വിപണിയിൽ ആവേശം തുടരുന്നു; റെക്കോഡുകൾ തേടി സൂചികകൾ; ക്രൂഡ് ഓയിൽ താഴ്ന്നു; ആശങ്കകൾ ശരിവച്ച് ടി.സി.എസ്

വിപണികൾ ആവേശം തുടരുന്നു. റെക്കോഡ് ഉയരങ്ങൾ കീഴടക്കാൻ തക്ക ഊർജം ഈ മുന്നേറ്റത്തിന് ഉണ്ടെന്നു ചിലർ കരുതുന്നു. യുഎസ് വിപണികൾ മിതമായ ഉയർച്ചയേ കാണിച്ചുള്ളു. എന്നാൽ ഏഷ്യൻ വിപണികൾ കുതിച്ചു കയറുകയാണ്. ഇന്ത്യൻ വിപണി ഇന്നും നല്ല നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. കരയുദ്ധം തുടങ്ങും എന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയെങ്കിലും വിപണിയിൽ യുദ്ധഭീതി കുറയുകയാണ്.

ഇന്നു വൈകുന്നേരം സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റ കണക്കു വരും. വിലക്കയറ്റം ആറു ശതമാനത്തിനു താഴെ ആകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ രണ്ടു മാസം ആറിനു മുകളിലായിരുന്നു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,830 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,860 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ഇന്നലെ ഭിന്നദിശകളിൽ നീങ്ങി. സ്റ്റോക്സും ജർമൻ സൂചികയും ഉയർന്നു. മറ്റുള്ളവ താണു. ആഡംബര വസ്തുക്കൾ വിൽക്കുന്ന എൽ.വി.എം.എച്ച് വളർച്ച മോശമാണെന്ന് അറിയിച്ചതിനെ തുടർന്ന് ഏഴു ശതമാനം ഇടിഞ്ഞു. പ്രമേഹ രോഗികളിലെ കിഡ്നി തകരാറിന് ഔഷധം കണ്ടെത്താറായി എന്നു നോവോ നോർഡിസ്ക് അറിയിച്ചതിനെ തുടർന്നു ഡയാലിസിസ് പരിചരണ രംഗത്തുള്ള ഫ്രെസേനിയസിന്റെ ഓഹരിവില 18 ശതമാനം ഇടിഞ്ഞു.

യു.എസ് വിപണി ബുധനാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 65.57 പോയിന്റ് (0.19%) കയറി 33,804.87 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 18.71 പോയിന്റ് (0.52%) ഉയർന്ന് 4376.95 ൽ അവസാനിച്ചു. നാസ്ഡാക് 96.83 പോയിന്റ് (0.71%) കയറി 13,659.68ലും ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ സ്റ്റാേക്ക് പ്രതീക്ഷയിലധികം ആയത് ക്രൂഡ് വില രണ്ടു ശതമാനത്തിലധികം താഴ്ത്തി.

കടപ്പത്ര വില ഉയർന്നു നിക്ഷേപനേട്ടം കുറഞ്ഞതു പലിശക്കാര്യത്തിൽ ആശ്വാസം പകർന്നു. യുഎസ് 10 വർഷ കടപ്പത്രങ്ങൾ 4.562 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിലയിലാണ് ഇപ്പോൾ.

ഏഷ്യൻ വിപണികൾ ഇന്നും കുതിപ്പിലാണ്. ജപ്പാനിൽ നിക്കൈ 1.3 ശതമാനം ഉയർന്നു. കൊറിയൻ വിപണിയും ഒരു ശതമാനത്തോളം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയൻ വിപണി ചെറിയ നേട്ടത്തിലാണ്. ചെെനയിലും ഓഹരികൾ ഉയർന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച കുറഞ്ഞ ആവേശത്തോടെ ഉയർന്നു വ്യാപാരം നടത്തി. ഇന്നലെ സെൻസെക്സ് 66,592 വരെയും നിഫ്റ്റി 19,839 വരെയും കയറി. സെൻസെക്സ് 393.69 പോയിന്റ് (0.60%) ഉയർന്ന് 66,473.05 ൽ അവസാനിച്ചു. നിഫ്റ്റി 121.5 പോയിന്റ് (0.62%) കയറി 19,811.35 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 156.75 പോയിന്റ് (0.35%) കയറി 44,516.9 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.5 ശതമാനം ഉയർന്ന് 40,486.25 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.84 ശതമാനം കയറി 12,867.05-ൽ അവസാനിച്ചു.

വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 421.77 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1032.02 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

പൊതുമേഖലാ ബാങ്കുകളും ഐടിയും എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലാണ് അവസാനിച്ചത്. ഓട്ടോ, എഫ്എംസിജി, റിയൽറ്റി സൂചികകൾ നേട്ടത്തിനു മുന്നിൽ നിന്നു. ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, മീഡിയ, ഓയിൽ - ഗ്യാസ് തുടങ്ങിയവയും നല്ല നേട്ടമുണ്ടാക്കി.

പേപ്പർ കമ്പനികൾ ഇന്നലെയും നല്ല നേട്ടം ഉണ്ടാക്കി. വെസ്റ്റ് കോസ്റ്റ് പേപ്പർ, ആന്ധ്രാ പേപ്പർ, ജെകെ പേപ്പർ, ശേഷസായി, ടിഎൻപിഎൽ തുടങ്ങിയവ മൂന്നു മുതൽ ഏഴു വരെ ശതമാനം ഉയർന്നു. മിക്ക കമ്പനികളും കഴിഞ്ഞ ആറു മാസത്തിനിടെ 40 മുതൽ 60 വരെ ശതമാനം കയറി.

ബാങ്ക് ഓഫ് ബറോഡയുടെ ആപ്പ് ഉപയോഗിച്ച് ഇടപാടുകാരെ ചേർക്കുന്നതു വിലക്കിയ റിസർവ് ബാങ്ക് നടപടി ബാങ്കിന്റെ റീട്ടെയിൽ വളർച്ചയെ ബാധിക്കുമെന്ന് വിലയിരുത്തൽ. ഓഹരിവില ഇന്നലെ മൂന്നു ശതമാനം ഇടിഞ്ഞു.

ഇന്ത്യൻ വിപണി കുതിപ്പ് തുടരും എന്ന കാഴ്ചപാടിലാണു ബ്രോക്കറേജുകൾ. 20,000 കടക്കാനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടുന്നു. ഇന്നു നിഫ്റ്റിക്ക് 19,770 ലും 19,715 ലും പിന്തുണ ഉണ്ട്. 19,835 ഉം 19,890 ഉം തടസങ്ങളാകും.

അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഉയർന്നു. അലൂമിനിയം 0.23 ശതമാനം താണു ടണ്ണിന് 2217.37 ഡോളറിലായി. ചെമ്പ് 0.46 ശതമാനം ഉയർന്നു ടണ്ണിന് 7943.5 ഡോളറിലെത്തി. ലെഡ് 0.24 ഉം സിങ്ക് 0.15 ഉം ടിൻ 0.72 ഉം ശതമാനം കയറി.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. യുഎസിലെ ക്രൂഡ് സ്റ്റോക്ക് പ്രതീക്ഷയിലും കൂടുതലായതും വിപണിയിൽ ക്രൂഡ് ലഭ്യത ഉറപ്പു വരുത്തുമെന്നു സൗദി അറേബ്യ പറഞ്ഞതും വില താഴാൻ സഹായിച്ചു. ബ്രെന്റ് ഇനം ക്രൂഡ് 85 82 ഡോളറിലും ഡബ്ള്യുടിഐ ഇനം 83.23 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 85.42 ഡോളറിലേക്കു താണു. യുഎഇയുടെ മർബൻ ക്രൂഡ് 87.91 ഡോളറിൽ വ്യാപാരം നടക്കുന്നു.

കടപ്പത്രവില കൂടിയതും പലിശ ഭീഷണി കുറഞ്ഞതും കാരണം സ്വർണവില വീണ്ടും ഉയർന്നു. ബുധനാഴ്ച 1875 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1877 ലേക്ക് കയറി.

കേരളത്തിൽ ഇന്നലെ പവൻവില മാറ്റമില്ലാതെ 42,920 രൂപയിൽ തുടർന്നു. ഇന്നു വില കയറാം.

ഡോളർ ബുധനാഴ്ച ആറു പെെസ കുറഞ്ഞ് 83.19 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നും നേട്ടം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.

ഡോളർ സൂചിക ഇന്നലെ ചാഞ്ചാട്ടത്തിനു ശേഷം 105.82 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.69 ലേക്കു താണു.

ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 26,750 നു സമീപമാണ്.

ആശങ്കകൾ ശരിവച്ച് ടി.സി.എസ് റിസൽട്ട്

ഐടി വമ്പൻ ടിസിഎസിന്റെ രണ്ടാം പാദ റിസൽട്ട് ആശങ്കകൾ ശരിവച്ചു. വരുമാനവും ലാഭവും ചെറിയ തോതിലേ വർധിച്ചുള്ളൂ. വടക്കേ അമേരിക്കയിൽ നിന്നുള്ള ബിസിനസിലാണു കാര്യമായ കുറവ്. അവിടങ്ങളിലെ ബാങ്കിംഗ്, ധനകാര്യ കമ്പനികൾ ചെലവു ചുരുക്കിയതു ടിസിഎസിനു വരുമാനം കുറച്ചു.

ഡോളർ കണക്കിൽ വരുമാനം 4.8 ശതമാനമാണു വർധിച്ചത്. സ്ഥിരകറൻസി മൂല്യത്തിൽ വർധന 2.8 ശതമാനം മാത്രം. 720 കോടി ഡോളർ (59,692 കോടി രൂപ) ആണു വരുമാനം. രൂപാ കണക്കിലെ വർധന 7.9 ശതമാനം. വിപണി പ്രതീക്ഷിച്ചത് ഒൻപതു ശതമാനം. അറ്റാദായം 11,380 കോടി രൂപ. വർധന 8.7 ശതമാനം. എന്നാൽ ഏപ്രിൽ-ജൂൺ കാലത്തേതിൽ നിന്ന് 2.33 ശതമാനം മാത്രം വർധന.

വരുമാനവർധന കുറഞ്ഞെങ്കിലും കമ്പനി പ്രവർത്തനലാഭ മാർജിൻ 24.3 ശതമാനത്തിലേക്കു വർധിപ്പിച്ചു. ഈ പാദത്തിൽ 1120 കോടി ഡോളറിന്റെ കരാറുകൾ നേടി.

കമ്പനി ഓഹരി ഒന്നിന് ഒൻപതു രൂപ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു.

കമ്പനി 17,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചു വാങ്ങും. ഓഹരി ഒന്നിനു 4150 രൂപ നൽകും. ഇതു വിപണിവിലയേക്കാൾ 15 ശതമാനം കൂടുതലാണ്.

കമ്പനിയിലെ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് കുറഞ്ഞു. ഒന്നാം പാദത്തിൽ 17.8 ശതമാനം ആയിരുന്നത് രണ്ടാം പാദത്തിൽ 14.9 ശതമാനമായി. മൊത്തം ജീവനക്കാരുടെ എണ്ണം 6333 കുറഞ്ഞ് 6,08,985 ആയി.

ഇന്ന് ഇൻഫോസിസ് ടെക്നോളജീസും എച്ച്.സി.എൽ ടെക്നോളജീസും റിസൽട്ട് പുറത്തുവിടും. അവരുടെയും വരുമാന വർധന കുറവാകാം.

യു.എസ് മൊത്തവിലകൾ ഉയർന്നുതന്നെ

യു.എസിലെ മൊത്തവില സൂചിക കഴിഞ്ഞ മാസം 2.2 ശതമാനം ഉയർന്നു. ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഓഗസ്റ്റിൽ 1.6 ശതമാനമായിരുന്നു വർധന. വിലക്കയറ്റ പ്രവണതയിൽ മാറ്റം ഇല്ലെന്നാണ് ഇതു കാണിക്കുന്നത്.

യു.എസ് ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു പുറത്തു വരും. ഓഗസ്റ്റിൽ 3.7 ശതമാനം ആയിരുന്നു. സെപ്റ്റംബറിൽ 3.6 ശതമാനമാണു പ്രതീക്ഷ. പ്രതിമാസ വർധന 0.6 ശതമാനത്തിൽ നിന്ന് 0.3 ശതമാനമായി കുറയും എന്നാണു നിഗമനം. ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 4.3 ൽ നിന്നു 4.1 ശതമാനം ആകുമെന്നു പ്രതീക്ഷിക്കുന്നു.

യു.എസ് ഫെഡ് യോഗ മിനിറ്റ്സ് ഇന്നലെ പുറത്തു വന്നു. ഒരു തവണ കൂടി നിരക്ക് കൂട്ടുന്നതാണ് ഉചിതമെത് അംഗങ്ങൾ പറഞ്ഞതായാണ് അതിൽ കാണുന്നത്. നവംബർ ഒന്നിനു പ്രതീക്ഷിക്കുന്ന വർധന കൊണ്ട് ഇപ്പോഴത്തെ പലിശ കൂട്ടൽ അവസാനിക്കുമെന്ന പ്രതീക്ഷ ഇതാേടെ ശക്തമായി.

വിപണി സൂചനകൾ

(2023 ഒക്ടോബർ 11, ബുധൻ)


സെൻസെക്സ് 30 66,473.05 +0.60%

നിഫ്റ്റി 50 19,811.35 +0.62%

ബാങ്ക് നിഫ്റ്റി 44,516.9 +0.35%

മിഡ് ക്യാപ് 100 40,486.25 +0.50%

സ്മോൾ ക്യാപ് 100 12,867.05 +0.84%

ഡൗ ജോൺസ് 30 33,804.87 +0.19%

എസ് ആൻഡ് പി 500 4376.95 +0.43%

നാസ്ഡാക് 13,659.68 +0.71%

ഡോളർ ($) ₹83.19 -₹0.06

ഡോളർ സൂചിക 105.82 -00.01

സ്വർണം(ഔൺസ്) $1875.00 +$14.00

സ്വർണം(പവൻ) ₹42,920 ₹00.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $85.82 -$1.90

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it