പ്രതീക്ഷയോടെ നിക്ഷേപകർ; ഇന്ത്യയിൽ ചില്ലറ വിലക്കയറ്റം കുറയുമെന്നു നിഗമനം; എസ്.എം.ഇ ഓഹരികളിൽ സെബി നിരീക്ഷണം; ക്രിപ്റ്റോകൾ വീണ്ടും കയറ്റത്തിൽ

തിങ്കളാഴ്ചത്തെ ഇടിവ് ഒറ്റപ്പെട്ട സംഭവമായി കാണാനാണു വിപണി പ്രവർത്തകർ ആഗ്രഹിക്കുന്നത്. എന്നാൽ അതിനു തക്ക സാമ്പത്തി സൂചകങ്ങൾ ലഭ്യമല്ല. ഇന്ന് വ്യാപാര സമയത്തിനു ശേഷം ഇന്ത്യയിലെ ചില്ലറവിലക്കയറ്റ കണക്കു വരും. ജനുവരിയിൽ 5.1 ശതമാനമായിരുന്നു വിലക്കയറ്റം. ഫെബ്രുവരിയിൽ നിരക്ക് കുറഞ്ഞില്ലെങ്കിൽ വിപണിയിൽ വിപരീത ചലനങ്ങൾ ഉണ്ടാകാം. യു.എസിലെ ചില്ലറ വിലക്കയറ്റ കണക്ക് രാത്രി അറിവാകും. അതു യു.എസ്, ഏഷ്യൻ വിപണികളെ സ്വാധീനിക്കും.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 22,438 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,450 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും താഴ്ന്നു. റഷ്യയുമായി വ്യാപാരം നടത്തുന്നതിനു യു.എസ് ഉപരോധം വരുമെന്ന ഭീതിയിൽ ഓസ്ട്രിയയിലെ റൈഫെയ്സൻ ബാങ്ക് 7.4 ശതമാനം ഇടിഞ്ഞു.

യു.എസ് വിപണി തിങ്കളാഴ്ച ഭിന്നദിശകളിൽ നീങ്ങി. ഡൗ നാമമാത്രമായി ഉയർന്നപ്പോൾ മറ്റു രണ്ടു സൂചികകൾ താഴ്ന്നു. വിലക്കയറ്റത്തെപ്പറ്റിയുള്ള ആശങ്കകളും ടെക് ഓഹരികളുടെ ഇടിവുമാണു വിപണിയെ ഉലയ്ക്കുന്നത്. ആപ്പിൾ, എൻവിഡിയ, ആൽഫബെറ്റ്, മൈക്രോ സോഫ്റ്റ്, ടെസ്‌ല തുടങ്ങിയവ ഒരു മാസത്തിനിടെ അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു.

വിപണിയിൽ ഊഹക്കളിയുടെ കുമിള ഉണ്ടെന്നും ജൂണിനു ശേഷമേ യു.എസ് ഫെഡ് പലിശ കുറയ്ക്കാവൂ എന്നും ജെ.പി മോർഗൻ സി.ഇ.ഒ ജയ്മീ ഡൈമൺ വിലയിരുത്തിയതു ശ്രദ്ധിക്കപ്പെട്ടു. യു.എസ് ഓഹരിവിപണിയിലെ കുതിപ്പിന് അവസാനമായെന്നു ജെ.പി മോർഗനിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് മാർക്കോ കോലാനോവിച്ചും ഇന്നലെ അഭിപ്രായപ്പെട്ടു.

ഫെബ്രുവരിയിലെ യു.എസ് ചില്ലറവിലക്കയറ്റ കണക്ക് എന്നു പുറത്തു വിടും. വാർഷിക നിരക്കിൽ ചില്ലറവിലക്കയറ്റം 3.1ഉം ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 3.9 ഉം ശതമാനം കൂടുമെന്നാണ് നിഗമനം. ഇവ ജനുവരിയിലേക്കാൾ 0.1 ശതമാനം കൂടുതലാണ്. ഈ മാസം 19-20 നും മേയ് ഒന്നിനും ചേരുന്ന ഫെഡ് കമ്മിറ്റികൾ നിരക്ക് കുറയ്ക്കാതിരിക്കാൻ ഇതു കാരണമാകും.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 46.97 പോയിൻ്റ് (0.12%) കയറി 38,769.66ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.75 പോയിൻ്റ് (0.11%) താഴ്ന്ന് 5117.94ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 65.84 പോയിൻ്റ് (0.41%) താഴ്ന്ന് 16,019.27ൽ എത്തി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.08ഉം എസ് ആൻഡ് പി 0.23ഉം നാസ്ഡാക് 0. 38ഉം ശതമാനം ഉയർന്നു നിൽക്കുന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.0 94 ശതമാനമായി ഉയർന്നു. ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ നേട്ടത്തിലാണ്. മൊത്തവിലക്കയറ്റം അപ്രതീക്ഷിതമായി വർധിച്ചതിനെ തുടർന്ന് ജാപ്പനീസ് വിപണി ഒന്നര ശതമാനം ഇടിഞ്ഞു.

ഇന്ത്യൻ വിപണി

തിങ്കളാഴ്ച ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങിയിട്ട് ചാഞ്ചാട്ടത്തിനു ശേഷം വലിയ താഴ്ചയിൽ അവസാനിച്ചു. ബാങ്ക്, ധനകാര്യ, മെറ്റൽ റിയൽറ്റി, മീഡിയ, ഓയിൽ -ഗ്യാസ്, ഓട്ടോ ഓഹരികൾ വലിയ ഇടിവിലായി.

സ്മോൾ ക്യാപ് ഓഹരികൾ രണ്ടു ശതമാനം ഇടിഞ്ഞു. എസ്.എം.ഇ ഐ.പി.ഒകളിൽ കൃത്രിമം നടക്കുന്നുണ്ടെന്ന സെബി അധ്യക്ഷ മാധവി പുരി ബുച്ചിൻ്റെ പ്രസ്താവനയാണ് ഇതിനു വഴിതെളിച്ചത്. സെബി ഏതെങ്കിലും കമ്പനിക്ക് എതിരേ നടപടി എടുത്താൽ കൂടുതൽ ഇടിവ് ഉണ്ടാകാം. ഐ.പി.ഒ നടത്തുമ്പോൾ നഷ്ട സാധ്യതകൾ കൂടുതലായി വിവരിക്കാൻ സെബി ആവശ്യപ്പെടും എന്നാണു സൂചന

ടാറ്റാ സൺസ് ഐ.പി.ഒയും ലിസ്റ്റിംഗും സമീപഭാവിയിൽ പ്രതീക്ഷിക്കേണ്ടതില്ല എന്നു വ്യക്തമായത് ഇന്നലെ ടാറ്റാ ഗ്രൂപ്പ് ഓഹരികളെ താഴ്ത്തി. ടാറ്റാ കെമിക്കൽസ് പത്തു ശതമാനം ഇടിഞ്ഞു. ഓട്ടാേ കോർപറേഷൻ ഓഫ് ഗോവ 8.30 ഉം റാലിസ് ഇന്ത്യ 5.1ഉം ടാറ്റാ ഇൻവെസ്റ്റ്മെൻ്റ കോർപറേഷനും ആർട്സൺ എൻജിനിയറിംഗും അഞ്ചു വീതവും ശതമാനം താണു. ടാറ്റാ മോട്ടോഴ്സും ടാറ്റാ സ്റ്റീലും ഇന്നലെ താഴ്ന്നു.

സെൻസെക്സ് 616.75 പോയിന്റ് (0.83%) ഇടിവിൽ 73,502.64ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 160.90 പോയിന്റ് (0.72%) താഴ്ന്ന് 22,332.65ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 507.95 പോയിന്റ് (1.06%) ഇടിഞ്ഞ് 47,327.85ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.39 ശതമാനം താഴ്ന്ന് 48,774.65ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 1.99 ശതമാനം ഇടിഞ്ഞ് 15,396.90ൽ വ്യാപാരം അവസാനിപ്പിച്ചു.

തിങ്കളാഴ്ച വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും വലിയ വാങ്ങുലുകാരായി. വിദേശികൾ ക്യാഷ് വിപണിയിൽ 4212.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3238.39 കോടി രൂപയുടെ ഓഹരികളും വാങ്ങി.

വിപണി 22,100- 22,500 മേഖലയിൽ കയറിയിറങ്ങുമെന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് ഇന്ന് 22,300 ലും 22,170ലും പിന്തുണ ഉണ്ട്. 22,355ലും 22,605ലും തടസങ്ങൾ ഉണ്ടാകാം.

സാമ്പത്തിക ഞെരുക്കത്തിലായ സ്‌പൈസ് ജെറ്റിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ കശ്യപും ചീഫ് കൊമേഴ്സ്യൽ ഓഫീസർ ശിൽപ ഭാട്ടിയയും രാജിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കശ്യപിൻ്റെ ഭാര്യയും ശിൽപയുടെ ഭർത്താവും ചേർന്ന് കഴിഞ്ഞ വർഷം സിറിയസ് ഇന്ത്യ എയർലൈൻസ് എന്നൊരു കമ്പനി രൂപവൽക്കരിച്ചിരുന്നു. സ്‌പൈസ് ജെറ്റ് ധനസമാഹരണത്തിനു ശ്രമിക്കുമ്പോഴാണ് സുപ്രധാന തസ്തികകളിലെ രാജി.

സ്വർണക്കയറ്റം തുടരുന്നു

അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിൻ്റെ കയറ്റം തുടരുകയാണ്. ഇന്നു വരുന്ന ചില്ലറ വിലക്കയറ്റ കണക്കാകും വിപണിഗതിയെ നിയന്ത്രിക്കുക. ഇന്നലെ ഔൺസിന് 2182.34 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2181.24 ലേക്കു താഴ്ന്നു.

പലിശനിരക്ക് കുറയും എന്ന പ്രതീക്ഷയും ചെെനീസ് ഡിമാൻഡിലെ വർധനയും കേന്ദ്ര ബാങ്കുകളുടെ വാങ്ങലും ആണു സ്വർണത്തെ കയറ്റുന്നത്. വില താമസിയാതെ ഔൺസിന് 2200 ഡോളർ കടക്കുമെന്ന ധാരണയാണ് വിപണിയിലുള്ളത്. കേരളത്തിൽ സ്വർണവില പവന് 48,600 രൂപ എന്ന റെക്കോർഡിൽ തുടർന്നു.

ഡോളർ സൂചിക ഇന്നലെ 102.87 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.81 ലാണ്. രൂപ വ്യാഴാഴ്ചയും നേട്ടം ഉണ്ടാക്കി. ഡോളർ മൂന്നു പൈസ താഴ്ന്ന് 82.79 രൂപയിൽ ക്ലോസ് ചെയ്തു . ഈയാഴ്ചയും രൂപ കയറാനാണു സാധ്യത.

ക്രൂഡ് ഓയിൽ

ക്രൂഡ് ഓയിൽ വില ഇന്നലെ നേരിയ തോതിൽ കയറി. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 82.42 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 78.01 ഡോളറിലും യു.എ.ഇയുടെ മർബൻ ക്രൂഡ് 82.78 ഡോളറിലും തുടരുന്നു.

ബിറ്റ്കോയിൻ 72,000 കടന്നു

ക്രിപ്റ്റോ കറൻസികൾ കുതിപ്പ് തുടരുകയാണ്. ബിറ്റ്കോയിൻ 72,000 ഡോളറും ഈഥർ 4000 ഡോളറും കടന്നു. ബ്രിട്ടനിൽ ക്രിപ്റ്റോ ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) അനുവദിക്കും എന്ന പ്രഖ്യാപനമാണ് പുതിയ കുതിപ്പിനു പിന്നിൽ. ബിറ്റ്കോയിൻ 72,708 ഡോളർ വരെ കയറിയിട്ട് അൽപം താണു.

വിപണിസൂചനകൾ (2024 മാർച്ച് 11, തിങ്കൾ)

സെൻസെക്സ്30 73,502.64 -0.83%

നിഫ്റ്റി50 22,332.65 -0.72%

ബാങ്ക് നിഫ്റ്റി 47,327.85 -1.06%

മിഡ് ക്യാപ് 100 48,774.65 -0.39%

സ്മോൾ ക്യാപ് 100 15,396.90 -1.99%

ഡൗ ജോൺസ് 30 38,722.69 -0.18%

എസ് ആൻഡ് പി 500 5123.69 -0.65%

നാസ്ഡാക് 16,085.11 -0.16%

ഡോളർ ($) ₹82.76 -₹0.03

ഡോളർ സൂചിക 102.87 +0.16

സ്വർണം (ഔൺസ്) $2182.34 +$02.74

സ്വർണം (പവൻ) ₹48,600 ₹00.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $82.36 +$0.28

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it