പ്രതീക്ഷിച്ചത് പോലെ വിലക്കയറ്റം; യു.എസ് ഫെഡ് തീരുമാനം ഇന്ന്; വിപണികളിൽ അനിശ്ചിതത്വം

ഇന്ത്യയിലും അമേരിക്കയിലും ചില്ലറ വിലക്കയറ്റം വിരുദ്ധ ദിശകളിൽ നീങ്ങി. ഇന്ത്യയിൽ വിലക്കയറ്റം 5.5 ശതമാനത്തിലേക്കു കയറി. അതു പ്രതീക്ഷിച്ചതു തന്നെയാണ്. യു.എസിൽ 3.1 ശതമാനത്തിലേക്കു കുറഞ്ഞു. ഇന്ത്യയിൽ ഒക്ടോബറിലെ വ്യവസായ ഉൽപാദന സൂചിക 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി. ഇവയുടെ പശ്ചാത്തലത്തിലാണ് ഇന്ന് ഇന്ത്യൻ വിപണി പ്രവർത്തിക്കുക.

രാത്രി യു.എസ് ഫെഡിന്റെ പലിശ തീരുമാനം വരും. പലിശ കൂട്ടുകയില്ലെന്നാണു പൊതുവേ ഊഹിക്കുന്നത്. എന്നാൽ എത്ര കാലത്തേക്ക് ഉയർന്ന പലിശ തുടരും എന്നതിന്റെ സൂചന ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനയിലും വിശദീകരണങ്ങളിലും കണ്ടത്താം എന്ന പ്രതീക്ഷയിലാണു വിപണി. അതു രാത്രി യു.എസ് വിപണിയെയും നാളെ ലോകവിപണികളെയും സ്വാധീനിക്കും. സ്വർണം, കറൻസി വിപണികളും ഫെഡ് നയമാണു കാത്തിരിക്കുന്നത്.

ഇന്നലെ ഇന്ത്യൻ വിപണിയിൽ പ്രധാനമായും ലാഭമെടുക്കലാണ് നടന്നത്. ഇന്നു ഫെഡ് തീരുമാനത്തെ പറ്റിയുള്ള അവ്യക്തത വിപണിയെ നയിക്കും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ചൊവ്വ രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,040.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,089 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് വിപണി ഇന്നലെ നല്ല നേട്ടത്തിൽ അവസാനിച്ചു. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.2 ശതമാനത്തിനു താഴെയായി.

ഡൗ ജോൺസ് സൂചിക 173.01 പോയിന്റ് (0.48%) കയറി 36,577.94 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 21.26 പോയിന്റ് (0.46%) ഉയർന്ന് 4643.7 ൽ അവസാനിച്ചു. നാസ്ഡാക് 100.91 പോയിന്റ് (0.70%) നേട്ടത്തിൽ 14,533.40 ലും അവസാനിച്ചു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേട്ടത്തിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.13 ഉം നാസ്ഡാക് 0.17 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയൻ, ജാപ്പനീസ് സൂചികകൾ ഉയർന്നു. കൊറിയൻ, ചെെനീസ് വിപണികൾ താഴ്ന്നു.

ഇന്ത്യൻ വിപണി

ലാഭമെടുക്കലിന്റെ സമ്മർദത്തിൽ ചൊവ്വാഴ്ച്ച ഇന്ത്യൻ വിപണി ഇടിഞ്ഞു. 70,000നു മുകളിൽ വ്യാപാരം തുടങ്ങി

70,033.64 വരെ കയറിയ സെൻസെക്സ്‌ പിന്നീടു ഗണ്യമായ താഴ്ചയിലായി. 21,000 നു മുകളിൽ ആരംഭിച്ച് 21,037.90 വരെ ഉയർന്ന നിഫ്റ്റി പിന്നീട് അവിടെ നിന്നു നൂറിലധികം പോയിന്റ് താഴെയാണു ക്ലോസ് ചെയ്തത്.

സെൻസെക്സ് 377.50 പോയിന്റ് (0.54%) താഴ്ന്ന് 69,551.03 ലും നിഫ്റ്റി 90.70 പോയിന്റ് (0.43%) ഇടിഞ്ഞ് 20,906.40ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 216.70 പോയിന്റ് (0.46%) താണ് 47,097.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.39 ശതമാനം താണ് 44,555.75 ലും സ്മോൾ ക്യാപ് സൂചിക 0.03 ശതമാനം കയറി 14,529.45 ലും അവസാനിച്ചു.

വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 76.86 കാേടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1923.32 കോടിയുടെ ഓഹരികൾ വാങ്ങി.

മുഖ്യ സൂചികകൾ താഴ്ന്നെങ്കിലും വിപണി മനോഭാവം ബുള്ളിഷ് ആയി തുടരുന്നു എന്നാണു വിലയിരുത്തൽ.

നിഫ്റ്റിക്ക് ഇന്ന് 20,875 ലും 20,770 ലും പിന്തുണ ഉണ്ട്. 21,000 ഉം 21,105 ഉം തടസങ്ങളാകാം.

ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 72.97 ഡോളറിലും ഡബ്ള്യുടിഐ ഇനം 68.36 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 73.32 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണവില ചൊവ്വാഴ്ച നാമമാത്രമായി താഴ്ന്നു. ഔൺസിന് 1982.40 ഡോളറിൽ ക്ലാേസ് ചെയ്തു.

കേരളത്തിൽ പവൻവില ചൊവ്വാഴ്ചയും160 രൂപ കുറഞ്ഞ് 45,400 രൂപയായി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

ഡോളർ സൂചിക ഇന്നലെ അൽപം താണ് 103.87 ൽ ക്ലോസ് ചെയ്തു.

ഡോളർ ചൊവ്വാഴ്ച കയറിയിറങ്ങിയ ശേഷം മാറ്റമില്ലാതെ 83.37 രൂപയിൽ ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 41,500 ലാണ്.

വിപണിസൂചനകൾ

(2023 ഡിസംബർ 12, ചൊവ്വ)

സെൻസെക്സ്30 69,551.03 -0.54%

നിഫ്റ്റി50 20,906.40 -0.43%

ബാങ്ക് നിഫ്റ്റി 47,097.55 -0.46%

മിഡ് ക്യാപ് 100 44,555.75 -0.39%

സ്മോൾ ക്യാപ് 100 14,529.45 +0.03%

ഡൗ ജോൺസ് 30 36,577.90 +0.48%

എസ് ആൻഡ് പി 500 4643.70 +0.46%

നാസ്ഡാക് 14,533.40 +0.70%

ഡോളർ ($) ₹83.37 ₹0.00

ഡോളർ സൂചിക 103.87 -0.13

സ്വർണം (ഔൺസ്) $1982.40 -$01.00

സ്വർണം (പവൻ) ₹45,400 -₹160.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $73.14 -$1.31

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it