വിലക്കയറ്റത്തിൽ ആശ്വാസം; പുതിയ ആശങ്ക മാന്ദ്യത്തെപ്പറ്റി
വിലക്കയറ്റ ഭീതി കുറയ്ക്കുന്ന തരത്തിൽ ഇന്ത്യയിലും യു എസിലും ചില്ലറ വിലക്കയറ്റം ഗണ്യമായി കുറഞ്ഞു. പക്ഷേ അതിൽ ആശ്വസിക്കാൻ അവസരം നൽകാതെ മാന്ദ്യഭീതി കടന്നുവന്നു. അമേരിക്കൻ ഫെഡറൽ റിസർവിലെ അംഗങ്ങൾ അതേപ്പറ്റി ആശങ്ക പ്രകടിപ്പിച്ചതാണു കാരണം. യുഎസ് ഓഹരികളും ഫ്യൂച്ചേഴ്സും നഷ്ടത്തിലായി. ഇന്ന് ഏഷ്യൻ വിപണികളും താഴ്ചയിലാണ്. എങ്കിലും ഇന്ത്യൻ വിപണിയിൽ ബുള്ളുകൾ പിടിമുറുക്കാൻ ശ്രമിക്കും. ഈയാഴ്ചയിലെ അവസാന വിപണന ദിനമാണിന്ന്. നാളെ അവധിയാണ്.
ഐടി ഭീമൻ ടി.സി.എസിന്റെ നാലാം പാദ റിസൽട്ട് ടെക് മേഖലയെപ്പറ്റിയുള്ള ആശങ്കകൾ ശരിവയ്ക്കുന്നതായി. വരുമാനവും ലാഭവും വർധിച്ചെങ്കിലും മാർജിനുകൾ മെച്ചപ്പെടാത്ത റിസൽട്ടാണ് ടി.സി.എസിന്റേത്. ഇന്ന് ഇൻഫിയുടെ റിസൽട്ട് വരും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധനാഴ്ച 17,890 വരെ ഉയർന്നു. രണ്ടാം സെഷനിൽ താഴ്ന്ന് 17,828.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,860 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നു ദുർബലമായ തുടക്കം കുറിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തിലായിരുന്നു. യുഎസ് വിപണി ആദ്യം ഗണ്യമായി കയറിയിട്ടു പിന്നീടു നഷ്ടത്തിലായി. വിലക്കയറ്റ കണക്ക് വിപണിയെ കയറ്റിയെങ്കിലും മാന്ദ്യത്തെപ്പറ്റി ഫെഡ് അംഗങ്ങൾ സംസാരിച്ചത് വിപണിയെ വലിച്ചു താഴ്ത്തി. ഡൗ ജോൺസ് 0.11%, എസ് ആൻഡ് പി 0.41%, നാസ്ഡാക് 0.85% എന്നിങ്ങനെ ഇടിഞ്ഞു.
ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. ഡൗ 0.13 ശതമാനവും എസ് ആൻഡ് പി 0.08 ശതമാനവും താണു. നാസ്ഡാക് 0.04 ശതമാനം കയറി. ജപ്പാനിൽ നിക്കെെ അര ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി. പിന്നീടു നഷ്ടം കുറച്ചു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ താഴ്ചയിലാണ്. ചെെനീസ് വിപണി ഇന്നും താഴ്ന്നു. ആലിബാബയിലെ നിക്ഷേപം പിൻവലിക്കുകയാണെന്ന സാേഫ്റ്റ് ബാങ്കിന്റെ പ്രഖ്യാപനം ഓഹരിവില നാലു ശതമാനം ഇടിച്ചു.
ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ
ഇന്ത്യൻ വിപണി ബുധനാഴ്ച ചെറിയ നേട്ടത്തിൽ ആരംഭിച്ച് കൂടുതൽ നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ എട്ടാം ദിവസമാണു മുഖ്യ സൂചികകൾ നേട്ടത്തിലവസാനിച്ചത്. സെൻസെക്സ് 235.05 പോയിന്റ് (0.39%) നേട്ടത്തിൽ 60,392.77ലും നിഫ്റ്റി 90.1 പോയിന്റ് (0.51%) കയറി 17,812.40 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.65 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.53 ശതമാനവും കയറിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാസവള മേഖലയിലെ എ.ഫ്എസിടി, മദ്രാസ് ഫെർട്ടിലൈസേഴ്സ്, നാഷണൽ ഫെർട്ടിലൈസേഴ്സ് തുടങ്ങിയവ ഇന്നലെ 20 ശതമാനം വരെ ഉയർന്നു. ഔഷധനിർമാണ കമ്പനികൾ, ഡയഗ്‌നോസ്റ്റിക് കമ്പനികൾ, ഹോസ്പിറ്റൽ ശൃംഖലകൾ എന്നിവ ഇന്നലെ കുതിച്ചു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതുമായി ഇതിനു ബന്ധമുണ്ട്.
നിഫ്റ്റി 17,800 നു മുകളിൽ ക്ലോസ് ചെയ്തതോടെ മുഖ്യ തടസ മേഖലകൾ മറികടന്നെന്നും ഇനി 18,200 ആണു പ്രധാന തടസമേഖലയെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,745 ലും 17,675 ലും സപ്പോർട്ട് ഉണ്ട്. 17,830 ലും 17,895 ലും തടസങ്ങൾ ഉണ്ടാകാം.
ഇന്നലെ വിദേശനിക്ഷേപകർ വലിയ വാങ്ങലുകാരായപ്പോൾ സ്വദേശി ഫണ്ടുകൾ വിൽപനക്കാരായി. വിദേശികൾ 1907.95 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശികൾ 225.22 കോടിയുടെ ഓഹരികൾ വിറ്റു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 87.33ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 87.52 ലേക്കു കയറി. സ്വർണവില 2000 ഡോളറിനു മുകളിൽ ഉറപ്പിച്ചു. ഡോളറിന്റെ ദൗർബല്യവും പലിശക്കാര്യത്തിലെ അനിശ്ചിതത്വവും തുടരുന്നു. ഒപ്പം മാന്ദ്യഭീതി കുറേ വലിയ നിക്ഷേപകരെ സ്വർണത്തിലേക്കു തിരിക്കുമെന്ന വിലയിരുത്തലും ഉണ്ട്. ഇന്നലെ ഔൺസിന് 2026 വരെ കയറിയ ശേഷം വില 2014.7 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില കുതിച്ച് 2017-2018 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻ വില ഇന്നലെ 400 രൂപ വർധിച്ച് 44,960 രൂപയിലെത്തി. ഇന്നു ഡോളർ നിരക്കിന്റെ നീക്കത്തെ ആശ്രയിച്ചാകും സ്വർണ്ണത്തിന്റെ വില വർധന. 45,000 രൂപയുടെ റിക്കാർഡിനു തൊട്ടു താഴെയാണ് ഇപ്പോൾ വില. റിക്കാർഡ് തകർക്കുന്ന കയറ്റം ഉണ്ടാകുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിലാണ്. ചെെനയിൽ വളർച്ച കുറവായിരിക്കും എന്ന ആശങ്ക വിപണിയിലുണ്ട്. ചെമ്പ് 8802 ഡോളറിലും അലൂമിനിയം 2325 ഡോളറിലുമാണ്.
ക്രിപ്റ്റോ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ് കോയിൻ 30,000 ഡോളറിനു തൊട്ടു താഴെയായി. ക്രിപ്റ്റോ കറൻസികൾ പുതിയ ബുൾ മുന്നേറ്റത്തിന്റെ തുടക്കത്തിലാണെന്നു സംസാരമുണ്ട്. ഡോളർ ബുധനാഴ്ച മൂന്നു പെെസ നേട്ടത്തിൽ 82.10 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ 64 പോയിന്റ് താഴ്ന്ന് 101.5 എന്ന നിലയിൽ അവസാനിച്ചു. ഇന്നു രാവിലെ 101.2 ലാണ് സൂചിക.
ചില്ലറ വിലക്കയറ്റം ആശ്വാസമായി
മാർച്ചിലെ ചില്ലറ വിലക്കയറ്റം (Consumer price index / CPI) 5.66 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ 6.52 ഉം ഫെബ്രുവരിയിൽ 6.44ഉം ശതമാനമായിരുന്നു. ഏറെക്കാലത്തിനു ശേഷമാണു സിപിഐ ആറു ശതമാനത്തിനു താഴെ വരുന്നത്. 15 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അതേ സമയം നാലു ശതമാനം എന്ന വിലക്കയറ്റ ലക്ഷ്യത്തിൽ നിന്ന് മുകളിലാണു 42 മാസമായി സിപിഐ. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 5.8 ശതമാനമാണ്. ഫെബ്രുവരിയിൽ 6.1 ശതമാനമായിരുന്നു.
വിലകൾ ഗണ്യമായി താഴ്ന്നതല്ല, കഴിഞ്ഞ വർഷം മാർച്ചിൽ വിലക്കയറ്റം ഉയർന്നുനിന്നതാണ് ഇപ്പോൾ നിരക്കു കുറവാകാൻ കാരണം. കഴിഞ്ഞ മാർച്ചിലെ വിലയുമായി താരതമ്യപ്പെടുത്തിയാണല്ലാേ എത്ര വർധിച്ചു എന്നു കണക്കാക്കുന്നത്. പച്ചക്കറി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയാണ് ആശ്വാസ ഘടകമായത്. അടുത്തമാസങ്ങളിലും വിലക്കയറ്റം കുറയാനാണു സാധ്യത.
ജനുവരി - മാർച്ച് കാലത്തെ വിലക്കയറ്റം 6.2 ശതമാനമായി. 2022-23 ലെ വിലക്കയറ്റം 6.7 ശതമാനമാണ്. 2023 - 24 ലേക്കു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത് 5.2 ശതമാനമാണ്.
സി.പി.ഐ റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച പലിശനിരക്കു വർധിപ്പിക്കാത്ത തീരുമാനത്തെ ശരിവയ്ക്കുന്നു. അടുത്ത യോഗത്തിലും നിരക്കു വർധന ഉണ്ടാകില്ലെന്നാണു സാമ്പത്തിക വിദഗ്ധർ
കരുതുന്നത്. ഇപ്പോൾ നടക്കുന്ന റാബി വിളവെടുപ്പ്, ഗോതമ്പ് സംഭരണം, ക്രൂഡ് ഓയിൽ വില, മൺസൂൺ എന്നിവയെ ആശ്രയിച്ചാകും ജൂൺ ആദ്യം ചേരുന്ന റിസർവ് ബാങ്ക് പണനയ കമ്മിറ്റി തീരുമാനമെടുക്കുക.
വ്യവസായവളർച്ച തൃപ്തികരം
ഫെബ്രുവരിയിലെ വ്യവസായ ഉത്പാദന വളർച്ച (Index of Industrial Production (IIP) 5.6 ശതമാനമായി. ജനുവരിയിലെ വളർച്ച 5.2 ശതമാനം എന്നത് 5.5 ശതമാനം എന്നു തിരുത്തി. ഇതാേടെ ഏപ്രിൽ-ഫെബ്രുവരി കാലയളവിലെ വ്യവസായ ഉൽപാദന വളർച്ച 5.5 ശതമാനമായി.
ഫാക്ടറി ഉൽപാദനത്തിൽ 5.3 ശതമാനം വളർച്ച ഉണ്ടായതാണ് ഐഐപി ഉയരാൻ കാരണം. ഐഐപി യിൽ ഫാക്ടറി ഉൽപാദനത്തിന് 78 ശതമാനം പങ്കുണ്ട്. കൺസ്യൂമർ ഡ്യുറബിൾസ് ഉൽപാദനം ഇനിയും വളർച്ചയിലായില്ലെങ്കിലും തളർച്ചയുടെ തോത് കുറഞ്ഞു.
ജനുവരിയിൽ 8.2 ശതമാനം കുറഞ്ഞ സ്ഥാനത്ത് ഫെബ്രുവരിയിൽ നാലു ശതമാനം മാത്രം കുറവ്. കൺസ്യൂമർ നോൺ ഡ്യുറബിൾസ് വിഭാഗം 12.1 ശതമാനം വളർച്ച കാണിച്ചു. മാർച്ചിൽ വ്യവസായ ഉൽപാദന വളർച്ച തീരെ കുറവായിരിക്കും. മഴയും മറ്റു പ്രശ്നങ്ങളും ഉൽപാദനം കുറയാൻ കാരണമായി.
യുഎസ് വിലക്കയറ്റവും ആശ്വാസകരം, പക്ഷേ...
അമേരിക്കയിലെ മാർച്ച് മാസത്തെ ചില്ലറ വിലക്കയറ്റം വിപണിയുടെ പ്രതീക്ഷകൾക്കനുസരിച്ചു കുറവായി. വാർഷിക വർധന അഞ്ചു ശതമാനം. ഫെബ്രുവരിയിൽ ആറു ശതമാനമായിരുന്നു. പ്രതിമാസ വർധന 0.4 ശതമാനത്തിൽ നിന്നു 0.1 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 5.5 ൽ നിന്ന് 5.6 ശതമാനമായി കൂടി. അതിലെ പ്രതിമാസ വർധന 0.4 ശതമാനമുണ്ട്.
യുഎസ് ഫെഡ് ആധാരമാക്കുന്ന സ്വകാര്യ ഉപഭോഗച്ചെലവ് (പിസിഇ) കാര്യമായി കുറഞ്ഞിട്ടില്ല. പാർപ്പിട വാടക അടക്കമുള്ളവ ഉയർന്നു നിൽക്കുന്നതാണു കാരണം.
മേയിലെ ഫെഡ് യാേഗത്തിൽ കാൽ ശതമാനം വർധന പ്രഖ്യാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കണക്കുകൾ പുറത്തുവന്ന ശേഷം നിരീക്ഷകർ പറഞ്ഞത്. എന്നാൽ പലിശ വർധനകളുടെ ഫലമായി വിലക്കയറ്റം കുറഞ്ഞു തുടങ്ങിയെന്നു വ്യക്തമായ സാഹചര്യത്തിൽ ഫെഡ് നിരക്കുകൂട്ടൽ ഒഴിവാക്കണമെന്നു പല വിദഗ്ധരും നിർദേശിച്ചു.
വിപണി സൂചനകൾ
(2023 ഏപ്രിൽ 11, ചൊവ്വ),
സെൻസെക്സ് 30 60,392.77 +0.39%
നിഫ്റ്റി 50 17,812.40 +0.51%
ബാങ്ക് നിഫ്റ്റി 41,557.95 +0.46%
മിഡ് ക്യാപ് 100 30,824.05 +0.65%
സ്മോൾ ക്യാപ് 100 9310.75 +0.53%
ഡൗ ജോൺസ് 30 33,364.50 -0.11%
എസ് ആൻഡ് പി 500 4091.95 -0.41%
നാസ്ഡാക് 11,929.30 -0.85%
ഡോളർ ($) ₹82.10 -03 പൈസ
ഡോളർ സൂചിക 101.50 -0.64
സ്വർണം(ഔൺസ്) $ 2014.70 +$10.10
സ്വർണം(പവൻ) ₹44,960 +₹400
ക്രൂഡ്(ബ്രെന്റ്)ഓയിൽ $87.33 +$1.72