ഫെഡ് നയം മാറ്റി; ഇനി നിരക്കുകൾ കുറയ്ക്കും; വിപണികൾ ആവേശത്തിൽ; സ്വർണം വീണ്ടും കുതിക്കുന്നു; ഡോളർ താഴോട്ട്

ഒടുവിൽ യു.എസ് ഫെഡ് പലിശ വർധന അജൻഡയിൽ നിന്നു നീക്കി. ഇനി പലിശ കുറയ്ക്കും. 2024-ൽ മൂന്നു തവണ നിരക്കു കുറയ്ക്കും എന്നു സൂചിപ്പിച്ചു കൊണ്ടാണു യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്നലെ നയം മാറ്റം വിശദീകരിച്ചത്. 2025 ലും 2026 ലും താഴ്ത്തി 2026 ഒടുവിൽ രണ്ടു ശതമാനം നിരക്കിൽ എത്തും എന്നാണു ഫെഡ് കമ്മിറ്റിയുടെ ഗ്രാഫ് നൽകുന്ന സൂചന.

വിപണി പ്രതീക്ഷിച്ചതിലും മികച്ചതായി ഈ നയംമാറ്റം. വിലക്കയറ്റം ഭീഷണിയല്ലാതായി എന്നാണ് ഫെഡ് വിലയിരുത്തൽ. യുഎസ് വിപണി ഇന്നലെ ഒന്നര ശതമാനത്താേളം കുതിച്ചു കയറി. ഇന്നും നേട്ടത്തിലാകുമെന്നു ഫ്യൂച്ചേഴ്സ് പറയുന്നു.

അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം നാലു ശതമാനത്തിൽ താഴെയാകും വിധം കടപ്പത്രവില ഉയർന്നു. കടപ്പത്രങ്ങളിൽ നിന്നു വലിയ നിക്ഷേപകരും ഫണ്ടുകളും സ്വർണത്തിലേക്കും ഓഹരികളിലേക്കും തിരിയും. അതിന്റെ ഭാഗമായി വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലും കൂടുതൽ നിക്ഷേപം നടത്തും.

സ്വർണവില ഇന്നലെ രണ്ടു ശതമാനം കുതിച്ചു. ഇനിയും കയറുമെന്നാണു സൂചന. ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളിലേക്കും കൂടുതൽ നിക്ഷേപം നീങ്ങും.

ഇന്നലെ അവസാന മണിക്കൂറുകളിൽ വിദേശനിക്ഷേപകർ വലിയ വാങ്ങൽ നടത്തിയത് ഇന്ത്യൻ വിപണിയെ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്യാൻ സഹായിച്ചു. ഇന്ന് ആഗാേള ആവേശത്തിൽ വലിയ നേട്ടത്തിന് ഇന്ത്യൻ വിപണി ഒരുങ്ങുകയാണ്. യു.എസ് ഫെഡ് നയം സംബന്ധിച്ച അനിശ്ചിതത്വവും ഊഹാപാേഹങ്ങളും അവസാനിച്ചതിന്റെ ആശ്വാസവും വിപണിയെ കുതിപ്പിനു സഹായിക്കും.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ബുധൻ രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,260-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,289 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു മികച്ച നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലണ്ടനിലെ ഫുട്സീ 100 ചെറിയ നേട്ടം കാണിച്ചു. യുകെ ജിഡിപി ഒക്ടോബറിൽ 0.3 ശതമാനം ചുരുങ്ങിയതിനെ തുടർന്നു പൗണ്ടിന്റെ നിരക്ക് താഴ്ന്നു.

അടുത്ത വർഷം പലിശനിരക്കു പല തവണ കുറയ്ക്കുമെന്ന ഫെഡ് സൂചന യു.എസ് വിപണിയെ ഇന്നലെ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്തി. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇന്നു രാവിലെ നാലു ശതമാനത്തിനു താഴേക്ക് ഇടിഞ്ഞു.

ഡൗ ജോൺസ് സൂചിക 512.30 പോയിന്റ് (1.40%) കയറി 37,090.24 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 63.39 പോയിന്റ് (1.37%) ഉയർന്ന് 4707.09 ൽ അവസാനിച്ചു. നാസ്ഡാക് 200.57 പോയിന്റ് (1.38%) നേട്ടത്തിൽ 14,733.96 ലും അവസാനിച്ചു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നല്ല നേട്ടത്തിലാണ്. ഡൗ 0.21 ഉം എസ് ആൻഡ് പി 0.33 ഉം നാസ്ഡാക് 0.51 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നും ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയൻ, കൊറിയൻ സൂചികകൾ ഒന്നര ശതമാനത്തിലധികം ഉയർന്നു. എന്നാൽ ജപ്പാനിൽ നിക്കെെ അര ശതമാനം താഴ്ന്നാണു വ്യാപാരം നടത്തുന്നത്. ചെെനീസ് വിപണിയും ഉയർന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി

ചൊവ്വാഴ്ച്ചത്തേതു പോലെ ഇന്നലെയും ഇന്ത്യൻ വിപണി വലിയ താഴ്ചയിലേക്കു നീങ്ങിയതാണ്. ലാഭമെടുത്തു പിന്മാറാൻ വലിയ തിരക്കു കണ്ടു. എന്നാൽ ഉച്ചയ്ക്കു ശേഷം സ്ഥിതി മാറി.

രാവിലെ സെൻസെക്സ്‌ നൂറോളം പോയിന്റ് ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം 69,100 വരെയും നിഫ്റ്റി 20,769 വരെയും താഴ്ന്ന ശേഷമായിരുന്നു ശക്തമായ തിരിച്ചുകയറ്റം.

ഒടുവിൽ സെൻസെക്സ് 33.57 പോയിന്റ് (0.05%) ഉയർന്ന് 69,584.60 ലും നിഫ്റ്റി 19.95 പോയിന്റ് (0.10%) കയറി 20,926.35ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 5.30 പോയിന്റ് (0.01%) താണ് 47,092.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.88 ശതമാനം കയറി 44,947.30 ലും സ്മോൾ ക്യാപ് സൂചിക 0.87 ശതമാനം കയറി 14,656.55 ലും അവസാനിച്ചു.

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 4710.86 കാേടിയുടെ ഓഹരികൾ വാങ്ങി. ഈ മാസം അവർ നടത്തുന്ന ഏറ്റവും വലിയ ഏകദിന വാങ്ങലാണിത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 958.49 കോടിയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ഡോളർ നിരക്ക് കുറഞ്ഞതും സ്റ്റോക്ക് നില താഴ്ന്നതുമാണു കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 74.26 ഡോളറിലും ഡബ്ള്യുടിഐ ഇനം 69.88 ഡോളറിലും ക്ലോസ് ചെയ്തു. യു.ഇ.യുടെ മർബൻ ക്രൂഡ് 73.88 ഡോളറിൽ വ്യാപാരം നടക്കുന്നു.

ഫെഡ് തീരുമാനം സ്വർണ ബുള്ളുകൾക്കു കരുത്തു പകർന്നു. ബുധനാഴ്ച സ്വർണവില രണ്ടു ശതമാനത്തിലധികം കുതിച്ചു കയറി. ഔൺസിന് 45 ഡോളർ ഉയർന്ന് 2028.20 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2039 വരെ കയറിയിട്ട് അൽപം താണു.

കേരളത്തിൽ പവൻവില ഇന്നലെ 80 രൂപ കുറഞ്ഞ് 45,320 രൂപയായി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഇന്ന് ആഗോള വിലക്കയറ്റത്തിന്റെ തുടർച്ചയായി കേരളത്തിലെ വില ഗണ്യമായി ഉയർന്നക്കും.

ഡോളർ സൂചിക ഇന്നലെ ഇടിഞ്ഞ് 102.91 ൽ ക്ലോസ് ചെയ്തു. ഇന്നു വീണ്ടും താണു.

ഡോളർ ബുധനാഴ്ച മൂന്നു പെെസ കയറി 83.40 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ - രൂപ ക്ലോസിംഗിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നു രൂപ കരുത്തു നേടാൻ സാധ്യതയുണ്ട്.

ഫെഡ് നയം മാറ്റത്തെ തുടർന്നു ക്രിപ്‌റ്റോ കറൻസികൾ ഇന്നലെ കുതിച്ചു. ബിറ്റ്കോയിൻ ഇന്നു രാവിലെ 42,800 ലാണ്. ബിറ്റ് കോയിൻ 2024 ൽ ഒരു ലക്ഷം ഡോളർ കടക്കും എന്ന് സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്ക് പ്രവചിച്ചു.

വിപണിസൂചനകൾ

(2023 ഡിസംബർ 13, ബുധൻ)

സെൻസെക്സ്30 69,584.60 +0.05%

നിഫ്റ്റി50 20,926.35 +0.10%

ബാങ്ക് നിഫ്റ്റി 47,092.25 -0.01%

മിഡ് ക്യാപ് 100 44,947.30 +0.88%

സ്മോൾ ക്യാപ് 100 14,656.55 +0.87%

ഡൗ ജോൺസ് 30 37,090.24 +1.40%

എസ് ആൻഡ് പി 500 4707.09 +1.37%

നാസ്ഡാക് 14,733.96 +1.38%

ഡോളർ ($) ₹83.40 +₹0.03

ഡോളർ സൂചിക 102.91 -0.96

സ്വർണം (ഔൺസ്) $2028.20 +$45.80

സ്വർണം (പവൻ) ₹45,320 -₹80.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $74.26 +$1.12

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it