വിപണി പ്രതീക്ഷയില്‍; മുന്നില്‍ പ്രതിരോധമേഖല; വിദേശികള്‍ വില്‍പന കൂട്ടി; ജപ്പാനില്‍ ജി.ഡി.പി കുറഞ്ഞു
വിപണി വീണ്ടും പ്രതിരോധ മേഖലയെ സമീപിക്കുകയാണ്. അതു മറികടക്കാന്‍ തക്ക ആവേശഘടകങ്ങള്‍ വിപണിയില്‍ ഇല്ല. ബുധനാഴ്ച യു.എസ് വിപണിയില്‍ ടെക് ഓഹരികള്‍ക്കുണ്ടായ കയറ്റം ഇന്ന് ഐ.ടി കമ്പനികളെ സഹായിക്കാം എന്നാണ് പ്രതീക്ഷ. ക്രൂഡ് ഓയില്‍ വില കുറയുന്നതും ആശ്വാസഘടകമാണ്. വിദേശനിക്ഷേപകര്‍ വില്‍പന വര്‍ധിപ്പിച്ചതു നെഗറ്റീവ് സൂചനയാണു നല്‍കുന്നത്.
ബുധനാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,999ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,980ലാണ്. ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച നേട്ടത്തിലാണ് അവസാനിച്ചത്. നല്ല കമ്പനി റിസല്‍ട്ടുകളും വിപണിയെ സഹായിച്ചു. ടെക് ഓഹരികള്‍ ഒരു ശതമാനം കയറി.
യു.എസ് വിപണി വിലക്കയറ്റ ആഘാതത്തില്‍ നിന്നു കരകയറിയതായി ബുധനാഴ്ച കാണിച്ചു. സൂചികകള്‍ ഉയര്‍ന്നു. കടപ്പത്ര വില അല്‍പം കൂടി.
ഡൗ ജോണ്‍സ് ഇന്നലെ 151.52 പോയിന്റ് (0.40%) കയറി 38,424.30ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 47.45 പോയിന്റ് (0.96%) ഉയര്‍ന്ന് 5000.62ല്‍ അവസാനിച്ചു. നാസ്ഡാക് 203.55 പോയിന്റ് (1.30%) കുതിച്ച് 15,859.20ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.08ഉം എസ് ആന്‍ഡ് പി 0.10ഉം നാസ്ഡാക് 0.15ഉം ശതമാനം താഴ്ചയിലായി. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.228 ശതമാനമായി കുറഞ്ഞു.
ഏഷ്യന്‍ വിപണികള്‍ ഇന്ന് കയറ്റത്തിലാണ്. ജപ്പാനിലും സിംഗപ്പുരിലും ജി.ഡി.പി പ്രതീക്ഷയിലും കുറവായെങ്കിലും വിപണികള്‍ ഉയര്‍ന്നു നീങ്ങുന്നു.
ഇന്ത്യന്‍ വിപണി
ബുധനാഴ്ച ഇന്ത്യന്‍ വിപണി തുടക്കത്തില്‍ ഇടിഞ്ഞെങ്കിലും ഉച്ചയ്ക്കു ശേഷം കുതിച്ചു കയറി നേട്ടത്തില്‍ അവസാനിച്ചു. വിദേശനിക്ഷേപകര്‍ വലിയ വില്‍പനക്കാരായിരുന്നെങ്കിലും വിപണിക്കു നല്ല കയറ്റം സാധിച്ചു.
സെന്‍സെക്‌സ് 277.98 പോയിന്റ് (0.39%) കയറി 71,833.17ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 96.80 പോയിന്റ് (0.45%) ഉയര്‍ന്ന് 21,840.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 405.90 പോയിന്റ് (0.89%) കയറി 45,908.30ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.04 ശതമാനം ഉയര്‍ന്ന് 48,331.90ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.61 ശതമാനം കയറി 15,896.05ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ബുധനാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 3929.60 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2897.98 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ഇന്നലെ വിപണി ഉയര്‍ന്നു ക്ലോസ് ചെയ്തത് പ്രതീക്ഷ പകരുന്നു എന്നാണു വിശകലന വിദഗ്ധര്‍ പറയുന്നത്. ഇന്നും കയറ്റം തുടരുമ്പോള്‍ 22,000-22,100 മേഖലയിലെ പ്രതിരോധം തടസമായി നില്‍ക്കുന്നു.
നിഫ്റ്റിക്ക് ഇന്ന് 21,620ലും 21,400ലും പിന്തുണ ഉണ്ട്. 21,870ലും 22,090ലും തടസങ്ങള്‍ ഉണ്ടാകാം. ജനുവരിയിലെ മൊത്തവിലക്കയറ്റം 0.3 ശതമാനം ആയി കുറഞ്ഞു. ഡിസംബറില്‍ 0.7 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം 5.4ല്‍ നിന്ന് 3.8 ശതമനമായി കുറഞ്ഞതാണു സഹായിച്ചത്.
ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ
ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബുധനാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 81.44 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.26 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 76.27ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 81.23ഉം ഡോളറിലായി.
സ്വര്‍ണം ബുധനാഴ്ച ചെറിയ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം 1993.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1993.20 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 480 രൂപ കുറഞ്ഞ് 45,600 രൂപയായി. ഡോളര്‍ സൂചിക ബുധനാഴ്ച അല്‍പം താഴ്ന്ന് 104.72ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.69ലാണ്. ഡോളര്‍ ബുധനാഴ്ച കയറ്റിറക്കങ്ങള്‍ക്കു ശേഷം 83.03 രൂപയില്‍ ക്ലോസ് ചെയ്തു.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കയറ്റത്തിലായി. ക്രിപ്‌റ്റോ ഇ.ടി.എഫുകളിലേക്കു നിക്ഷേപ പ്രവാഹം വര്‍ധിച്ചതാണു കാരണം. സെപ്റ്റംബര്‍ തുടക്കത്തിലെ വിലയില്‍ നിന്ന് ബിറ്റ് കോയിന്‍ വില ഇപ്പോള്‍ ഇരട്ടി ആയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനു ശേഷം ഇന്നലെ ബിറ്റ് കോയിന്‍ വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കടന്നു. ഇന്നു രാവിലെ ബിറ്റ് കോയിന്‍ 51,900 ഡോളറിനു മുകളിലാണ്.
അച്ചടിപ്പിഴയില്‍ ഒരു ലിഫ്റ്റ് കയറ്റവും ഇറക്കവും
യൂബറിന്റെ എതിരാളിയായ ലിഫ്റ്റ് കഴിഞ്ഞ ദിവസം പ്രതീക്ഷകളെ മറികടന്ന റിസല്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത പാദങ്ങളിലെ വരുമാന പ്രതീക്ഷ കമ്പനി അവതരിപ്പിച്ചതില്‍ ഒരു തെറ്റ് വന്നു. വളരെ ഉയര്‍ന്ന പ്രതീക്ഷയാണു കമ്പനി നല്‍കിയത്. ഇതോടെ ഓഹരി 65 ശതമാനം ഉയര്‍ന്നു. താമസിയാതെ കമ്പനി സി.എഫ്.ഒ തെറ്റുതിരുത്തി. ഓഹരിയിലെ വര്‍ധന 30 ശതമാനമായി ചുരുങ്ങി.
ലിഫ്റ്റിന്റെ പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 500 ബേസിസ് പോയിന്റ് (അഞ്ചു ശതമാനം) വര്‍ധിക്കും എന്നായിരുന്നു ആദ്യ റിലീസില്‍. ഇതോടെ ഓഹരിവില 12 ഡോളറില്‍ നിന്ന് 20 ഡോളര്‍ ആയി. 45 മിനിറ്റിനു ശേഷം തിരുത്തുവന്ന ശേഷം വില 14 ഡോളര്‍ ആയി താണു. 50 ബേസിസ് പോയിന്റ് (അര ശതമാനം) ആണ് 500 ആയത്.
എന്‍വിഡിയ മൂന്നാമത്തെ വിലപ്പെട്ട കമ്പനി
നിര്‍മിതബുദ്ധി മേഖലയില്‍ താരമായ എന്‍വിഡിയ യു.എസ് വിപണിയിലെ മൂന്നാമത്തെ വിലപ്പെട്ട കമ്പനിയായി മാറി. ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റിന് ആണു പിന്നിലാക്കിയത്.
നിര്‍മിതബുദ്ധി ചിപ്പുകള്‍ ഡിസൈന്‍ ചെയ്തു നിര്‍മിക്കുന്ന എന്‍വിഡിയ ഇന്നലെ 1.825 ലക്ഷം കോടി ഡോളര്‍ വിലയുള്ള കമ്പനിയായി. ആല്‍ഫബെറ്റ് 1.821 ലക്ഷം കോടി ഡോളറിലാണ്. ഒരു ദിവസം മുന്‍പ് എന്‍വിഡിയ ആമസോണിനെ മറി കടന്നിരുന്നു. ഒരു വര്‍ഷം കൊണ്ട് എന്‍വിഡിയ ഓഹരി 221.71 ശതമാനം ഉയര്‍ന്ന് 739 ഡോളറില്‍ എത്തി. അതേ സമയം ആല്‍ഫബെറ്റ് 55 ശതമാനമേ വളര്‍ന്നുള്ളൂ.
വിപണിമൂല്യത്തില്‍ മൈക്രോസോഫ്റ്റ് (2.95 ലക്ഷം കോടി ഡോളര്‍) ആപ്പിള്‍ (2.85 ലക്ഷം കോടി ഡോളര്‍) എന്നിവയാണ് എന്‍വിഡിയയ്ക്ക് മുകളിലുള്ള യു.എസ് കമ്പനികള്‍.
ജി.ഡി.പി: ജപ്പാന്‍ നാലാമത്, ജര്‍മനി മൂന്നാമത്
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടന എന്ന പദവി ജപ്പാനു നഷ്ടമായി. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലും ജാപ്പനീസ് ജി.ഡി.പി ചുരുങ്ങിയതോടെ ആണിത്. ജൂലൈ-സെപ്റ്റംബറില്‍ 3.3 ശതമാനം കുറഞ്ഞ ജി.ഡി.പി നാലാം പാദത്തില്‍ 0.4 ശതമാനം കുറഞ്ഞു. ഇതോടെ ജപ്പാന്‍ സാങ്കേതികമായി മാന്ദ്യത്തിലായി. 1.1 ശതമാനം വളരും എന്നു നിരീക്ഷകര്‍ പ്രവചിച്ച സ്ഥാനത്താണ് ഈ അപ്രതീക്ഷിത തിരിച്ചടി. ഇതോടെ ജര്‍മനി മൂന്നാം സ്ഥാനത്തും ജപ്പാന്‍ നാലാം സ്ഥാനത്തുമായി. ഇന്ത്യയാണ് അഞ്ചാം സ്ഥാനത്ത്.
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 14, ബുധന്‍)
സെന്‍സെക്‌സ്30 71,833.17 +0.39%
നിഫ്റ്റി50 21,840.05 +0.45%
ബാങ്ക് നിഫ്റ്റി 45,908.30 +0.89%
മിഡ് ക്യാപ് 100 48,331.90 +1.04%
സ്‌മോള്‍ ക്യാപ് 100 15,896.05 +1.69%
ഡൗ ജോണ്‍സ് 30 38,424.30 +0.40%
എസ് ആന്‍ഡ് പി 500 5000. 62 +0.96%
നാസ്ഡാക് 15,859.20 +1.30%
ഡോളര്‍ ($) 83.0 3 ?0.03
ഡോളര്‍ സൂചിക 104.72 -0.24
സ്വര്‍ണം (ഔണ്‍സ്) $1993.50 -$00.20
സ്വര്‍ണം (പവന്‍) 45,600 -480.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $81.44 -$1.15