Begin typing your search above and press return to search.
ചോരപ്പുഴ കഴിയുമ്പോള്‍ അവസരങ്ങള്‍ വാരിയെടുക്കാം; നല്ല കമ്പനികളെ കണ്ടെത്താന്‍ പറ്റിയ സമയം, സ്വര്‍ണം വീണ്ടും കയറ്റത്തില്‍
വലിയ ചോരപ്പുഴയ്ക്കു ശേഷം ആശ്വാസ റാലി പ്രതീക്ഷിക്കുന്നവരെ ഇന്നു വിപണി തൃപ്തിപ്പെടുത്താന്‍ ഇടയില്ല. മാര്‍ജിന്‍ ട്രേഡിംഗിന്റെയും ചൂതാട്ടത്തിന്റെയും സങ്കീര്‍ണതകളില്‍ നിന്നു വിപണിക്ക് ഇന്നും രക്ഷാമാര്‍ഗം ഉണ്ടായെന്നു വരില്ല.
വിപണിയുടെ ഇടിവ് അടിസ്ഥാനകാര്യങ്ങളില്‍ കരുത്തുളള ഓഹരികള്‍ വാങ്ങാനുള്ള അവസരമാണ്. ഗൗരവമായ പഠനം നടത്തി വേണം നല്ല ഓഹരികളെ കണ്ടെത്താന്‍. വിപണിയുടെ തകര്‍ച്ച ഇവിടെ നിന്ന് വിട്ടു പോകാനുള്ള അവസരമല്ല. അതു പലപ്പോഴും വലിയ ധനനഷ്ടത്തിനോ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്താനോ കാരണമാകും.
13.9 ലക്ഷം കോടി രൂപയുടെ സമ്പാദ്യ നഷ്ടമാണ് ഇന്നലെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഉണ്ടായത്. 2020 മാര്‍ച്ച് 23ന് കോവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ദിവസത്തെ 14.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇതിനേക്കാള്‍ വലിയത്.
ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,036ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,034 ആയി. ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ചെറിയ കയറ്റം നടത്തി.
യു.എസ് വിപണി ബുധനാഴ്ച ഉയര്‍ന്നാണ് തുടങ്ങിയത്. പിന്നീട് കൂടുതല്‍ ഉയരത്തിലേക്കു പോയെങ്കിലും ഒടുവില്‍ താഴ്ന്നും നേരിയ കയറ്റത്തിലുമാണു പ്രധാന സൂചികകള്‍ അവസാനിച്ചത്. ഇന്നു വരുന്ന മൊത്തവില സൂചികയിലാണു വിപണിയുടെ ശ്രദ്ധ. മൊത്തവില മാസക്കണക്കില്‍ 0.3 ശതമാനം കയറും എന്നാണു പ്രതീക്ഷ.
ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 37.83 പോയിന്റ് (0.10%) കയറി 39,043.32ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 9.96 പോയിന്റ് (0.19%) താഴ്ന്ന് 5165.31ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 87.87 പോയിന്റ് (0.54%) താഴ്ന്ന് 16,177.77ല്‍ എത്തി.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.06 ശതമാനവും എസ് ആന്‍ഡ് പി 0.10 ശതമാനവും നാസ്ഡാക് 0.21 ശതമാനവും ഉയര്‍ന്നു നില്‍ക്കുന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.192 ശതമാനമായി ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ഓസീസ്, ജാപ്പനീസ്, ചൈനീസ് വിപണികള്‍ ഇടിഞ്ഞു. കൊറിയന്‍ വിപണി കയറി.
തകര്‍ച്ചയില്‍ ഇന്ത്യന്‍ വിപണി
ബുധനാഴ്ച ഇന്ത്യന്‍ വിപണി തുടക്കം മുതലേ താഴോട്ടു നീങ്ങി ഒടുവില്‍ വലിയ തകര്‍ച്ചയില്‍ അവസാനിച്ചു. മിഡ്, സ്‌മോള്‍, മൈക്രോ ക്യാപ് ഓഹരികളില്‍ വലിയ കൃത്രിമങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ സെബി അധ്യക്ഷയും മറ്റും നടത്തിയ പ്രസ്താവനകളാണു വിപണിയെ ചോരപ്പുഴയില്‍ മുക്കിയത് എന്നു നിക്ഷേപകരില്‍ ഒരു വിഭാഗം കരുതുന്നു. അതല്ല, ചില ബ്രോക്കറേജുകളും ഊഹക്കച്ചവടക്കാരും കൂടി വലിയ പൊസിഷന്‍ എടുത്തിട്ട് വിലയിടിഞ്ഞപ്പോള്‍ വിറ്റൊഴിയേണ്ടി വന്നതാണു പ്രശ്‌നമെന്നു വേറൊരു വിഭാഗം കരുതുന്നു. ഏതായാലും ചെറിയ ഓഹരികളികളിലെ വലിയ കളി തുടരാനാവാത്ത നില വന്നപ്പോള്‍ ചെറുതു മാത്രമല്ല വലുതും ഇടിഞ്ഞു. സെന്‍സെക്‌സ് 1.23 ശതമാനവും നിഫ്റ്റി 1.51 ശതമാനവും താഴ്ന്നപ്പോള്‍ നിഫ്റ്റി മിഡ് ക്യാപ് 4.31 ശതമാനവും നെക്സ്റ്റ് ഫിഫ്റ്റി 4.17 ശതമാനവും മിഡ് ക്യാപ് നൂറ് 4.87 ശതമാനവും സ്‌മോള്‍ ക്യാപ് നൂറ് 5.56 ശതമാനവും സ്‌മോള്‍ ക്യാപ് ഫിഫ്റ്റി 5.52 ശതമാനവും ഇടിഞ്ഞു.
പ്രമുഖ ഹവാല ഓപ്പറേറ്ററായ ഹരിശങ്കര്‍ ടിബര്‍ വാലയുടെയും പങ്കാളികളുടെയും സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതും വിപണിയുടെ തകര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്.
ഓഹരികള്‍ ഈടു നല്‍കിയും മറ്റും വ്യാപാരം നടത്തുന്നവരോടു കൂടുതല്‍ മാര്‍ജിന്‍ വേണമെന്നു ബ്രോക്കറേജുകള്‍ ആവശ്യപ്പെട്ടപ്പോള്‍ വലുതും ചെറുതുമായ ഓഹരികള്‍ പലര്‍ക്കും നഷ്ടവിലയില്‍ വില്‍ക്കേണ്ടി വന്നു. നാളെ മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ടതും വിപണിയെ ബാധിച്ചു.
1,100 ഓഹരികള്‍ ഇന്നലെ ലോവര്‍ സര്‍കീട്ടില്‍ എത്തി.
കുതിച്ചും കിതച്ചും ഇവർ
ഐ.ടി.സിയിലെ മൂന്നര ശതമാനം ഓഹരി വിദേശ പ്രൊമോട്ടര്‍ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ (ബാറ്റ്) ഇന്നലെ വിറ്റു. ഇതോടെ ഐ.ടി.സി ഓഹരി കുതിപ്പിലായി. രാവിലെ 10 ശതമാനം കയറിയ ഓഹരി നാലു ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാറ്റ് ഓഹരി വില്‍ക്കുമെന്നു നേരത്തേ പറഞ്ഞെങ്കിലും എത്ര ശതമാനം എന്നു പറഞ്ഞിരുന്നില്ല. ഇത് മൂലം വ്യക്തമായ നിലപാട് എടുക്കാന്‍ വിപണിക്കു കഴിഞ്ഞില്ല. ഇന്നലത്തെ വില്‍പ്പന കാര്യങ്ങളില്‍ വ്യക്തത വരുത്തി. അതാണു വില കൂട്ടിയത്.
പ്രതീക്ഷിച്ചതിലും കൂടിയ വിലയില്‍ ഓഹരി വിറ്റതു വഴി 17,500 കോടി രൂപ നേടാന്‍ ബാറ്റിനു കഴിഞ്ഞു. സിംഗപ്പുര്‍ ഗവണ്മെന്റും ഗോള്‍ഡ് മാന്‍ സാക്‌സ്, ലോക ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്.എസ്.ബി.സി, മോര്‍ഗന്‍ സ്റ്റാന്‍ലി, ചൈനീസ് കേന്ദ്ര ബാങ്ക് തുടങ്ങിയവ ഓഹരി വാങ്ങിയവയില്‍ പെടുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം ഇന്നലെ 1.1 ലക്ഷം കോടി രൂപ കുറഞ്ഞു.
ചില നിബന്ധനകള്‍ പാലിക്കും വരെ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇറക്കരുതെന്ന് റിസര്‍വ് ബാങ്ക് ഫെഡറല്‍ ബാങ്കിനും സൗത്ത് ഇന്ത്യന്‍ ബാങ്കിനും നിര്‍ദ്ദേശം നല്‍കി. ഫെഡറല്‍ ബാങ്ക് ഓഹരി 3.1 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി 5.05 ശതമാനവും താഴ്ന്നു ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് അഞ്ചു ശതമാനവും സി.എസ്.ബി ബാങ്ക് 5.76 ശതമാനവും താഴ്ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും
സെന്‍സെക്‌സ് ഇന്നലെ 906.07 പോയിന്റ് (1.2 3%) ഇടിഞ്ഞ് 72,761.89ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 338 പോയിന്റ് (1.51%) തകര്‍ന്ന് 21,997.70ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 301.10 പോയിന്റ് (0.64%) താണ് 46,981.30ല്‍ ക്ലോസ് ചെയ്തു.
മിഡ്ക്യാപ് സൂചിക 4.40 ശതമാനം ഇടിഞ്ഞ് 46,981.30ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ക്യാപ് സൂചിക 5.28 ശതമാനം തകര്‍ന്ന് 14,295.05ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 4595.06 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 9093.72 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണിയില്‍ ബെയറിഷ് പ്രവണതയാണ് കാണുന്നത്. നിഫ്റ്റിക്ക് ഇന്ന് 21,910ലും 21,570ലും പിന്തുണയുണ്ട്. 22,325ലും 22,655ലും തടസങ്ങള്‍ ഉണ്ടാകാം.
സ്വര്‍ണം തിരിച്ചു കയറി
അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ദിവസം താഴ്ന്ന സ്വര്‍ണം ഇന്നലെ തിരിച്ചു കയറി. യു.എസ് ചില്ലറ വിലക്കയറ്റ കണക്കുകള്‍ കണ്ടിട്ടാണു ചൊവ്വാഴ്ച താഴ്ന്നത്. ഇന്നലെ അതേ കണക്കിന്റെ ബലത്തില്‍ സ്വര്‍ണം കയറി. ഇന്നലെ ഔണ്‍സിന് 2175.65 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2174.10ലേക്കു താഴ്ന്നു.
കേരളത്തില്‍ സ്വര്‍ണവില ഇന്നലെ പവന് 48,320 രൂപ കുറഞ്ഞ് 48,280 രൂപയില്‍ എത്തി. ഇന്നു വില വീണ്ടും കയറുകയും ഒരു പക്ഷേ റെക്കോര്‍ഡ് മറികടക്കുകയും ചെയ്യും എന്നാണു സൂചന.
ഡോളര്‍ സൂചിക ഇന്നലെ 102.79ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.81 ലാണ്.
രൂപ ചൊവ്വാഴ്ച ദുര്‍ബലമായി ഡോളര്‍ ഒന്‍പതു പൈസ കയറി 82.86 രൂപയില്‍ ക്ലോസ് ചെയ്തു .
ക്രൂഡ് ഓയില്‍
ക്രൂഡ് ഓയില്‍ ലഭ്യതയെപ്പറ്റി പുതിയ ആശങ്കകള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ രണ്ടര ശതമാനം കുതിച്ചു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 84.18 ഡോളറില്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം 79.85 ഡോളറിലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 84.53 ഡോളറിലും ആണ്.
ബിറ്റ് കോയിന്‍ കയറ്റത്തില്‍
ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്നുയര്‍ന്നു പോകുകയാണ്. ബിറ്റ് കോയിന്‍ 73,679 ഡോളറിലും 4,085 ഡോളറിലും എത്തിയിട്ട് അല്‍പം താണു വ്യാപാരം നടക്കുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്കു തിരിച്ചടി
ഇലക്ട്രിക് വാഹനങ്ങള്‍ക്കു കമ്പനികള്‍ പ്രതീക്ഷിച്ച ഡിമാന്‍ഡ് ഉണ്ടാകുന്നില്ലെന്നാണ് യു.എസ് റിപ്പോര്‍ട്ട്. ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ് വാഗണ്‍, ജഗ്വാര്‍ ലാന്‍ഡ് റോവര്‍, മെഴ്‌സിഡീസ് ബെന്‍സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ കമ്പനികള്‍ ഇലക്ട്രിക് വാഹന ലോഞ്ചിംഗ് നീട്ടിവയ്ക്കുകയോ എണ്ണം കുറയ്ക്കുകയോ ചെയ്തു. ടെസ്ല പോലും ഇലക്ട്രിക് വാഹനവില്‍പന ആദ്യം പ്രതീക്ഷിച്ചതു പോലെ വരില്ല എന്നു സമ്മതിച്ചു. യു.എസിലെ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ് ഫിസ്‌കര്‍ പാപ്പര്‍ ഹര്‍ജി കൊടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തയും ഇന്നലെ വന്നു.
വിപണി സൂചനകള്‍
(2024 മാര്‍ച്ച് 13, ബുധന്‍)
സെന്‍സെക്‌സ്30 72,761.89 -1.23%
നിഫ്റ്റി50 21,997.70 -1.51%
ബാങ്ക് നിഫ്റ്റി 46,981.30 -0.64%
മിഡ് ക്യാപ് 100 45,971.40 -4.40%
സ്‌മോള്‍ ക്യാപ് 100 14,295.05 -5.28%
ഡൗ ജോണ്‍സ് 30 39,043.30 +0.10%
എസ് ആന്‍ഡ് പി 500 5165.31 -0.19%
നാസ്ഡാക് 16,177.80 -0.54%
ഡോളര്‍ ($) ?82.86 +?0.09
ഡോളര്‍ സൂചിക 102.79 -0.17
സ്വര്‍ണം (ഔണ്‍സ്) $2175.65 +$18.61
സ്വര്‍ണം (പവന്‍) ?48,280 -?320.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $84.03 +$2.11
Next Story
Videos