പലിശയില്‍ വീണ്ടും പ്രതീക്ഷ, വിപണികള്‍ കുതിപ്പില്‍, നല്ല നേട്ടം പ്രതീക്ഷിച്ചു ബുള്ളുകള്‍; സ്വര്‍ണവും ക്രിപ്‌റ്റോകളും കുതിക്കുന്നു

രാഷ്ട്രീയ ആശങ്ക മാറിയില്ലെന്നും തലേന്നത്തെ കുതിപ്പ് ഒറ്റപ്പെട്ടതാണെന്നും സൂചിപ്പിച്ച് ഇന്നലെ വിപണി താഴ്ന്നു. എന്നാല്‍ യു.എസില്‍ വിലക്കയറ്റം കുറഞ്ഞതു പലിശ കുറയും എന്ന ധാരണ വീണ്ടും ബലപ്പെടുത്തി. ഓഹരികളും സ്വര്‍ണവും ക്രിപ്‌റ്റോ കറന്‍സികളും ഉയര്‍ന്നു. യു.എസ് വിപണിയുടെ കുതിപ്പിനു പിന്നാലെ ഏഷ്യന്‍ വിപണിയും നല്ല കയറ്റത്തിലായി. ഇന്ത്യന്‍ വിപണിയും നല്ല നേട്ടം കുറിക്കും എന്നാണു പ്രതീക്ഷ.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 22,368ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,400 ആയി. ഇന്ത്യന്‍ വിപണി ഇന്നും ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ ഇന്നലെ നേട്ടത്തില്‍ അവസാനിച്ചു. ഡച്ച് ബാങ്ക് എബിഎന്‍ അമ്രോ ലാഭം 29 ശതമാനം കൂട്ടിയെങ്കിലും ആറു ശതമാനം ഇടിഞ്ഞു. ജര്‍മനിയിലെ കൊമേഴ്‌സ് ബാങ്ക് ലാഭം 29 ശതമാനം കൂട്ടിയപ്പോള്‍ ഓഹരി ആറു ശതമാനം ഉയര്‍ന്നു.
യു.എസ് വിപണിയില്‍ സന്തോഷം
യു.എസ് വിപണി ബുധനാഴ്ച മികച്ച ഉയര്‍ച്ച നേടി. ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായതു വിപണിയെ വല്ലാതെ സന്തോഷിപ്പിച്ചു. ഏപ്രിലിലെ വിലക്കയറ്റം വാര്‍ഷികാടിസ്ഥാനത്തില്‍ 3.4ഉം മാസക്കണക്കില്‍ 0.3ഉം ശതമാനം ഉയര്‍ന്നു. ഭക്ഷ്യ-ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 3.6 ശതമാനമാണ്.
ഏപ്രില്‍ കണക്കുമാത്രം വച്ച് യു.എസ് ഫെഡ് പലിശ കുറയ്ക്കുകയില്ലെങ്കിലും കാര്യങ്ങള്‍ ക്രമേണ അനുകൂലം ആകും എന്നതാണ് ഇന്നലെ പുറത്തുവിട്ട കണക്കിന്റെ പ്രാധാന്യം. ഏതായാലും എസ്.ആന്‍ഡ്.പി സൂചികയെ ആദ്യമായി 5300 പോയിന്റിനു മുകളില്‍ എത്തിക്കാന്‍ അതിനു കഴിഞ്ഞു.
ഡൗ ജോണ്‍സ് സൂചിക 349.89 പോയിന്റ് (0.88%) ഉയര്‍ന്നു 39,908.00 ല്‍ ക്ലോസ് ചെയ്തു. എസ്.ആന്‍ഡ്.പി 61.47 പോയിന്റ് (1.17%) കയറി 5308.15ല്‍ അവസാനിച്ചു. നാസ്ഡാക് 231.21 പോയിന്റ് (1.40%) കയറി 16,742.39ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.07ഉം എസ്.ആന്‍ഡ്.പി 0.05ഉം നാസ്ഡാക് 0.10ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.
പത്തുവര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.344 ശതമാനമായി ഇടിഞ്ഞു. പലിശ കുറയും എന്ന പ്രതീക്ഷയില്‍ കടപ്പത്രവില കൂടുകയും അവയിലെ നിക്ഷേപനേട്ടം കുറയുകയും ചെയ്തു.
ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ ഒരു ശതമാനം ഉയര്‍ന്നിട്ടു താണു. ചൈനീസ് വിപണികള്‍ താഴ്ചയിലായി.

ബുധനാഴ്ച ഇന്ത്യന്‍ വിപണി ഉയര്‍ന്നു തുടങ്ങിയിട്ടു കുത്തനേ ഇടിഞ്ഞു. പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു. ഒടുവില്‍ ചെറിയ നഷ്ടത്തില്‍ മുഖ്യ സൂചികകള്‍ അവസാനിച്ചു. അമിത് ഷായുടെ പ്രസ്താവനയുടെ പേരിലുണ്ടായ ഉയര്‍ച്ച നഷ്ടപ്പെടുത്തുന്ന തരം താഴ്ച വിപണിയിലെ രാഷ്ട്രീയ ആശങ്ക ആഴമേറിയതാണെന്നു കാണിക്കുന്നു.

ഇന്നലെ സെന്‍സെക്‌സ് 117.58 പോയിന്റ് (0.16%) താഴ്ന്ന് 72,987.03ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 17.30 പോയിന്റ് (0.08%) കുറഞ്ഞ് 22,200.55 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 172.00 പോയിന്റ് (0.36%) താഴ്ന്ന് 47,687.45ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണി നേട്ടത്തില്‍

എന്നാല്‍ വിശാലവിപണി നല്ല നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.96 ശതമാനം കയറി 50,707.75ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.58 ശതമാനം ഉയര്‍ന്ന് 16,457.45ല്‍ അവസാനിച്ചു.
റിയല്‍റ്റി, ഓയില്‍-ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത് കെയര്‍,പൊതുമേഖലാ ബാങ്കുകള്‍, ഫാര്‍മ, മെറ്റല്‍ എന്നിവ ഇന്നലെ ഉയര്‍ന്നു.
വിദേശ നിക്ഷേപകര്‍ ബുധനാഴ്ച ക്യാഷ് വിപണിയില്‍ 2832.83 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3788.38 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
22,300നു തൊട്ടടുത്ത് 22,297.55ല്‍ എത്തിയ നിഫ്റ്റി അതു മറികടക്കാന്‍ പറ്റാതെ ഇന്നലെ താഴോട്ടു പോയി. എന്നാല്‍ നാമമാത്രമായാണെങ്കിലും 22,200 നു മുകളില്‍ ക്ലോസ് ചെയ്തത് ബുള്ളുകള്‍ക്കു സന്തോഷം പകരുന്നു. 22,300ലെ തടസം വൈകാതെ മറികടക്കാന്‍ കഴിയും എന്ന് അവര്‍ കരുതുന്നു. അതു കടന്നാല്‍ 22,500 22,600 പുതിയ തടസമേഖലയായി വരും.
ഇന്നു നിഫ്റ്റിക്ക് 22,160ലും 22,070ലുംപിന്തുണ ഉണ്ട്. 22,270ഉം 22,305ഉം തടസങ്ങള്‍ ആകാം.
എസ്ബിഐ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 0.25 മുതല്‍ 0.75 വരെ ശതമാനമാണു വര്‍ധന. വായ്പ വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപം വര്‍ധിക്കാത്ത സാഹചര്യത്തിലാണിത്. മറ്റു ബാങ്കുകളും നിക്ഷേപ പലിശ വര്‍ധിപ്പിക്കും. ബാങ്കുകളുടെ പലിശമാര്‍ജിന്‍ നാമമാത്രമായി കുറയും.
ഏപ്രിലില്‍ ഇന്ത്യയുടെ ഉല്‍പന്ന കയറ്റുമതി 1.2 ശതമാനം വര്‍ധിച്ച് 3,499 കോടി ഡോളര്‍ ആയി. ഇറക്കുമതി 10.27 ശതമാനം കുതിച്ച് 5,409 കോടി ഡോളര്‍ ആയതിനാല്‍ വാണിജ്യകമ്മി 1,910 കോടി ഡോളറിലേക്കു കയറി. ഏപ്രിലില്‍ സ്വര്‍ണ ഇറക്കുമതിച്ചെലവ് മൂന്നിരട്ടി ആയിരുന്നു. പെട്രോളിയം ഇറക്കുമതിച്ചെലവ് 20 ശതമാനം വര്‍ധിച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി 3.11 ശതമാനം താഴ്ന്ന് 43,706 കോടി ഡോളര്‍ ആയിരുന്നു.
എല്‍.ഐ.സിയിലെ സര്‍ക്കാര്‍ ഓഹരി 90 ശതമാനമായി കുറയ്ക്കാന്‍ മൂന്നു വര്‍ഷം കൂടി സമയം കിട്ടി. ഇപ്പോള്‍ 96.5 ശതമാനമാണു സര്‍ക്കാരിലുളള ഓഹരി.
മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ എം.എസ്.സി.ഐ സൂചികയില്‍ ഇന്ത്യയുടെ പങ്ക് 19 ശതമാനമായി ഈ മാസം ഉയര്‍ത്തും. ഇത് ഇന്ത്യന്‍ ഓഹരികളിലേക്കു 250 കോടി ഡോളര്‍ നിക്ഷേപം വരാന്‍ ഇടയാക്കും.
സ്വര്‍ണം കുതിപ്പില്‍
സ്വര്‍ണം ഇന്നലെയും കുതിച്ചു. ചില്ലറവിലക്കയറ്റ കണക്ക് നല്‍കിയ ആവേശത്തില്‍ സ്വര്‍ണവില ഒരു ശതമാനത്തിലധികം കയറി. ഔണ്‍സിന് 2,386.40 ഡോളറിലാണു ബുധനാഴ്ച സ്വര്‍ണം ക്ലോസ് ചെയ്തത്. സ്വര്‍ണം ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ 2,396.20 ഡോളറിലേക്കു കയറി. പിന്നീട് അല്‍പം താണു. 2,400 ഡോളര്‍ മറികടക്കാനുള്ള ഉദ്യമത്തിലാണു സ്വര്‍ണം.
കേരളത്തില്‍ സ്വര്‍ണം പവന് ഇന്നലെ 320 രൂപ വര്‍ധിച്ച് 53,720 രൂപ ആയി. ഇന്നു വില ഗണ്യമായി കയറും. രൂപ ഇന്നലെ കയറി. ഡോളര്‍ രണ്ടു പൈസ നഷ്ടത്തോടെ 83.49 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക ബുധനാഴ്ച ഇടിഞ്ഞ് 104.35ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.15ലേക്കു താണു.
ക്രൂഡ് ഓയില്‍ വീണ്ടും കയറി. ബ്രെന്റ് ഇനം ഇന്നലെ 82.75 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 83.13ഉം ഡബ്‌ള്യു.ടി.ഐ 79.05ഉം മര്‍ബന്‍ 83.77ഉം ഡോളറിലാണ്.
ചെമ്പ് കുതിപ്പ് തുടരുകയാണ്. മൂന്നാം ദിവസവും 10,000നു മുകളില്‍ ക്ലോസ് ചെയ്തു. 2.11 ശതമാനം കുതിച്ച് വില ടണ്ണിന് 10,220.30 ഡോളറില്‍ എത്തി. മറ്റു ലോഹങ്ങളും ഇന്നലെ കയറ്റത്തിലായിരുന്നു. അലൂമിനിയം 1.23 ശതമാനം കയറി 2582.25 ഡോളര്‍ ആയി. ടിന്‍, സിങ്ക്, നിക്കല്‍, ലെഡ് തുടങ്ങിയവയും ഉയര്‍ന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ കൃതിപ്പിലാണ്. പലിശ കുറയാനുള്ള സാധ്യത വര്‍ധിച്ചതാണ് അവയ്ക്കും ആവേശമായത്. ബിറ്റ്‌കോയിന്‍ 8.5 ശതമാനം കുതിച്ച് 66,670 ഡോളര്‍ ആയി. ഈഥര്‍ അഞ്ചു ശതമാനം കയറി 3040 ഡോളറിനു മുകളിലായി.
വിപണിസൂചനകള്‍
(2024 മേയ് 15, ബുധന്‍)
സെന്‍സെക്‌സ്30 72,987.03 -0.16%
നിഫ്റ്റി50 22,200.55 -0.08%
ബാങ്ക് നിഫ്റ്റി 47,687.45 -0.36%
മിഡ് ക്യാപ് 100 50,707.75 +0.96%
സ്‌മോള്‍ ക്യാപ് 100 16,457.45 +0.58%
ഡൗ ജോണ്‍സ് 30 39,908.00 +0.88%
എസ് ആന്‍ഡ് പി 500 5308.15 +1.17%
നാസ്ഡാക് 16,742.39 +1.40%
ഡോളര്‍($) 83.51 +0.02
ഡോളര്‍ സൂചിക 104. 35 -0.66
സ്വര്‍ണം (ഔണ്‍സ്) $2386.40 +$27.80
സ്വര്‍ണം (പവന്‍) 53,720 +320
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.75 +$0.56
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it