04
സ്വർണം (ഔൺസ്) $2034.08 +$06.78
സ്വർണം (പവൻ) ₹46,080 -₹80.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $78.52 +$1.71




T C Mathew
T C Mathew  
Related Articles
Next Story
Videos
Share it