കർണാടക കാറ്റ് വിപണിയെ ഉലയ്ക്കുമോ?

കർണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം വിപണിയെ ബാധിക്കുകയില്ലെന്ന് എല്ലാ വിദഗ്ധരും പറയുന്നു. ഒപ്പം ഈയാഴ്ച വ്യാപാരത്തുടക്കത്തിൽ ഒരു ക്ഷീണം ഉണ്ടാകാമെന്നും അതു നീണ്ടു നിൽക്കില്ലെന്നും കൂടി പറയും. ഏതായാലും പുതിയ ആഴ്ചയുടെ തുടക്കം തെരഞ്ഞെടുപ്പു ഫലത്തെച്ചൊല്ലി വിപണിക്കുള്ള പ്രതികരണം കാണിക്കുന്നതാകും.

ഏപ്രിലിലെ ചില്ലറ വിലക്കയറ്റത്തിലെ കുറവു വിപണിക്ക് ആശ്വാസകരവും പലിശ കുറയാൻ സാധ്യത ഉണ്ടാക്കുന്നതുമാണ്. മാർച്ചിലെ വ്യവസായ ഉൽപാദന സൂചിക കുറവായത് പലിശ താഴ്ത്തൽ ആവശ്യത്തിനു കരുത്തു പകരുന്ന ഘടകമാണ്. ഇന്നുവരുന്ന മൊത്തവിലക്കയറ്റ കണക്ക് തീരെ താഴ്ന്ന നിലയിലായിരിക്കും.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളി രാത്രി ഒന്നാം സെഷനിൽ 18,324 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,256.5 വരെ ഇടിഞ്ഞു. ഇന്നു രാവിലെ 18,285 ലേക്കു കയറി. ഇന്ത്യൻ വിപണി താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന. യൂറോപ്യൻ വിപണികൾ വെളളിയാഴ്ചയും താഴ്ന്നു.

യുഎസ് വിപണി വെള്ളിയാഴ്ച വലിയ ചാഞ്ചാട്ടത്തിനു ശേഷം ചെറിയ താഴ്ചയിൽ അവസാനിച്ചു. ഉപഭോക്‌തൃ മനോഭാവ സൂചിക ആറു മാസത്തിനിടയിലെ ഏറ്റവും താണ നിലയിൽ എത്തിയതു വിപണി താഴാൻ കാരണമായി. പ്രാദേശിക ബാങ്കുകളുടെ ഓഹരികൾ വീണ്ടും താഴ്ചയിലാണ്. പസഫിക് വെസ്റ്റ് ബാങ്ക് ഓഹരി കഴിഞ്ഞയാഴ്ച 39.17 ശതമാനം താഴ്ന്നു. ബാങ്കിലെ നിക്ഷേപത്തിൽ 10 ശതമാനത്തോളം പിൻവലിച്ചതായി ബാങ്ക് അറിയിച്ചു. യുഎസ് കടത്തിന്റെ പരിധി സംബന്ധിച്ചു ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ധാരണ ഉണ്ടാകാത്തതു വിപണിയെ ഉലയ്ക്കാവുന്ന പ്രശ്നമായി തുടരുന്നു. വെള്ളിയാഴ്ച ഡൗ ജോൺസ് 8.89 പോയിന്റ് താഴ്ന്നപ്പോൾ എസ് ആൻഡ് പി 6.54 പോയിന്റ് താഴ്ന്നു. നാസ്ഡാക് 43.76 പോയിന്റ് (0.35%) ഇടിഞ്ഞു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നഷ്ടത്തിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.11 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു ഭിന്നദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി താഴ്ന്നു. ജപ്പാനിൽ ഉയർന്ന നിലയിൽ വ്യാപാരമാരംഭിച്ചു.ചെെനീസ് -ഹോങ്കോങ് വിപണികൾ ഇന്നു തുടക്കത്തിൽ ഗണ്യമായി താണു.

ഇന്ത്യൻ വിപണി

വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴ്ചയിൽ തുടങ്ങി നേട്ടത്തിലേക്കു കയറി. സെൻസെക്സ് 123.38 പോയിന്റ് (0.20%) ഉയർന്ന് 62,027.90 ലും നിഫ്റ്റി 17.8 പോയിന്റ് (0.1%) കയറി 18,314.80 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.41 ഉം സ്മോൾ ക്യാപ് സൂചിക 0.75 ഉം ശതമാനം ഇടിഞ്ഞു. ഐടി, മീഡിയ, മെറ്റൽ, ഫാർമ, റിയൽറ്റി മേഖലകളാണു താഴ്ന്നത്. ബാങ്ക്, ധനകാര്യ, വാഹന മേഖലകൾ ഉയർന്നു.

കഴിഞ്ഞ ആഴ്ച സെൻസെക്സ് 1.6 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 1.4 ശതമാനം നേട്ടമുണ്ടാക്കി. വാഹന, ബാങ്കിംഗ്, ധനകാര്യ, റിയൽറ്റി, എഫ്എംസിജി, ഐടി മേഖലകൾ മുന്നേറിയപ്പോൾ മെറ്റൽ, കാപ്പിറ്റൽ ഗുഡ്സ് മേഖലകൾ താഴ്ചയിലായി.

സാങ്കേതിക ഘടകങ്ങൾ നിഫ്റ്റി കുതിപ്പ് തുടരാൻ അനുകൂലമാണെങ്കിലും വിപണി മനാേഭാവം എന്താകുമെന്ന സംശയം നിരീക്ഷകർ ഉയർത്തുന്നു. നിഫ്റ്റിക്കു 18,225 ലും 18,135 ലും സപ്പോർട്ട് ഉണ്ട്. 18,340ലും 18,435 ലും തടസങ്ങൾ നേരിടാം.

അദാനി ഗ്രൂപ്പ് മൂലധന സമാഹരണം സാദാ നിക്ഷേപകരെ ഒഴിവാക്കി വലിയ ഫണ്ടുകളെ ആശ്രയിച്ചു നടത്താൻ നിശ്ചയിച്ചു. വിദേശനിക്ഷേപകർ വെള്ളിയാഴ്ച 1014.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 922.19 കോടിയുടെ ഓഹരികൾ വിറ്റു. മേയ് മാസത്തിൽ ഇതുവരെ 23,152 കോടി രൂപ എന്ന റിക്കാർഡ് നിക്ഷേപം വിദേശികൾ ഇന്ത്യൻ ഓഹരികളിൽ നടത്തിയിട്ടുണ്ട്. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, വാഹന കമ്പനികൾ, കാപ്പിറ്റൽ ഗുഡ്സ് മേഖല എന്നിവയിലാണ് അവരുടെ പ്രധാന നിക്ഷേപം.

നിഫ്റ്റി 18,000 ലെവലിൽ വിൽക്കാനും 16,000 ലെവലിൽ വീണ്ടും വാങ്ങാനും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ശിപാർശ ചെയ്തത് ശ്രദ്ധിക്കപ്പെടും. ക്രൂഡ് ഓയിൽ വീണ്ടും താഴ്ന്നു. വെള്ളിയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 74.17 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 70.04 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 73.78 ലേക്കും ഡബ്ള്യുടിഐ 69.72 ലേക്കും താഴ്ന്നു .

യുഎസ് പലിശവർധന അവസാനിച്ചിട്ടില്ലെന്ന സൂചന തുടരുന്നതിനാൽ ഡോളർ ഉയർന്നു, സ്വർണവില താണു. വെള്ളിയാഴ്ച 2011.5 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2016 - 2018 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻ വില 240 രൂപ കുറഞ്ഞ് 45,320 രൂപയിലെത്തി.

മിക്ക വ്യാവസായിക ലോഹങ്ങളും ഇടിവ് തുടരുകയാണ്. ചെമ്പ് 0.34 ശതമാനം താണു ടണ്ണിന് 8239 ഡോളർ ആയി. അലൂമിനിയം 1.22 ശതമാനം കയറി 2244.5 ഡോളറിലെത്തി. ടിൻ നാലു ശതമാനം താണ് 25,013 ഡോളർ ആയി. നിക്കലും ലെഡും താഴ്ന്നപ്പാേൾ ഇരുമ്പയിരും സിങ്കും ഉയർന്നു.

ക്രിപ്റ്റോ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 26,900 ഡോളറിലാണ്. ഡോളർ ഇന്നലെ 7 പൈസ ഉയർന്ന് 82.16 രൂപയിലെത്തി.ഡോളർ സൂചിക 102.68 ലേക്കു കയറി. ഇന്നു രാവിലെ 102.61 ആയി.

വിലക്കയറ്റത്തിൽ ആശ്വാസം

ഏപ്രിലിൽ ചില്ലറവിലക്കയറ്റം 4.7 ശതമാനമായി കുറഞ്ഞത് വിപണിയെ സന്തോഷിപിക്കും. എന്നാൽ വ്യവസായ ഉൽപാദന സൂചിക അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.1 ശതമാനമായതു വിപണിക്കു ക്ഷീണമാണ്.

പച്ചക്കറികൾ, ഭക്ഷ്യ എണ്ണകൾ എന്നിവയുടെ വിലയിലെ ഗണ്യമായ താഴ്ചയാണു ചില്ലറ വിലക്കയറ്റത്തിൽ ആശ്വാസത്തിനു സഹായിച്ചത്. മാർച്ചിൽ 5.7 ശതമാനമായിരുന്നു വിലക്കയറ്റം. ആറു ശതമാനമാണു വിലക്കയറ്റത്തിന്റെ സഹന പരിധിയായി പാർലമെന്റ് നിശ്ചയിച്ചിട്ടുള്ളത്.

ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 5.2 ശതമാനമായി. ഇത് ആറു ശതമാനത്തിനു താഴെ വന്നത് 23 മാസത്തിനു ശേഷമാണ്.

പലിശ കുറയ്ക്കുമോ ?

ചില്ലറ വിലക്കയറ്റം കുറഞ്ഞത് പലിശനിരക്കു കുറയാൻ സഹായകമാണ്. റിസർവ് ബാങ്ക് ഏപ്രിലിലെ യോഗത്തിൽ പലിശ നിരക്ക് കൂട്ടിയില്ല. അതിനു മുൻപ് ഒരു വർഷം കൊണ്ടു നാലിൽ നിന്ന് 6.5 ശതമാനത്തിലേക്ക് റീപാേ നിരക്ക് ഉയർത്തിയതാണ്. ചില്ലറവിലക്കയറ്റം കഴിഞ്ഞ വർഷം ഏപ്രിലിലെ 7.79 ശതമാനത്തിൽ നിന്ന് ഇത്രയും താണത് റിസർവ് ബാങ്കിനു നയം തിരുത്താൻ അവസരം നൽകും.

അടുത്ത രണ്ടു മാസം കൂടി ചില്ലറ വിലക്കയറ്റം കുറഞ്ഞു നീങ്ങും എന്നാണ് ധനകാര്യ നിരീക്ഷകർ പറയുന്നത്. ജൂൺ ആദ്യം ചേരുന്ന റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റിക്കു വേണമെങ്കിൽ നിരക്ക് കുറയ്ക്കാം എന്നർഥം.

പക്ഷേ രാജ്യത്തെ വിലക്കയറ്റ പ്രവണത തീർന്നു എന്ന് ഏപ്രിലിലെ കണക്കു വച്ച് വ്യാഖ്യാനിക്കരുത്. ഈ ധനകാര്യ വർഷം 5.2 ശതമാനം വിലക്കയറ്റമാണു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. നേരത്തേ 5.3 ശതമാനമായിരുന്നു പ്രതീക്ഷ.

രണ്ടു ഭീഷണികളാണ് വിലക്കയറ്റത്തിനുള്ളത്. ഒന്ന്: എൽ നിനോ. ഇതു ശക്തമാകുകയും മഴ കുറഞ്ഞ് കാർഷിക ഉൽപാദനം പ്രതീക്ഷയിലും കുറവാകുകയും ചെയ്താൽ ഭക്ഷ്യവിലകൾ കുതിച്ചു കയറും. രണ്ട്: ഗവണ്മെന്റുകളുടെ അമിത ചെലവ്. ലാേക്‌സഭാ തെരഞ്ഞെടുപ്പും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരു വർഷത്തിനകം നടക്കും. കർണാടകത്തിൽ തിരിച്ചടി ലഭിച്ച ബിജെപി സർക്കാരുകളും ഇതരകക്ഷി സർക്കാരുകളും ജനപിന്തുണ കൂട്ടാൻ ജനപ്രിയ പദ്ധതികൾക്കായി പണം അമിതമായി ചെലവഴിച്ചേക്കാം. അതു പണലഭ്യത കൂട്ടി വിലക്കയറ്റം വർധിപ്പിക്കാം.

വ്യവസായ തളർച്ച

ഇതേ സമയം മാർച്ചിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) യിലെ താഴ്ച പ്രതീക്ഷയിലും അധികമായി. 1.6 ശതമാനം കുറഞ്ഞ വൈദ്യുതി ഉൽപാദനവും 0.5 ശതമാനം മാത്രം വളർന്ന ഫാക്ടറി ഉൽപാദനവും ആണു സൂചികയെ താഴ്ത്തി നിർത്തിയത്. ഖനന മേഖലയാണു മികച്ച വളർച്ച (6.8 ശതമാനം) കാണിച്ചത്.

ഐഐപി വളർച്ച കുറഞ്ഞതും പലിശനിരക്കു കുറയക്കാനുള്ള സമ്മർദം വർധിപ്പിക്കും. ഉയർന്ന പലിശ നിരക്ക് മൂലധനനിക്ഷേപത്തിനും ഉപഭാേഗ വർധനയ്ക്കും തടസമാണ്. പലിശ കുറഞ്ഞാൽ ഭവന-വാഹന വായ്പകൾ വർധിക്കും. അതു മൊത്തം വ്യവസായ വളർച്ചയ്ക്ക് ഉത്തേജനമാകും.


വിപണി സൂചനകൾ

(2023 മേയ് 12, വെള്ളി)

സെൻസെക്സ് 30 62,027.90 +0.20%

നിഫ്റ്റി 50 18,314.80. +0.10%

ബാങ്ക് നിഫ്റ്റി 43,793.55 +0.73%

മിഡ് ക്യാപ് 100 32,468.45 -0.41%

സ്മോൾക്യാപ് 100 9807.35 -0.75%

ഡൗ ജോൺസ്30 33,300.62 -0.03%

എസ് ആൻഡ് പി500 4124.08 -0.16%

നാസ്ഡാക് 12,284.74 -0.35%

ഡോളർ ($) ₹82.16 + 07 പൈസ

ഡോളർ സൂചിക 102.68 +0.59

സ്വർണം(ഔൺസ്) $2011. 50 -$04.10

സ്വർണം(പവൻ ) ₹45,320 -₹ 240.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $74.17 -$0.81

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it