വിപണി മനോഭാവം നെഗറ്റീവ്; എച്ച്.ഡി.എഫ്.സി ബാങ്ക് എ.ഡി.ആര്‍ ഇടിഞ്ഞു; പലിശ കുറയ്ക്കല്‍ വൈകുന്നു; ചൈനീസ് വളര്‍ച്ച പ്രതീക്ഷയിലും കുറവ്

വിപണിയില്‍ നെഗറ്റീവ് മനോഭാവം പ്രബലമായി. സമീപകാലത്തെ വിപണികളുടെ കയറ്റം വേണ്ടത്ര അടിത്തറയില്ലാത്തതാണെന്ന വിമര്‍ശനം എല്ലാ രാജ്യങ്ങളിലും ഉയരുന്നുണ്ട്. മാര്‍ച്ചോടെ പലിശ കുറയ്ക്കും എന്ന വ്യാമോഹം വേണ്ടെന്ന് ഐ.എം.എഫും കേന്ദ്ര ബാങ്ക് മേധാവികളും ഈ ദിവസങ്ങളില്‍ വ്യക്തമാക്കി. ഇതോടെ യു.എസ് ഡോളര്‍ കരുത്തു നേടി, കടപ്പത്രങ്ങള്‍ ഇടിഞ്ഞു, സ്വര്‍ണം താഴ്ന്നു, ഓഹരികള്‍ താഴ്ന്നു. ഇതെല്ലാം ഇന്ന് ഇന്ത്യന്‍ വിപണിയെ ബാധിക്കാം.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൂന്നാം പാദ ഫലത്തെ തുടര്‍ന്ന് ബാങ്കിന്റെ എ.ഡി.ആര്‍ ഏഴു ശതമാനത്തോളം ഇടിഞ്ഞതും വിപണിക്ക് ക്ഷീണമാകും.

ചൊവ്വാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,840 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,835 ലാണ്. ഇന്ത്യന്‍ വിപണി നല്ല താഴ്ചയില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

യൂറോപ്യന്‍ വിപണികള്‍ ഇന്നലെയും താഴ്ന്നു. പ്രതീക്ഷയേക്കാള്‍ മോശമായ റിസല്‍ട്ട് പുറത്തുവിട്ട ഫാഷന്‍ ബ്രാന്‍ഡ് ഹ്യൂഗോ ബോസിന്റെ ഓഹരി 13 ശതമാനം വരെ ഇടിഞ്ഞു. പലിശ കുറയ്ക്കല്‍ വൈകും എന്ന സൂചനയും വിപണിയെ താഴ്ത്തി. ജര്‍മനിയിലെ കൊമേഴ്‌സ് ബാങ്ക് ഓഹരി അഞ്ചു ശതമാനം താണു. കൊമേഴ്‌സ് ബാങ്കും ഡാേയിച്ച് ബാങ്കും തമ്മില്‍ ലയിക്കുന്നതു സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നതായി റോയിട്ടേഴ്‌സ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് വിപണികള്‍ ഇന്നലെ താഴ്ന്നു തുടങ്ങിയ ശേഷം കൂടുതല്‍ താഴെ എത്തി. പിന്നീടു ചെറിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 2024 ഒന്നാം പകുതിയില്‍ പലിശ കുറയ്ക്കല്‍ ഉണ്ടാകില്ലെന്ന സൂചന കേന്ദ്രബാങ്കുകളും ഐ.എം.എഫും നല്‍കിയത് വിപണിയിലെ ബുള്ളുകള്‍ക്കു തിരിച്ചടിയായി. കഴിഞ്ഞ ആഴ്ചകളിലെ വിപണിക്കുതിപ്പ് അടിത്തറയില്ലാത്തതാണെന്ന വിമര്‍ശനങ്ങള്‍ക്കു സ്വീകാര്യത കൂടി. ഡോളര്‍ ബലപ്പെടുകയും യു.എസ് കടപ്പത്ര വില താഴ്ന്ന് അവയിലെ നിക്ഷേപനേട്ടം നാലു ശതമാനത്തിനു മുകളിലാകുകയും ചെയ്തു.

ഡൗ ജോണ്‍സ് 231.86 പോയിന്റ് (0.62%) ഇടിഞ്ഞ് 37,361.12 ല്‍ ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 17.85 പോയിന്റ് (0.37%) താഴ്ന്ന് 4765.98 ല്‍ അവസാനിച്ചു. നാസ്ഡാക്

28.41 പോയിന്റ് (0.19%) താണ് 14,944.35 ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.07 ഉം എസ് ആന്‍ഡ് പി 0.06 ഉം നാസ്ഡാക് 0.09 ഉം ശതമാനം ഇടിഞ്ഞു.

യു.എസ് 10 വര്‍ഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 4.075 ശതമാനമായി ഉയര്‍ന്നു. ഇന്നു രാവിലെ അതു 4.039 ശതമാനമായി താണു.

ഏഷ്യന്‍ വിപണികളില്‍ ജപ്പാന്‍ ഒഴികെയുള്ളവ ഇന്നു നഷ്ടത്തിലാണ്. കൊറിയയിലും ഹോങ് കോങ്ങിലും ഓഹരികള്‍ ഒന്നര ശതമാനം ഇടിഞ്ഞു. ജപ്പാനില്‍ നിക്കൈ 1.6 ശതമാനം ഉയര്‍ന്നു. പിന്നീട് 0.8 ശതമാനമായി താണു.

2023 ലെ ചൈനീസ് ജി.ഡി.പി ലക്ഷമിട്ടിരുന്നതിലും താഴ്ന്ന് 5.2 ശതമാനം മാത്രമേ വളര്‍ന്നുള്ളു. നാലാം പാദ ജി.ഡി.പി 5.3 ശതമാനം വര്‍ധിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും 5.2 ശതമാനത്തില്‍ ഒതുങ്ങി.

ഇതിനിടെ വ്യവസായ ഉത്തേജനത്തിനു പണം കണ്ടെത്താന്‍ വലിയ കടപ്പത്ര വില്‍പനയ്ക്കു ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കിയത് ലോഹ വിപണികളെ ഉയര്‍ത്തി.

ഇന്ത്യൻ വിപണി

ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദത്തില്‍ ഇടിവിലായി. ആഗാേള സൂചനകളും അതില്‍ പങ്കു വഹിച്ചു.

അല്‍പം താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണിയില്‍ നിഫ്റ്റി 22,124.15 ലും സെന്‍സെക്‌സ് 73,427.59 ലും എത്തി റെക്കോര്‍ഡ് കുറിച്ചെങ്കിലും അതു നിലനിര്‍ത്താനായില്ല.

സെന്‍സെക്‌സ് 199.17 പോയിന്റ് (0.27%) താഴ്ന്ന് 73,128.77 ലും നിഫ്റ്റി 65.15 പോയിന്റ് (0.93%) കുറഞ്ഞ് 22,032.30 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 33.20 പോയിന്റ് (0.07%) താഴ്ന്ന് 48,125.10 ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.36 ശതമാനം താണ് 47,667.40ലും സ്‌മോള്‍ ക്യാപ് സൂചിക 0.48 ശതമാനം താണ് 15,535.30ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപ ഫണ്ടുകള്‍ ഇന്നലെയും ക്യാഷ് വിപണിയില്‍ വാങ്ങലുകാരായി. അവര്‍ ഇന്നലെ 656.57 കോടിയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 369.29 കോടിയുടെ ഓഹരികള്‍ വിറ്റു.

വിപണിയില്‍ വില്‍പനസമ്മര്‍ദം തുടരുമെന്നാണു നിഗമനം.

നിഫ്റ്റിക്ക് ഇന്ന് 21,985 ലും 21,890 ലും പിന്തുണ ഉണ്ട്. 22,050 ഉം 22,200 ഉം തടസങ്ങളാകാം.

കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിനു നേതൃത്വം നല്‍കിയ ഐടി ഓഹരികള്‍ ഇന്നലെ ഇടിവിലായി. യുഎസ് പലിശ നിരക്ക് കൂടുതല്‍ കാലം ഉയര്‍ന്നു നിന്നാല്‍ അവിടെ നിന്നുള്ള ഓര്‍ഡറുകള്‍ കുറയും എന്ന ആശങ്ക വിപണിയിലുണ്ട്. ഐടി സൂചിക ഇന്നലെ 1.4 ശതമാനം താഴ്ന്നു. റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍, ഫാര്‍മ ഓഹരികളും ഇന്നലെ താഴ്ചയിലായി. മുന്‍ ദിവസങ്ങളില്‍ നല്ല കയറ്റത്തിലായിരുന്ന റിലയന്‍സും കുത്തനേ താണു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയില്‍ വില ചൊവ്വാഴ്ച കാര്യമായി മാറിയില്ല. ബ്രെന്റ് ഇനം ക്രൂഡ് 78.29 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.75 ലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 71.84 ഡോളര്‍ ആയി. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 77.87 ലേക്ക് താണു.

ഡോളര്‍ കരുത്താര്‍ജിക്കുകയും പലിശ കുറയ്ക്കല്‍ വൈകുമെന്ന ധാരണ പരക്കുകയും ചെയ്തതോടെ സ്വര്‍ണം ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. 2055 ഡോളറില്‍ നിന്ന് 2027.10 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2030.60 ലേക്കു വില കയറി.

തിങ്കളാഴ്ച കേരളത്തില്‍ പവന്‍വില 80 രൂപ കുറഞ്ഞ് 46,440 രൂപയായി. ഇന്നും വില കുറയും.

ഡോളര്‍ സൂചിക ചൊവ്വാഴ്ച 103നു മുകളില്‍ കടന്നു.103.36- ല്‍ സൂചിക ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.28 ലേക്കു താണു.

ഡോളറിന്റെ മുന്നില്‍ രൂപ വീണ്ടും ദുര്‍ബലമായി. വിനിമയനിരക്ക് 83.07 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളറിന് 21 പൈസ നേട്ടം.

ബിറ്റ് കോയിന്‍ ഇന്നു രാവിലെ 43,000 ഡോളറിലേക്കു കയറി.

കമ്പനികള്‍, വാര്‍ത്തകള്‍


ഫെഡറല്‍ ബാങ്ക് അറ്റാദായം 1000 കോടിക്കു മുകളില്‍ എത്തിയെങ്കിലും പലിശ മാര്‍ജിന്‍, നിഷ്‌ക്രിയ ആസ്തി അനുപാതം എന്നിവ നാമമാത്രമായി മോശമായതിനെ തുടര്‍ന്ന് ഓഹരി രണ്ടര ശതമാനം വരെ താഴ്ന്നു. ഫെഡറല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഫെഡ് ഫിന) വരുമാനം 35 ശതമാനം കൂടിയപ്പാേള്‍ അറ്റാദായം 27.8 ശതമാനമേ വര്‍ധിച്ചുള്ളൂ. ഓഹരി ഒരു ശതമാനത്തിലധികം താണു.

റിലയന്‍സിന്റെ ജിയോ ഫിനാന്‍സ് വരുമാനം 44 ശതമാനം കൂടിയപ്പോള്‍ ലാഭ വര്‍ധന 14 ശതമാനം മാത്രം. ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

എല്‍.ഐ.സി ഓഹരി ഇന്നലെ അഞ്ചു ശതമാനത്തിലധികം ഉയര്‍ന്ന് 900 രൂപയില്‍ എത്തി. പിന്നീട് 894 ല്‍ ക്ലോസ് ചെയ്തു. 949 രൂപയില്‍ ഇഷ്യു നടത്തിയ ഓഹരി ലിസ്റ്റിംഗിനു ശേഷം ആദ്യമാണ് 900-ല്‍ എത്തിയത്. കഴിഞ്ഞ രണ്ടു മാസം കൊണ്ട് ഓഹരി 45 ശതമാനം ഉയര്‍ന്നു. ഇപ്പോള്‍ 5.64 ലക്ഷം കോടി രൂപ വിപണിമൂല്യം ഉള്ള കമ്പനി ഇന്ത്യന്‍ വിപണിയില്‍ 10-ാം സ്ഥാനത്താണ്.

വോഡഫോണ്‍ ഐഡിയ മൂലധന സമാഹരണത്തിനു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി സൂചന. ഇലോണ്‍ മസ്‌ക് ഇന്ത്യയില്‍ വന്നില്ല. അദ്ദേഹത്തിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചുമില്ല. ഇതാേടെ മസ്‌കിനെ ചുറ്റിപ്പറ്റി വളര്‍ന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമായി. വാഷിംഗ്ടണിലെ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനുമായി ധനസമാഹരണത്തിനു നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടു. വോഡഫോണ്‍ ഐഡിയ ഓഹരി ഇന്നലെ ആറു ശതമാനം ഇടിഞ്ഞു.


എച്ച്.ഡി.എഫ്.സി ബാങ്ക് എ.ഡി.ആര്‍ ഇടിഞ്ഞു

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ലാഭം 34 ശതമാനം വര്‍ധിച്ച് 12,259 കോടി രൂപയായി. അറ്റ പലിശ വരുമാനത്തില്‍ 25.8 ശതമാനം വര്‍ധന ഉണ്ടായി. ബാങ്കിന്റെ വായ്പാവിതരണം തലേ പാദത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടിയപ്പോള്‍ നിക്ഷേപങ്ങള്‍ 1.9 ശതമാനമേ വര്‍ധിച്ചുള്ളു.

ഇക്കാരണത്താല്‍ യു.എസ് വിപണിയില്‍ ബാങ്കിന്റെ എ.ഡി.ആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ് ) 6.7 ശതമാനം ഇടിഞ്ഞു. എന്നാല്‍ വിപണി അടച്ച ശേഷമുള്ള വ്യാപാരത്തില്‍ എ.ഡി.ആര്‍ 1.7 ശതമാനം ഉയര്‍ന്നു. എങ്കിലും തലേന്നത്തേക്കാള്‍ അഞ്ചു ശതമാനം താഴെയാണ് എ.ഡി.ആര്‍. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ബാങ്കിന്റെ ഓഹരി ഗണ്യമായി ഇടിയാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികള്‍ വിപണിയെ കയറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചതാണ്.

വിപണിസൂചനകൾ (2024 ജനുവരി 16, ചൊവ്വ)


സെൻസെക്സ്30 73,128.77 -0.27%

നിഫ്റ്റി50 22,032.30 -0.29%

ബാങ്ക് നിഫ്റ്റി 48,125.30 -0.07%

മിഡ് ക്യാപ് 100 47,667.40 -0.36%

സ്മോൾ ക്യാപ് 100 15,535.30 -0.48 -%

ഡൗ ജോൺസ് 30 37,361.12 -0.62%

എസ് ആൻഡ് പി 500 4765.98 -0.37%

നാസ്ഡാക് 14,944.35 -0.19%

ഡോളർ ($) ₹83.07 +₹0.21

ഡോളർ സൂചിക 103.36 +0.77

സ്വർണം (ഔൺസ്) $2027.10 -$28.20

സ്വർണം (പവൻ) ₹46,440 -₹80.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $78.29 -$0.46

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it