ബുള്ളിഷ് കുതിപ്പില്‍ കരുതല്‍ പ്രധാനം; വിപണിയില്‍ സമാഹരണ സാധ്യത; വിദേശ സൂചനകള്‍ നെഗറ്റീവ്; ഭക്ഷ്യവിലയില്‍ ആശങ്ക തുടരുന്നു
നിക്ഷേപകര്‍ക്ക് കരുതല്‍ ആവശ്യമുള്ള തലങ്ങളിലേക്കു വിപണി നീങ്ങുകയാണ്. ഐ.ടി കമ്പനികളിലെ അപ്രതീക്ഷിത കുതിപ്പില്‍ വിപണിയുടെ മൂല്യനിര്‍ണയം പെട്ടെന്ന് ഉയര്‍ന്നു. വലിയ ഓഹരികളുടെ ചുവടുപിടിച്ച് ദുര്‍ബലമായ ഇടത്തരം ഓഹരികളും കുതിക്കുമ്പോള്‍ നിക്ഷേപകര്‍ കരുതലും ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ അപായ സാധ്യത ഏറെയാണ്. വരുന്ന ദിവസങ്ങളിലെ മികച്ച റിസള്‍ട്ടുകള്‍ വിപണിയെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കുമെന്ന സാഹചര്യവും ജാഗ്രതയുടെ ആവശ്യം വര്‍ധിപ്പിക്കുന്നു.
ഇന്നലെ നിഫ്റ്റി 22,000 വും സെന്‍സെക്‌സ് 73,000 വും കടന്ന് വ്യാപാരം തുടങ്ങി ഉയരങ്ങളില്‍ ക്ലോസ് ചെയ്തു. ഇന്നു വിദേശ സൂചനകള്‍ കുതിപ്പ് തുടരാന്‍ അനുകൂലമല്ല. യൂറാേപ്യന്‍ വിപണികള്‍ ഇന്നലെ താണു. ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. യുഎസ് ഫ്യൂച്ചേഴ്‌സും താഴ്ന്നു നില്‍ക്കുന്നു.
തിങ്കളാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,151 ല്‍ ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 22,100 ലാണ്. ഇന്ത്യന്‍ വിപണി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
യൂറോപ്യന്‍ വിപണികള്‍ ഇന്നലെ അര ശതമാനത്തോളം താഴ്ന്നു. 2023 - ല്‍ ജര്‍മന്‍ ജിഡിപി 0.3 ശതമാനം ചുരുങ്ങി. ഇതു വിപണി പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ 2024-ലും ജര്‍മന്‍ ജിഡിപി ചുരുങ്ങും എന്ന ഐ.എന്‍.ജി ബാങ്കിന്റെ വിലയിരുത്തല്‍ അപ്രതീക്ഷിതമായി.
യു.എസ് വിപണി തിങ്കളാഴ്ച അവധിയായിരുന്നു. യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു നല്ല താഴ്ചയിലാണ്. ഡൗ 0.26 ഉം എസ് ആന്‍ഡ് പി 0.29 ഉം നാസ്ഡാക് 0.37 ഉം ശതമാനം ഇടിഞ്ഞു.
യു.എസ് 10 വര്‍ഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം വാരാന്ത്യത്തില്‍ 3.939 ശതമാനമായിരുന്നത് ഇന്നു രാവിലെ 4.001 ശതമാനമായി ഉയര്‍ന്നു..
ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലാണ്. മിക്ക സൂചികകളും ഒരു ശതമാനം താഴ്ചയിലായി.
ഇന്ത്യൻ വിപണി
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി ആവേശക്കുതിപ്പ് തുടര്‍ന്നു. . രാവിലെ ഉയര്‍ന്നു വ്യാപാരം തുടങ്ങി.പിന്നീടു ക്രമമായി കയറി. സെന്‍സെക്‌സ് 73,402.16 വരെയും നിഫ്റ്റി 22,115.55 വരെയും കയറിയിട്ടാണു ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് 759.49 പോയിന്റ് (1.05%) ഉയര്‍ന്ന് 73,327.94 പോയിന്റിലും നിഫ്റ്റി 202.90 പോയിന്റ് (0.93%) കയറി 22,097.45 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 448.50 പോയിന്റ് (0.94%) ഉയര്‍ന്ന് 48,158.30 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.68 ശതമാനം ഉയര്‍ന്ന് 47,837.95 ലും സ്‌മോള്‍ ക്യാപ് സൂചിക 0.44 ശതമാനം കയറി 15,610.50 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപ ഫണ്ടുകള്‍ ഒരാഴ്ചയ്ക്കു ശേഷം ക്യാഷ് വിപണിയില്‍ വാങ്ങലുകാരായി. അവര്‍ ഇന്നലെ 1085.72 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 820.69 കോടിയുടെ ഓഹരികള്‍ വിറ്റു.
വിപണിയില്‍ ബുള്ളിഷ് കുതിപ്പ് തുടരാന്‍ തക്ക റിസല്‍ട്ടുകള്‍ ഈയാഴ്ച ബാങ്കിംഗ്, ധനകാര്യ കമ്പനികളില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും വിപണി ഒരു സമാഹരണത്തിനു തയാറാകുമെന്നാണു നിക്ഷേപ വിദഗ്ധര്‍ പറയുന്നത്. നിഫ്റ്റിക്ക് ഇന്ന് 22,005 ലും 21,905 ലും പിന്തുണ ഉണ്ട്. 22,110 ഉം 22,210 ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച ചെറുതായി കയറി. ബ്രെന്റ് ഇനം ക്രൂഡ് 78.75 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.16 ലേക്കു താണു. ഡബ്‌ള്യുടിഐ ഇനം 72.44 ഡോളര്‍ ആയി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 77.96 ലേക്ക് താണു.
സ്വര്‍ണം ലോക വിപണിയില്‍ അല്‍പം കയറി 2055.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2051.60 ലേക്കു വില താഴ്ന്നു.
തിങ്കളാഴ്ച കേരളത്തില്‍ പവന്‍വില 120 രൂപ കയറി 46,520 രൂപയായി.
ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്നു.102.59- ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.86 ലേക്കു കയറി.
തിങ്കളാഴ്ചയും രൂപ ഡോളറിനു മേല്‍ മികച്ച നേട്ടം ഉണ്ടാക്കി. വിനിമയനിരക്ക് 82.86 രൂപയില്‍ ക്ലോസ് ചെയ്തു. രാവിലെ 82.81 വരെ എത്തിയതാണ്.
ബിറ്റ് കാേയിന്‍ ചെറിയ കയറ്റിറക്കങ്ങള്‍ക്കു ശേഷം 42,550 ഡോളറിലാണ്.
നിര്‍മിതബുദ്ധി 40 ശതമാനം തൊഴിലുകളെ ബാധിക്കും
നിര്‍മിതബുദ്ധി തൊഴില്‍ മേഖലയില്‍ വലിയ അസ്വസ്ഥതയ്ക്കു കാരണമാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎഫ് (അന്താരാഷ്ട്ര നാണയനിധി). നൈപുണ്യം ആവശ്യമുള്ള തൊഴിലുകളില്‍ 40 ശതമാനം നിര്‍മിതബുദ്ധി മൂലം മാറ്റത്തിനു വിധേയമാകും. ചില പണികള്‍ ഇല്ലാതാകും. മറ്റു ചിലതില്‍ നിര്‍മിതബുദ്ധി മൂലം ഉല്‍പാദന ക്ഷമത വര്‍ധിക്കും. ഒപ്പം വരുമാനഅസമത്വം വര്‍ധിക്കുകയും ചെയ്യും.
നൈപുണ്യ നിലവാരം കൂടുന്നതനുസരിച്ച് നിര്‍മിതബുദ്ധിയുടെ സ്വാധീനം കൂടും. വികസിത രാജ്യങ്ങളില്‍ 60 ശതമാനം തൊഴിലിലും ഇത് മാറ്റങ്ങള്‍ വരുത്തും. വികസ്വര രാജ്യങ്ങളില്‍ നാല്‍പതും അവികസിത രാജ്യങ്ങളില്‍ 26 ഉം ശതമാനം തൊഴിലുകളില്‍ നിര്‍മിതബുദ്ധി മാറ്റം കൊണ്ടുവരും.
ചില പണികള്‍ ഇല്ലാതാകും. മറ്റു ചില പണികള്‍ കൂടുതല്‍ എളുപ്പമാകും. ഒരാള്‍ക്ക് അനേകരുടെ പണികള്‍ നിര്‍വഹിക്കാന്‍ പറ്റും. തൊഴിലില്‍ കാര്യക്ഷമത കൂടും, ഉല്‍പാദനക്ഷമത വര്‍ധിക്കും: ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീയേവ ഡാവാേസിലെ ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു.
എട്ടു മാസത്തിനു ശേഷം കയറ്റുമതിയില്‍ വര്‍ധന
കയറ്റുമതിയില്‍ നേരിയ വര്‍ധന, ഇറക്കുമതിയില്‍ കുറവ്. ഇതിന്റെ ഫലമായി വാണിജ്യ കമ്മിയില്‍ ഗണ്യമായ ഇടിവ്. ഡിസംബറിലെ കയറ്റിറക്കുമതി കണക്കുകള്‍ മോശമായില്ല. കയറ്റുമതി 0.96 ശതമാനം കൂടി 3845 കോടി ഡോളര്‍ ആയി. ഈ ധനകാര്യ വര്‍ഷം ആദ്യമായാണ് കയറ്റുമതി വളര്‍ച്ച കാണിച്ചത്. നവംബറിനെ അപേക്ഷിച്ച് 13.4 ശതമാനം അധികമാണു കയറ്റുമതി. ഇറക്കുമതി 4.8 ശതമാനം കുറഞ്ഞ് 5825 കോടി ഡോളര്‍ ആയി. നവംബറിനെ അപേക്ഷിച്ച് 6.9 ശതമാനം അധികമാണ് ഇറക്കുമതി.
വാണിജ്യകമ്മി 1980 കോടി ഡോളര്‍ ആയി താണു. നവംബറില്‍ 2060 കോടി ഡോളര്‍ ആയിരുന്നു. ആഭരണ - രത്‌ന കയറ്റുമതി ഗണ്യമായി വര്‍ധിച്ചു. ഇലക്ട്രോണിക്, എന്‍ജിനിയറിംഗ് ഉല്‍പന്ന കയറ്റുമതിയും കുതിപ്പ് കാണിച്ചു. സ്വര്‍ണ ഇറക്കുമതി 15 ശതമാനം വര്‍ധിച്ച് 302 കോടി ഡോളറിന്റേതായി. ഏപ്രില്‍ - ഡിസംബര്‍ കയറ്റുമതി 5.7 ശതമാനം കുറഞ്ഞ് 31,712 കോടി ഡോളറില്‍ എത്തി. ഇറക്കുമതി 7.93 ശതമാനം കുറഞ്ഞ് 50,515 കോടി ഡോളര്‍ ആയി.
ചെങ്കടല്‍ മേഖലയിലെ കുഴപ്പങ്ങള്‍ ഡിസംബറിലെ വാണിജ്യത്തെ കാര്യമായി ബാധിച്ചില്ല. ജനുവരിയിലെ കണക്ക് അതിന്റെ ആഘാതം കാണിക്കുന്നതാകും.
മൊത്തവിലക്കയറ്റത്തില്‍ നല്ല സൂചന
ഡിസംബറിലെ മൊത്തവിലക്കയറ്റം 0.73 ശതമാനം ആയി. ഇതു തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് മൊത്തവില ഉയര്‍ന്നത്. നവംബറില്‍ 0.26 ശതമാനം വര്‍ധിച്ചിരുന്നു. അതിനു മുന്‍പ് ഏഴു മാസം മൊത്തവില താഴ്ചയിലായിരുന്നു.
ചില്ലറവിലയില്‍ എന്നതു പോലെ മൊത്തവിലയിലും ഭക്ഷ വിലക്കയറ്റമാണു മുന്നില്‍. 9.38 ശതമാനമായി ഭക്ഷ്യവിലക്കയറ്റം.
മൊത്തം വിലക്കയറ്റം നല്‍കുന്ന സൂചന രാജ്യത്തെ വിലക്കയറ്റത്തില്‍ ഇനി ശമനം വരുമെന്നാണ്. എന്നാല്‍ ഭക്ഷ്യവിലയില്‍ ഭീഷണി തുടരുന്നുണ്ട്. മോശമായ വിളവ് നല്‍കിയ ഖാരിഫിനു പിന്നാലെ റാബി വിളവിനെ പറ്റിയും ആശങ്ക ഉയരുന്നുണ്ട്. ധാന്യ ഉല്‍പാദനവും സംഭരണവും പ്രതീക്ഷിച്ചത്ര വന്നിട്ടില്ല.
വിപണിസൂചനകൾ (2024 ജനുവരി 15, തിങ്കൾ)
സെൻസെക്സ്30 73,327.94 +1.05%
നിഫ്റ്റി50 22,097.45 +0.93%
ബാങ്ക് നിഫ്റ്റി 48,158.30 +0.94%
മിഡ് ക്യാപ് 100 47,837.95 +0.68%
സ്മോൾ ക്യാപ് 100 15,610.50 +0.42%
ഡൗ ജോൺസ് 30 37,592.98 0.00%
എസ് ആൻഡ് പി 500 4783.83 0.00%
നാസ്ഡാക് 14,972.76 0.00%
ഡോളർ ($) ₹82.86 -₹0.06
ഡോളർ സൂചിക 102.59 +0.19
സ്വർണം (ഔൺസ്) $2055.30 +$5.60
സ്വർണം (പവൻ) ₹46,520 +₹120.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $78.75 -$0.46