റെക്കോഡ് ഉയരത്തിൽ ആവേശത്തോടെ വിപണി; കുതിപ്പ് തുടരാൻ ബുള്ളുകൾ; ഉയർന്ന മൂല്യനിർണയത്തിൽ ആശങ്ക
ഇന്ത്യൻ വിപണി വലിയ കുതിപ്പിന്റെ ആവേശത്തിലാണ്. അടുത്ത വർഷം പലിശ കുറഞ്ഞു തുടങ്ങുന്നതു വളർച്ചയ്ക്ക് ഉത്തേജനം പകരുമെന്നതാണ് കുതിപ്പിനു പ്രേരകം. 70,000നു മുകളിൽ ആദ്യമായി ക്ലോസ് ചെയ്ത സെൻസെക്സിനു കൂടുതൽ കയറ്റം പ്രതീക്ഷിക്കാമെന്ന വിശ്വാസം വിപണിയിൽ പ്രബലമാണ്.
ഇന്നലെ യു.എസ്, യൂറോപ്യൻ വിപണികളും ഫെഡ് ആവേശത്തിൽ സാന്താ ക്ലോസ് റാലി നടത്തി. ഇന്ന് ഏഷ്യൻ വിപണികളും റാലിയിലാണ്. അതേസമയം ക്രൂഡ് ഓയിൽ വില കയറ്റം തുടരുകയാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ വ്യാഴം രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,436-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,420 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നും നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
ഡാക്സ് ഒഴികെയുള്ള യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറാേപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. എന്നാൽ പലിശ വർധന അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചില്ല.
അടുത്ത വർഷം പലിശ താഴ്ത്തി തുടങ്ങുമെന്ന യു.എസ് ഫെഡ് സൂചന
യുഎസ് വിപണിയെ ഇന്നലെ പുതിയ റെക്കോർഡ് നിലവാരത്തിലേക്ക് കയറ്റി. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇന്നു രാവിലെ 3.92 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ഡൗ ജോൺസ് സൂചിക 158.11 പോയിന്റ് (0.43%) കയറി 37,248.35 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 12.46 പോയിന്റ് (0.26%) ഉയർന്ന് 4719.55 ൽ അവസാനിച്ചു. നാസ്ഡാക് 27.59 പോയിന്റ് (0.19%) നേട്ടത്തിൽ 14,761.56 ലും അവസാനിച്ചു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ഡൗ 0.04 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.എസ് ആൻഡ് പി 0.04 ശതമാനം താണു.
ഏഷ്യൻ വിപണികൾ ഇന്നു നല്ല കയറ്റത്തിലാണ്. ജാപനീസ്,, കൊറിയൻ, ഹോങ് കോങ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. ചെെനീസ് വിപണിയും ഉയർന്നു വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണി
യു.എസ് ഫെഡറൽ റിസർവിന്റെ പലിശ തീരുമാനം വന്നതാടെ ഇന്ത്യൻ വിപണി അനിശ്ചിതത്വം മാറി, മാനം തെളിഞ്ഞു എന്ന മട്ടിലാണു പ്രതികരിച്ചത്. എങ്ങും ആവേശമായിരുന്നു. രാവിലെ സെൻസെക്സും നിഫ്റ്റിയും റെക്കാേർഡ് നിലയിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 560 പോയിന്റ് കുതിച്ചു കയറി 70,146 ലും നിഫ്റ്റി 184 പോയിന്റ് ഉയർന്ന് 21,110 ലും വ്യാപാരം തുടങ്ങി. ആവേശം ക്രമേണ വർധിച്ച് സെൻസെക്സ് 70,602.89 ഉം നിഫ്റ്റി 21,210.90 വും വരെ കയറി.
ഒടുവിൽ സെൻസെക്സ് 929.60 പോയിന്റ് (1.34%) ഉയർന്ന് 70,514.20 ലും നിഫ്റ്റി 256.35 പോയിന്റ് (1.23%) കയറി 21,182.70ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 640.05 പോയിന്റ് (1.36%) കുതിച്ച് 47,732.30 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.31 ശതമാനം കുതിച്ച് 45,534.30 ലും സ്മോൾ ക്യാപ് സൂചിക 0.85 ശതമാനം കയറി 14,780.90 ലും അവസാനിച്ചു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 3570.07 കാേടിയുടെ ഓഹരികൾ വാങ്ങി. വിദേശികൾ ഈ മാസം ഇതുവരെ 43,000 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 553.17 കോടിയുടെ ഓഹരികൾ വാങ്ങി.
ബിഎസ്ഇ ലിമിറ്റഡിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ഇന്നലെ 355.02 ലക്ഷം കോടി രൂപ കടന്നു. എൻഎസ്ഇയുടെ വിപണിമൂല്യം 351.79 ലക്ഷം കോടി രൂപ (4.22 ലക്ഷം കോടി ഡോളർ) കവിഞ്ഞു.
കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യൻ ഓഹരികളുടെ വില നിലവാരം (പിഇ അനുപാതം) വളരെ കൂടുതലാണെന്നു വിമർശനമുന്നയിച്ചവർ വീണ്ടും രംഗത്തുണ്ട്. ഇപ്പോഴത്തെ വിലയെ ന്യായീകരിക്കാവുന്ന വളർച്ച ഉണ്ടാകുമോ എന്നാണ് അവർ ചോദിക്കുന്നത്. റെക്കോർഡ് നിലയിലേക്കു കയറിയ യുഎസ് സൂചികകളുടെ കാര്യത്തിലും വിപണി ഇതേ ചോദ്യം ഉന്നയിച്ചു തുടങ്ങി. റെക്കോർഡ് നിലവാരത്തിൽ അധികം മുന്നാേട്ടു പോകുന്നതിൽ ജാഗ്രത വേണമെന്ന് ഈ വിമർശനങ്ങൾ സൂചിപ്പിക്കുന്നു.
പലിശ നിലവാരം കുറയുന്നതിന്റെ വലിയ നേട്ടം ഐടി കമ്പനികൾക്കാണ്. ആഴ്ചകളായി താഴ്ചയിലായിരുന്ന ടെക് ഓഹരികൾ ഇന്നലെ വലിയ കുതിപ്പ് നടത്തി.
വിപണി ബുള്ളിഷ് ആവേശത്തിലാണ്. ഇന്നും കയറ്റം പ്രതീക്ഷിച്ചാണു നിക്ഷേപകർ നീങ്ങുന്നത്. നിഫ്റ്റിക്ക് ഇന്ന് 21,100 ലും 21,020 ലും പിന്തുണ ഉണ്ട്. 21,210 ഉം 21,295 ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ഡോളർ നിരക്ക് താഴ്ന്നതു തന്നെ കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 76.61 ഡോളറിലും ഡബ്ള്യുടിഐ ഇനം 71.59 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 76.78 ഡോളറിൽ എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 76.47 ഡോളറിൽ വ്യാപാരം നടക്കുന്നു.
ഫെഡ് തീരുമാനം സ്വർണക്കുതിപ്പ് തുടരാൻ സഹായിക്കുമെന്നു സ്വർണ ബുള്ളുകൾ പ്രതീക്ഷിച്ചെങ്കിലും അത്രയും ആവേശം വിപണി കാണിച്ചില്ല. സ്വർണം ഔൺസിന് 2047 ഡോളർ വരെ ഉയർന്ന ശേഷം താഴ്ന്ന് 2036.60 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2032 ഡോളർ ആയി താണു.
കേരളത്തിൽ പവൻവില ഇന്നലെ 800 രൂപ വർധിച്ച് 46,120 രൂപയായി. വിദേശ വിലയും ഡോളർ നിരക്കും വരും ദിവസങ്ങളിൽ സ്വർണവിലയെ നിയന്ത്രിക്കും.
ഡോളർ സൂചിക ഇന്നലെയും താഴ്ന്നു. 101.77 വരെ താഴ്ന്നിട്ടു തിരിച്ചു കയറി 101.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.03 ലേക്കു കയറി.
ഡോളർ ബുധനാഴ്ച പത്തു പെെസ കുറഞ്ഞ് 83.30 രൂപയിൽ ക്ലോസ് ചെയ്തു.
ഫെഡ് നയം മാറ്റത്തെ തുടർന്നു ക്രിപ്‌റ്റോ കറൻസികൾ ഇന്നലെയും കുതിച്ചു. ബിറ്റ്കോയിൻ ഇന്നു രാവിലെ 43,080 ലാണ്.
വിപണിസൂചനകൾ (2023 ഡിസംബർ 14, വ്യാഴം)
സെൻസെക്സ്30 70,514.20 +1.34%
നിഫ്റ്റി50 21,182.70 +1.23%
ബാങ്ക് നിഫ്റ്റി 47,732.30 +1.36%
മിഡ് ക്യാപ് 100 45,534.30 +1.31%
സ്മോൾ ക്യാപ് 100 14,780.90 +0.85%
ഡൗ ജോൺസ് 30 37,248.35 +0.43%
എസ് ആൻഡ് പി 500 4719.55 +0.26%
നാസ്ഡാക് 14,761.56 +0.19%
ഡോളർ ($) ₹83.30 -₹0.10
ഡോളർ സൂചിക 101.96 -0.91
സ്വർണം (ഔൺസ്) $2036.60 +$08.40
സ്വർണം (പവൻ) ₹46,120 +₹800.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $76.60 +$2.34