ആശങ്കകള്‍ തുടരുന്നു, വിപണികള്‍ താഴുന്നു; ടെക് മേഖലയില്‍ വീണ്ടും തിരിച്ചടി, ക്രൂഡ് 91 ഡോളറിലേക്ക്

ആഗോള ആശങ്കകള്‍ തുടരുകയാണ്. യു.എസ് വിപണി ഇന്നലെ രാത്രി തുടക്കത്തില്‍ ഒരു ശതമാനം ഉയര്‍ന്നിട്ട് ഒന്നര ശതമാനം താഴ്ചയിലാണ് അവസാനിച്ചത്. ഏഷ്യന്‍ വിപണികള്‍ ഇന്നും തകര്‍ച്ചയിലാണ്. ഇന്ത്യന്‍ വിപണി ആഗോള സൂചനകള്‍ പിന്തുടരാനാണു സാധ്യത. രൂപയ്ക്കും ക്ഷീണം നേരിടാം.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,250ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,175ലായി. ഇന്ത്യന്‍ വിപണി ഇന്നും ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച അല്‍പം ഉയര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച കണക്കിലെ കൃത്രിമം എന്ന ആരോപണം തെറ്റാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നു താഴ്ചയിലായിരുന്ന ടെമെനോസ് ഓഹരി 18 ശതമാനം ഉയര്‍ന്നു.
വിദേശ വിപണി
യു.എസ് വിപണി ഇന്നലെയും ഇടിഞ്ഞു. രാവിലെ കയറ്റത്തോടെ വ്യാപാരം തുടങ്ങിയ വിപണി ഉച്ചയ്ക്കു ശേഷമാണു വീഴ്ചയിലായത്. തുടര്‍ച്ചയായ ആറാം ദിവസമാണു ഡൗ താഴ്ന്നത്. ഇതോടെ 2024ലെ നേട്ടങ്ങളെല്ലാം ഡൗ നഷ്ടമാക്കി. ഗോള്‍ഡ്മാന്‍ സാക്‌സ് റിസല്‍ട്ട് പ്രതീക്ഷയിലും കൂടുതല്‍ ലാഭം കാണിച്ചെങ്കിലും വിപണി താഴോട്ടു നീങ്ങി. ടെക്‌നോളജി കമ്പനികള്‍ക്കാണു വലിയ ഇടിവ്.
ഡൗ ജോണ്‍സ് സൂചിക 248.13 പോയിന്റ് (0.65%) താഴ്ന്ന് 37,735.11ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 61.59 പോയിന്റ് (1.20%) തകര്‍ന്ന് 5061.82ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 290.08 പോയിന്റ് (1.79%) ഇടിഞ്ഞ് 15,885.02ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു തുടക്കത്തില്‍ ചെറിയ താഴ്ചയിലാണ്. ഡൗ 0.04 ശതമാനവും എസ് ആന്‍ഡ് പി 0.06 ശതമാനവുംം നാസ്ഡാക് 0.04 ശതമാനവും താഴ്ചയിലാണ്.
യു.എസ് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.62 ശതമാനത്തിലേക്കു കയറി. പലിശ കൂടും എന്നാണ് സൂചന.
ഏഷ്യന്‍ വിപണികള്‍ ഇന്നും വലിയ താഴ്ചയിലാണ്. മിക്ക രാജ്യങ്ങളിലും സൂചികകള്‍ ഒന്നര- രണ്ടു ശതമാനം വരെ ഇടിഞ്ഞു.

ഇന്ത്യന്‍ വിപണി

തിങ്കളാഴ്ചയും ഇന്ത്യന്‍ വിപണി വലിയ തകര്‍ച്ചയിലായി. പശ്ചിമേഷ്യന്‍ ആശങ്ക മറ്റ് ഏഷ്യന്‍ വിപണികളെപ്പോലെ ഇന്ത്യയിലും ആഘാതം ഏല്‍പ്പിക്കുകയായിരുന്നു.
സെന്‍സെക്‌സ് 845.12 പോയിന്റ് (1.14%) ഇടിഞ്ഞ് 73,399.78ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 246.90 പോയിന്റ് (1.10%) താഴ്ന്ന് 22,272.50ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 791.30 പോയിന്റ് (1.63%) താഴ്ന്ന് 47,773.25ല്‍ ക്ലോസ് ചെയ്തു.
മിഡ്ക്യാപ് സൂചിക 1.57 ശതമാനം താഴ്ന്ന് 49,281.00 ക്ലോസ് ചെയ്തു. സ്‌മോള്‍ക്യാപ് സൂചിക 1.73 ശതമാനം കുറഞ്ഞ് 16,211.00ല്‍ വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 3,268 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4762.93 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെ എല്ലാ വ്യവസായമേഖലകളും ഇന്നലെ താഴ്ന്നു. വിപണിയില്‍ കരടികള്‍ ആധിപത്യം ഉറപ്പിച്ചു. നിഫ്റ്റി 22,200ന്റെ പിന്തുണ നഷ്ടപ്പെടുത്തിയാല്‍ 22,000-ലാണ് പിന്തുണ ഉള്ളത്.
നിഫ്റ്റിക്ക് ഇന്ന് 22,250ലും 22,150ലും പിന്തുണ ഉണ്ട്. 22,425ലും 22,490ലും തടസങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്വര്‍ണം കയറ്റം തുടരുന്നു
തിങ്കളാഴ്ച സ്വര്‍ണം 2,323-2,392 ഡോളര്‍ മേഖലയില്‍ ഇറങ്ങിക്കയറി. ഒടുവില്‍ ഔണ്‍സിന് 2,383 ഡോളറില്‍
ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,385 വരെ കയറി. ഇനിയും കയറും എന്നാണു സൂചന.
കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണം പവന് 440 രൂപ കൂടി 53,640 രൂപയില്‍ എത്തി. ഇന്നും വില കൂടാം.
റഷ്യയില്‍ നിന്നുള്ള ലോഹങ്ങള്‍ക്ക് അമേരിക്കയും ബ്രിട്ടനും പുതിയ ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അലൂമിനിയം, ചെമ്പ്, നിക്കല്‍ തുടങ്ങിയവയുടെ വില കയറി. അലൂമിനിയം 3.11 ശതമാനം കയറി ടണ്ണിന് 2571.34 ഡോളര്‍ ആയി. ചെമ്പ് 1.79 ശതമാനം ഉയര്‍ന്ന് 9499.67 ഡോളര്‍ ആയി. സിങ്ക് 2.6 ശതമാനം ഇടിഞ്ഞു.
ഡോളര്‍ സൂചിക തിങ്കളാഴ്ചയും ഉയര്‍ന്ന് 106.21ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഡോളര്‍ സൂചിക 106.30ലാണ്. സൂചിക ഇനിയും കയറും എന്നാണു സൂചന.
തിങ്കളാഴ്ചയും വിദേശനാണ്യ വിപണിയില്‍ രൂപ ഇടിഞ്ഞു. ഡോളര്‍ നാലു പൈസ കയറി 83.45 രൂപയില്‍ ക്ലോസ് ചെയ്തു. ക്ലോസിംഗ് നിരക്കില്‍ ഇതു റെക്കോഡാണ്. ഇന്നും രൂപ ദുര്‍ബലമാകുമെന്ന സൂചനയാണ് വിദേശവിപണികള്‍ നല്‍കുന്നത്.
ക്രൂഡ് ഓയില്‍ വീണ്ടും കയറുന്നു
തിങ്കളാഴ്ച ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം വലിയ യുദ്ധത്തിലേക്കു നീങ്ങുകയില്ല എന്നു വിപണി വിശ്വസിക്കുന്നതായി കാണിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ ഇന്നു രാവിലെ വില ഉയരുകയാണ്. ഇന്നലെ 90.10 ഡോളറില്‍ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ക്രൂഡ് ഇന്ന് 90.71 ഡോളറില്‍ എത്തി. 91 ഡോളറിലേക്കാണു യാത്ര.
ഡബ്‌ള്യു.ടി.ഐ ഇനം 86.06ലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 90.54 ഡോളറിലും ആണ്.
ഇറാന്റെ ആക്രമണ വാര്‍ത്തയെ തുടര്‍ന്ന് ഇടിയുകയും പിന്നീടു കയറുകയും ചെയ്ത ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നു വീണ്ടും താഴ്ചയിലായി. ബിറ്റ്‌കോയിന്‍ ഖനനത്തിലെ പ്രതിഫലം ഇന്നു പകുതിയാക്കുന്നതു വിലയെ ബാധിച്ചു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 63,000 ഡോളറിലാണ്.
അധികമഴ കിട്ടും കൃഷി കൂടും, വില കുറയും
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ കാലവര്‍ഷം ഈ വര്‍ഷം പതിവിലും കൂടുതല്‍ മഴ നല്‍കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). ദീര്‍ഘകാല ശരാശരിയുടെ 106 ശതമാനം മഴയാണ് ഐ.എം.ഡി പറയുന്നത്. കഴിഞ്ഞ വര്‍ഷം 94 ശതമാനമേ ലഭിച്ചുള്ളൂ. പ്രവചനത്തില്‍ നിന്ന് അഞ്ചു ശതമാനം വരെ മാറ്റം ഉണ്ടാകാം.
നല്ല മഴയാണ് സ്വകാര്യ ഏജന്‍സിയായ സ്‌കൈമെറ്റും പ്രവചിച്ചിട്ടുള്ളത്.
ശരാശരിയില്‍ കൂടിയ മഴ രാജ്യത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും ലഭിക്കും. ഒഡീഷയിലും ഛത്തീസ്ഗഢിന്റെയും ബംഗാളിന്റെയും തെക്കന്‍ ഭാഗങ്ങളിലും മാത്രമാണു മഴ കുറയുക എന്നാണ് ഐ.എം.ഡി പ്രവചനം. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും മഴ കുറയാം.
പൊതുവേ കാര്‍ഷികോല്‍പാദനം വര്‍ധിക്കാവുന്ന വിധം മഴ കിട്ടുമെന്നാണ് പ്രവചനം. കാര്‍ഷികോല്‍പാദനം കൂടുന്നതു ജി.ഡി.പി വളര്‍ച്ചയെ സഹായിക്കുന്നതിന് ഒപ്പം വിലക്കയറ്റം കുറയ്ക്കുകയും ചെയ്യും.
കയറ്റുമതി കുറഞ്ഞു
ആഗോള സാഹചര്യം മോശമായത് കഴിഞ്ഞ ധനകാര്യ വര്‍ഷം ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി മൂന്നു ശതമാനം കുറച്ചു. ഇറക്കുമതിയും കുറഞ്ഞു.
ഉത്പന്ന കയറ്റുമതി 43,700 കോടി ഡോളറായാണ് കുറഞ്ഞത്. ഇറക്കുമതി 5.4 ശതമാനം താഴ്ന്ന് 67,700 കോടി ഡോളര്‍ ആയി. നാലാം പാദത്തില്‍ കയറ്റുമതി അല്‍പം വര്‍ധിച്ചെങ്കിലും മാര്‍ച്ചില്‍ കുറയുകയായിരുന്നു. മാര്‍ച്ചില്‍ കയറ്റുമതി 0.7 ശതമാനം കുറഞ്ഞപ്പോള്‍ ഇറക്കുമതി ആറു ശതമാനം ഇടിഞ്ഞു.
സേവനങ്ങള്‍ അടക്കം 77,670 കോടി ഡോളറാണ് മൊത്തം കയറ്റുമതി. ഇറക്കുമതി 85,500 കോടി ഡോളറും.
വിപണിസൂചനകള്‍
(2024 ഏപ്രില്‍ 15, തിങ്കള്‍)
സെന്‍സെക്‌സ്30 73,399.78 -1.14%
നിഫ്റ്റി50 22,272.50 -1.10%
ബാങ്ക് നിഫ്റ്റി 47,773.25 -1.63%
മിഡ് ക്യാപ് 100 49,281.00 -1.57%
സ്‌മോള്‍ ക്യാപ് 100 16,211.00 -1.73%
ഡൗ ജോണ്‍സ് 30 37,735.11 -0.65%
എസ് ആന്‍ഡ് പി 500 5061.82 -1.20%
നാസ്ഡാക് 15,885.02 -1.79%
ഡോളര്‍ ($) ₹83.45 +₹0.04
ഡോളര്‍ സൂചിക 106.21 +0.13
സ്വര്‍ണം (ഔണ്‍സ്) $2383.00 +$39.10
സ്വര്‍ണം (പവന്‍) ₹53,640 +₹440.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $90.10 -$00.35
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it