Begin typing your search above and press return to search.
ആവേശത്തില്‍ മുന്നോട്ട് പോകാന്‍ വിപണി; വിലക്കയറ്റം തിരിച്ചടിയാകില്ല; കമ്പനി റിസള്‍ട്ടുകള്‍ വിപണി ഗതി നിര്‍ണയിക്കുന്ന ഘടകമാകും
ചില്ലറ വിലക്കയറ്റം കൂടുകയും വ്യവസായ ഉൽപാദന വളർച്ച കുറയുകയും ചെയ്തെങ്കിലും ഇന്ന് വിപണിക്ക് അതു തിരിച്ചടി ആകുകയില്ല. ഐടി കമ്പനികളുടെ കുതിപ്പിൽ വെള്ളിയാഴ്ച പുതിയ ഉയരങ്ങൾ കുറിച്ച ഇന്ത്യൻ വിപണി ആവേശക്കയറ്റം തുടരുമെന്നു ബ്രോക്കറേജുകൾ കരുതുന്നു. ഇന്നു മൊത്തവിലക്കയറ്റത്തിന്റെ കയറ്റിറക്കുമതിയുടെയും കണക്കുകൾ വരും. വിപണിക്കു പ്രതികൂലമാകാവുന്ന ഒന്നും അവയിൽ പ്രതീക്ഷിക്കുന്നില്ല. കൂടുതൽ കമ്പനി റിസൽട്ടുകൾ ഈയാഴ്ച വരാനുണ്ട്. അവയാകും വിപണിഗതി നിർണയിക്കുക.
വെള്ളിയാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 22,040 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 22,030 ലാണ്. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യുഎസ് മൊത്തവിലക്കയറ്റം ഉയർന്നതു വെള്ളിയാഴ്ച യൂറോപ്യൻ വിപണികളെ ഒരു ശതമാനത്തോളം ഉയർത്തി. ബ്രിട്ടീഷ് സമ്പദ്ഘടന നവംബറിൽ 0.3 ശതമാനം വളർച്ചയിലായി എന്നു പതിയ കണക്കുകൾ കാണിച്ചു. യുകെയിലെ ലക്ഷുറി റീട്ടെയിലറായ ബർബറി ബിസിനസ് മോശമാകുമെന്നു മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഏഴു ശതമാനം താണു. എന്നാൽ യൂറോപ്പിൽ റീട്ടെയിൽ ഓഹരികൾ ഉയർച്ചയിലായി.
ഡിസംബറിലെ മൊത്തവില സൂചിക പ്രതീക്ഷകളെ മറികടന്ന് 0.1 ശതമാനം താണു. ഇതോടെ ചില്ലറ വിലക്കയറ്റത്തിലെ വർധന ഒറ്റപ്പെട്ട കാര്യം മാത്രമാണെന്ന ധാരണ ബലപ്പെട്ടു. മാർച്ചിൽ പലിശ കുറച്ചു തുടങ്ങും എന്ന വിശ്വാസക്കാർക്കു ഭൂരിപക്ഷമായി. പക്ഷേ വെള്ളിയാഴ്ച വ്യാപാരത്തിനിടയിൽ ബുള്ളുകൾക്കു തിരിച്ചടി നേരിട്ടു.
യുഎസ് വിപണി വെള്ളിയാഴ്ച നല്ല നേട്ടത്തിൽ വ്യാപാരം ആരംഭിച്ചശേഷം വലിയ ഇടിവിലായി. പിന്നീടു ഡൗ ഗണ്യമായ നഷ്ടത്തിലും മറ്റു സൂചികകൾ കാര്യമായ നേട്ടം ഇല്ലാതെയും ക്ലോസ് ചെയ്തു.
ഡൗ ജോൺസ് 118.04 പോയിന്റ് (0.31%) താഴ്ന്ന് 37,592.98 ൽ ക്ലോസ് ചെയ്തപ്പോൾ എസ് ആൻഡ് പി 3.59 പോയിന്റ് (0.08%) കയറി 4783.83 ൽ അവസാനിച്ചു. നാസ്ഡാക് 2.58 പോയിന്റ് (0.02%) ഉയർന്ന് 14,972.76 ൽ ക്ലോസ് ചെയ്തു.
ഡെൽറ്റാ എയർലൈൻസ് പ്രതീക്ഷയിലും മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ചെങ്കിലും ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു. യുനൈറ്റഡ് എയർലൈൻസ് 10.65 ഉം അമേരിക്കൻ എയർലൈൻസ് 9.5 ഉം ശതമാനം വീണു.
ബാങ്കുകൾക്കു വെള്ളിയാഴ്ച മോശം ദിവസമായിരുന്നു. ലാഭം കുറഞ്ഞ ബാങ്ക് ഓഫ് അമേരിക്കയും ജെപി മോർഗൻ ചേയ്സും ഇടിവിലായി. വെൽസ് ഫാർഗോയുടെ ലാഭം കൂടിയെങ്കിലും ഓഹരി താഴ്ചയിലായി. വലിയ നഷ്ടം വരുത്തിയതിനെ തുടർന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചു വിടുമെന്നു പ്രഖ്യാപിച്ച സിറ്റി ഗ്രൂപ്പ് ഒരു ശതമാനം കയറി.
ആഴ്ചയിലെ നിലവച്ച് മൂന്ന് യുഎസ് സൂചികകളും നേട്ടത്തിലാണ്. നാസ്ഡാക് 3.09 ഉം എസ് ആൻഡ് പി 1.84 ഉം ഡൗ 0.34 ഉം ശതമാനം കയറി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ താഴ്ചയിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.15 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. ഇന്നു യുഎസ് വിപണിക്ക് അവധിയാണ്.
യുഎസ് 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 3.939 ശതമാനമായി താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു ദുർബലമായ തുടക്കത്തിനു ശേഷം നേട്ടത്തിലായി. ജാപ്പനീസ് നിക്കൈ സൂചിക മുക്കാൽ ശതമാനം കയറി.
ചെെനീസ് വിപണി ഇന്നു നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ചെെനാ വിരുദ്ധനേതാവ് ജയിച്ച തായ് വാനിലും വിപണി ഉയർന്നു.
ഇന്ത്യൻ വിപണി
വെള്ളിയാഴ്ച ഇന്ത്യൻ വിപണി വലിയ കുതിപ്പാേടെ പുതിയ നാഴികക്കല്ലുകൾ പിന്നിട്ടു. രാവിലെ ഉയർന്നു വ്യാപാരം തുടങ്ങി.പിന്നീടു ക്രമമായി കയറി. സെൻസെക്സ് 72,720.96 വരെയും നിഫ്റ്റി 21,928.25 വരെയും കയറിയിട്ടാണു ക്ലോസ് ചെയ്തത്.
സെൻസെക്സ് 847.27 പോയിന്റ് (1.18%) ഉയർന്ന് 72,568.45 ലും നിഫ്റ്റി 247.35 പോയിന്റ് (1.14%) കയറി 21,894.55 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 271.45 പോയിന്റ് (0.57%) ഉയർന്ന് 47,709.80 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.37 ശതമാനം ഉയർന്ന് 47,512.60 ലും സ്മോൾ ക്യാപ് സൂചിക 0.44 ശതമാനം കയറി 15,544.65 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപ ഫണ്ടുകൾ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 340.05 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2911 കോടിയുടെ ഓഹരികൾ വാങ്ങി. ജനുവരിയിൽ ഇതുവരെ വിദേശ നിക്ഷേപകർ 3864 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഡിസംബറിൽ 66,134 കോടി രൂപയുടെ നിക്ഷേപിച്ചിരുന്നു.
നിഫ്റ്റിക്ക് ഇന്ന് 21,765 ലും 21,635 ലും പിന്തുണ ഉണ്ട്. 21,915 ഉം 22,060 ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച 80 ഡോളറിനടുത്തക്കു കയറിയിട്ട് താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 78.29 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.97 ലേക്കു താണു. ഡബ്ള്യുടിഐ ഇനം 72.33 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 78.33 ലേക്ക് ഉയർന്നു.
സ്വർണം ലോക വിപണിയിൽ വീണ്ടും കയറി 2049.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2051.80 ലാണ്. സ്വർണം 2200 ഡോളർ ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്ന് നിരീക്ഷകർ കണക്കാക്കുന്നു.
വെള്ളിയാഴ്ച കേരളത്തിൽ പവൻവില 80 രൂപ കയറി 46,160 രൂപയായി. ശനിയാഴ്ച 240 രൂപ വർധിച്ച് 46,400 രൂപയിലെത്തി. ഡോളർ സൂചിക വെള്ളിയാഴ്ചയും ചാഞ്ചാടി.
102.09 വരെ താഴുകയും 102.59 വരെ കയറുകയും ചെയ്തു. ഒടുവിൽ 102.40- ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.46 ലേക്കു കയറി. വെള്ളിയാഴ്ച രൂപ ഡോളറിനു മേൽ മികച്ച നേട്ടം ഉണ്ടാക്കി.
ആഴ്ചകൾക്കു ശേഷം ഡോളർ 83 രൂപയ്ക്കു താഴെയായി. വിനിമയനിരക്ക് 82.92 രൂപയിൽ ക്ലോസ് ചെയ്തു. യുഎസിൽ ബിറ്റ് കോയിൻ ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) വ്യാപാരം തുടങ്ങിയ ശേഷം മറ്റു ക്രിപ്‌റ്റോ കറൻസികൾക്കു നല്ല നേട്ടമുണ്ടായി. ബിറ്റ് കാേയിൻ 49,000 ഡോളർ വരെ കയറിയിട്ട് 42,000 ഡോളറിലേക്കു താഴ്ന്നു. ഇന്നു രാവിലെ 42,200 ഡോളറിലാണു ബിറ്റ് കോയിൻ.
സാമ്പത്തിക സൂചകങ്ങൾ ആവേശം പകരുന്നില്ല
വെള്ളിയാഴ്ച പുറത്തുവന്ന വിലക്കയറ്റത്തിന്റെയും വ്യവസായ ഉൽപാദനത്തിന്റെ യു കണക്കുകൾ ആവേശം പകരുന്നവയല്ല. ചില്ലറ വിലക്കയറ്റം നാലുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. വ്യവസായ ഉൽപാദന വളർച്ച എട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലും.
ചില്ലറ വിലക്കയറ്റം ഡിസംബറിൽ 5.69 ശതമാനമായി. നവംബറിൽ 5.55 ആയിരുന്നു. ഭക്ഷ്യ വിലക്കയറ്റം 8.7 ൽ നിന്ന് 9.5 ശതമാനമായി ഉയർന്നു. പച്ചക്കറികൾക്ക് 27.6 ഉം പയറുവർഗങ്ങൾക്ക് 20.7 ഉം സുഗന്ധവ്യഞ്ജനങ്ങൾക്ക് 19.7 ഉം ശതമാനം വിലക്കയറ്റം ഉണ്ട്. ധാന്യവിലക്കയറ്റം 9.9 ശതമാനമാണ്.
ഭക്ഷ്യ - ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 3.89 ശതമാനമായി താഴ്ന്നതാണ് ആശ്വാസകരമായ ഏക ഘടകം. ഇതു 48 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്. ചില്ലറ വിലക്കയറ്റം മാർച്ചോടെ അഞ്ചു ശതമാനമായി കുറയുമെന്നാണു വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
വ്യവസായ ഉൽപാദന സൂചിക (ഐ.ഐ.പി) യുടെ വളർച്ച ഒക്ടോബറിലെ 11.6 ൽ നിന്നു നവംബറിൽ 2.4 ശതമാനമായി കുറഞ്ഞു. ഫാക്ടറി ഉൽപാദനത്തിലാണു വലിയ ഇടിവുണ്ടായത്. തലേ നവംബറിലെ 6.7 ൽ നിന്ന് 1.2 ശതമാനമായി കുറഞ്ഞു. യന്ത്ര ഉൽപാദനം 20.7 ശതമാനം വളർച്ചയിൽ നിന്ന് 1.1 ശതമാനം താഴ്ചയായി മാറി. ഗൃഹാപകരണ ഉൽപാദനത്തിൽ 5.4 ശതമാനവും എഫ്എംസിജി ഉൽപാദനത്തിൽ 3.6 ശതമാനവും കുറവുണ്ടായി.
ഈയാഴ്ച വരുന്ന കമ്പനി റിസള്‍ട്ടുകള്‍
ഈയാഴ്ച ഒട്ടേറെ പ്രധാന കമ്പനികൾ ഒക്ടോബർ- ഡിസംബർ പാദത്തിലെ റിസള്‍ട്ട് പ്രസിദ്ധീകരിക്കും.
ജനുവരി 15: ജിയോ ഫിനാൻസ്, ഏഞ്ചൽ വൺ.
ജനുവരി 16: എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറൽ ബാങ്ക്, എൽ ആൻഡ് ടി ടെക്, ഐസിഐസിഐ ലൊംബാർഡ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐസിഐസിഐ സെക്യൂരിറ്റീസ്.
ജനുവരി 17: എൽടിഐ മൈൻഡ് ട്രീ, ഏഷ്യൻ പെയിന്റ്സ്, ഹാപ്പിയെസ്റ്റ് മൈൻഡ്സ്, ഐസിഐസിഐ പ്രൂഡൻഷ്യൽ, അലോക് ഇൻഡസ്ട്രീസ്.
ജനുവരി 18: ഇൻഡസ് ഇൻഡ് ബാങ്ക്, പോളികാബ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഷോപ്പേഴ്സ് സ്റ്റോപ്.
ജനുവരി 19: റിലയൻസ്, അൾട്രാ ടെക്, ഹിന്ദുസ്ഥാൻ യൂണി ലീവർ, പേയ്ടി എം, സുപ്രീം ഇൻഡസ്ട്രീസ്.
വിപണിസൂചനകൾ
(2024 ജനുവരി 12, വെള്ളി)
സെൻസെക്സ്30 72,568.45 +1.18%
നിഫ്റ്റി50 21,894.55 +1.14%
ബാങ്ക് നിഫ്റ്റി 47,709.80 +0.57 i%
മിഡ് ക്യാപ് 100 47,512.60 +0.37%
സ്മോൾ ക്യാപ് 100 15,544.65 +0.44%
ഡൗ ജോൺസ് 30 37,592.98 -0.31%
എസ് ആൻഡ് പി 500 4783.83 +0.08%
നാസ്ഡാക് 14,972.76 +0.02%
ഡോളർ ($) ₹82.92 -₹0.11
ഡോളർ സൂചിക 102.40 +0.12
സ്വർണം (ഔൺസ്) $2049.70 +$15.62
സ്വർണം (പവൻ) ₹46,400 +₹240.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $78.29 -$0.23
Next Story
Videos