പ്രതീക്ഷ കൈവിടാതെ വിപണി; വിലക്കയറ്റത്തിൽ ആശ്വാസം; ക്രൂഡ് ഓയിൽ 92 ഡോളർ കടന്നു; യുഎസ് വിലക്കയറ്റത്തിൽ ശ്രദ്ധിച്ച് വിപണികൾ
മിഡ്, സ്മാേൾ ക്യാപ് ഓഹരികൾ ഈയാണ്ടിലെ ഏറ്റവും വലിയ തകർച്ച കണ്ട ദിവസമാണു ചാെവ്വാഴ്ച. അതൊരു ദുസ്വപ്നം പോലെ മറക്കാൻ വിപണി അവസരമൊരുക്കുമോ തകർച്ച തുടർന്നു വലിയ നഷ്ടത്തിലേക്കു തള്ളിവിടുമോ എന്ന നിക്ഷേപകരുടെ ചോദ്യത്തിന് ഉത്തരം തേടിയാണു വിപണി ഇന്നു വ്യാപാരത്തിലേക്കു കടക്കുക.
നിഫ്റ്റി ഇന്നലെ 20,110 വരെ കയറി റെക്കോർഡ് തിരുത്തിയ ശേഷം നാമമാത്ര താഴ്ചയിൽ അവസാനിച്ചു. സെൻസെക്സ് ചെറിയ നേട്ടം ഉണ്ടാക്കി. വിശാലവിപണിയുടെ തകർച്ച ഇന്ത്യൻ വിപണിയുടെ മൂല്യത്തിൽ ആറു ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തി. ഇതൊക്കെയാണെങ്കിലും ഇന്നു നല്ല പ്രതീക്ഷയോടെയാണു വ്യാപാരം ആരംഭിക്കുക.
ചില്ലറ വിലക്കയറ്റം കുറഞ്ഞതും വ്യവസായ ഉൽപാദനം വർധിച്ചതും കയറ്റത്തിന് അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇന്നു യുഎസിലെ ചില്ലറവിലക്കയറ്റ കണക്ക് വരും. ക്രൂഡ് ഓയിൽ വില 92 ഡോളറിനു മുകളിലായതു വിപണിയെ തൽക്കാലം അലോസരപ്പെടുത്തുന്നില്ല.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 20,073.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,056 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച ഇടിവിലായിരുന്നു. വളർച്ച പ്രതീക്ഷകൾ കുറഞ്ഞു. ഇന്ധനവില വീണ്ടും ഉയരുന്നതും ആശങ്കയായി.
യുഎസ് വിപണികളും ഇന്നലെ താഴ്ന്നു. ഡൗ ജോൺസ് 17.73 പോയിന്റ് (0.05%) താണ് 34,646 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 25.56 പോയിന്റ് (0.57%) കുറഞ്ഞ് 4461.9 ലും നാസ്ഡാക് 144.28 പോയിന്റ് (1.04%) ഇടിഞ്ഞ് 13,773.6 ലും ക്ലോസ് ചെയ്തു.
ആപ്പിൾ ഓഹരി താഴ്ന്നു
ആപ്പിൾ ഐഫോൺ 15 അവതരണവും മറ്റു പ്രഖ്യാപനങ്ങളും വിപണിയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായില്ല. ആപ്പിൾ ഓഹരി ഒന്നര ശതമാനം താഴ്ന്നു. ഓറക്കിൾ കോർപറേഷൻ ഭാവിവരുമാന പ്രതീക്ഷ വെട്ടിക്കുറച്ചത് ഓഹരിവില 13.5 ശതമാനം ഇടിച്ചു. ഓറക്കിളിന്റെ ചരിതത്തിലെ ഏറ്റവും വലിയ തകർച്ചയാണിത്.
യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.03 ഉം നാസ്ഡാക് 0.02 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഇന്ന് ഓഗസ്റ്റിലെ യുഎസ് ചില്ലറ വിലക്കയറ്റ കണക്കുകൾ പുറത്തുവരും. ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 4.3 ശതമാനം ആയിരിക്കുമെന്നാണു നിഗമനം. ജൂലൈയിൽ 4.7 ശതമാനമായിരുന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഭിന്നദിശകളിലാണ്. ജാപ്പനീസ്, കൊറിയൻ വിപണികൾ ചെറിയ കയറ്റത്തിൽ വ്യാപാരം തുടങ്ങി പിന്നീടു ജാപ്പനീസ് സൂചികകൾ താഴ്ചയിലായി. എന്നാൽ ഓസ്ട്രേലിയൻ, വിപണി അര ശതമാനം താഴ്ന്നു.
ഇന്നു ഷാങ്ഹായ് വിപണി ചെറിയ കയറ്റത്തിലാണ്. ഹോങ് കോങ് വിപണി അര ശതമാനം ഉയർന്നു വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ച തുടക്കം കുറിച്ചത് ആവേശത്തിലായിരുന്നു. നിഫ്റ്റി 20,110 വരെ കയറിയിട്ട് താഴ്ന്നു ചാഞ്ചാട്ടത്തിലായി. ഒടുവിൽ നേരിയ നഷ്ടത്തിൽ അവസാനിച്ചു. മിഡ്, സ്മോൾ ക്യാപ് ഓഹരികളുടെ വൻ തകർച്ചയാണു മുഖ്യ സൂചികകളെ താഴ്ത്തി നിർത്തിയത്.
സെൻസെക്സ് 94.05 പോയിന്റ് (0.14%) ഉയർന്ന് 67,221.13 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 3.15 പോയിന്റ് (0.02%) താഴ്ന്ന് 19,993. 2 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 59.35 പോയിന്റ് (0.13%) താഴ്ന്ന് 45,511.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണി വലിയ തകർച്ചയിലായി. മിഡ് ക്യാപ് സൂചിക 3.07 ശതമാനം (1273.9 പോയിന്റ്) ഇടിഞ്ഞ് 41,444.2-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 4.10 ശതമാനം (532.05 പോയിന്റ്) താഴ്ന്ന് 12,450.2ൽ അവസാനിച്ചു.
വിദേശ ഫണ്ടുകൾ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 1047.19 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 259.49 കോടിയുടെ ഓഹരികളാണു വാങ്ങിയത്.
ഇന്നലത്തെ വിപണിദൗർബല്യം ഈ ദിവസങ്ങളിൽ തുടരും എന്ന വിലയിരുത്തലിലാണ് നിരീക്ഷകർ. 19,800 - 20,100 മേഖലയിൽ നിഫ്റ്റി കയറിയിറങ്ങുമെന്നാണ് അവരുടെ നിഗമനം. 20,100 കരുത്തോടെ മറികടന്നാലേ മുന്നേറ്റം സാധിക്കൂ എന്ന് അവർ പറയുന്നു.
നിഫ്റ്റിക്ക് ഇന്നു 19,930 ലും 19,810 ലും പിന്തുണ ഉണ്ട്. 20,075 ഉം 20,200 ഉം തടസങ്ങളാകാം.
ഐടിയും ഫാർമയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. റിയൽറ്റി സൂചിക 3.24 ശതമാനവും ഓയിൽ -ഗ്യാസ് സൂചിക 2.82 ശതമാനവും പൊതുമേഖലാ ബാങ്കുകളുടെ സൂചിക 2.38 ശതമാനവും ഇടിഞ്ഞു. മെറ്റൽ, ഓട്ടോ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകളും വലിയ താഴ്ചയിലായി.
വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഭിന്ന ദിശകളിൽ നീങ്ങി.അലൂമിനിയം 0.41 ശതമാനം താഴ്ന്നു ടണ്ണിന് 2196.35 ഡോളറിലായി. ചെമ്പ് 0.06 ശതമാനം കയറി ടണ്ണിന് 8337.5 ഡോളറിൽ എത്തി. ലെഡ് 1.12 ശതമാനവും ടിൻ 1.26 ശതമാനവും നിക്കൽ 1.11 ശതമാനവും താണു. സിങ്ക് 0.51 ശതമാനം ഉയർന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിലായി. സൗദി അറേബ്യ ഉൽപാദനം വെട്ടിക്കുറയ്ക്കൽ തുടർന്നതോടെ പ്രതിദിന ലഭ്യതയിൽ 300 ക്ഷം വീപ്പയുടെ കുറവുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ വില ഒന്നര ശതമാനം ഉയർന്നു. ബ്രെന്റ് ഇനം 92.06 ഡോളറിലും ഡബ്ള്യുടിഐ ഇനം 88.77 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 94.19 ഡോളറിലാണ്. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് വില 92.24 ൽ എത്തി. ഡബ്ള്യുടിഐ ഇനം 89.10 ഡോളറിലേക്കു കയറി.
സ്വർണവില താഴ്ന്ന് ഔൺസിന് 1913.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1911.60 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ പവൻവില ചാെവ്വാഴ്ചയും മാറ്റമില്ലാതെ 43,880 രൂപയിൽ തുടർന്നു. ഇന്നു വില കുറഞ്ഞേക്കാം.
രൂപ ചാെവ്വാഴ്ച മികച്ച നേട്ടം ഉണ്ടാക്കി. ഡോളർ പത്തു പൈസ ഇടിഞ്ഞ് 82.93 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ചൊവ്വാഴ്ച ഉയർന്നു. 104.71 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.53 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ 25, 900 ഡോളറിനു മുകളിലാണ്.
മിഡ്, സ്മോൾ ക്യാപ്പുകളിൽ ചോരപ്പുഴ
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ ഇന്നലെ ചോരപ്പുഴയായിരുന്നു. അവയുടെ വില ന്യായമല്ലാത്ത നിലവാരത്തിലേക്കു കയറി എന്ന വിമർശനം ശരിവച്ച മട്ടിലാണു വിപണി നീങ്ങിയത്. പൊതുമേഖലാ ബാങ്കുകൾ തുടങ്ങി പ്രതിരോധ മേഖലയിലെ കമ്പനികൾ വരെ കുത്തനേ ഇടിഞ്ഞു. ഇടത്തരം ബാങ്കുകൾ പലതും നാലു മുതൽ എട്ടു വരെ ശതമാനം താഴ്ന്നു. റിയൽ എസ്റ്റേറ്റ് വമ്പന്മാർ പത്തു ശതമാനം വരെ ഇടിവിലായി.
ഈയിടെ വലിയ സാധ്യതകൾ ചൂണ്ടിക്കാട്ടി ഉയർത്തിയ കപ്പൽ നിർമാണ റിപ്പയറിംഗ് കമ്പനികൾ (കൊച്ചിൻ ഷിപ്പ് യാർഡ്, മസഗോൺ ഡോക്ക്, ഗാർഡൻ റീച്ച്) പത്തു ശതമാനത്തിലധികം താഴെയായി. ഷിപ്പിംഗ് കാേർപറേഷനും വീണു. റെയിൽവേ ഓഹരികൾ അഞ്ചു മുതൽ 11 വരെ ശതമാനം ഇടിഞ്ഞു.
എഫ്എസിടി, ആർസിഎഫ്, എൻഎഫ്എൽ തുടങ്ങിയ രാസവള ഓഹരികൾ നാലു മുതൽ ഏഴു വരെ ശതമാനം വീഴ്ചയിലായി. കഴിഞ്ഞയാഴ്ചകളിൽ ശോഭന ഭാവി കണ്ട പേപ്പർ മില്ലുകൾ ആറു മുതൽ 10 വരെ ശതമാനം ഇടിഞ്ഞപ്പോൾ പഞ്ചസാരമില്ലുകൾ 15 ശതമാനം വരെ വീണു. പവർ കമ്പനികൾ വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ തകർന്നടിഞ്ഞു. ഭെൽ, ബെൽ, ഇഐഎൽ, ഭാരത് എർത്ത് മൂവേഴ്സ്, തുടങ്ങിയ പൊതുമേഖലാ കമ്പനികൾ 10 ശതമാനത്തിലധികം ഇടിവിലായി.
വിൽപനപ്രളയം, കൂട്ടവിലയിടിവ്
മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ ചെറിയ വിൽപന സമ്മർദം കണ്ടതോടെ ഫണ്ടുകളും വലിയ നിക്ഷേപകരും വിൽപന ബട്ടൺ അമർത്തി. കംപ്യൂട്ടർ പ്രോഗ്രാമുകൾ നിമിഷങ്ങൾക്കകം വലിയ വിൽപനകൾ നടത്തി. കൂട്ട വിലയിടിവിലേക്കു നീങ്ങിയത് അങ്ങനെയാണ്.
സമീപ ആഴ്ചകളിൽ മിഡ്, സ്മാേൾ ക്യാപ്പുകളിൽ നിക്ഷേപിക്കാനായി നിരവധി ഫണ്ടുകൾ തുടങ്ങിയിരുന്നു. ഓഹരികൾ താഴ്ച തുടങ്ങിയപ്പോൾ നിക്ഷേപകരുടെ പിന്മാറ്റം പ്രതീക്ഷിച്ച് ഫണ്ടുകൾക്കു വിൽപനയല്ലാതെ മാർഗവുമില്ലായിരുന്നു.
മിഡ്, സ്മോൾ ക്യാപ്പുകളുടെ റാലിയിൽ പങ്കുചേരാൻ പറ്റാത്തവർക്ക് താഴ്ന്ന വില പ്രവേശനാവസരം നൽകും. ആന്തരിക കരുത്ത് ഉള്ളവയെ കണ്ടെത്തി നിക്ഷേപിക്കണം എന്നു മാത്രം.
ഗഡ്കരിയുടെ 'ഡീസൽ ബോംബ്'
ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക നികുതി ചുമത്തുമെന്നു രാവിലെ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വാഹന, ഇന്ധന കമ്പനികൾ അഞ്ചു മുതൽ എട്ടുവരെ ശതമാനം ഇടിഞ്ഞു. ഇപ്പോൾ അങ്ങനെ ഉദ്ദേശിക്കുന്നില്ലെന്നു ഗഡ്കരി പിന്നീടു വിശദീകരിച്ചെങ്കിലും ഓഹരികൾ മൂന്നു മുതൽ അഞ്ചു വരെ ശതമാനം താഴ്ചയിലാണു ക്ലോസ് ചെയ്തത്. ഡീസലിന്റെ ഭാവി ഒട്ടും ശോഭനമല്ലെന്നു വിപണി കരുതുന്നു.
വിലക്കയറ്റത്തിൽ ആശ്വാസം
ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റം 6.83 ശതമാനമായി കുറഞ്ഞു. നിരീക്ഷകരുടെ നിഗമനത്തേക്കാൾ കുറവാണിത്. ജൂണിൽ 4.81 ശതമാനവും ജൂലൈയിൽ 7.44 ശതമാനവും ആയിരുന്നു ചില്ലറ വിലക്കയറ്റം.
ഉപഭാേക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം താഴ്ന്നത് ഭക്ഷ്യവിലക്കയറ്റത്തിൻ്റെ കുറവു മൂലമാണ്. ഓഗസ്റ്റിൽ ഭക്ഷ്യവിലക്കയറ്റം 9.94 ശതമാനമാണ്. ജൂലൈയിൽ 11.51 ശതമാനം ആയിരുന്നു. പച്ചക്കറി വിലക്കയറ്റം 37.4 ൽ നിന്ന് 26.3 ശതമാനമായി കുറഞ്ഞു.
ഭക്ഷ്യ, ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം തലേ മാസത്തെ 4.9 ൽ നിന്ന് ഓഗസ്റ്റിൽ 4.8 ശതമാനമായി കുറഞ്ഞു. ഇതു നല്ലതാണെങ്കിലും വേണ്ടത്ര ആയിട്ടില്ല. വിലക്കയറ്റം റിസർവ് ബാങ്കിന്റെ സഹനപരിധിയായ ആറു ശതമാനത്തിനു മുകളിലാണെങ്കിലും പലിശ കൂട്ടലിലേക്ക് റിസർവ് ബാങ്ക് നീങ്ങാനിടയില്ല.
ഭക്ഷ്യവിലകളുടെ കയറ്റം താൽക്കാലികമാണെന്നും സെപ്റ്റംബറിൽ വിലകൾ വീണ്ടും കുറയുമെന്നും ആണു സർക്കാർ പറയുന്നത്. എന്നാൽ ധാന്യങ്ങൾ, പഞ്ചസാര, പയറുവർഗങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയുടെ കാര്യത്തിൽ ആശങ്ക വളരുന്നുണ്ട്.
വ്യവസായ ഉൽപാദനം കൂടി, പക്ഷേ...
വ്യവസായ ഉൽപാദനം ജൂലൈയിൽ 5.7 ശതമാനം വർധിച്ചു. ജൂണിൽ 3.7 ഉം മേയിൽ 5.2 ഉം ശതമാനം വ്യവസായ ഉൽപാദന വളർച്ചയാണ് ഉണ്ടായിരുന്നത്. ഫാക്ടറി ഉൽപാദനത്തിലെ വളർച്ച 4.6 ശതമാനത്തിലേക്കു കൂടി. ജൂണിലെ വളർച്ച 3.1 ശതമാനം മാത്രമായിരുന്നു. മേയിൽ 5.7 ശതമാനം ഉണ്ടായിരുന്നു.
വൈദ്യുതി ഉൽപാദനം എട്ടു ശതമാനം വർധിച്ചു. തലേ മാസം 4.2 ശതമാനമായിരുന്നു. കൺസ്യൂമർ ഡ്യുറബിൾസ് ഉൽപാദനം 2.7 ശതമാനം കുറഞ്ഞു. എഫ്എംസിജി ഉൽപാദനം 7.4 ശതമാനം വർധിച്ചു.
വ്യവസായ മേഖലയിലെ വളർച്ച ഇനിയും സുസ്ഥിരത കെെവരിച്ചിട്ടില്ല എന്നാണു കണക്കുകളിലെ ചാഞ്ചാട്ടം കാണിക്കുന്നത്. രാജ്യത്തും പുറത്തും ഡിമാൻഡ് വേണ്ട തോതിൽ വർധിച്ചിട്ടില്ല. യന്ത്രനിർമാണത്തിൽ വളർച്ച ഇല്ലാത്തത് നല്ല സൂചനയല്ല നൽകുന്നത്.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 12, ചാെവ്വ)
സെൻസെക്സ് 30 67,221.13 +0.14%
നിഫ്റ്റി 50 19,993.20 -0.02%
ബാങ്ക് നിഫ്റ്റി 45,511.35 -0.13%
മിഡ് ക്യാപ് 100 40,170.30 - 3.07%
സ്മോൾ ക്യാപ് 100 12,450.20 - 4.10%
ഡൗ ജോൺസ് 30 34,646.00 -0.05%
എസ് ആൻഡ് പി 500 4461.90 -0.57%
നാസ്ഡാക് 13,773.60 -1.04%
ഡോളർ ($) ₹82.93 -0.10
ഡോളർ സൂചിക 104.71 +00.14
സ്വർണം(ഔൺസ്) $1913.80 -$09.00
സ്വർണം(പവൻ) ₹43,880 ₹ 00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $92.06 +$1.42