വിലക്കയറ്റത്തിലും വ്യവസായ വളര്‍ച്ചയിലും ആശ്വാസം; സ്‌മോള്‍ ക്യാപ്പുകളില്‍ തിരുത്തല്‍; പി.എസ്.യു ഓഹരികള്‍ക്കു വലിയ വീഴ്ച; പേയ്ടിഎമ്മിന് ആശ്വാസമില്ല

വിദേശഫണ്ടുകളും സ്വദേശി ഫണ്ടുകളും ഒപ്പം വാങ്ങലുകാരായിട്ടും വിപണി താഴ്ന്ന ദിവസമാണു കടന്നുപോയത്. മുഖ്യ സൂചികകള്‍ മുക്കാല്‍ ശതമാനം മാത്രം താഴ്ന്നപ്പോള്‍ വിശാല വിപണിയില്‍ നാലു ശതമാനം വരെ ഇടിവുണ്ടായി. സ്‌മോള്‍, മിഡ് ക്യാപ് ഓഹരികളില്‍ വലിയ തിരുത്തല്‍ നടക്കുകയാണ്. അത് ഏതുവരെ പോകുമെന്നു വ്യക്തമല്ല.

ഇന്ത്യയില്‍ ചില്ലറ വിലക്കയറ്റം കുറഞ്ഞതും വ്യവസായ ഉല്‍പാദനം കൂടിയതും ആശ്വാസകരമാണ്. ഇന്നു രാത്രി യു.എസ് ചില്ലറ വിലക്കയറ്റം ആശ്വാസകരമാകുമോ എന്നാണു പാശ്ചാത്യ വിപണികള്‍ ശ്രദ്ധിക്കുന്നത്. യു.എസ് വിപണി ഇന്നലെ ഭിന്ന ദിശകളിലായിരുന്നെങ്കിലും ഏഷ്യന്‍ വിപണികള്‍ ഇന്നു നല്ല കയറ്റത്തിലാണ്.

തിങ്കളാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,750ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,740ലാണ്. ഇന്ത്യന്‍ വിപണി ഇന്ന് ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച നേട്ടത്തിലായി. സീമെന്‍സ് എനര്‍ജി, ആയുധ നിര്‍മാണ കമ്പനി സാബ്, ഫുഡ് ഡെലിവറി കമ്പനി ജസ്റ്റ് ഈറ്റ് എന്നിവ ലാഭം കാണിച്ചും ലാഭപ്രതീക്ഷ ഉയര്‍ത്തിയും എട്ടു ശതമാനം വരെ ഉയര്‍ന്നു.

യു.എസ് വിപണി ഇന്നു വരാനുള്ള ചില്ലറ വിലക്കയറ്റ കണക്കിലേക്കാണു ശ്രദ്ധിക്കുന്നത്. വിലക്കയറ്റം ചെറിയ തോതില്‍ കുറയുള്ളെന്നാണു നിഗമനം. അതു പോലെ സംഭവിച്ചില്ലെങ്കില്‍ വിപണി ഇടിയാം. ഡൗ ഒഴികെയുള്ള സൂചികകള്‍ ഇന്നലെ താഴ്ന്നു. ഡൗ സൂചിക പുതിയ റെക്കോര്‍ഡ് ക്ലോസിംഗ് നടത്തി.

തകര്‍ച്ചയുടെ വക്കിലായിരുന്ന ജെറ്റ് ബ്ലൂ എയര്‍വേയ്‌സില്‍ ആക്ടിവിസ്റ്റ് നിക്ഷേപകന്‍ കാള്‍ ഐകാന്‍ 10 ശതമാനം ഓഹരി എടുത്ത വാര്‍ത്ത ഓഹരിയെ 15 ശതമാനം ഉയര്‍ത്തി.

ഡൗ ജോണ്‍സ് ഇന്നലെ 125.69 പോയിന്റ് (0.33%) കയറി 38,797.40ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 4.77 പോയിന്റ് (0.09%) താഴ്ന്ന് 5021.84ല്‍ അവസാനിച്ചു. നാസ്ഡാക് 48.12 പോയിന്റ് (0.30%) കുറഞ്ഞ് 15,942.50ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.11ഉം എസ് ആന്‍ഡ് പി 0.15ഉം നാസ്ഡാക് 0.20ഉം ശതമാനം താഴ്ചയിലായി. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.172 ശതമാനമായി താഴ്ന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 1.9 ശതമാനം ഉയര്‍ന്ന് 37,000 കടന്നു. കൊറിയന്‍ വിപണി 1.25 ശതമാനം കയറി.

ഇന്ത്യന്‍ വിപണി

തിങ്കളാഴ്ച ഇന്ത്യന്‍ വിപണി വീണ്ടും താഴ്ചയിലായി. സെന്‍സെക്‌സ് 523 പോയിന്റ് (0.73%) ഇടിഞ്ഞ് 71,072.49ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 166.45 പോയിന്റ് (0.76%) താഴ്ന്ന് 21,616.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 752.30 പോയിന്റ് (1.65%) ഇടിഞ്ഞ് 44,882.25ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 2.48 ശതമാനം ഇടിവില്‍ 47,675.80ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 4.01 ശതമാനം തകര്‍ന്ന് 15,617.05ല്‍ വ്യാപാരം അവസാനിപ്പിച്ചു.

തിങ്കളാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 126.60 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി വെള്ളിയാഴ്ച 1711.75 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. നിഫ്റ്റിക്ക് ഇന്ന് 21,570ലും 21, 415ലും പിന്തുണ ഉണ്ട്. 21,770ലും 22,930 ലും തടസങ്ങള്‍ ഉണ്ടാകാം.

ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സികള്‍

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. തിങ്കളാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 82.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.02 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 76.98ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 81.60ഉം ഡോളറിലായി.

സ്വര്‍ണം തിങ്കളാഴ്ച ഔണ്‍സിന് 2020.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2020.10 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവനു വില 46,160 രൂപയില്‍ തുടര്‍ന്നു. ഇന്നു വില കുറഞ്ഞേക്കാം. ഡോളര്‍ സൂചിക തിങ്കളാഴ്ച അല്‍പം കയറി 104.13 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.20ലാണ്.

ഡോളര്‍ തിങ്കളാഴ്ച മൂന്നു പൈസ നഷ്ടത്തില്‍ 83 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ കുതിപ്പിലാണ്. ബിറ്റ് കാേയിന്‍ 50,000 ഡോളര്‍ കടന്നു. ഇന്നു രാവിലെ 50,250 ഡോളറിനടുത്താണ്.

പൊതുമേഖലാ ഓഹരികള്‍ വലിയ ഇടിവില്‍

വിപണിയില്‍ വില്‍പന സമ്മര്‍ദം തുടരുകയാണ്. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികള്‍ അമിത വിലനിലവാരത്തിലാണെന്ന ധാരണയാണു വിപണിക്ക് ഇപ്പോള്‍ ഉള്ളത്. അടുത്തനാള്‍ വരെ വളരെ പ്രിയപ്പെട്ടവയായിരുന്ന പൊതുമേഖലാ ഓഹരികളെ

പറ്റിയും ഇപ്പോള്‍ മതിപ്പു കുറഞ്ഞു. ഇവയുടെ വില കുത്തനേ ഇടിഞ്ഞതോടെ മാര്‍ജിന്‍ ട്രേഡിംഗുകാര്‍ വിഷമത്തിലായി. ഇടിവ് തുടരുമെന്നാണു വിലയിരുത്തല്‍.

രണ്ടു ദിവസം കൊണ്ടു പൊതുമേഖലാ ഓഹരികള്‍ക്കു നാലു ലക്ഷം കോടി രൂപയുടെ മൂല്യനഷ്ടമാണ് ഉണ്ടായത്. ലാഭം 51 ശതമാനം കുറഞ്ഞ എസ്.ജെ.വി.എന്‍ ഓഹരി ഇന്നലെ 20 ശതമാനം ഇടിഞ്ഞു. എന്‍.എച്ച്.പി.സി 15.81 ശതമാനം താണപ്പോള്‍ ന്യൂ ഇന്ത്യ അഷ്വറന്‍സും എന്‍.എല്‍.സി ഇന്ത്യയും 15.11 ശതമാനം വീതം താണു. ജി.ഐ.സി 14.41 ശതമാനം ഇടിവിലായി. ആര്‍.വി.എന്‍.എല്‍, ഐ.ആര്‍.എഫ്.സി, ഇര്‍കോണ്‍ തുടങ്ങിയവ ശതമാനത്തിലധികം നഷ്ടത്തിലായി. പൊതുമേഖലാ ബാങ്കുകളും ഇടിവിലാണ്.

വിലക്കയറ്റത്തില്‍ ചില്ലറ ആശ്വാസം

ചില്ലറ വിലക്കയറ്റത്തില്‍ ചെറിയ ആശ്വാസവാര്‍ത്തയുമായാണ് ഇന്നലെ കണക്കുകള്‍ പുറത്തുവന്നത്. ജനുവരിയിലെ വിലക്കയറ്റ നിരക്ക് 5.1 ശതമാനമായി കുറഞ്ഞു. ഡിസംബറില്‍ 5.69 ശതമാനമായിരുന്നു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 5.1%.

ഭക്ഷ്യ വിലക്കയറ്റം 9.5ല്‍ നിന്ന് 8.3 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 27.03 ശതമാനമാണ്. തലേ മാസം 27.64 ആയിരുന്നു. പയറുവര്‍ഗങ്ങളുടെ വിലക്കയറ്റം 20.73ല്‍ നിന്ന് 19.54 ശതമാനമായി കുറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളുടേത് 16 4 ശതമാനമാണ്. എണ്ണ, നെയ് വിലയില്‍ 15 ശതമാനം കുറവുണ്ടായതാണ് എടുത്തു പറയാവുന്ന ആശ്വാസം. നഗരങ്ങളില്‍ 4.9ഉം ഗ്രാമങ്ങളില്‍ 5.3ഉം ശതമാനമാണു വിലക്കയറ്റം.

വ്യവസായ ഉല്‍പാദനത്തില്‍ ചെറിയ കയറ്റം

ഡിസംബറിലെ വ്യവസായ ഉല്‍പാദനം 3.8 ശതമാനം ശതമാനം വര്‍ധിച്ചു. നവംബറില്‍ എട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 2.4 ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ വളര്‍ച്ച 5.9 ശതമാനമാണ്. ഇതു ജൂലൈ-സെപ്റ്റംബറിലെ 7.8 ശതമാനത്തിലും കുറവാണ്.

ഗൃഹോപകരണങ്ങള്‍ അടക്കമുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഉല്‍പാദനം 4.8 ശതമാനം കൂടി. തലേ ഡിസംബറില്‍ 11.2 ശതമാനം ഇടിവുണ്ടായത് ഈ വളര്‍ച്ചയ്ക്കു സഹായിച്ചു. നവംബറിനെ അപേക്ഷിച്ച് ഉല്‍പാദനത്തില്‍ 7.75 ശതമാനം വര്‍ധന ഉണ്ട്. എഫ്.എം.സി.ജി ഉല്‍പാദനം 3.6 ശതമാനം ചുരുങ്ങിയ സ്ഥാനത്ത് 2.1 ശതമാനം കയറ്റത്തിലായി. നവംബറിനെ അപേക്ഷിച്ച് ഉല്‍പാദനത്തില്‍ 13.1 ശതമാനം വര്‍ധന ഉണ്ടായി.

കമ്പനികള്‍, ഓഹരികള്‍

പേയ്ടിഎം ഓഹരി ഇന്നലെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ചെറിയ നേട്ടത്തില്‍ അവസാനിച്ചു. പേയ്ടിഎമ്മിനെതിരായ നടപടിയില്‍ പുനരാലോചനയുടെ വിഷയമില്ലെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതിന്റെ പ്രതിഫലനം ഇന്നു വിപണിയില്‍ ഉണ്ടാകാം.

ബന്ധന്‍ ബാങ്ക് ഓഹരി ഇന്നലെ 7.2 ശതമാനം ഇടിഞ്ഞു. മൂന്നാം പാദത്തില്‍ ബാങ്കിന്റെ ആസ്തി നിലവാരം ദുര്‍ബലമായതാണ് കാരണം. ബാങ്കിന്റെ കണക്കുകളില്‍ നടക്കുന്ന ഫൊറന്‍സിക് പരിശോധനയും വിപണിയെ ആശങ്കപ്പെടുത്തുന്നു.

തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്നലെ 7.17 ശതമാനം ഇടിഞ്ഞ് 33 രൂപയില്‍ എത്തി. ധനലക്ഷ്മി ബാങ്ക് ഓഹരി 4.92 ശതമാനം താണ് 43.50 രൂപയായി. സി.എസ്.ബി ബാങ്ക് ഓഹരി മൂന്നു ശതമാനം വരെ താണിട്ട് 1.72 ശതമാനം നഷ്ടത്തില്‍ അവസാനിച്ചു

വിപണിസൂചനകള്‍

(2024 ഫെബ്രുവരി 12, തിങ്കള്‍)

സെന്‍സെക്‌സ്30 71,072.49 -0.73%

നിഫ്റ്റി50 21,616.05 -0.76%

ബാങ്ക് നിഫ്റ്റി 44,882.25 -1.65%

മിഡ് ക്യാപ് 100 47,675.80 -2.48%

സ്‌മോള്‍ ക്യാപ് 100 15,617.05 - 4.01%

ഡൗ ജോണ്‍സ് 30 38,797.40 +0.33%

എസ് ആന്‍ഡ് പി 500 5021.84 -0.09%

നാസ്ഡാക് 15,942.50 -0.30%

ഡോളര്‍ ($) 83.00 -?0.03

ഡോളര്‍ സൂചിക 104.13 +0.05

സ്വര്‍ണം (ഔണ്‍സ്) $2020.50 -$04.90

സ്വര്‍ണം (പവന്‍) 46,160 ?00.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.10 -$0.09

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it